Follow Us On

23

February

2020

Sunday

ക്രിസ്തുസ്‌നേഹത്തിന്റെ തിരിനാളമായി…

ക്രിസ്തുസ്‌നേഹത്തിന്റെ  തിരിനാളമായി…

നാല്‍പതോളം പേര്‍. പത്തുപേര്‍ വീതം നാലു നിരകളിലായി നിരത്തി നിര്‍ത്തിയിരിക്കുന്നു. എല്ലാം യുവാക്കള്‍. ‘കോന്‍ ഹെ?’ പോലീസുകാരന്റെ ചോദ്യം.
എന്നോട് പറയാന്‍ അവര്‍ ആവശ്യപ്പെടുകയാണ്. ഞാന്‍ പരിഭ്രാന്തനായി. എന്തു പറയണമെന്നറിയില്ല. അപ്പോള്‍ ആരോ ചെവിയില്‍ പറയുന്നതുപോലെ. ‘ആരെന്ന് അറിയില്ല…ഒന്നും മനസിലാവുന്നില്ല”എന്ന് പറയാന്‍. പറയാന്‍ മടിച്ചപ്പോള്‍ പിന്നെയും പോലീസുകാരന്‍ സ്വരമുയര്‍ത്തി. അതോടെ എന്റെ വിറങ്ങലിച്ച ശരീരത്തില്‍ നിന്നും പണിപ്പെട്ടു പുറത്തുവന്ന വാക്കുകളിങ്ങനെയായിരുന്നു..
”ഇവരല്ല….ഇവരാണെന്ന് തോന്നുന്നില്ല..”
ഒരു പോലീസുകാരന്‍ അപ്പോഴേക്കും എന്നെ മജിസ്‌ട്രേറ്റിന്റെ അടുത്തേക്ക് ആനയിച്ചിരുന്നു. ഇവരല്ല എന്നു ഞാന്‍ പറയുന്നത് മജിസ്‌ട്രേറ്റും കേട്ടു. അദ്ദേഹം എന്നോട് രഹസ്യമായി ഇങ്ങനെയാണ് പറഞ്ഞത്. ‘അച്ഛാ ഭോലാ…അങ്ങിനെ പറഞ്ഞതു നന്നായി. ഇല്ലെങ്കില്‍ ഇവരുടെ സംഘം വന്നു അച്ചന്റെയും ഇടവകജനത്തിന്റെയും ജീവന്‍ എടുത്തേനെ.” ഉത്തരാഘണ്ഡ് വിഭജനത്തിന് മുന്‍പുള്ള ഉത്തര്‍പ്രദേശില്‍വെച്ചാണ് ബിജ്‌നോര്‍ സി എം ഐ മിഷനിലെ ആദ്യകാല മിഷനറി ഫാ. യേശുദാസ് തളിയന് ഇത്തരമൊരു പ്രതിസന്ധിയിലൂടെ കടന്നുപോകേണ്ടി വന്നത്.
ബുലന്‍തുശഹര്‍ എന്ന ജില്ലയിലായിരുന്നു സംഭവം. കൊള്ളക്കും കൊള്ളിവെപ്പിനും പേരു കേട്ട സ്ഥലം. ദിനപത്രങ്ങളില്‍ കൊലപാതകത്തിന്റെയും അക്രമത്തിന്റെയും കഥകളാണ് ദിനവും വന്നിരുന്നത്. അവിടെ ശുശ്രൂഷ ചെയ്ത കാലത്ത് ഇത്തരം സംഭവങ്ങള്‍ ധാരാളമായിരുന്നു.
ബുലന്തശഹറില്‍ നിന്നും 28 കിലോമിറ്റര്‍ കഴിഞ്ഞാല്‍ എത്തുന്ന ചെറിയൊരു നഗരമാണ് ജഹാംഗീര്‍ബാദ്. ഗംഗാ തടമായ ഈ പ്രദേശത്ത് നെല്ലും ഗോതമ്പും കരിമ്പുമാണ് കൃഷികള്‍. ക്രിസ്ത്യാനികള്‍ തീരെയില്ലെന്ന് തന്നെ പറയാം.
പുരാതനമായ അഗ്ര അതിരൂപതയില്‍പ്പെടുന്ന ഇവിടെ ബിജ്‌നോര്‍ സി.എം.ഐ പ്രൊവിന്‍സിന് ചെറിയൊരു മിഷന്‍ കേന്ദ്രം ഉണ്ടായിരുന്നു. പ്രാരംഭകാലമായിരുന്നു അത്. ഷീറ്റ് മേഞ്ഞ തേക്കാത്ത ഇഷ്ടികകൊണ്ട് കെട്ടിയ ചെറിയ മുറികള്‍.
പ്രൊവിന്‍ഷ്യലായ ഫാ. റെയ്മണ്ടിന്റെ നിര്‍ദ്ദേശപ്രകാരം പ്രൊവിന്‍ഷ്യല്‍ കൗണ്‍സിലര്‍ കൂടിയായ ഫാ. യേശുദാസ് തളിയനെ പ്രിന്‍സിപ്പലും സുപ്പീരിയറുമാക്കി അവിടെ നിയമിച്ചിരുന്നു. സഹായികളായി രണ്ടു സി എം ഐ ബ്രദേഴ്‌സ്. (ജര്‍മനിയില്‍ ഇന്ന് ഇടവകവികാരിയായ ഫാ.അമ്പഴത്തിനാല്‍) ഷാജി ഇളംതുരുത്തി (സേവാ ഡല്‍ഹി യൂണിറ്റ് സെക്രട്ടറിയാണ് ഇന്നദേഹം)
ഉത്തരേന്ത്യയില്‍ കടുത്ത വേനലില്‍ നഗരം പൊള്ളുന്നു. അതിനാല്‍ രാത്രിയില്‍ എല്ലാവരും മരച്ചുവട്ടിലാണ് ഉറങ്ങിയിരുന്നത്. പണിക്കായി അട്ടിയിട്ടുവച്ച ഇഷ്ടികക്കൂട്ടത്തിനു മുകളില്‍ മേശയും കൊതുകു വലയും കെട്ടിയാണ് ബ്രദര്‍ ഷാജി ഇളംതുരുത്തി കിടന്നത്. അല്പം ദൂരെയായി ഫാ. യേശുദാസ് തുറന്ന വാതിലുമായി മുറിക്കകത്തും ഉറക്കം. രാത്രി ഒരു മണി കഴിഞ്ഞുകാണും. പെട്ടെന്ന് എവിടെയോ വെടിയൊച്ചയുടെ ശബ്ദം. എല്ലാവരും ചാടി എഴുന്നേറ്റു. ആരെങ്കിലും പടക്കം പൊട്ടിച്ചതാകാമെന്ന് കരുതി പിന്നെയും കണ്ണടയക്കാന്‍ ശ്രമിക്കുമ്പോഴാണ് വാതിലിനു അടുത്തു കിടന്ന ബ്രദര്‍ ഷാജിക്കു നേരെ വലിയ വടി കൊണ്ടുള്ള അടി വീണത്. കൊതുകു വലയില്‍ തട്ടിയതുകൊണ്ട് ദേഹത്തുശക്തമായി പതിച്ചില്ല എന്ന് മാത്രം. പക്ഷേ കൊതുകുവല മാറ്റി കൈചുരുട്ടി ഒരാള്‍ ബ്രദറിന്റെ മുഖത്തിടിച്ചു. വേദനകൊണ്ടു ഷാജി പുളയുമ്പോള്‍ അവ്യക്തതയില്‍ കണ്ടത് നാലുപേര്‍. ഒരാള്‍ തോക്കുധാരി. ഒപ്പമുള്ള രണ്ടു പേരില്‍ഒരാളുടെ കൈവശം വലിയവടി. രണ്ടുപേരും വായില്‍ ടോര്‍ച്ചുകടിച്ചുപിടിച്ച് നില്‍ക്കുന്നു.
ഒരാള്‍ മുഖത്തേക്ക് ടോര്‍ച്ചടിച്ചു. ‘തുമാര ബോസ് കിതര്‍ ഹെ.’ ഭയത്തോടെ പതിഞ്ഞ സ്വരത്തില്‍ ബ്രദര്‍ ഷാജി പറഞ്ഞു. ‘ഉദര്‍ ഘമരെ ഹേ’ ഉടനെ രണ്ടുപേര്‍ അച്ചന്റെ മുറിയിലേക്കു ഓടിക്കയറി. അവര്‍ അച്ചന്‍ കിടന്ന മുറിയിലെത്തി. അച്ചനെ ആഞ്ഞടിച്ചശേഷം അലറി. ‘അനങ്ങരുത്. എവിടെയാണ് താക്കോല്‍ സൂക്ഷിച്ചിരിക്കുന്നതെന്ന പറയൂ?” ഉത്തരം കേള്‍ക്കും മുമ്പേ അവര്‍ മുറിയിലെ അലമാരയും മേശയുമെല്ലാം വാരിവലിച്ചിട്ട് തപ്പാന്‍ തുടങ്ങി. കെട്ടിടത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട മേശയില്‍ കുറച്ച് പണം സൂക്ഷിച്ചിരുന്നു. അതെടുത്ത് കിട്ടിയ ചെറിയ പെട്ടികളെല്ലാമെടുത്ത് അവര്‍ രക്ഷപെട്ടു. പിറ്റേന്ന് പോലീസ് സ്‌റ്റേഷനില്‍ പോയി അച്ചനും ബ്രദേഴ്‌സും വിവരമെല്ലാം പറഞ്ഞു. സമീപത്തുള്ള വയലില്‍ അക്രമികള്‍ ഉപേക്ഷിച്ച പെട്ടികള്‍ തുറന്നുകിടന്നിരുന്നു. അതില്‍ വൈദികരുടെയും ബ്രദേഴ്‌സിന്റെയും കുറച്ച് തുണികളാണ് ഉണ്ടായിരുന്നത്. സന്ദര്‍ശകര്‍ക്ക് കൊടുക്കാന്‍ സൂക്ഷിച്ച കുറച്ച് കൊന്തകളും വെന്തിങ്ങകളും ചെളിയില്‍ ചിതറിക്കിടന്നു. പോലീസ് എത്തി പരിശോധനയും അന്വേഷണവും നടത്തി. പ്രതികളൊടൊപ്പം പത്തുനാല്പത് പേരെക്കൂടി പിടിച്ച് അച്ചന്റെ മുന്നിലെത്തിച്ച് തെളിവെടുപ്പ് നാടകം നടത്തി. അടിയുടെ ആഘാതവും മാനസികസമ്മര്‍ദ്ദവും മൂലം അവശനും രോഗിയും ആയ യേശുദാസച്ചനെ പ്രൊവിന്‍ഷ്യല്‍ ഹൗസിലേക്കും അവിടെ നിന്ന് ആശുപത്രിയിലേക്കും പിന്നീട് കൊണ്ടുപോയി. നാളുകള്‍ക്കുശേഷം അച്ചന്‍ ജഹാംഗീര്‍ബാദ് സ്‌കൂളില്‍ തിരിച്ചെത്തി.
ഒരുച്ചകഴിഞ്ഞ നേരം. അച്ചനെ കാണാന്‍ രണ്ടു യുവാക്കള്‍ എത്തി. അവര്‍ യേശുദാസച്ചനെ കണ്ടപാടെ നിലത്തു വീണു വിങ്ങി പ്പൊട്ടി ‘മാപ്പു കരോ, മാപ്പു കര്‍ദോ’എന്ന് അവര്‍ കരഞ്ഞുകൊണ്ടിരുന്നു. ഒന്നും മനസിലാവാതെ അച്ചന്‍ അവരുടെ തോളില്‍ തട്ടി. അവരെ എഴുന്നേല്പിച്ചു.
കുനിഞ്ഞ ശിരസോടെ അവര്‍ വിങ്ങിയ സ്വരത്തില്‍ പറഞ്ഞു. അച്ചന്‍ ഞങ്ങളെ രക്ഷിച്ചതിന് നന്ദി!” അന്നത്തെ തിരിച്ചറിയല്‍ പരേഡില്‍ അച്ചന്‍ ഞങ്ങളുടെ നേര്‍ക്ക് കൈ ചൂണ്ടിയിരുന്നെങ്കില്‍ പൊലീസുകാര്‍ ഞങ്ങളെ കൊല്ലുമായിരുന്നു. അപ്പോഴാണ് യേശുദാസച്ചന് ആ പഴയ സംഭവം ഓര്‍മവന്നത്. അവരെ അദേഹം കൈപിടിച്ചു എഴുന്നേല്പിച്ച ശേഷം സമാധാനിപ്പിച്ചുവിട്ടു. അവിടെത്തു ടങ്ങുകയായിരുന്നു ജഹാംഗീരബാദ് കത്തോലിക്കാ മിഷന്റെ ഉദയം.
ഉത്തര്‍പ്രദേശ് സംസ്ഥാനത്തെ ബിജ്‌നോര്‍ മുതല്‍ അങ്ങ് ഉത്തരാഖണ്ഡിലെ ഹിമാലയന്‍മല നിരയിലെ ജോഷിമട്ടുവരെ ക്രിസ്തീയ പച്ചപ്പിന്റെ കമ്പളം വിരിച്ചത് ഈ സംഭവം പോലെ നിരവധി മിഷനറിമാരുടെ കയ്‌പേറിയ ജീവിതാനുഭവങ്ങളാണ്.
യേശുദാസ് അച്ചനെപോലെ അടികൊണ്ടവരും, തോക്കിന്‍മുനയില്‍ നിന്നും രക്ഷപ്പെട്ടവരുമൊക്കെ ധാരാളമുണ്ട്. ക്രിസ്തീയ സ്ഥാപനങ്ങള്‍ക്കും അച്ചന്മാര്‍ക്കും സിസ്‌റ്റേഴ്‌സിനും എതിരെ കള്ളപ്രചരണം നടത്തിയവരും ഒട്ടും കുറവല്ല.
രാജഗിരി കുന്നില്‍നിന്നും ഹിമഗിരിയിലേക്കു
1973-ല്‍ ഒരു ഡസന്‍ പേരുടെ സംഘം ആണ് ബിജ്‌നോര്‍ മിഷനുവേണ്ടി കേരള എക്‌സ്പ്രസില്‍ എറണാകുളത്തുനിന്നും ഡല്‍ഹിയില്‍ വന്നിറങ്ങിയത്. അതില്‍ യേശുദാസ് അച്ചനൊപ്പം നിരവധി വൈദികരും ശെമ്മാച്ചന്മാരും സിസ്റ്റേഴ്‌സും ഉണ്ടായിരുന്നു. ഈ സംഘത്തില്‍പ്പെട്ടവര്‍ ആയിരുന്നു പ്രശസ്തരായ ഫാ. ബേസില്‍ പൈനാടത്തും സത്പുലി അപകടത്തില്‍ ചരമമടഞ്ഞ ബ്രദര്‍ റോമുവല്‍ഡുമൊക്കെ.. ബിജ്‌നോറിലേ വാടക വീടായ വിജയ് ഹൗസില്‍ ആയിരുന്നു മോണ്‍. ഗ്രേഷ്യന്‍ താമസിച്ചിരുന്ന മിഷന്റെ ആസ്ഥാനം. അവിടെ നിന്നുമാണ് എല്ലാവരും പല ദിക്കിലേക്കു മിഷന്‍ വേലക്കായി പിരിഞ്ഞത്. പിറ്റേന്ന് യേശുദാസ് അച്ചന്‍ പദംപൂര്‍ എന്ന ഒരു ഗ്രാമത്തില്‍ എത്തി. ഒന്നര പതിറ്റാണ്ടുകൊണ്ട് കിരത്പൂര്‍, നത്തെവാലി, ജെസ്പുര്‍ പദംപൂര്‍ തുടങ്ങിയ മിഷന്‍ കേന്ദ്രങ്ങളുടെ ബാല്യകാല വളര്‍ത്തച്ഛന്‍ ആവാന്‍ യേശുദാസച്ചന് കഴിഞ്ഞു. പിന്നീട് അച്ചന്‍ ആഫ്രിക്കന്‍ മിഷനിലേക്കാണ് പോയത്. കുമാസി അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പ് പീറ്റര്‍ ക്വാസി സര്‍പൊങ്ങിന്റെ കിഴില്‍ ആ അതിരൂപതയിലെ മിഷ്യന്‍ കേന്ദ്രങ്ങളില്‍ ആയിരുന്നു അച്ചന്റെ സേവനം.
മടങ്ങിയെത്തിയശേഷം ഭോപ്പാലിലെ ആനന്ദ നഗറിലായി അദേഹത്തിന്റെ പ്രവര്‍ത്തനം. അദേഹം അവിടെ നിര്‍മിച്ച ‘പൂര്‍നോദയ കമാനം’ ഇന്ന് ഭോപ്പാല്‍ അതിരൂപതയുടെ മരിയന്‍ തീര്‍ത്ഥകേന്ദ്രമാണ്.
പൗരോഹിത്യത്തിന്റെ അമ്പതാം വര്‍ഷത്തിലാണ് അച്ചനിപ്പോള്‍. ജീവിതായുസില്‍ ഇത് എണ്‍പതാം വര്‍ഷവും. സ്‌നേഹപൂര്‍വ്വം അച്ചന്‍ പറയുന്നു, ”ദൈവമേ നിനക്ക് നന്ദി മാത്രം.”

ഫാ. പ്രേം ചൂരയ്ക്കല്‍ സി.എം.ഐ

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?