Follow Us On

03

July

2022

Sunday

ക്രിസ്തുവിശ്വാസം പാറപോലെ, രക്ഷയും!

ക്രിസ്തുവിശ്വാസം പാറപോലെ, രക്ഷയും!

ചെങ്കടലിനെ മാത്രമല്ല, മലവെള്ള പാച്ചിലിനെയും രണ്ടായി പകുത്തുമാറ്റാനും ദൈവത്തിന് സാധിക്കും- കേരളം നേരിട്ട മഹാപ്രളയം ഒരു വർഷം പിന്നിടുമ്പോൾ, ആ അത്ഭുത സംഭവം സാക്ഷിക്കുന്നു കണ്ണൂരിലെ താന്നിയിൽ കുടുംബം.

 

പ്ലാത്തോട്ടം മാത്യു

ഫറവോയുടെ സൈന്യത്തിൽനിന്ന് ഇസ്രായേൽ ജനത്തിന് രക്ഷാമാർഗമൊരുക്കാൻ ദൈവം ചെങ്കടൽ രണ്ടായി പകുത്ത രക്ഷാകര സംഭവം നേരിൽ അനുഭവിച്ചറിഞ്ഞതിന്റെ അമ്പരപ്പിലാണ് സാബുവും കുടുംബവും. താഴ്‌വരയിൽ സർവനാശം വിതയ്ക്കാൽ പാഞ്ഞടുത്ത മലവെള്ളത്തെ രണ്ടായി തിരിച്ചുവിടാൻ, വെള്ളത്തിനൊപ്പം ഒഴുകിയെത്തിയ പാറയെ ഉപകരണമാക്കിയ ദൈവത്തിന് എത്ര നന്ദി പറഞ്ഞിട്ടും മതിയാവുന്നില്ല കണ്ണൂരിലെ താന്നിയിൽ കുടുംബത്തിന്.

ഇവർക്ക് ലഭിച്ച ദൈവിക സംരക്ഷണത്തിന്റെ കഥ ഒരു നാടിന്റെ വിശ്വാസവളർച്ചയ്ക്കുതന്നെ കാരണമായി മാറുന്നു എന്നതും ശ്രദ്ധേയം. എത്ര വലിയ അപകടത്തിന്റെ നടുവിലാണെങ്കിലും കരംനീട്ടി സംരക്ഷിക്കാൻ ശക്തനായ ദൈവം കൂടെയുണ്ടെന്ന തിരിച്ചറിവാണ് ഈ അത്ഭുതം പ്രദേശവാസികൾക്ക് സമ്മാനിക്കുന്നത്. കണ്ണൂർ ജില്ലയിൽ കർണാടക അതിർത്തിയിലുള്ള കച്ചേരിക്കടവ് കുടിയേറ്റ മേഖലയിലാണ് സാബുവും കുടുംബവും താമസിക്കുന്നത്. ഏത് അവിശ്വാസിയുടെ ഹൃദയത്തിലും വിശ്വാസം നിറയാൻ, ഈ പ്രളയ ദിനത്തിൽ സാബുവിനും കുടുംബത്തിനും ദൈവം ഒരുക്കിയ സംരക്ഷണകവചത്തെ കുറിച്ച് അറിഞ്ഞാൽ മതി.

പ്രളയജലത്തിൽ ഒഴുകിയെത്തിയ പാറ, വീടിന് കുറച്ചകലെ ചെളിയിൽ പൂണ്ട്, പ്രളയജലത്തെ രണ്ട് ഭാഗത്തേക്ക് വഴിതിരിച്ചുവിട്ടതാണ് വീട്ടുകാരെ അപകടത്തിൽനിന്ന് രക്ഷിച്ചത്. മലവെള്ളപ്പാച്ചിൽ കഴിഞ്ഞ് ദിനങ്ങൾക്കുശേഷമെടുത്ത ചിത്രം.

2018 ഓഗസ്റ്റ് എട്ടിന് വൈകിട്ട് 4.00മണി, തങ്ങൾക്ക് ഒരിക്കലും മറക്കാനാകാത്ത ദിവസവും സമയവുമാണെന്ന് സാബു പറയുന്നു. ഏതാണ്ട് 45 മിനിറ്റു സമയം അവർ മരണത്തെ മുഖാമുഖം കണ്ടു. യഥാർത്ഥത്തിൽ ദൈവിക സംരക്ഷണം എന്താണെന്ന് അറിഞ്ഞ സമയമെന്നാണ് സാബു അതിനെ വിശേഷിപ്പിക്കുന്നത്.

മരണം കൺമുമ്പിൽ

പിതാവ് മാത്യുവും അമ്മയും ഭാര്യയും മൂന്നു മക്കളും ഉൾപ്പെടുന്നതാണ് സാബുവിന്റെ കുടുംബം. സെറിബ്രൽപൾസി ബാധിതനായ 10 വയസുള്ള മൂത്തമകൻ എമിൽ തളർന്നുകിടപ്പിലാണ്, സംസാരശേഷിയുമില്ല. സാബുവിന്റെ അമ്മ അന്നമ്മ 28 വർഷമായി സന്ധിവാത രോഗിയും. നിറുത്താതെ പെയ്യുന്ന മഴ മലയോരവാസികൾക്ക് പേടി സ്വപ്‌നമാണ്, എപ്പോൾ വേണമെങ്കിലും ഉരുൾപൊട്ടാം. ഭയപ്പാടോടിരിക്കുമ്പോഴാണ്, മുകളിൽനിന്ന് ഉരുൾപ്പൊട്ടി ഒഴുകിവന്ന വെള്ളം വീടിന്റെ സമീപമെത്തിയത്. സുരക്ഷാർത്ഥം അവിടെനിന്ന് മാറാൻ തീരുമാനിച്ചു. മറുഭാഗത്തുകൂടി പോകാൻ ആലോചിച്ചെങ്കിലും കനത്ത മഴ കാരണം വീടിന്റെ തിണ്ണയിൽ എല്ലാവരും നിന്നു.

അഞ്ചു മിനിറ്റു കഴിയുംമുമ്പ് സംഭവിച്ചത് ഓർക്കുമ്പോൾ സാബുവിന്റെയും കുടുംബത്തിന്റെയും കണ്ണിൽ ഇപ്പോഴും നടുക്കം. കനത്ത ഉരുൾപ്പൊട്ടലിൽ, അവർ പോകാൻ ഉദ്ദേശിച്ച ഭാഗം അപ്പാടെ ഒലിച്ചുപോകുന്നു. കുടകുവനത്തിൽ ഉരുൾപൊട്ടിയതിനെ തുടർന്ന് ഉണ്ടായ കൂറ്റൻ മലവെള്ളപ്പാച്ചിലായിരുന്നു അവിടേക്ക് എത്തിയത്. അവരുടെ വീടിനു നേരെ പാഞ്ഞെത്തിയ മലവെള്ളം വീടിന് തൊട്ടുമുകളിൽവെച്ച് രണ്ടായി പിരിഞ്ഞ് വീടിനെ ഒഴിവാക്കി രണ്ടു ഭാഗത്തേക്കു പതിച്ചു.

രക്ഷാമാർഗം തുറന്ന പാറ: പ്രളയജലത്തിൽ ഒഴുകിയെത്തി ചെളിയിൽ ഉറച്ച പാറ.

കനത്ത ഒഴുക്കിനെ തടഞ്ഞുനിർത്തിയത് ഒഴുകിയെത്തിയ വലിയ പാറയായിരുന്നു. അത് വീട്ടിലേക്ക് പതിച്ചിരുന്നെങ്കിൽ ഒന്നും അവശേഷിക്കുമായിരുന്നില്ല. ആ കൂറ്റൻ പാറ ദൈവം പിടിച്ചുനിർത്തിയതുപോലെ വീടിന് കുറച്ചുമുകളിൽ തങ്ങിനിന്ന് വെള്ളത്തെയും പാറക്കല്ലുകളെയും ഇരുഭാഗത്തേക്കും തിരിച്ചുവിട്ടു. തുടർന്ന്, പാറയുടെ മുകളിലൂടെ വെള്ളവും ചെളിയും വീടിനകത്തും മുറ്റത്തും നിറഞ്ഞു. വീടിന് കേടുപാടുകൾ സംഭവിച്ചെങ്കിലും ആർക്കും അപകടമൊന്നും സംഭവിച്ചില്ല. രക്ഷാമാർഗങ്ങൾ എല്ലാം അടഞ്ഞതായി അവർ തിരിച്ചറിഞ്ഞു. ഒരിടത്തേക്കും പോകാൻ കഴിയില്ല. എല്ലാവരും വീടിന് പുറത്തിറങ്ങി മഴനനഞ്ഞ് ജപമാല ചൊല്ലാൻ തുടങ്ങി.

അൽപ്പം കഴിഞ്ഞപ്പോൾ സാബു ഒരു വിധത്തിൽ വീടിനുള്ളിൽ കയറി മൊബൈൽ ഫോണെടുത്തു. ഇടവക വികാരി ഫാ. തോമസ് മണവത്തിനെയും സുഹൃത്തുക്കളെയും വിളിച്ചു. മിനിറ്റുകൾക്കുള്ളിൽ വികാരിയച്ചന്റെ നേതൃത്വത്തിൽ വലിയൊരു സംഘം രക്ഷാപ്രവർത്തകർ അവിടെയെത്തി. ചളി നിറഞ്ഞുനിന്ന അവിടേക്ക് ആർക്കും ഇറങ്ങാനോ കയറാനോ കഴിഞ്ഞില്ല. വടംകെട്ടിയും വന്നവർ കൈകോർത്തുപിടിച്ചുനിന്നുമാണ് ഓരോരുത്തരെയുമായി അവിടെനിന്ന് രക്ഷിച്ചത്.

പ്രത്യാശയുടെ നാമ്പുകൾ

മഴമാറിയശേഷം തിരിച്ചെത്തിയപ്പോഴാണ് ദൈവിക സംരക്ഷണത്തിന്റെ ആഴം കൂടുതൽ വ്യക്തമായതെന്ന് സാബു പറയുന്നു. ചെറിയ പ്രൊ ക്ലെയിനർ ഉപയോഗിച്ച് ഒരു ദിവസം മുഴുവൻ പണിയെടുത്താണ് മുറ്റത്തെ ചളി മാറ്റിയത്. റോഡിലെയും വീടിനോടു ചേർന്നുള്ള വഴിയും നന്നാക്കാൻ പ്രൊ ക്ലെയിനർകൊണ്ട് രണ്ടു ദിവസം ജോലി ചെയ്യേണ്ടിവന്നു. കൂടാതെ ആദ്യ ദിവസം 70 പേർ സഹായിക്കാനെത്തിയിരുന്നു. രണ്ടാമത്തെ ദിവസം ഏതാണ്ട് 300 പേരും. അത്രയും ശക്തമായി മണ്ണു വെള്ളവും ഒഴുകിയെത്തിയിട്ടും വെള്ളത്തിൽ ഒലിച്ചുവന്ന പാറ അതിനെ തടഞ്ഞുനിർത്തിയത് ദൈവത്തിന്റെ വലിയ ഇടപെടലാണെന്നതിൽ ആ കുടുംബത്തിനും പ്രദേശവാസികൾക്കും സംശയമില്ല.

മലവെള്ളപ്പാച്ചിലിൽനിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട താന്നിയിൽ മാത്യുവും കുടുംബവും പുരയിടത്തിൽ.

ഒന്നരയേക്കർ കൃഷിസ്ഥലം മുഴുവൻ ഒലിച്ചുപോയെങ്കിലും സാബുവിനും കുടുംബത്തിനും ദൈവത്തോട് പരിഭവമില്ല. ഇത്രയും വലിയ അപകടത്തിൽനിന്ന് രക്ഷിച്ച ദൈവത്തിന് ഇനിയും തങ്ങൾക്ക് ആവശ്യമായതെല്ലാം പ്രദാനം ചെയ്യാൻ കഴിയുമെന്ന് അവർക്കുറപ്പുണ്ട്. പിതാവ് മാത്യു 70 വർഷംമുമ്പ് പാലായിൽനിന്ന് കുടിയേറിയതാണ്. ഏഴംഗങ്ങളുള്ള കുടുംബം ക~ിനാധ്വാനത്തിലും പ്രാർത്ഥനയിലും ഒന്നുപോലെ ദൈവത്തോട് ചേർന്നു നിൽക്കുകയായിരുന്നു.

സാബുവിന് ആകെ ഉണ്ടായിരുന്ന ഒന്നര ഏക്കർ സ്ഥലം കൃഷിയോഗ്യമല്ലാത്ത വിധത്തിൽ പൂർണമായിനശിച്ചു. ‘എങ്കിലും നിരാശയില്ല. ദൈവം അറിയാതെ ഒന്നും സംഭവിക്കില്ലെന്ന് ഞങ്ങൾക്കുറപ്പുണ്ട്. കുടിയേറ്റാരംഭകാലത്തെ കഷ്ടതയും ദാരിദ്ര്യവും പ്രതികൂലാവസ്ഥയും പ്രകൃതിദുരന്തങ്ങളുമെല്ലാം അതിജീവിക്കാൻ ശക്തി പകർന്ന പ്രാർത്ഥനതന്നെയാണ് ഞങ്ങളുടെ മൂലധനം,’ സാബു പറയുന്നു.

സാബു ഭാര്യയ്ക്കും മക്കൾക്കുമൊപ്പം.

കൃഷി നഷ്ടപ്പെട്ടതോടെ വരുമാന മാർഗങ്ങൾ അടഞ്ഞു. രണ്ടു മാസത്തേക്ക് അവിടുനിന്നുമാറി താമസിച്ചെങ്കിലും സാബുവും കുടുംബവും ഇപ്പോൾ പഴയ വീട്ടിൽത്തന്നെയാണ് താമസിക്കുന്നത്. പുതിയ വീടിന്റെ നിർമാണം ആരംഭിച്ചു. കൈയിൽ പണം ഉണ്ടായിട്ടല്ലെന്നു സാബു പറയുന്നു. ദൈവം എല്ലാം ഒരുക്കുമെന്ന വിശ്വാസമാണ് ഈ കുടുംബത്തെ മുമ്പോട്ടു നയിക്കുന്നത്. ഒഴുകിവന്ന വലിയ മലവെള്ളപാച്ചിലിനെ കൂറ്റൻ പാറകൊണ്ട് തടഞ്ഞുനിർത്താൻ സാധിക്കുന്ന ദൈവത്തിന് തങ്ങളെ അനുഗ്രഹിക്കാൻ കഴിയുമെന്ന് ഇവർക്കുറപ്പുണ്ട്.

Leave a Comment

Your email address will not be published. Required fields are marked with *

Similar Posts

Latest Posts

Don’t want to skip an update or a post?