Follow Us On

09

December

2019

Monday

ഇന്ത്യയിലെ ക്രൈസ്തവര്‍ക്കെതിരായ അക്രമം ആദ്യത്തെ ആറ് മാസങ്ങളില്‍ നടന്നത് 158 സംഭവങ്ങള്‍

ഇന്ത്യയിലെ ക്രൈസ്തവര്‍ക്കെതിരായ അക്രമം ആദ്യത്തെ ആറ് മാസങ്ങളില്‍ നടന്നത് 158 സംഭവങ്ങള്‍

ന്യൂഡല്‍ഹി: ആറുമാസങ്ങള്‍ക്കിടെ ഇന്ത്യയില്‍ ക്രൈസ്തവര്‍ക്കെതിരായ 158 അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് രാജ്യത്തെ ക്രൈസ്തവ സമുദായത്തിന്റെ മൗലിക അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന സംഘടനയായ യുണൈറ്റഡ് ക്രിസ്റ്റ്യന്‍ ഫോറം. യുണൈറ്റഡ് ക്രിസ്റ്റ്യന്‍ ഫോറത്തിന്റെ ഹെല്‍പ്‌ലൈനില്‍ വന്ന പരാതികളുടെ അടിസ്ഥാനത്തില്‍ തയാറാക്കിയ 23 സംസ്ഥാനങ്ങളില്‍നിന്നുള്ള കണക്കാണിത്.
യുണൈറ്റഡ് ക്രിസ്റ്റ്യന്‍ ഫോറത്തിന്റെ വിവരങ്ങള്‍ പ്രകാരം ആന്ധ്രപ്രദേശ്, ബിഹാര്‍, ഛത്തീസ്ഘട്ട്, ഡല്‍ഹി, ഗോവ, ഗുജറാത്ത്, ഹരിയാന, ഹിമാചല്‍ പ്രദേശ്, ജമ്മു ആന്‍ഡ് കാശ്മീര്‍, ജാര്‍ഖണ്ഡ്, കര്‍ണാടക, കേരളം, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ, പുതുച്ചേരി, പഞ്ചാബ്, രാജസ്ഥാന്‍, തമിഴ്‌നാട്, തെലങ്കാന, ത്രിപുര, ഉത്തര്‍ പ്രദേശ്, വെസ്റ്റ് ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലാണ് ക്രൈസ്തവ സമൂഹത്തിനെതിരായ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇവയില്‍ ഏറ്റവും കൂടുതല്‍ അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ഉത്തര്‍ പ്രദേശില്‍ നിന്നാണ്. 32 എണ്ണം. 31 അക്രമസംഭവങ്ങള്‍ അരങ്ങേറിയ തമിഴ്‌നാടാണ് രണ്ടാമത്.
റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ സംഭവങ്ങളില്‍ 130 തവണയും ക്രൈസ്തവ വിശ്വാസികള്‍ക്ക് ആക്രമണങ്ങള്‍ അല്ലെങ്കില്‍ ഭീഷണി നേരിടേണ്ടി വന്നത് വളരെ ശാന്തമായി ദൈവാലയങ്ങളിലോ വീടുകളിലോ ഒത്തുചേര്‍ന്ന് പ്രാര്‍ത്ഥിക്കുന്നതിനിടയിലാണ്. കരുതിക്കൂട്ടിയുള്ള ഇത്തരം അക്രമസംഭവങ്ങളിലെല്ലാം അക്രമി സംഘം അനുവര്‍ത്തിച്ച പ്രവര്‍ത്തന രീതി സമാനമാണ്. പോലീസിനൊപ്പം പ്രാര്‍ത്ഥനാ കേന്ദ്രങ്ങളില്‍ എത്തിയ പ്രക്ഷോഭകാരികള്‍ സ്ത്രീകളും കുട്ടികളുമടങ്ങുന്ന ക്രൈസ്തവ വിശ്വാസ സമൂഹത്തിനെതിരെ മുദ്രാവാക്യം വിളിക്കുകയും കായികമായി ഉപദ്രവിക്കുകയുമായിരുന്നു. തുടര്‍ന്ന്, മതപരിവര്‍ത്തനം നടത്തുന്നു എന്നാരോപിച്ച് സമൂഹ പ്രാര്‍ത്ഥന നയിച്ചവരെ തടഞ്ഞുവയ്ക്കുകയോ അറസ്റ്റ് ചെയ്യുകയോ ആണുണ്ടായത്. യുണൈറ്റഡ് ക്രിസ്റ്റ്യന്‍ ഫോറത്തിന്റെ കണക്കനുസരിച്ചുള്ള 158 അക്രമങ്ങളില്‍ 110 സ്ത്രീകള്‍ക്കും 89 കുട്ടികള്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തു.
‘ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ക്കെതിരെ ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഉറച്ച നിലപാടെടുക്കാത്തതിനാലും കര്‍ശന നടപടികള്‍ സ്വീകരിക്കാത്തതിനാലും സംഘം ചേര്‍ന്നുള്ള അക്രമങ്ങള്‍ ഇന്ന് നിയമവിധേയമെന്നതു പോലെ പതിവായിരിക്കുകയാണ്. ഇത്തരം തിന്മയ്‌ക്കെതിരെ വേണ്ട നിയമനടപടി സ്വീകരിക്കുന്നതിനായി രാഷ്ട്രീയ പ്രവര്‍ത്തകരോ, ആഭ്യന്തര സമൂഹമോ, മത നേതാക്കളോ മുന്നിട്ടിറങ്ങുന്നില്ല.
ക്രൈസ്തവ പീഡനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന സംസ്ഥാനങ്ങളില്‍ മത, വിശ്വാസ സ്വാതന്ത്ര്യം വളരെ കുറഞ്ഞുകൊണ്ടിരിക്കുന്നു. ഇന്ന്, ഇന്ത്യയിലെ 90 ശതമാനം പ്രദേശത്തെയും ന്യൂനപക്ഷ മത വിശ്വാസികള്‍ അവരുടെ വിശ്വാസം കാത്തുസൂക്ഷിക്കുന്നതില്‍ വെല്ലുവിളികള്‍ നേരിടുന്നുണ്ട്. അതേസമയം, ചുരുക്കം പ്രസിദ്ധീകരണങ്ങള്‍ മാത്രമാണ് ഇത്തരം അനിഷ്ട സംഭവങ്ങളുമായി ബന്ധപ്പെട്ട നിഷ്പക്ഷ വാര്‍ത്തകള്‍ നല്‍കുന്നത്.’ യുണൈറ്റഡ് ക്രിസ്റ്റ്യന്‍ ഫോറം ചൂണ്ടിക്കാട്ടുന്നു.
ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ പോലീസ് എഫ്‌ഐആര്‍ തയാറാക്കാന്‍ പോലും മടിക്കുന്നതാണ് വളരെ ദൗര്‍ഭാഗ്യകരമായ അവസ്ഥ. ഇത്രയും അനിഷ്ട സംഭവങ്ങള്‍ ഉണ്ടായിട്ടും 24 എണ്ണത്തില്‍ മാത്രമാണ് പോലീസ് എഫ്‌ഐആര്‍ തയാറാക്കിയത്.
ക്രിസ്ത്യാനികള്‍ക്കെതിരായ അക്രമങ്ങളില്‍ പോലീസ് നടപടി സ്വീകരിക്കാതിരുന്ന 11 സംസ്ഥാനങ്ങള്‍ മതനിരപേക്ഷ പാര്‍ട്ടികളെന്ന് അവകാശപ്പെടുന്നവര്‍ ഭരിക്കുന്നതാണെന്നതാണ് വിരോധാഭാസം. ബാക്കിയുള്ള 12 സംസ്ഥാനങ്ങള്‍ ഭരിക്കുന്നത് ഹിന്ദു അനുഭാവം പുലര്‍ത്തുന്ന എന്‍ഡിഎ ആണ്; യുണൈറ്റഡ് ക്രിസ്റ്റ്യന്‍ ഫോറം പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.
ഒരു വ്യക്തിയും മതത്തിന്റെയും വിശ്വാസത്തിന്റെയും പേരില്‍ പീഡയനുഭവിക്കാന്‍ പാടില്ല. സുപ്രീം കോടതി ന്യൂനപക്ഷങ്ങള്‍ക്കെതിരായ അക്രമങ്ങള്‍ തടയുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിന് നല്‍കിയിട്ടും ചില വിഭാഗങ്ങളുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഇത്തരം അതിക്രമങ്ങള്‍ ആശങ്കാജനകമാണ്. ഇനിയും ഇത്തരത്തിലുള്ള അനിഷ്ട സംഭവങ്ങള്‍ ഉടലെടുക്കുകയാണെങ്കില്‍ നിയമം കൈകാര്യം ചെയ്യുന്ന പോലീസും പ്രാദേശിക ഭരണകൂടവും യഥാസമയം ഉചിതമായ നടപടികള്‍ കൈക്കൊള്ളാന്‍ തയാറാകണം. അല്ലയന്‍സ് ഡിഫന്‍ഡിംഗ് ഫ്രീഡം ഇന്ത്യന്‍ യൂണിറ്റ് ഡയറക്ടര്‍ ടെമിന അറോറ പറഞ്ഞു.
ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങള്‍ ക്രമാനുഗതമായി വര്‍ധിക്കാന്‍ തുടങ്ങിയത് 2014 മുതല്‍ ആണ്. അന്ന് 150ല്‍ താഴെയായിരുന്ന ക്രൈസ്തവ പീഡനങ്ങള്‍ തൊട്ടടുത്ത വര്‍ഷം 200 ന് അടുത്തെത്തി. 2016-ല്‍ അതിക്രമങ്ങള്‍ 200 കവിയുകയും ചെയ്തു.
2017, 18 വര്‍ഷങ്ങളില്‍ യഥാക്രമം 250, 300 എന്നിങ്ങനെയായിരുന്നു കണക്കുകള്‍. 2019-ല്‍ ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള ഓരോ മാസങ്ങളിലും ശരാശരി 26 അക്രമസംഭവങ്ങള്‍ വീതം അരങ്ങേറി. കഴിഞ്ഞ വര്‍ഷം ഇത് പ്രതിമാസം 20 വീതമായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?