Follow Us On

08

July

2020

Wednesday

വിശുദ്ധ കുര്‍ബാനയിലെ യേശുവിന്റെ സാന്നിധ്യം

വിശുദ്ധ കുര്‍ബാനയിലെ യേശുവിന്റെ സാന്നിധ്യം

”അവര്‍ ഏകമനസോടെ താല്പര്യപൂര്‍വം അനുദിനം ദൈവാലയത്തില്‍ ഒരുമിച്ചു കൂടുകയും ഭവനംതോറും അപ്പം മുറിക്കുകയും ഹൃദയ ലാളിത്യത്തോടും ആഹ്ലാദത്തോടുംകൂടെ ഭക്ഷണത്തില്‍ പങ്കുചേരുകയും ചെയ്തിരുന്നു” (അപ്പ. പ്രവ. 2:46). ആദിമ ക്രൈസ്തവ സമൂഹം ഒരു മനസും ഒരു ഹൃദയവുമായിരുന്നു. ക്രിസ്തുവില്‍ വിശ്വസിച്ചവര്‍ ഒരു സമൂഹമാകുകയും തങ്ങള്‍ക്കുള്ളതെല്ലാം പൊതുമുതലായി കരുതുകയും ചെയ്തിരുന്നു. അവരുടെ ജീവിതവീക്ഷണവും ജീവിതശൈലിയും ഇന്നത്തെ ക്രൈസ്തവ സമൂഹത്തിന്റേതില്‍നിന്ന് ഏറെ ഭിന്നവും അതിസുന്ദരവുമായിരുന്നു. ആദിമ ക്രൈസ്തവര്‍ കര്‍ത്താവിന്റെ അത്താഴവിരുന്നില്‍ ഐക്യപ്പെട്ടിരുന്നത് അടിസ്ഥാനപരമായി നാല് കാര്യങ്ങളിലാണ്.
അപ്പസ്‌തോലന്മാരുടെ പ്രബോധനം, കൂട്ടായ്മ, അപ്പം മുറിക്കല്‍, പ്രാര്‍ത്ഥന എന്നിവയായിരുന്നു ആ നാല് കാര്യങ്ങള്‍. പരിശുദ്ധാത്മാവിനെ സ്വീകരിച്ച അപ്പസ്‌തോലന്മാര്‍ നല്‍കിയ പ്രബോധനം അവര്‍ സര്‍വാത്മനാ സ്വീകരിച്ചു. അപ്പസ്‌തോല പ്രബോധനങ്ങള്‍ അവര്‍ ഉള്‍ക്കൊണ്ടിരുന്നു. അതിനാല്‍ വിശ്വാസകാര്യങ്ങളില്‍ അവര്‍ അറിവിലും ധാരണയിലും ഐക്യപ്പെട്ടിരുന്നു. അതിനാല്‍ അവരുടെ കൂട്ടായ്മ തായ്ത്തണ്ടിനോട് ചേര്‍ന്നുനില്‍ക്കുന്ന ശിഖരങ്ങളുടേതുപോലെ സജീവവും ദൃഢവുമായിരുന്നു.
സ്‌നേഹിക്കാത്ത, മനസിലാക്കാത്ത ആളുകളുടെ കൂട്ടമായിരുന്നില്ല അവരുടെ കൂട്ടായ്മ. ആദിമ ക്രൈസ്തവരുടെ ഊഷ്മളവും സജീവവുമായ കൂട്ടായ്മയില്‍ ദൈവം പ്രസാദിച്ചു. ദൈവപ്രസാദമുള്ള വിശ്വാസികള്‍ ഒന്നുചേര്‍ന്ന് അപ്പംമുറിക്കല്‍ ശുശ്രൂഷയില്‍ പങ്കെടുത്തു. ആ ശുശ്രൂഷ അവരുടെ കൂട്ടായ്മയെ ദൃഢമാക്കി. അത് സെഹിയോന്‍ ശാലയില്‍ യേശുവും ശിഷ്യരും ചേര്‍ന്ന് ആചരിച്ച തിരുവത്താഴംപോലെ ലളിതവും ഹൃദ്യവും ദൈവികവുമായിരുന്നു. ഇത്തരുണത്തില്‍ യേശുവിന്റെ വാഗ്ദാനം നാം അനുസ്മരിക്കുന്നത് നന്നായിരിക്കും. വീണ്ടും ഞാന്‍ നിങ്ങളോട് പറയുന്നു: ഭൂമിയില്‍ നിങ്ങളില്‍ രണ്ടുപേര്‍ യോജിച്ച് ചോദിക്കുന്ന ഏതു കാര്യവും എന്റെ സ്വര്‍ഗസ്ഥനായ പിതാവ് നിറവേറ്റിത്തരും.
ക്രിസ്തുവിന്റെ പരിശുദ്ധ കുര്‍ബാനയിലെ സാന്നിധ്യം സമ്പൂര്‍ണ ദൈവ-മനുഷ്യ സ്‌നേഹ സംഗമത്തില്‍ സംഭവിക്കുന്ന മഹാത്ഭുതമാണ്. ഈ അത്ഭുതം കണ്ടവര്‍ ഈ കൂദാശയെയും അതില്‍നിന്ന് രൂപപ്പെടുന്ന സമൂഹത്തെയും വിട്ടുപോകില്ല. പ്രഗത്ഭരായ പല വൈദികരും കത്തോലിക്ക സഭയിലേക്ക് വന്നത് പരിശുദ്ധ കുര്‍ബാനയില്‍ ആകൃഷ്ടരായിട്ടാണ്.
കര്‍ദിനാള്‍ ന്യൂമാന്‍ കത്തോലിക്ക സഭയിലേക്ക് വന്നത് സഭയെ പരിപോഷിപ്പിക്കുന്ന സ്‌നേഹത്തിന്റെ കൂദാശയായ പരിശുദ്ധ കുര്‍ബാനയിലുള്ള സജീവ വിശ്വാസം കൊണ്ടാണ്. പരിശുദ്ധ കുര്‍ബാനയോട് താരതമ്യപ്പെടുത്തുമ്പോള്‍ പ്രൊട്ടസ്റ്റന്റ് സഭയിലെ തന്റെ പദവിയും വരുമാനവും ഒന്നുമല്ലെന്ന് അദ്ദേഹം വിശ്വസിച്ചു. പുരോഹിതന് പ്രവേശനം നിഷേധിച്ചിടത്ത് മഠം തുടങ്ങാന്‍ അഗതികളുടെ അമ്മയായ മദര്‍ തെരേസ വിസമ്മതിച്ചു. പരിശുദ്ധ കുര്‍ബാനയില്ലാതെ ജീവിക്കുവാന്‍ മദറിന് പ്രയാസമായതുകൊണ്ടാണ് മറ്റ് ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്തിട്ടും മദര്‍ മഠം തുടങ്ങാന്‍ വിസമ്മതിച്ചത്.
വിശുദ്ധ ക്ലാര സാരസന്‍ സൈന്യത്തിന്റെ ആക്രമണത്തില്‍നിന്ന് തന്റെ മഠത്തെ രക്ഷിച്ചത് പരിശുദ്ധ കുര്‍ബാനയോട് പ്രാര്‍ത്ഥിച്ചുകൊണ്ടാണ്. ദിവ്യകാരുണ്യത്തിലൂടെ നാഥന്റെ ശരീരത്തില്‍ പങ്കുപറ്റിക്കൊണ്ട് നാം അവിടുത്തോട് ഐക്യം പ്രാപിക്കുന്നു. അതിനാല്‍ പരിശുദ്ധ കുര്‍ബാന സഭയുടെ ഉറവയും നിറവുമാണ്.
സത്യം ഇങ്ങനെയാണെങ്കിലും പരിശുദ്ധ കുര്‍ബാനയിലെ ക്രിസ്തുസാന്നിധ്യത്തെ അവിശ്വസിക്കുകയും നിഷേധിക്കുകയും ചെയ്യുന്നവരുണ്ട്. അതിന് അവര്‍ക്ക് തങ്ങളുടെ ന്യായങ്ങളുമുണ്ട്. എന്നാല്‍ അവര്‍ മനസിലാക്കേണ്ട ഒരു കാര്യമുണ്ട്. ദൈവത്തിന്റെ രക്ഷാകര സാന്നിധ്യം പ്രപഞ്ചത്തിലുടനീളം നിറഞ്ഞുനില്‍ക്കുന്നു. ദൈവസാന്നിധ്യം ഇല്ലാത്ത ഒരു ബിന്ദുപോലും നമുക്ക് കാണാനാവില്ല. അങ്ങനെയെങ്കില്‍ മനുഷ്യരക്ഷയ്ക്കുവേണ്ടി പ്രത്യേക സ്‌നേഹത്താല്‍ പൂര്‍ത്തിയാക്കുന്ന രക്ഷാകര കാര്യങ്ങളില്‍ ക്രിസ്തുവിന്റെ സാന്നിധ്യത്തെ അവിശ്വസിക്കാനാവുമോ? ദൈവം മനുഷ്യനെ സ്‌നേഹിക്കുന്നത് തന്റെ ജ്ഞാനവും സ്‌നേഹവും ജീവനും ആത്മാവും തന്നെത്തന്നെയും നല്‍കിക്കൊണ്ടാണ്. അതാണ് രക്ഷാകര ചരിത്രത്തിലുടനീളം നാം ദര്‍ശിക്കുന്നത്. എന്നാല്‍ ആ സ്‌നേഹത്തിന്റെ പാരമ്യം നാം ദര്‍ശിക്കുന്നത് കാല്‍വരിയാഗത്തിലാണ്. കാല്‍വരിയാഗം പഴയ നിയമ ബലികളുടെ പൂര്‍ത്തീകരണമാണ്. പഴയ നിയമ ബലിക്ക് രണ്ട് ഘട്ടങ്ങളുണ്ട്.
ഒന്ന് നീസാന്‍മാസം 14-ന് വൈകുന്നേരം ആടിനെ ബലിയര്‍പ്പിക്കുന്നത്. രണ്ട് ബലിയര്‍പ്പിക്കപ്പെട്ട ആടിന്റെ മാംസം ഉപയോഗിച്ച് വീടുകളില്‍ അത്താഴവിരുന്ന് അനുഭവിക്കുന്നത്. ബലിവസ്തു ഭക്ഷിക്കുമ്പോഴാണ് ബലി പൂര്‍ത്തിയാകുന്നത്. അതിനാല്‍ ഈ രണ്ടുഘട്ടങ്ങളും ഒരേ ബലിയുടെ രണ്ടു ഭാഗങ്ങളാണ്. യേശു യഹൂദരുടെ ആചാരപ്രകാരം പെസഹ ആചരിക്കുവാന്‍ സെഹിയോന്‍ ശാലയിലെത്തുന്നു. ഇവിടെ യേശുവിന്റെ പെസഹാചരണം, പരമ്പരാഗതമായ ആചരണത്തിനപ്പുറം ഒരു പ്രവാചകകൃത്യം കൂടിയാണ്. അതിലൂടെ യേശു നടക്കാന്‍ പോകുന്ന സംഭവത്തെ മുന്‍കൂട്ടി അവതരിപ്പിക്കുന്നു. മറ്റു വാക്കുകളില്‍, വെള്ളിയാഴ്ച നടക്കാന്‍ പോകുന്ന കാല്‍വരിയാഗത്തെ യേശു സെഹിയോന്‍ ഊട്ടുശാലയില്‍ മുന്‍കൂട്ടി അവതരിപ്പിക്കുന്നു. ഇത് മനസിലാക്കാന്‍, ജറെമിയ 19-ാം അധ്യായത്തില്‍ മണ്‍കുടം ഉടക്കുന്നതും തുടര്‍ന്ന് ദൈവാലയ മേല്‍വിചാരിപ്പുകാരന്‍ പാഷൂര്‍ പ്രവാചകനെ മര്‍ദിക്കുന്നതും വായിക്കുന്നത് സഹായിക്കും. ചുരുക്കത്തില്‍ സെഹിയോനിലെ യേശുവിന്റെ പെസഹാചരണവും വെള്ളിയാഴ്ചയിലെ ബലിയര്‍പ്പണവും ഒരേ ബലിയുടെ രണ്ടു ഭാഗങ്ങളാണ്. അത്താഴവിരുന്നിന് ഊന്നല്‍ നല്‍കി സമാന്തര സുവിശേഷകരും കുരിശിലെ അര്‍പ്പണത്തിന് ഊന്നല്‍ നല്‍കിക്കൊണ്ട് വിശുദ്ധ യോഹന്നാനും യേശുവിന്റെ ബലിയെ വിവരിക്കുന്നു. ബലിയുടെ രണ്ടു ഭാഗങ്ങളിലും പൂര്‍ണമനുഷ്യനും പൂര്‍ണ ദൈവവുമായ യേശു മുഴുവനായും സന്നിഹിതനാണ്.
”പുത്രനില്‍ വിശ്വസിക്കുന്നവന് നിത്യജീവന്‍ ലഭിക്കുന്നു. എന്നാല്‍ പുത്രനെ അനുസരിക്കാത്തവന്‍ ജീവന്‍ ദര്‍ശിക്കുകയില്ല. ദൈവകോപം അവന്റെ മേലുണ്ട്” (യോഹ. 3:36). പുത്രനെ വിശ്വസിക്കുന്നവന് പുത്രന്റെ വചനം അവിശ്വസിക്കാന്‍ ആവുമോ?

ഫാ. ജോസഫ് അരാശേരി

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?