Follow Us On

27

January

2021

Wednesday

മിസ്റ്റിക്കായി മാറിയ യാചകബാലന്‍

മിസ്റ്റിക്കായി മാറിയ യാചകബാലന്‍

തെരുവിലെ അനാഥബാല്യങ്ങള്‍ തെരുവിലൊടുങ്ങുകയാണ് പതിവ്. ഈ തെമ്മാടിക്കൂട്ടങ്ങള്‍ ആരെയും വകവെക്കാറില്ല. എന്നാല്‍ ദൈവത്തിന്റെ വഴികള്‍ എത്ര വിചിത്രം. നമ്മുടെ ഈ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന ഫിലിപ്പീനോയിലെ യാചകബാലനായിരുന്ന ഡാര്‍വിന്‍ റാമോസിന്റെ ജീവിതം ദൈവത്തിന്റെ അനന്ത കാരുണ്യത്തിന്റെ കഥയാണ്. യാചകബാലനായിരുന്നുവെങ്കിലും ദൈവത്തിന്റെ പക്കലേക്ക് തിരികെവിളിക്കുമ്പോള്‍ അവനൊരു മിസ്റ്റിക്കായിരുന്നുവെന്നറിയുമ്പോഴാണ് ദൈവകൃപയുടെ ആഴം നാം മനസിലാക്കുക.
ഫിലിപ്പീന്‍സിലെ മാനിലയിലെ പസെയ് സിറ്റിയിലെ ചേരിയിലായിരുന്നു അവന്റെ ജനനം. 1994 ഡിസംബര്‍ 17-ന് പിറന്നുവീണ അവനെ മാതാപിതാക്കള്‍ ഡാര്‍വിന്‍ റാമോസ് എന്ന് വിളിച്ചു. ദരിദ്രമായ കുടുംബമായിരന്നു അവന്റേത്. അമ്മ അലക്കുകാരി. പിതാവാകട്ടെ തികഞ്ഞ മദ്യപാനിയും നിരുത്തരവാദിത്വത്തിന്റെ ഹെഡ് ഓഫീസുമായിരുന്നു. റാമോസിന് ഒരു സഹോദരി ഉണ്ടായിരുന്നു. അവരെ സ്‌കൂളില്‍ അയക്കുന്നതിനോട് മദ്യപാനിയായ പിതാവിന് തെല്ലും താല്പര്യമുണ്ടായിരുന്നില്ല. അദ്ദേഹം അവരെ ചേരിയിലെ തെരുവില്‍ ആക്രിസാധനങ്ങള്‍ വില്‍ക്കുവാനേല്പിച്ചു. അഞ്ച് വയസായപ്പോഴേക്കും മകന് നന്നായി നടക്കുവാന്‍ കഴിയില്ലെന്നും അവന് മുടന്തുണ്ടെന്നും അമ്മയ്ക്ക് മനസിലായി.
ഓരോ വയസുകൂടുമ്പോഴും അവന്റെ കാലിന്റെ ശേഷിക്കുറവ് വര്‍ധിച്ച് വന്നു. തനിയെ എണീറ്റുനില്‍ക്കാന്‍ വയ്യാത്ത അവസ്ഥയിലേക്ക് ഏഴു വയസായപ്പോഴേക്കും അവന്‍ വഴുതിവീണു. ഏതായാലും മദ്യപാനിയായ പിതാവിന് അവന്റെ രോഗം നല്ലൊരു വരുമാനമാര്‍ഗമായി. അദ്ദേഹം ആ കുഞ്ഞിനെ എന്നും അടുത്തുളള റെയില്‍വേ സ്റ്റേഷനില്‍ കൊണ്ടുപോയി ഇരുത്തും, ഭിക്ഷയാചിക്കാന്‍. അറിയാവുന്നവരെല്ലാം അവന് നാണയത്തുട്ടുകള്‍ എറിഞ്ഞിട്ടുകൊടുക്കും.
ഓരോ ദിവസവും വീട്ടിലെ ചെലവിനുളളതും പിതാവിന് മദ്യപിക്കാനുമുള്ളതുമായ പണം ഇങ്ങനെ കിട്ടിക്കൊണ്ടിരുന്നു. പിതാവ് പണം അടിച്ചുമാറ്റിയിരുന്നുവെങ്കിലും അമ്മയ്ക്കും സഹോദരിക്കും ഭക്ഷണത്തിനുള്ള വക കണ്ടെത്തുവാന്‍ കഴിഞ്ഞിരുന്നതിനാല്‍ ഡാര്‍വിന്‍ സന്തുഷ്ടനായിരുന്നു.
2006 വരെ അവന്റെ ജീവിതം ഭിക്ഷക്കാരനായ ബാലന്റേതായിരുന്നു. കാലുകള്‍ക്ക് ബലമില്ലാതിരുന്നതിനാല്‍ ഈ ബാലന്‍ കൈകള്‍ നിലത്തുകുത്തിയാണ് സഞ്ചരിച്ചിരുന്നത്.
ഒരു ദിവസം തെരുവിലെ കുട്ടികളെ പഠിപ്പിക്കുവാനായി അതുവഴി വന്ന ഒരു സംഘം നല്ല മനുഷ്യരാണ് അവനെ കണ്ടെത്തുന്നത്. അവര്‍ തെരുവുകളിലെ അനാഥകുഞ്ഞുങ്ങളെയും വികലാംഗരെയും സഹായിക്കുക എന്നലക്ഷ്യത്തോടെയാണ് വന്നത്.
തുടര്‍ന്ന് അവര്‍ ആഴ്ചയില്‍ രണ്ടും മൂന്നും പ്രാവശ്യം അവനെ സന്ദര്‍ശിച്ചുകൊണ്ടിരുന്നു. അവസാനം അവന്‍ അവരോടൊപ്പം വികലാംഗരായ കുട്ടികള്‍ക്കുള്ള ഔര്‍ ലേഡി ഓഫ് ഗ്വാഡലുപെ ഭവനിലേക്ക് പോകാമെന്ന് സമ്മതിച്ചു. അത് അവന്റെ ജീവിതത്തെ മാറ്റിമറിക്കുകയായിരുന്നു.
അവിടെ വച്ചാണ് അവന്‍ ആദ്യമായി ക്രിസ്തുവിനെക്കുറിച്ച് കേള്‍ക്കുന്നത്. പാപികള്‍ക്കുവേണ്ടി ബലിയായ ക്രിസ്തുവിനെ അവന് ഇഷ്ടമായി. 2006 ഡിസംബര്‍ 23-ന് അവന്‍ മാമ്മോദീസ സ്വീകരിച്ചു. ഒരു വര്‍ഷത്തിനുശേഷം ആദ്യകുര്‍ബാനയും സ്ഥൈര്യലേപനവും സ്വീകരിച്ചു. അവിടെവച്ച് അവന് വേണ്ട ചികിത്സകളെല്ലാം ലഭിച്ചെങ്കിലും അവന്റെ സ്ഥിതിയില്‍ മാറ്റമൊന്നുമുണ്ടായില്ല.
എങ്കിലും റെയില്‍വേ സ്റ്റേഷനിലെ ചെളിക്കുണ്ടില്‍നിന്നും തന്നെ സംരക്ഷിക്കുന്ന കരങ്ങളിലെത്തിച്ചേര്‍ന്നതില്‍ അവന്‍ ഹൃദയംകൊണ്ട് സന്തോഷിച്ചു. അവിടെവച്ച് ഈശോയുമായി അവന്‍ ഏറെ സ്‌നേഹത്തിലായി. വിശ്വാസം അവനെ അനുദിനം കൂടുതല്‍ ബലപ്പെടുത്തിക്കൊണ്ടിരുന്നു.
അവന്റെ ആത്മാവ് പുഷ്ടിപ്പെട്ടുകൊണ്ടിരുന്നെങ്കിലും ശരീരം കൂടുതല്‍ ദുര്‍ബലമായിക്കൊണ്ടിരുന്നു. അതിനേക്കാള്‍ അതിശയം രക്ഷകനും കര്‍ത്താവുമായ ഈശോയുമായുള്ള അവന്റെ ബന്ധം കൂടുതല്‍ കൂടുതല്‍ ദൃഡമായിക്കൊണ്ടിരുന്നുവെന്നതാണ്. എല്ലാ സഹനവും അവന്‍ ദൈവത്തിന് കാഴ്ചവച്ചു. അതിനെ അവന്‍ ഈശോയ്ക്കുള്ള തന്റെ മിഷന്‍ എന്നാണ് വിളിച്ചിരുന്നതുപോലും.
അവന്‍ ഒരിക്കല്‍പ്പോലും തന്റെ രോഗത്തെക്കുറിച്ച് ആരോടും ആവലാതി പറഞ്ഞില്ല. രോഗികള്‍ അവന്റെ സാമീപ്യത്തിലെത്തുമ്പോള്‍ത്തന്നെ സന്തുഷ്ടരായി മടങ്ങി.
അവനെക്കുറിച്ച് അറിഞ്ഞവരെല്ലാം അവനെ അധികമായി സ്‌നേഹിച്ചുതുടങ്ങി. ഏത്ര വേദനയാണെങ്കിലും അവന്‍ ചുണ്ടില്‍ ഒരു പുഞ്ചിരി എപ്പോഴും കാത്തുവച്ചിരുന്നു. അവന്റെ പുഞ്ചിരി ആ മുറിയില്‍ മാത്രമല്ല അവനെ കാണാനെത്തിയവര്‍ക്കുപോലും സന്തോഷകരമായ അനുഭവമായി. എന്നാല്‍ അവന് ശ്വാസസംബന്ധമായ രോഗം കൂടിവന്നു, പലപ്പോഴും ഹോസ്പിറ്റലിലായി താമസം. അവിടെവച്ചും അവന്‍ ഒരു വൈദികനോട് പറഞ്ഞത് ഫാദറിനറിയാമോ, ഈശോ എന്നെ അവസാനം വരെ ചേര്‍ത്തുപിടിക്കുകയാണെന്ന് എന്നായിരുന്നു.
2012 സെപ്റ്റംബര്‍ ആറിന് ശ്വാസം കിട്ടാതെയായി. അതോടെ അവനെ കൃത്രിമശ്വാസം നല്‍കിത്തുടങ്ങി. അതിനുശേഷം അവന്‍ പേപ്പറിലെഴുതിയാണ് കാര്യങ്ങള്‍ അറിയിച്ചത്. സെപ്റ്റംബര്‍ 20-ന് താന്‍ പിശാചുമായി ആത്മീയ യുദ്ധത്തിലാണെന്ന് എഴുതിക്കാണിച്ചു.
പിറ്റേന്ന് വെള്ളിയാഴ്ചയായിരുന്നു. അന്ന് അവന്‍ നോട്ട്ബുക്കില്‍ രണ്ട് വാക്കുകളാണ് എഴുതിയത്. വലിയ നന്ദി. ഞാന്‍ വളരെ സന്തോഷവാനാണ്. അവന് അന്ത്യകൂദാശകള്‍ നല്‍കി. ശനിയാഴ്ച നിശബ്ദനായി ഉറങ്ങി. സെപ്റ്റംബര്‍ 23-ന് ഞായറാഴ്ച നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു.
അത് വിശുദ്ധവാരത്തിലെ വിശുദ്ധ ഞായര്‍ ആയിരുന്നു. നിത്യസമ്മാനത്തിനായി കൈ നീട്ടുമ്പോള്‍ അവന് 17 വയസായിരുന്നു. 2018 സെപ്റ്റംബര്‍ ഏഴിന് അവനെ ദൈവദാസന്‍ എന്ന് വിളിച്ചു. വിശുദ്ധപദവിയിലേക്ക് ഉയര്‍ത്തുപ്പെടുവാനായി ലോകം അവനായി പ്രാര്‍ത്ഥിക്കുകയാണ്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?