Follow Us On

17

February

2020

Monday

380 ഗ്രാം ഭാരവുമായി പിറന്ന കേരളത്തിലെ ഏറ്റവും ഭാരം കുറഞ്ഞ ‘കുഞ്ഞ് കാശ്‌വി’ ആശുപത്രി വിട്ടു.

380 ഗ്രാം ഭാരവുമായി പിറന്ന കേരളത്തിലെ ഏറ്റവും ഭാരം കുറഞ്ഞ  ‘കുഞ്ഞ് കാശ്‌വി’  ആശുപത്രി വിട്ടു.

കൊച്ചി: 380ഗ്രാം ഭാരവുമായി 23-ാം ആഴ്ചയില്‍ ഗുരുതരാവസ്ഥയില്‍ പിറന്ന കേരളത്തിലെ ഏറ്റവും ഭാരം കുറഞ്ഞ നവജാത ശിശുവിന് എറണാകുളം ലൂര്‍ദ് ആശുപത്രിയില്‍ പുനര്‍ജം. ലൂര്‍ദ് ആശുപത്രിയിലെ നവജാത ശിശുരോഗവിദഗ്ദ്ധന്‍ ഡോ. റോജോ ജോയുടെ നേതൃത്വത്തിലുളള മെഡിക്കല്‍ സംഘം നൂതന ചികിത്സാമാര്‍ഗ്ഗത്തിലൂടെ രാവും പകലും ആത്മസമര്‍പ്പണം ചെയ്ത് തിരികെ കൊണ്ടുവന്നതാണ് കുഞ്ഞു കാശ്‌വിയുടെ കുരുന്നു ജീവന്‍. ഇന്ത്യയില്‍ മാത്രമല്ല ദക്ഷിണേഷ്യയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള കണക്കുകള്‍ പ്രകാരം ഹൈദരാബാദില്‍ ജനിച്ച ഏറ്റവും ഭാരംകുറഞ്ഞ ശിശുവും ലൂര്‍ദിലെ കുഞ്ഞു കാശ്‌വിയും തമ്മില്‍ വെറും 5 ഗ്രാം മാത്രമേ ഭാരവ്യത്യാസമുള്ളൂ. അഞ്ചാം മാസം വയറുവേദനയെത്തുടര്‍ന്നാണ് മെയ് മാസം 1-ാം തീയതി ഉത്തര്‍പ്രദേശ് സ്വദേശിയും ലൂര്‍ദ് ആശുപത്രിയിലെ ഓര്‍ത്തോപീഡിക് വിഭാഗം ഡി.എന്‍.ബി. മെഡിക്കല്‍ വിദ്യാര്‍ത്ഥികൂടിയായ ഡോ. ദിഗ് വിജയ്‌യുടെ ഭാര്യ ശിവാങ്കിയെ ലൂര്‍ദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സങ്കീര്‍ണ്ണതകള്‍ ഉളള ഗര്‍ഭധാരണമായിരുന്നതിനാലും മുമ്പ് മൂന്നുതവണ ഗര്‍ഭമലസിപ്പോയിട്ടുളളതിനാലും കാലങ്ങള്‍ കാത്തിരുന്ന് കിട്ടിയ കണ്‍മണിയെ അപകടം കൂടാതെ പുറത്തെടുക്കുന്നതിനായി ലൂര്‍ദ് ഗൈനക്കോളജി വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ. ബിനു സെബാസ്റ്റ്യന്റെ കീഴില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പൂര്‍ണ്ണവളര്‍ച്ചയെത്താതെ ജനിച്ച നവജാതശിശുവിന് ജനിച്ചയുടന്‍ സ്വന്തമായി ശ്വാസം എടുക്കാന്‍ ബുദ്ധിമുട്ടുളളതിനാല്‍ കൃത്രിമ ശ്വാസം നല്കി അത്യാധുനിക ചികിത്സ സംവിധാനങ്ങളുളള അഡ്വാന്‍സ്ഡ് സെന്റ്ര്‍ ഫോര്‍ നിയോനേറ്റല്‍ കെയര്‍ ഐ.സി.യുവിലേക്ക് മാറ്റുകയായിരുന്നു.
മാസംതികയാതെ ജനിച്ചതിനാല്‍ കുഞ്ഞ് കാശ്‌വിയുടെ തലച്ചോറിന്റെ വളര്‍ച്ചയും ഹൃദയമിടിപ്പും ശ്വാസകോശത്തിന്റെയും മറ്റ് ആന്തരികാവയവങ്ങളുടെ വളര്‍ച്ചയും സൂക്ഷമമായി നിരീക്ഷിച്ച് വിദഗ്ദ്ധപരിചരണം നല്കി വൈകല്യങ്ങള്‍ കൂടാതെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരികയെന്നുളളത് ഡോക്ടര്‍മാര്‍ നേരിട്ട കടുത്ത വെല്ലുവിളിയായിരുന്നു.അതിലുപരിയായി അമ്മയുടെ ഗര്‍ഭപാത്രത്തിലേതുപോലെയുളള ഈര്‍പ്പവും ശരീരത്തിലെ ചൂടും നിലനിര്‍ത്തി അണുബാധയുണ്ടാകുവാന്‍ ഇടയുളള എല്ലാ സാഹചര്യങ്ങളെയും പ്രതിരോധിച്ച് നവജാതശിശുരോഗ പരിചരണത്തില്‍ പ്രത്യേക പരിശീലനം നേടിയ നഴ്‌സുമാരുടെ സംഘം ഏറ്റവും കരുതലോടെ രാവും പകലും കുഞ്ഞു കാശ്‌വിക്ക് പരിചരണമേകി. പതിനാറ് ദിവസം വെന്റിലേറ്ററില്‍ കഴിഞ്ഞ് ഗുരുതരാവസ്ഥ തരണം ചെയ്ത കുഞ്ഞ് സ്വയം ശ്വാസം എടുക്കുന്നുവെന്ന് ഉറപ്പുവരുത്തിയശേഷം നിയോനേറ്റല്‍ ഐ.സി.യുവിലെ ബബിള്‍ സി-പാപ്പിലേക്ക് മാറ്റി. തുടര്‍ന്ന് രണ്ട് മാസത്തോളം നിയോനേറ്റല്‍ ഐ.സി.യുവില്‍ ഇന്‍ക്യൂബേറ്ററില്‍ വിദഗ്ദ്ധ പരിചരണത്തില്‍ കഴിഞ്ഞു. നൂട്രിഷണല്‍ തെറാപ്പി, ഡെവലപ്പ്‌മെന്റ് സപ്പോര്‍ട്ടീവ് കെയര്‍, കംഗാരു മദര്‍ കെയര്‍ (കെ.എം.സി) എന്നീ നൂതന ചികിത്സാ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ചായിരുന്നു കുഞ്ഞ് കാശ്‌വിയെ ചികിത്സിച്ചത്. പൂര്‍ണ്ണ വളര്‍ച്ചയെത്താത്ത ചില കുഞ്ഞുങ്ങളില്‍ കണ്ടുവരുന്ന നേത്ര സംബന്ധമായ അസുഖം (റെറ്റിനോപതി ഓഫ് പ്രിമെച്ചൂരിറ്റി) പരിഹരിക്കുന്നതിനുവേണ്ടിയുളള ചികിത്സയും കുഞ്ഞിനു നല്‍കിയിരുന്നു. ജനിച്ചപ്പോള്‍ ഒരു കൈപ്പത്തിയുടെ വലുപ്പം മാത്രമുണ്ടായിരുന്ന കുഞ്ഞു കാശ്‌വിക്ക് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആകുമ്പോള്‍ 380 ഗ്രാമില്‍ നിന്നും ശരീരഭാരം ഒന്നര കിലോയായി ഉയര്‍ന്നിരുന്നു.
ശരീരത്തിലുളള എല്ലാ അവയവങ്ങളുടെയും വളര്‍ച്ചക്കുറവും ശരീരത്തിന്റെ ചൂട് നിലനിര്‍ത്താന്‍ സാധിക്കാത്തതും അണുബാധയുമാണു മാസം തികയാത്ത കുഞ്ഞുങ്ങളുടെ അതിജീവനത്തിനു സാധാരണഗതിയില്‍ തടസ്സമാകുന്നതെന്ന് നിയോനേറ്റോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. റോജോ ജോയ് പറഞ്ഞു. എന്നാല്‍ നിയോനേറ്റല്‍ വിഭാഗത്തില്‍ വന്നിരിക്കുന്ന ആധുനിക ചികിത്സ സംവിധാനങ്ങളിലൂടെ മാസം തികയാത്ത കുഞ്ഞുങ്ങളെ വൈകല്യങ്ങള്‍ കൂടാതെ രക്ഷപ്പെടുത്താന്‍ വൈദ്യശാസ്ത്രത്തിനു സാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഡോ. റോജോ ജോയുടെ നേതൃത്വത്തിലുളള നവജാതശിശുരോഗ വിഭാഗത്തിന്റെ അശ്രാന്തപരിശ്രമത്തിന്റെ ഫലമാണ് പൂര്‍ണ്ണവളര്‍ച്ചയെത്താതെ ഗുരുതരാവസ്ഥയില്‍ ജനിച്ച ഓരോ കുഞ്ഞിന്റെയും ജീവന്‍ രക്ഷിക്കാന്‍ സാധിക്കുന്നതെന്ന് ലൂര്‍ദ് പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്റ് റിസെര്‍ച്ച് ഡയറക്ടര്‍ ഫാ. ഷൈജു അഗസ്റ്റിന്‍ തോപ്പില്‍ പറഞ്ഞു. ഡോ. വര്‍ഗീസ് ചെറിയാന്റെ നേതൃത്വത്തിലുള്ള പീഡിയാട്രിക് ആന്റ് നിയോനേറ്റോളജി ഡിപ്പാര്‍ട്ട്‌മെന്റിലെ ഡോ.പ്രീതി പീറ്റര്‍, ഡോ. ഋഷികേശ്, ഡോ. സിസ്റ്റര്‍ ജൂലിയ, ഡോ. അഞ്ജലി, ഡോ. ഐഷ, ഡോ. റെനോള്‍ഡ്, ഡോ.ഗ്രീഷ്മ, ഡോ. നിഷാദ് തുടങ്ങിയവരായിരുന്നു ഡോ. റോജോ ജോയോടൊപ്പം ഉണ്ടായിരുന്ന മെഡിക്കല്‍ സംഘത്തിലെ മറ്റു ഡോക്ടര്‍മാര്‍.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?