Follow Us On

15

July

2020

Wednesday

വിമാനത്തില്‍വച്ച് ഉറപ്പിച്ച ദൈവവിളി

വിമാനത്തില്‍വച്ച്  ഉറപ്പിച്ച ദൈവവിളി

ഭൂട്ടാനിലെ ഏക തദ്ദേശീയ കത്തോലിക്ക പുരോഹിതനാണ് ഫാ. ജോസഫ് കിന്‍ലി ടിഷറിങ്. മകന്‍ ബുദ്ധ സന്യാസിആകണമെന്ന് ആഗ്രഹിച്ച മാതാപിതാക്കള്‍ അവനെ ബാല്യത്തില്‍ ബുദ്ധ ആശ്രമത്തില്‍  സമര്‍പ്പണം ചെയ്തിരുന്നു. വിമാനയാത്രക്കിടയിലാണ് അദ്ദേഹം തന്റെ ദൈവവിളി ഉറപ്പിച്ചത്. അതിന് നിമിത്തമായത് വിശുദ്ധ മദര്‍ തെരേസയും.

ഹൈദരാബാദ് എയര്‍പോര്‍ട്ടില്‍ കാത്തിരിക്കുമ്പോള്‍ കിന്‍ലി ടിഷറിങിന്റെ മനസ് അസ്വസ്ഥമായിരുന്നു. തീരുമാനം എടുക്കാന്‍ കഴിയാത്ത അവസ്ഥ. ബിസിനസ് ആവശ്യത്തിനുവേണ്ടി ഹൈദരാബാദില്‍ എത്തിയ ആ ചെറുപ്പക്കാരന് കൊല്‍ക്കത്തയിലേക്കായിരുന്നു പോകേണ്ടിയിരുന്നത്. അന്നു രാവിലെ ദൈവാലയത്തില്‍ ചെന്നപ്പോള്‍ ദൈവമേ എനിക്കൊരു അടയാളം തരണമേ എന്ന പ്രാര്‍ത്ഥന മനസില്‍ ഉയര്‍ന്നിരുന്നു. കുര്‍ബാന കഴിഞ്ഞിട്ടും പ്രത്യേകിച്ച് ഒന്നും സംഭവിച്ചില്ല. തന്മൂലം മനസ് കൂടുതല്‍ അസ്വസ്ഥമായി. നിര്‍ണായകമായൊരു തീരുമാനം എടുക്കുന്നതിനായിരുന്നു അടയാളം ചോദിച്ചത്. വൈദികനാകണോ എന്നതായിരുന്നു ഉന്നതവിദ്യാഭ്യാസ യോഗ്യതകളും മികച്ച ശമ്പളവും ലഭിച്ചിരുന്ന കിന്‍ലിയെ അസ്വസ്ഥപ്പെടുത്തികൊണ്ടിരുന്ന ചോദ്യം.
മനസില്‍ പതിച്ച മഞ്ഞുതുള്ളികള്‍
ഉയര്‍ന്ന പദവിയും മറ്റു സാധ്യതകളും ഉപേക്ഷിക്കുവാനുള്ള പ്രയാസമായിരുന്നില്ല കിന്‍ലി ടിഷറിങിനെ ആത്മസംഘര്‍ഷത്തിലേക്ക് തള്ളിവിട്ടത്. ഇങ്ങനെയുള്ള സാഹചര്യത്തില്‍ സമര്‍പ്പിത ജീവിതം തിരഞ്ഞെടുത്ത എല്ലാവരുംതന്നെ ഇത്തരം സന്നിഗ്ദ്ധാവസ്ഥയിലൂടെ കടന്നുപോയിട്ടുണ്ടാകാം. ഈ ചെറുപ്പക്കാരന്റെ സാഹചര്യം അതില്‍നിന്നെല്ലാം വളരെ വ്യത്യസ്തമായിരുന്നു. അവന്‍ ജനിച്ചു വളര്‍ന്ന ഭൂട്ടാനില്‍നിന്നും അതിന് മുമ്പ് ഒരു കത്തോലിക്കാ പുരോഹിതന്‍ ഉണ്ടായിട്ടില്ല. മാതാപിതാക്കളോ ബന്ധുക്കളോ ആരും ക്രൈസ്തവരല്ല. അവനെ ചെറുപ്പത്തില്‍ മാതാപിതാക്കള്‍ ബുദ്ധ ആശ്രമത്തില്‍ സമര്‍പ്പണം നടത്തിയിരുന്നു. അവരുടെ ആഗ്രഹം മകന്‍ ബുദ്ധ സന്യാസിയാകണമെന്നായിരുന്നു. മതസ്വാതന്ത്ര്യം ഇല്ലാത്ത ഭൂട്ടാനില്‍ ഏക അംഗീകൃത മതം ബുദ്ധമതമായിരുന്നു. മതംമാറ്റം അന്ന് അംഗീകരിക്കപ്പെട്ടിരുന്നില്ല.
വിമാനത്തിലിരുന്ന് അല്പം കഴിഞ്ഞാണ് അടുത്ത സീറ്റില്‍ ആളെത്തിയത്. ഒരു നിമിഷം ഹൃദയം നിശ്ചലമാകുന്നതുപോലെ ആ ചെറുപ്പക്കാരനു തോന്നി. വിശുദ്ധ മദര്‍ തെരേസ ആയിരുന്നത്. വിമാനത്തില്‍ പ്രവേശിച്ചതു മുതല്‍ മദര്‍ പ്രാര്‍ത്ഥനയിലായിരുന്നു. ആരെയും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. വിമാനം ഉയരാന്‍ തുടങ്ങിയതുപോലും മദര്‍ അറിയുന്നില്ലെന്ന് അയാള്‍ക്ക് തോന്നി. അല്പം കഴിഞ്ഞപ്പോള്‍ മദര്‍ മുഖമുയര്‍ത്തി നോക്കിക്കൊണ്ടു ചോദിച്ചു, എവിടെനിന്നാണ് വരുന്നത്? ഡാര്‍ജിലിങില്‍നിന്നാണ് എന്നറിഞ്ഞപ്പോള്‍ അവിടെ പ്രവര്‍ത്തിച്ച കാലത്തെ തന്റെ അനുഭവങ്ങള്‍ മദര്‍ പറയാന്‍ തുടങ്ങി. ചെറുപ്പക്കാരന്‍ സാവധാനം പറഞ്ഞു: ”മദര്‍, യഥാര്‍ത്ഥത്തില്‍ ഞാന്‍ ഭൂട്ടാന്‍ സ്വദേശിയാണ്. ഞാനൊരു കത്തോലിക്ക വിശ്വാസിയുമാണ്.” അതുകേട്ടപ്പോള്‍ മദര്‍ അത്ഭുതത്തോടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.
തന്റെ മനസിനെ അലട്ടിക്കൊണ്ടിരുന്ന പ്രശ്‌നം കിന്‍ലി ടിഷറിങ് മദറിനോട് പങ്കുവച്ചു. ആ ചെറുപ്പക്കാരന്റെ കൈകളില്‍ മുറുകെ പിടിച്ചുകൊണ്ടു മദര്‍ പറഞ്ഞു, ”ഇതുപോലുള്ള ചോദ്യം അനേകര്‍ എന്നോട് ചോദിച്ചിട്ടുണ്ട്. എന്നാല്‍, ആര്‍ക്കും ഞാന്‍ ഇങ്ങനെയൊരു ഉത്തരം നല്‍കിയിട്ടില്ല. തീര്‍ച്ചയായും ദൈവം നിന്നെ വിളിക്കുന്നുണ്ട്.” മറുപടി കേട്ടപ്പോള്‍ കണ്ണുകള്‍ നിറഞ്ഞു. മനസില്‍ മഞ്ഞുവീഴുന്നതുപോലെ കുളിര്‍മ്മയുള്ള അനുഭവം. താന്‍ അടയാളം ചോദിച്ചപ്പോള്‍ ദൈവം ഒരു മാലാഖയെ അയക്കുകയായിരുന്നെന്ന് ആ നിമിഷം അവന്‍ തിരിച്ചറിഞ്ഞു. ദൈവം ചിലപ്പോള്‍ അങ്ങനെയാണ്. തന്നെ ആത്മാര്‍ത്ഥമായി തേടുന്നവര്‍ക്ക് ഉത്തരം നല്‍കുന്നത് തന്റെ പ്രിയപ്പെട്ടവരിലൂടെ ആയിരിക്കും.
ആദ്യം കണ്ട ക്രൂശിത രൂപം
ഭൂട്ടാനിലെ രാജകുടുംബവുമായി അടുത്ത ബന്ധമുള്ള കുടുംബത്തില്‍ ജനിച്ച കിന്‍ഷി ടിഷറിങ് സ്‌കൂള്‍ പഠനത്തിനാണ് ഇന്ത്യയില്‍ എത്തിയത്. ഭൂട്ടാനില്‍ നിലവാരമുള്ള സ്‌കൂളുകള്‍ കുറവായതുകൊണ്ട് ഡാര്‍ജിലിങിലെ ബോര്‍ഡിംഗ് സ്‌കൂളില്‍ ചേര്‍ക്കുകയായിരുന്നു. ക്ലൂണി സിസ്റ്റേഴ്‌സിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ബഥനി സ്‌കൂളായിരുന്നത്. അവന്‍ ക്രൂശിത രൂപം ആദ്യമായി കാണുന്നത് സ്‌കൂള്‍ ചാപ്പലില്‍ വച്ചാണ്. എന്തുകൊണ്ടായിരിക്കാം ഈ മനുഷ്യന്‍ കുരിശില്‍ തറക്കപ്പെട്ടത് എന്ന ചിന്തയായിരുന്നു അവന്റെ മനസിലേക്ക് വന്നത്. മോശമായിട്ടു പ്രവര്‍ത്തിച്ചതുകൊണ്ടായിരിക്കും എന്നതില്‍ അവന് ഒട്ടും സംശയം ഉണ്ടായില്ല. എന്നിട്ടും കുരിശില്‍ കിടക്കുന്ന മനുഷ്യനെക്കുറിച്ച് കൂടുതല്‍ അറിയാനുള്ള ആകാംക്ഷ എങ്ങനെയോ അവന്റെ ഉള്ളില്‍ രൂപപ്പെട്ടു. കിന്‍ലി ടിഷറിങിന്റെ ദൈവാന്വേഷണം അവിടെ തുടങ്ങുകയായിരുന്നു.
ആ ചിന്ത അവനെ വേദപാഠ ക്ലാസില്‍ എത്തിച്ചു. അക്രൈസ്തവരായ വിദ്യാര്‍ത്ഥികള്‍ക്ക് വേദപാഠ ക്ലാസില്‍ സംബന്ധിക്കേണ്ടിയിരുന്നില്ല. കുരിശില്‍ തറക്കപ്പെട്ട മനുഷ്യന്റെ പേര് യേശുക്രിസ്തു എന്നാണെന്ന് അവിടെവച്ചാണ് മനസിലായത്. യേശു ദൈവപുത്രനാണെന്നും മനുഷ്യന്റെ പാപങ്ങള്‍ ഏറ്റെടുക്കുന്നതിനാണ് ഭൂമിയിലേക്ക് വന്നതെന്നുമൊക്കെയുള്ള അറിവുകള്‍ അവന് പുതുമ നിറഞ്ഞതായിരുന്നു. അറിയുംതോറും കൂടുതല്‍ അറിയാനുള്ള ആകാംക്ഷ അവനറിയാതെ വളര്‍ന്നുകൊണ്ടിരുന്നു. തുടര്‍ പഠനത്തിനായി ഡാര്‍ജിലിങിലെ സെന്റ് ജോസഫ് ഹൈസ്‌കൂളിലേക്ക് മാറിയപ്പോഴും ദൈവാന്വേഷണം അവസാനിപ്പിച്ചില്ല. ഈശോ സഭാ വൈദികര്‍ നടത്തിയിരുന്ന സ്‌കൂളായിരുന്നത്. പിറ്റേ വര്‍ഷം കിന്‍ഷി അവിടുത്തെ വൈദികരോടു പറഞ്ഞു, ”എനിക്കു മാമ്മോദീസ സ്വീകരിക്കണം.”
രാജാവിനും എതിര്‍പ്പില്ല
ഒമ്പതാം ക്ലാസുകാരന്റെ ചാപല്യം എന്നതില്‍ കവിഞ്ഞ് ആരും അതിന് പ്രാധാന്യം കല്പിച്ചില്ല. ആഗ്രഹത്തിനൊപ്പം നില്ക്കാന്‍ ആരും ഉണ്ടായിരുന്നില്ല. എന്നാല്‍ അതിന്റെ പേരില്‍ ആഗ്രഹം ഉപേക്ഷിക്കുവാന്‍ അവന്‍ ഒരുക്കമായിരുന്നില്ല. കാരണം, ക്രിസ്തു ഒരു വികാരമായി അവന്റെ ഹൃദയത്തില്‍ ജ്വലിച്ചുനില്ക്കുകയായിരുന്നു. ദൈവത്തെ ആത്മാര്‍ത്ഥമായി തേടുന്നവര്‍ക്ക് അവിടുന്ന് വഴിയൊരുക്കുമെന്നതിന്റെ തെളിവായിരുന്നു പിന്നീടു നടന്ന സംഭവങ്ങള്‍. ഇന്ത്യ-ഭൂട്ടാന്‍ അതിര്‍ത്തി ഗ്രാമമായ ഖര്‍ബന്ധിയില്‍ മിഷനറി പ്രവര്‍ത്തനം നടത്തിയിരുന്ന സലേഷ്യന്‍ വൈദികന്‍ ഫാ. വില്യം മാക്കിയെ (ഭൂട്ടാനില്‍ പ്രവര്‍ത്തിക്കുവാന്‍ അനുവാദം ഉണ്ടായിരുന്ന ഏക വൈദികനായിരുന്നു) സമീപിച്ചു.
അവന്റെ കണ്ണുകളില്‍ ജ്വലിക്കുന്ന വിശ്വാസം വായിച്ചെടുക്കാന്‍ അദ്ദേഹത്തിന് ബുദ്ധിമുട്ട് ഉണ്ടായില്ല. പ്രായക്കുറവ് അയോഗ്യതയായി അദ്ദേഹത്തിന് തോന്നിയില്ല. ഫാ. മാക്കി എസ്.ഡി.ബി അവന് മാമ്മോദീസ നല്കി. അങ്ങനെ 1974-ല്‍ ആ ഒമ്പതാം ക്ലാസുകാരന്‍ കത്തോലിക്ക വിശ്വാസിയായി. മതംമാറ്റം അക്കാലത്ത് ഭൂട്ടാനില്‍ അനുവദിക്കപ്പെട്ടിരുന്നില്ല. ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഭൂട്ടാനിലെ രാജാവിന്റെ ചെവിയില്‍ വിവരമെത്തി. ദിവസങ്ങള്‍ക്കുശേഷം രാജാവ് അവനെ വിളിച്ചു. അവനെ ധൈര്യപ്പെടുത്തിയ രാജാവ് ഇനി വരുമ്പോള്‍ തന്നെ വന്നു കാണണമെന്നു പറയാനും മറന്നില്ല. പിന്നീട് രാജാവിനെ സന്ദര്‍ശിച്ചപ്പോള്‍ അതിലും അമ്പരപ്പിക്കുന്നവിധത്തിലായിരുന്നു പ്രതികരിച്ചത്. നിന്റെ തീരുമാനത്തില്‍ തെറ്റൊന്നും കാണുന്നില്ലെന്നായിരുന്നു രാജാവ് പറഞ്ഞത്.
ബംഗളൂരു സെന്റ് ജോസഫ് കോളജിലായിരുന്നു പ്രീ-ഡിഗ്രി. തുടര്‍ന്ന് മുംബൈ സെന്റ് സേവ്യേഴ്‌സ് കോളജില്‍ ഡിഗ്രിക്കു ചേര്‍ന്നു. ഡിഗ്രി കഴിഞ്ഞപ്പോള്‍ അമേരിക്കയില്‍ ഉന്നതപഠനത്തിന് അയക്കാമെന്ന് രാജാവിന്റെ വാഗ്ദാനം വന്നു. ഏതു ചെറുപ്പക്കാരനും ആഗ്രഹിക്കുന്ന ഓഫര്‍! ആ കാലങ്ങളില്‍ വിദേശത്ത് ഉന്നതപഠനം നടത്തുന്നവരെ കാത്തിരുന്നത് ആരും മോഹിച്ചുപോകുന്ന പദവികളായിരുന്നു. തന്റെ ആത്മീയതയ്ക്ക് അതു തടസമാകുമോ എന്ന സംശയം അവനുണ്ടായി. അതിനാല്‍ വാഗ്ദാനം വേണ്ടെന്നു പറയാന്‍ അവന് അല്പംപോലും മടിയുണ്ടായിരുന്നില്ല. ക്രിസ്തുവില്ലാത്ത നേട്ടങ്ങള്‍ നഷ്ടങ്ങളാണെന്ന് അവന്‍ തിരിച്ചറിഞ്ഞിരുന്നു. തന്നെ ഇന്ത്യയിലേക്ക് അയച്ചാല്‍ മതിയെന്ന് രാജാവിനെ അറിയിച്ചു. അങ്ങനെയാണ് പ്രശസ്തമായ ബംഗളൂരു ഐഐഎം-ല്‍ നിന്ന് എംബിഎ പഠനത്തിന് എത്തിയത്.
കോഴ്‌സ് പൂര്‍ത്തിയാക്കി ഉടനെതന്നെ നല്ലൊരു ജോലിയും അവനെ തേടിയെത്തി. എന്നാല്‍, ഭാവിയെക്കുറിച്ചുള്ള ചിന്തകള്‍ മനസില്‍ അസ്വസ്ഥതയായി വളരാന്‍ തുടങ്ങി. വൈദികനാകണമെന്ന ആഗ്രഹം ഉള്ളിന്റെ ഉള്ളില്‍ ആരുമറിയാതെ സൂക്ഷിച്ചിരുന്നു. ആത്മീയ ഗുരുക്കന്മാരോട് സൂചിപ്പിച്ചപ്പോള്‍ കാത്തിരിക്കാനായിരുന്നു മറുപടി. ഭൂട്ടാനിലെ സാമൂഹ്യ അവസ്ഥ അറിയാവുന്നതിനാല്‍ പിന്തിരിപ്പിച്ചവരും കുറവായിരുന്നില്ല. അങ്ങനെ മുമ്പോട്ടുപോകുമ്പോഴാണ് വിശുദ്ധ മദര്‍ തെരേസയെ കണ്ടുമുട്ടിയതും തന്റെ ആഗ്രഹം ഉറപ്പിക്കാന്‍ കഴിഞ്ഞതും.
അമ്മയോട് ദൈവം സംസാരിച്ച രാത്രി
1986 ജൂണ്‍ 21-ന് ഡാര്‍ജിലിങിലെ ഈശോ സഭയില്‍ ചേര്‍ന്നു. തന്നെ സെമിനാരിയിലാക്കിയിട്ട് അമ്മ തിരിച്ചുപോകുന്ന രംഗം ഫാ. കിന്‍ലി ടിഷറിങിന്റെ മനസില്‍നിന്നും മായാത്ത ചിത്രമാണ്. മകന്‍ ബുദ്ധ സന്യാസി ആയി കാണണമെന്ന് ആഗ്രഹിച്ച അമ്മയ്ക്ക് അവന്‍ മറ്റൊരു മതപുരോഹിതനാകാന്‍ ഒരുങ്ങുന്നത് ഒട്ടും ഉള്‍ക്കൊള്ളാന്‍ കഴിയുന്നതായിരുന്നില്ല. മകനെ സെമിനാരിയിലാക്കിയിട്ട് തിരിച്ചുപോയ അമ്മ വൈകുന്നേരമായപ്പോള്‍ വീണ്ടും സെമിനാരിയിലെത്തി.
ഇതുപേക്ഷിച്ച് തന്റെ കൂടെ വരണമെന്ന അപേക്ഷയായിരുന്നു അമ്മ മകന്റെ മുമ്പില്‍ വച്ചത്. എങ്ങനെ അമ്മയെ ആശ്വസിപ്പിക്കുമെന്നറിയാതെ അവന്‍ കുഴങ്ങി. എന്നിട്ടു പറഞ്ഞു, ”രണ്ടാഴ്ച ഇവിടെ കഴിയാന്‍ അനുവദിക്കണം. ഇഷ്ടപ്പെട്ടില്ലെങ്കില്‍ ഞാന്‍ തിരിച്ചുവരും.” അമ്മയ്ക്ക് മറുപടി സ്വീകാര്യമായിരുന്നു. രണ്ടാഴ്ച കഴിഞ്ഞ് അമ്മ വീണ്ടും സെമിനാരിയിലെത്തി. സന്തോഷവാനായ മകനെ കണ്ടപ്പോള്‍ കൂടെ ചെല്ലാന്‍ അമ്മ ആവശ്യപ്പെട്ടില്ല. തിരിച്ചു വീട്ടിലെത്തിയ അമ്മ മകന് ഒരു കത്തയച്ചു. അതില്‍ ഇങ്ങനെ എഴുതിയിരുന്നു: ”നല്ലൊരു സന്യാസിയാകുക, തീരുമാനത്തില്‍നിന്നും ഒരിക്കലും പിന്തിരിയരുത്.” ഒരുപക്ഷേ മകനെ സെമിനാരിയിലാക്കി മടങ്ങിയ ആ രാത്രിയില്‍ ദൈവം അമ്മയോട് സംസാരിച്ചിട്ടുണ്ടാകാം.
1995 ഒക്‌ടോബര്‍ 23-ന് വൈദികപട്ടം സ്വീകരിച്ചു. പൗരോഹിത്യ സ്വീകരണ ചടങ്ങില്‍ പങ്കെടുക്കുന്നതിന് അമ്മയും സഹോദരിമാരും എത്തിയിരുന്നു. തികഞ്ഞ ബുദ്ധമത വിശ്വാസിയായ പിതാവ് വന്നില്ല. എങ്കിലും മകനോട് അകല്‍ച്ചയോ വിരോധമോ അദ്ദേഹത്തിനില്ല. അമ്മ അവിടെവച്ച് മകനോട് ഒരു കാര്യം പറയാന്‍ മറന്നില്ല. പാവങ്ങളെ ഒരിക്കലും മറക്കരുതെന്നായിരുന്നു അമ്മ മകനെ ഓര്‍മിപ്പിച്ചത്.
ഏതാനും മാസങ്ങള്‍ക്കുശേഷം ഫാ. കിന്‍ഷി ടിഷറിങര്‍ വിശുദ്ധ മദര്‍ തെരേസയെ കാണുന്നതിനായി കൊല്‍ക്കത്തയില്‍ പോയിരുന്നു. കഴിഞ്ഞ 10 വര്‍ഷമായി മുടക്കമില്ലാതെ ഞാന്‍ പ്രാര്‍ത്ഥിക്കുന്നുണ്ടെന്നായിരുന്നു അദ്ദേഹത്തെ കണ്ടപ്പോള്‍ മദര്‍ പറഞ്ഞത്. ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഭൂട്ടാനിലെ നിയമത്തിലും മാറ്റം വന്നു. രാജ്യത്ത് ഇപ്പോള്‍ മതസ്വാതന്ത്ര്യം ഉണ്ട്. എങ്കിലും ഭൂട്ടാനിലെ ഏക കത്തോലിക്ക പുരോഹിതനാണ് ഫാ. കിന്‍ലി ടിഷറിങര്‍.

ജോസഫ് മൈക്കിള്‍

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?