Follow Us On

17

February

2020

Monday

വിശുദ്ധിയുടെ പരിമളം പരത്തിയ ‘റോസ്’

വിശുദ്ധിയുടെ പരിമളം പരത്തിയ ‘റോസ്’

ശാന്തസമുദ്രത്തോട് ചേര്‍ന്നുകിടക്കുന്ന മൂന്നേകാല്‍ കോടിയോളം ജനങ്ങള്‍ അധിവസിക്കുന്ന തെക്കെ അമേരിക്കയിലെ മനോഹര രാജ്യമാണ് പെറു. ഈ രാജ്യത്തിന്റെ തലസ്ഥാനമായ ലിമാ അമേരിക്കന്‍ ഭൂഖണ്ഡങ്ങളിലെ മൂന്നാമത്തെ വലിയ നഗരമാണ്. പ്രസിദ്ധമായ സാന്റോ ഡൊമിംഗോ ദൈവാലയം നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്നു. അനേകായിരം ജനങ്ങള്‍ പ്രാര്‍ത്ഥിക്കുന്നതിനായി ഈ ബസിലിക്കയില്‍ എത്താറുണ്ട്.
രൂപഭംഗിയെക്കാള്‍ ഈ ദൈവാലയത്തെ പ്രസിദ്ധമാക്കുന്നത് അവിടെ അടക്കം ചെയ്യപ്പെട്ട മൂന്ന് വിശുദ്ധരുടെ സാന്നിധ്യമാണ്. പെറുവില്‍ ജനിച്ചുവളര്‍ന്ന് ആദ്യമായി വിശുദ്ധയെന്ന് നാമകരണം ചെയ്യപ്പെട്ട ലിമായിലെ വിശുദ്ധ റോസ്, കറുത്ത വര്‍ഗക്കാരുടെ ഇടയില്‍നിന്നും അമേരിക്കയിലെ ആദ്യത്തെ വിശുദ്ധനായ വിശുദ്ധ മാര്‍ട്ടിന്‍ ഡി പോറസ്, സ്‌പെയിനില്‍ ജനിച്ച ലിമായില്‍ പ്രേഷിതപ്രവര്‍ത്തനം നടത്തിയ വിശുദ്ധ ജോണ്‍ മാസിയാസ് എന്നിവരാണവര്‍. ഏതാണ്ട് ഒരേ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന ഈ വിശുദ്ധരില്‍ ഓഗസ്റ്റ് 23-ന് തിരുനാളാഘോഷിക്കുന്ന വിശുദ്ധ റോസിനെക്കുറിച്ച് ചെറിയൊരു വിവരണമാണ് ഇവിടെ നടത്തുന്നത്.
സ്പാനിഷ് സേനയിലെ ഉദ്യോഗസ്ഥനായിരുന്ന ഗാസ്പര്‍ ഫ്‌ളോറസിന്റെയും ലിമാക്കാരിയായിരുന്ന മരിയ ദി ഒളിവയുടെയും മകളായി 1586 ഏപ്രില്‍ ഇരുപതിനായിരുന്നു ഇസബെല്‍ ഫ്‌ളോറസ് ദി ഒളിവിലായുടെ ജനനം. അസാമാന്യ സൗന്ദര്യമുണ്ടായിരുന്ന ഇസബെല്ലയ്ക്ക് ഒരു വീട്ടുജോലിക്കാരി നല്‍കിയ പേരായിരുന്നു റോസ്. പിന്നീട് എല്ലാവരും റോസ് എന്ന് വിളിക്കാന്‍ തുടങ്ങിയപ്പോള്‍ സ്ഥൈര്യലേപനകൂദാശ സ്വീകരിക്കുന്ന സമയത്ത് ഈ പേരുതന്നെ അവള്‍ സ്വീകരിച്ചു. ആ പേരിനെ അന്വര്‍ത്ഥമാക്കിയ ശാരീരിക സൗന്ദര്യത്തെക്കാള്‍ ആത്മീയസൗന്ദര്യവും സൗരഭ്യവും പ്രസരിപ്പിക്കുന്ന വിശുദ്ധ ജീവിതത്തിനുടമയായി അവള്‍ മാറി.
നന്നേ ചെറുപ്പത്തില്‍ത്തന്നെ അസാധാരണ വിശുദ്ധിയുടെ അംശങ്ങള്‍ റോസില്‍ പ്രകടമായിരുന്നു. ഒരു സന്യാസിനിയായി ജീവിച്ച് ക്രിസ്തുവിന് തന്നെത്തന്നെ പൂര്‍ണമായി സമര്‍പ്പിക്കണമെന്ന് റോസ് അതിയായി ആഗ്രഹിച്ചു.
എന്നാല്‍ മകളെ അനുയോജ്യനായ ഒരു ചെറുപ്പക്കാരനെകൊണ്ട് വിവാഹം കഴിപ്പിക്കണമെന്ന് ആശിച്ചിരുന്ന മാതാപിതാക്കള്‍ അവളുടെ ആഗ്രഹത്തിന് വഴങ്ങിക്കൊടുക്കാന്‍ വിസമ്മതിച്ചു. പിന്നീട് അല്മായര്‍ക്കുള്ള വിശുദ്ധ ഡൊമിനിക്കിന്റെ മൂന്നാം സഭയില്‍ അംഗമായി അവരുടെ വസ്ത്രങ്ങള്‍ സ്വീകരിച്ചു.
മകള്‍ തങ്ങളുടെകൂടെ വീട്ടില്‍ താമസിക്കുമെന്നതിനാല്‍ മാതാപിതാക്കന്മാര്‍ അതിന് സമ്മതിച്ചു. ദീര്‍ഘനേരം വിശുദ്ധ കുര്‍ബാനയുടെ സാന്നിധ്യത്തില്‍ പ്രാര്‍ത്ഥനയില്‍ സമയം ചെലവഴിക്കുന്നതില്‍ റോസ് വളരെയധികം സന്തോഷം കണ്ടെത്തി. അത്തരം വേളകളില്‍ സൗന്ദര്യവതിയായ റോസിന്റെ മുഖത്തുനിന്നും ദൈവികശോഭ പ്രസരിച്ചിരുന്നതായി പലരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
അനുദിന കുര്‍ബാന സ്വീകരണം ഇന്നത്തെപ്പോലെ പതിവില്ലാതിരുന്ന ആ കാലഘട്ടത്തില്‍ റോസിന് അത് തന്റെ ദിനചര്യയുടെ ഭാഗമായിരുന്നു.
വിശുദ്ധ റോസ് അനുഷ്ഠിച്ചിരുന്ന പരിത്യാഗപ്രവര്‍ത്തനങ്ങള്‍ വളരെ പ്രസിദ്ധമാണ്. തന്റെ ബാഹ്യസൗന്ദര്യം മറ്റുള്ളവരുടെ ശ്രദ്ധയ്ക്ക് കാരണമാകുന്നുവെന്ന് മനസിലാക്കിയ റോസ്, അവളുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായ നീണ്ട മുടി മുറിച്ചുകളഞ്ഞു. മാംസാഹാരം പൂര്‍ണമായും ഒഴിവാക്കി ആഴ്ചയില്‍ പല തവണ ഉപവസിച്ച് പ്രാര്‍ത്ഥിക്കാനും തുടങ്ങി. യേശുവിന്റെ സഹനങ്ങളോട് ചേര്‍ന്നുനില്‍ക്കണമെന്ന് അവള്‍ അതിയായി ആഗ്രഹിച്ചു. അതിന് തന്റേതായ മാര്‍ഗങ്ങള്‍ അവള്‍ അവലംബിച്ചു. കര്‍ത്താവിന്റെ മുള്‍ക്കിരീടത്തെ അനുകരിച്ച് ആരും അറിയാതെ അത്തരം ഒരു കിരീടം ഉണ്ടാക്കി വിശുദ്ധ റോസ് അണിഞ്ഞിരുന്നു. മിക്കപ്പോഴും ദിവസവും രണ്ടുമണിക്കൂര്‍ മാത്രം ഉറങ്ങി ബാക്കി സമയം പ്രാര്‍ത്ഥനയ്ക്കും സേവനത്തിനുമായി അവള്‍ നീക്കിവച്ചു.
മറ്റുള്ളവരില്‍നിന്നൊക്കെ അകന്നു കഴിയുന്ന ഒരു വിശുദ്ധ ജീവിതമല്ല റോസ് അഭിലഷിച്ചത്. തന്റെ വീട്ടില്‍ മനോഹരമായ ഒരു പൂന്തോട്ടം നട്ടുവളര്‍ത്തി അതില്‍നിന്ന് പൂക്കള്‍ ശേഖരിച്ച് കടയില്‍ കൊണ്ടുപോയി വില്‍ക്കുകയും അതില്‍നിന്നുള്ള വരുമാനമെടുത്ത് പാവങ്ങളെ സഹായിക്കുകയും ചെയ്യുമായിരുന്നു. കൂടാതെ തുന്നല്‍ പണിയില്‍ വൈദഗ്ധ്യം സമ്പാദിച്ച റോസ് താന്‍ തുന്നിയ ആകര്‍ഷകമായ തുണികള്‍ വിറ്റുകിട്ടുന്ന സമ്പാദ്യം ആരും സഹായിക്കാനില്ലാത്തവര്‍ക്കായി നല്‍കുമായിരുന്നു. അഗതികളെയും രോഗികളെയും തന്റെ ഭവനത്തില്‍ കൊണ്ടുവന്ന് ശുശ്രൂഷിക്കുന്നതിലും അവള്‍ ആനന്ദം കണ്ടെത്തി. തന്റെ സഹനങ്ങള്‍ അനുദിനം വര്‍ധിപ്പിക്കാനും അതുവഴിയായി യേശുവിനോടുള്ള സ്‌നേഹം കൂട്ടാനും അവള്‍ നിരന്തരം പ്രാര്‍ത്ഥിച്ചിരുന്നുവെന്ന് റോസിന്റൈ ജീവചരിത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു.
തന്റെ 31-ാം വയസില്‍ 1617 ഓഗസ്റ്റ് 24-നാണ് വിശുദ്ധ റോസ് നിത്യസമ്മാനത്തിനായി പോയത്. ജീവിച്ചിരിക്കുമ്പോള്‍ത്തന്നെ അവളുടെ വിശുദ്ധിയെക്കുറിച്ച് അറിഞ്ഞിരുന്ന ലിമായിലെ അനേകര്‍ റോസിന്റെ സംസ്‌കാരശുശ്രൂഷകളില്‍ പങ്കെടുത്തു. ഏതാണ്ട് അമ്പതുവര്‍ഷങ്ങള്‍ക്കുശേഷം 1667 മെയ് പത്തിന് ക്ലമന്റ് ഒമ്പതാമന്‍ മാര്‍പാപ്പ റോസിനെ വാഴ്ത്തപ്പെട്ടവളായും 1671-ല്‍ ക്ലമന്റ് പത്താമന്‍ മാര്‍പാപ്പ വിശുദ്ധയായും പ്രഖ്യാപിച്ചു.
വിശുദ്ധ റോസിന്റെ ആത്മീയസൗരഭ്യം ഇന്ന് ലോകമെന്നും പരന്നിരിക്കുന്നു. മുള്ളുകള്‍ നിറഞ്ഞ ഒരുപാട് ജീവിതങ്ങളില്‍ ആശ്വാസത്തിന്റെ സൗരഭ്യമേകി വിശുദ്ധ റോസ് ഇന്നും വിരാചിക്കുന്നു. അതിന്റെ പ്രതിഫലനമെന്നോണം അനേകം ദൈവാലയങ്ങളും പട്ടണങ്ങളും (സാന്റ റോസ) അമേരിക്കയിലുടനീളം അവളുടെ നാമത്തില്‍ നിലനില്‍ക്കുന്നു. പെറുവിലെ ഏറ്റവും വിലകൂടിയ കറന്‍സിയില്‍ റോസിന്റെ ചിത്രമാണ് കൊടുത്തിരിക്കുന്നത്. അതുപോലെതന്നെ മറ്റു സ്ഥലങ്ങളില്‍നിന്നും വ്യത്യസ്തമായി ഓഗസ്റ്റ് 30-ന് പൊതു അവധി ആഘോഷിച്ചുകൊണ്ടാണ് പെറുവിലെ ജനങ്ങള്‍ വിശുദ്ധ റോസിന്റെ തിരുനാള്‍ ആഘോഷിക്കുന്നത്.
അനുകരണീയമായ ഒരുപാട് സുകൃതങ്ങള്‍ വിശുദ്ധ റോസ് നമുക്ക് നല്‍കുന്നു. റോസിന്റെ ജീവിതം അവള്‍ വളര്‍ന്നുവന്ന സമൂഹത്തില്‍ ആവശ്യമായിരുന്ന മാറ്റത്തിന്റെ പ്രതീകം കൂടിയാണ്. അവിടുത്തെ സാംസ്‌കാരികവും ആത്മീയവുമായ വളര്‍ച്ചയ്ക്ക് അവളുടെ ജീവിതം അതുല്യമായ സംഭാവനയാണ് നല്‍കിയിരിക്കുന്നത്.
തന്റെ വിശുദ്ധികൊണ്ടാണ് ആ സമൂഹത്തിലുണ്ടായിരുന്ന തിന്മകളെയും ആത്മീയ അപചയങ്ങളെയും വിശുദ്ധ റോസ് പ്രതിരോധിച്ചത്. തങ്ങള്‍ ജീവിക്കുന്ന സമൂഹങ്ങളില്‍ തിന്മയുടെ അതിപ്രസരമെന്ന് വിലപിക്കുന്നതിനെക്കാള്‍, വിശുദ്ധ റോസിനെപ്പോലെ ജീവിതസാക്ഷ്യംകൊണ്ട് അതിനെ ചെറുത്ത് തോല്‍പ്പിക്കാനുള്ള പരിശ്രമമാണ് നമ്മുടെ ഭാഗത്തുനിന്നും ഉണ്ടാവേണ്ടത്.
വിശുദ്ധ റോസ് വലിയൊരു പ്രതീകംകൂടിയാണ്. വിശുദ്ധി പ്രാപിക്കാനും ദൈവത്തെ ആഴമായി സ്‌നേഹിക്കാനുമുള്ള ഒരു സാധാരണ വിശ്വാസിയുടെ ആഗ്രഹത്തിന്റെ പ്രതീകം. അവളുടെ പരിത്യാഗപ്രവര്‍ത്തനങ്ങള്‍ ആധുനികലോകത്തില്‍ അനാകര്‍ഷണീയമെന്ന് വാദിക്കുന്ന അനേകരുണ്ട്. ശരീരദണ്ഡനം തെറ്റാണെന്ന് വാദിക്കുന്നവരും ധാരാളം.
എന്നാല്‍ എല്ലാ കിരീടങ്ങളും ശിക്ഷണങ്ങളിലൂടെയും ദണ്ഡനങ്ങളിലൂടെയുമാണ് നേടാന്‍ സാധിക്കുക. ഒരു ഒളിമ്പിക് മെഡലിന്റെ പിന്നിലും ഒരു പരീക്ഷാവിജയത്തിന്റെ പിന്നിലും ഒരു നല്ല അഭിനേതാവിന്റെ വിജയത്തിന്റെ പിന്നിലും ഇത്തരത്തിലുള്ള ധാരാളം ‘ശാരീരിക പീഡനങ്ങള്‍’ ഉണ്ട്. നശ്വരമായ ഒരു കിരീടത്തിനുവേണ്ടി ഇത്രമാത്രം അധ്വാനിക്കുന്നുവെങ്കില്‍ വിശുദ്ധ റോസിനെപ്പോലെയുള്ളവരുടെ മാതൃക, അനശ്വരമായ കിരീടത്തിനുവേണ്ടി എത്രമാത്രം നാം ഇന്ന് ഉപയോഗപ്പെടുത്തേണ്ടിയിരിക്കുന്നു.
വിശുദ്ധ റോസ് തന്റേതായ മാര്‍ഗങ്ങളും ശൈലികളും അനുവര്‍ത്തിച്ച് ദൈവത്തെ അനുധാവനം ചെയ്യാന്‍ പരിശ്രമിച്ചെങ്കില്‍, ഇന്നത്തെ കാലത്തിന് ആവശ്യമായ രീതിയില്‍ നമ്മുടേതായ നൂതന മാര്‍ഗങ്ങളിലൂടെ വിശുദ്ധിയുടെ പരിമളം പ്രസരിപ്പിക്കാന്‍ നമുക്കും ശ്രമിക്കാം.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?