Follow Us On

29

March

2024

Friday

സ്വര്‍ഗത്തിലേക്കുള്ള മാര്‍ഗം

സ്വര്‍ഗത്തിലേക്കുള്ള മാര്‍ഗം

”ലോകത്തെയോ ലോകത്തിലുള്ള വസ്തുക്കളെയോ നിങ്ങള്‍ സ്‌നേഹിക്കരുത്. ആരെങ്കിലും ലോകത്തെ സ്‌നേഹിച്ചാല്‍ പിതാവിന്റെ സ്‌നേഹം അവനില്‍ ഉണ്ടായിരിക്കുകയില്ല” (1 യോഹ. 2:15). ലോകത്തെ ഉപേക്ഷിച്ച് ദൈവത്തോട് ചേര്‍ന്നുപോകുമ്പോഴാണ് ദൈവഹിതം നിറവേറ്റി മുന്നേറാന്‍ നമുക്ക് സാധിക്കുന്നത്. തിരുവചനത്തില്‍ ഇപ്രകാരം പറയുന്നു: ”നിങ്ങള്‍ ഈ ലോകത്തിന് അനുരൂപരാകരുത്. പ്രത്യുത നിങ്ങളുടെ മനസിന്റെ നവീകരണംവഴി രൂപാന്തരപ്പെടുവിന്‍. ദൈവഹിതം എന്തെന്നും നല്ലതും പ്രീതിജനകവും പരിപൂര്‍ണവുമായത് എന്തെന്നും വിവേചിച്ചറിയാന്‍ അപ്പോള്‍ നിങ്ങള്‍ക്ക് സാധിക്കും” (റോമ. 12:2). നാം ലോകത്തിലാണ് ജീവിക്കുന്നതെന്നത് വാസ്തവമാണ്. ലോകത്തില്‍ ജീവിക്കുമ്പോഴും നമുക്ക് ലോകത്തിന്റേതല്ലാതെ ജീവിക്കാന്‍ സാധിക്കും. വിശുദ്ധരുടെ ജീവിതം നമ്മെ പഠിപ്പിക്കുന്ന സത്യമാണത്. വിശുദ്ധ ഡോണ്‍ ബോസ്‌കോയുടെ വാക്കുകളില്‍ പറഞ്ഞാല്‍ ”കാലുകൊണ്ട് ഭൂമിയില്‍ നടക്കുക. മനസുകൊണ്ട് സ്വര്‍ഗത്തില്‍ ആയിരിക്കുക.” ഈ വരികള്‍ കുറിക്കുമ്പോള്‍ ഒരു കാലുകൊണ്ട് ഭൂഗോളത്തില്‍ ചവുട്ടിക്കൊണ്ട് യേശുവിനെ കെട്ടിപ്പിടിക്കുന്ന രണ്ടാം ക്രിസ്തുവെന്ന് വിളിക്കപ്പെടുന്ന ഫ്രാന്‍സിസ് അസീസിയുടെ ചിത്രം ഓര്‍ക്കുന്നു. ലോകത്തില്‍ ആയിരുന്നുകൊണ്ടുതന്നെ ലോകത്തിന്റേതല്ലാത്തതുപോലെ നമുക്കും ജീവിക്കാമെന്ന് ഈശോയുടെ പിതാവിനോടുള്ള ഈ പ്രാര്‍ത്ഥന നമ്മെ പഠിപ്പിക്കുന്നു: ”ഞാന്‍ ലോകത്തിന്റേതല്ലാത്തതുപോലെ അവരും ലോകത്തിന്റേതല്ല. ലോകത്തില്‍നിന്ന് അവരെ എടുക്കണമെന്നല്ല ദുഷ്ടനില്‍നിന്ന് അവരെ കാത്തുകൊള്ളണം എന്നാണ് ഞാന്‍ പ്രാര്‍ത്ഥിക്കുന്നത്” (യോഹ. 17:14-15). ലോകത്തിന്റെതല്ലാതെ ജീവിക്കുവാന്‍ ഈശോയിലൂടെ നമുക്ക് സാധിക്കും (ഫിലി. 4:13). വിശുദ്ധരെക്കുറിച്ച് നാം ഇപ്രകാരം പാടി പ്രാര്‍ത്ഥിക്കാറില്ലേ- ലോകവുമതിനുടെയാശകളും ധീരതയാര്‍ന്ന് വെടിഞ്ഞവനേ- ഈ ധീരതയാണ് ലോകത്തിലായിരിക്കുമ്പോഴും നമുക്ക് വേണ്ടത്.
‘പിശാചിനെയും അവന്റെ ആഡംബരങ്ങളെയും ഞാന്‍ ഉപേക്ഷിക്കുന്നു. യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിക്കുന്നു’ എന്നു പറഞ്ഞുകൊണ്ടാണല്ലോ നമ്മള്‍ മാമോദീസയില്‍ പ്രതിജ്ഞ ചെയ്യുന്നത്. അങ്ങനെയെങ്കില്‍ യേശുവിനോട് ചേര്‍ന്ന് നമുക്ക് ലോകത്തെ ഉപേക്ഷിക്കാനാവും. ലോകം നമുക്ക് പരിമിതമായ കാലത്തേക്ക് മാത്രമുള്ളതാണെന്നും എന്നാല്‍ യേശുവിനോട് ചേര്‍ന്നുള്ള ജീവിതം നിത്യമാണെന്നുമുള്ള സത്യം നാം തിരിച്ചറിയണം. ”ഒരു സമരക്കളം, ചുരുങ്ങിയ സമയത്തേക്കുള്ള ഒരു സമരക്കളം മാത്രമാണീ ലോകമെന്ന” വിശുദ്ധ ജോണ്‍ മരിയാ വിയാനിയുടെ വാക്കുകള്‍ എത്ര വാസ്തവമാണ്. ”ഭൂമിയില്‍നിന്ന് സ്വര്‍ഗത്തിലേക്ക് നോക്കുമ്പോള്‍ ഭൂമി എനിക്ക് വിരസമായി തോന്നുന്നുവെന്ന” വിശുദ്ധ ഇഗ്നേഷ്യസ് ലെയോളയുടെ വാക്കുകളും ഇതിനോട് ചേര്‍ന്ന് ധ്യാനിക്കേണ്ടിയിരിക്കുന്നു.
”ലോകത്തെ നിങ്ങള്‍ കീഴടക്കുക അല്ലെങ്കില്‍ ലോകം നിങ്ങളെ കീഴടക്കുമെന്ന” കാര്‍ഡിനല്‍ ന്യൂമാന്റെ വാക്യം ഓര്‍ക്കുക. ഇവിടെ വിശുദ്ധ കൊച്ചുത്രേസ്യയുടെ അര്‍ത്ഥവത്തായ ഒരു വാക്യം കുറിക്കട്ടെ: ”ലോകമെന്നാല്‍ നീ യാത്ര ചെയ്യുന്ന കപ്പലാണ്. നിന്റെ വീടല്ല.” നമ്മുടെ യഥാര്‍ത്ഥ ഭവനം സ്വര്‍ഗമാണെന്ന് ഈശോ പറയുന്നുണ്ടല്ലോ. ”എന്റെ പിതാവിന്റെ ഭവനത്തില്‍ അനേകം വാസസ്ഥലങ്ങളുണ്ട്. ഇല്ലായിരുന്നെങ്കില്‍ നിങ്ങള്‍ക്ക് സ്ഥലമൊരുക്കുവാന്‍ പോകുന്നുവെന്ന് ഞാന്‍ നിങ്ങളോട് പറയുമായിരുന്നോ?” (യോഹ. 14:2). നമ്മുടെ പൗരത്വം സ്വര്‍ഗത്തിലാണെന്നും ഇവിടെ നമുക്ക് നിലനില്‍ക്കുന്ന പട്ടണമില്ലെന്നും പൗലോസ് ശ്ലീഹായും (ഫിലി. 3:20) ഓര്‍മപ്പെടുത്തുന്നുണ്ടല്ലോ.
”ദൈവത്തോടൊപ്പമായിരിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തി തീര്‍ച്ചയായും ഈ ലോകത്തോട് വിട പറഞ്ഞിരിക്കണം” (വിശുദ്ധ റീത്ത). ഈ ലോകത്തിലായിരിക്കുമ്പോള്‍ ഈ ലോകത്തിലെ വശീകരണം നമ്മിലുണ്ടാകും. നാം അവയെ തരണം ചെയ്യണം. എല്ലാത്തരത്തിലുമുള്ള പാപങ്ങള്‍, പാപത്തിലേക്കുള്ള പിശാചിന്റെ പ്രേരണകള്‍, തെറ്റിലേക്കും അന്ധതയിലേക്കും നയിക്കുന്ന ചിന്തകള്‍ ഇവയൊക്കെയാണ് ലോകത്തിന്റെ പ്രവൃത്തികള്‍. ചില വ്യക്തികള്‍, സ്ഥലങ്ങള്‍, വസ്തുക്കള്‍ മുതലായവവഴി പാപത്തിലേക്ക് നയിക്കത്തക്കവിധം പുറമോടികളും വശീകരണങ്ങളും കടന്നുവരാം. വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ ആദ്യശിഷ്യന്‍ വിശുദ്ധ ബര്‍ണാര്‍ദ് ക്വിന്‍ മരണത്തിന് തൊട്ടുമുമ്പ് ചുറ്റിലും നിന്നവരോട് പറഞ്ഞ വാക്കുകള്‍ ഇപ്രകാരമായിരുന്നു: ”എന്റെ സഹോദരരേ, എനിക്ക് അധികമൊന്നും പറയാന്‍ വയ്യ. നിങ്ങളെപ്പോലെ ഒരു കാലത്ത് ഞാനും ചെറുപ്പക്കാരനായിരുന്നു. എന്റെ മനഃസാക്ഷിയില്‍ കാണുന്ന കാര്യം ഇതാണ്. ഈ ലോകത്തെപ്പോലെ പതിനായിരം ലോകങ്ങള്‍ എനിക്ക് സമ്മാനമായി ലഭിച്ചിരുന്നെങ്കില്‍ തന്നെയും സ്വയം ശൂന്യവല്‍ക്കരിക്കപ്പെട്ട ഈശോയെ അല്ലാതെ മറ്റാരെയും ഞാന്‍ സേവിക്കുകയില്ലായിരുന്നു.” ചിലര്‍ക്ക് അധികാരങ്ങള്‍, സ്ഥാനമാനങ്ങള്‍ ഇവയായിരിക്കും ലോകത്തിലേക്കുള്ള ആകര്‍ഷണത്തിന് കാരണം. സ്ഥാനമാനങ്ങള്‍ ദൈവത്തെക്കാളുപരിയല്ലായെന്ന് മനസിലാക്കി ധീരതയോടെ രക്തസാക്ഷിത്വം വരിച്ച വിശുദ്ധ തോമസ് മൂര്‍ നമുക്ക് തരുന്ന സന്ദേശം നാം ധ്യാനിക്കണം. ”ഇംഗ്ലണ്ടിലെ രാജകിരീടത്തിനുവേണ്ടി ലഭിക്കാനിരിക്കുന്ന സ്വര്‍ഗകിരീടം ഞാന്‍ എന്നന്നേക്കുമായി നഷ്ടപ്പെടുത്തുകയില്ല.”
പലപ്പോഴും പണം പലര്‍ക്കും ദൈവമായി മാറുന്നു. സൗഭാഗ്യമൊഴിച്ച് മറ്റെല്ലാം വാങ്ങാനും സ്വര്‍ഗമൊഴിച്ച് മറ്റെല്ലാ സ്ഥലത്തേക്കുമുള്ള ടിക്കറ്റുകള്‍ വാങ്ങാനുമുള്ള ഉപാധിയാണ് പണമെന്ന് മഹദ്‌വാക്യം. വിശുദ്ധ മദര്‍ തെരേസ ഇതേക്കുറിച്ച് പറയുന്നതിപ്രകാരമാണ്: ”സമ്പത്ത് ദൈവമഹത്വത്തിന് ഉപയോഗിക്കാനുള്ളതാണ്. പക്ഷേ പണം പലര്‍ക്കും ദൈവത്തെപ്പോലെ ആയിപ്പോയി എന്നതാണ് വേദനാകരം. അമിതമായ സമ്പത്ത് ഭാരമാണ്.” ഒരു മലയാളം പാട്ടിന്റെ വരികള്‍ കുറിക്കട്ടെ, സ്വര്‍ഗത്തെക്കാള്‍ സുന്ദരമാണീ സ്വപ്‌നം വിരിയും ലോകം… എത്ര കാലത്തേക്കാണോ? പലര്‍ക്കും ഈ ലോകം സ്വര്‍ഗമാണ്. എന്നാല്‍ 1646 ഒക്‌ടോബര്‍ 18-ന് രക്തസാക്ഷിയായ വിശുദ്ധ ഐസക്ക് ജോഗ്‌സിന്റെ വാക്കുകള്‍ കുറിക്കട്ടെ: ”സ്വര്‍ഗത്തില്‍ പ്രവേശിക്കുമ്പോള്‍ എത്രമാത്രം സന്തോഷം അനുഭവിക്കാനാവുമെന്ന് എനിക്കറിയില്ല. പക്ഷേ ഈ ഭൂമിയില്‍ ഇതിനെക്കാള്‍ വലിയ സന്തോഷം അനുഭവിക്കാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല.” നമുക്കും സ്വര്‍ഗീയ സന്തോഷമാണ് അനുഭവിക്കേണ്ടത്. വിശുദ്ധരുടെ മനോഭാവം നമ്മിലും വളരട്ടെ. വിശുദ്ധ ജോണ്‍ മരിയ വിയാനിയുടെ വാക്കുകള്‍ നമുക്ക് പ്രചോദനമേകണം. ”ദൈവമൊഴികെ മറ്റൊന്നും കാണാതിരിക്കാനും അവിടുത്തേക്കുവേണ്ടി അധ്വാനിക്കാനുമായി വിശുദ്ധര്‍ തങ്ങളെത്തന്നെ പരിത്യജിച്ചു. അവിടുത്തെ കണ്ടെത്തുന്നതിനുവേണ്ടി അവര്‍ സൃഷ്ടവസ്തുക്കളെ വിസ്മരിച്ചു. ഇതാണ് സ്വര്‍ഗത്തിലേക്കുള്ള മാര്‍ഗം.”

തങ്കച്ചന്‍ തുണ്ടിയില്‍

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?