Follow Us On

17

February

2020

Monday

കര്‍ത്താവിന് കടം കൊടുക്കുവാന്‍ ഒരു സുവര്‍ണാവസരം

കര്‍ത്താവിന് കടം കൊടുക്കുവാന്‍  ഒരു സുവര്‍ണാവസരം

പ്രളയകാലത്ത് അനേകം വാട്‌സ്ആപ് സന്ദേശങ്ങള്‍ പ്രചരിച്ചു. ഇതില്‍ ഒരെണ്ണം ധ്യാനിക്കുവാന്‍ വക നല്‍കുന്നതാണ്. അതിന്റെ തലക്കെട്ട് ഇങ്ങനെയാണ്: പുഴ ഒഴുക്കിക്കൊണ്ടുവന്ന ബോര്‍ഡുകള്‍ നോക്കി കടല്‍ തലതല്ലി ചിരിച്ചു. എന്നിട്ട് കടലിലേക്ക് ഒഴുകിവന്ന പലതരം ബോര്‍ഡുകളും അവയിലെ എഴുത്തുകളും കാണിച്ചിരിക്കുന്നു. കടലിലേക്ക് ഒഴുകിവന്ന ബോര്‍ഡുകളിലെ എഴുത്തുകള്‍ ഇങ്ങനെയൊക്കെയാണ്:
”പട്ടിയുണ്ട്, സൂക്ഷിക്കുക, അതിക്രമിച്ച് കടക്കുന്നത് ശിക്ഷാര്‍ഹം, പരസ്യം പതിക്കരുത്, ഇത് പൊതുവഴിയല്ല, അന്യര്‍ക്ക് പ്രവേശനമില്ല, അനുവാദം കൂടാതെ അകത്ത് കടക്കരുത്, അന്യമതസ്ഥര്‍ക്ക് പ്രവേശനം ഇല്ല.”
ഈ സന്ദേശം ഇട്ട വ്യക്തി ഉദ്ദേശിച്ചത് എന്തൊക്കെയാണ്? ഒന്ന്, ആരും സുരക്ഷിതരല്ല. എത്ര മതിലും ഗെയ്റ്റും വച്ചും കടിക്കുന്ന നായയെ വളര്‍ത്തിയും സി.സി ക്യാമറ വച്ചും സ്വന്തം കാറും മറ്റ് എല്ലാ സംവിധാനങ്ങളും ഒരുക്കി ജീവിച്ചാലും എല്ലാം എപ്പോള്‍ വേണമെങ്കിലും നഷ്ടപ്പെടാം. രണ്ട്, ആര്‍ക്കും അഹങ്കാരം വേണ്ട. എല്ലാം ഒരുക്കി, താന്‍ സ്വയം പര്യാപ്തനായി ജീവിക്കുന്നവന്റെ ജീവിതവും സുരക്ഷിതമല്ല. മൂന്ന്, മറ്റ് മനുഷ്യരുമായി യാതൊരു ബന്ധവും ഇല്ലാതെ തലക്കനത്തോടെ ജീവിക്കുന്നവനും നാളെ മറ്റുള്ളവരുടെ സഹായം വേണ്ടിവരാം. അവനും അഭയാര്‍ത്ഥി ക്യാമ്പില്‍ പരിമിതമായ സൗകര്യത്തില്‍ ജീവിക്കേണ്ടിവരാം. അതിനാല്‍ പരസ്പരം സ്‌നേഹിച്ചും സഹകരിച്ചും പോകണം എന്നര്‍ത്ഥം.
ഈ പ്രളയകാലത്ത് ദുരിതങ്ങളില്‍ അകപ്പെട്ടുപോയ എല്ലാവരുടെയും ദുഃഖങ്ങളിലും സഹനങ്ങളിലും ഹൃദയംകൊണ്ടും മനസുകൊണ്ടും ശാലോം കുടുംബവും പങ്കുചേരുന്നു. എല്ലാവര്‍ക്കുംവേണ്ടി പ്രാര്‍ത്ഥിക്കുന്നു. കുടുംബാംഗങ്ങള്‍ മരിച്ചുപോയതിന്റെ തീരാവേദന അനുഭവിക്കുന്നവരോട് പ്രത്യേകം ചേര്‍ന്നുനിന്ന് പ്രാര്‍ത്ഥിക്കുന്നു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരുന്ന അനേകരുണ്ടല്ലോ. പട്ടാളക്കാര്‍, ഫയര്‍ഫോഴ്‌സുകാര്‍, പോലീസ് ഉദ്യോഗസ്ഥര്‍, വിവിധ തസ്തികകളിലുള്ള ഗവണ്‍മെന്റ് ജീവനക്കാര്‍, എല്ലാ പ്രായത്തിലുമുള്ള ധാരാളം പൗരന്മാര്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ തുടങ്ങി എല്ലാവരോടും ഉള്ള നന്ദിയും കടപ്പാടും സ്‌നേഹവും അറിയിക്കട്ടെ. വിലമതിക്കാനാവാത്തതാണ് നിങ്ങള്‍ എല്ലാവരുടെയും ത്യാഗവും കഷ്ടപ്പാടും നല്ല മനസും അതുമൂലം സമൂഹത്തിന് ലഭിക്കുന്ന നന്മകളും. നേരിട്ട് സേവനത്തിനിറങ്ങാന്‍ കഴിയാത്ത അനേകംപേര്‍ ഉദാരതയോടെ പണവും വസ്തുക്കളും സംഭാവന ചെയ്തുകൊണ്ട് സഹായിക്കുന്നു. അവരോടുമുള്ള ആദരവും സ്‌നേഹവും പ്രകടിപ്പിക്കട്ടെ.
പ്രളയത്തില്‍ അകപ്പെട്ടുപോയവര്‍ക്ക് ലഭിക്കേണ്ട സഹായങ്ങള്‍ രണ്ടുതരമാണ്. ഒന്ന്, താല്‍ക്കാലികം. താമസം, ഭക്ഷണം, വസ്ത്രം, മരുന്ന് തുടങ്ങിയവയാണ് ഈ സമയത്ത് പ്രധാനം. അത് അനേകരുടെ നല്ല മനസും ഗവണ്‍മെന്റിന്റെ ഇടപെടലുംകൊണ്ട് ഇപ്പോള്‍ ലഭിക്കുന്നുണ്ട് എന്നാണ് മനസിലാകുന്നത്. രണ്ടാമത്തേത്, പ്രളയത്തില്‍പ്പെട്ടവരുടെ പുനരധിവാസമാണ്. വീട് നന്നാക്കാന്‍ ഉള്ളവര്‍ ഉണ്ട്. വീട് പൂര്‍ണമായും നഷ്ടപ്പെട്ടതിനാല്‍ പുതിയ വീട് പണിയേണ്ടവരുണ്ട്. ഉണ്ടായിരുന്ന എല്ലാ വരുമാനമാര്‍ഗങ്ങളും നിലച്ചവര്‍ ഉണ്ട്. ഉടുതുണിയല്ലാതെ സര്‍വതും നഷ്ടപ്പെട്ടവര്‍ ഉണ്ട്. പറമ്പ്, കൃഷി, വീട്, വീട്ടുപകരണങ്ങള്‍, വാഹനങ്ങള്‍, കന്നുകാലികള്‍ അങ്ങനെ എല്ലാം നഷ്ടപ്പെട്ടവര്‍. അവര്‍ക്ക് വീണ്ടും ഒരു ജീവിതം ഉണ്ടാക്കിക്കൊടുക്കുക എന്നതും പ്രധാനമാണല്ലോ.
പ്രതിസന്ധി ഉണ്ടാകുന്ന നാളുകളില്‍ എല്ലാവരും ഉണ്ടാകും. എല്ലാ സഹായവും കിട്ടും. പക്ഷേ, താല്‍ക്കാലിക പ്രശ്‌നങ്ങള്‍ തീരുമ്പോള്‍ സഹായിക്കാന്‍ വന്നവരും സ്വാഭാവികമായും തങ്ങളുടെ ജീവിതവ്യഗ്രതകളിലേക്ക് തിരിയും. വലിയ ദുരന്തം ഉണ്ടായവര്‍ അപ്പോഴും ഒന്നുമില്ലാതെ ഉഴലുകയായിരിക്കും. അതിനാല്‍ പ്രളയത്തില്‍ അകപ്പെട്ടുപോയവരുടെ പുനരധിവാസത്തിനുകൂടി നാം വലിയ പരിഗണന നല്‍കണം. സുഭാഷിതങ്ങള്‍ 19:17 വചനം ഇങ്ങനെയാണ്: ദരിദ്രനോട് ദയ കാണിക്കുന്നവന്‍ കര്‍ത്താവിനാണ് കടം കൊടുക്കുന്നത്; അവിടുന്ന് ആ കടം വീട്ടും. മനുഷ്യന്‍ ദൈവത്തിന് കടം കൊടുക്കുന്നതിനെപ്പറ്റിയാണ് ഈ വചനം പറയുന്നത്. എന്താണ് അര്‍ത്ഥം? ഒന്നും ഇല്ലാത്തവരെയും എല്ലാം നഷ്ടപ്പെട്ടവരെയും സഹായിക്കുവാനായി ചെലവഴിക്കുന്ന ഓരോ തുട്ടും ദൈവത്തിന് കടം കൊടുത്തതുപോലെ, ദൈവം കടം വാങ്ങിയതുപോലെ, ദൈവം പരിഗണിക്കുന്നു. അതിനാല്‍ കഷ്ടപ്പെടുന്നവരെ സഹായിക്കുമ്പോള്‍ സഹായിക്കുന്നവര്‍ ദൈവത്തിന് കടം കൊടുക്കുകയും കഷ്ടപ്പെടുന്നവരെ സഹായിക്കുകയുമാണ്. രണ്ടാമത്തെ കാര്യം ഒരു വാഗ്ദാനമാണ്. ദൈവത്തിന്റെ വാഗ്ദാനം. ദൈവത്തിന് മനുഷ്യന്‍ കൊടുക്കുന്ന കടം ദൈവം വീട്ടും. എന്നുവച്ചാല്‍ കഷ്ടപ്പെടുന്നവരെ സഹായിക്കുന്നവര്‍ക്ക് ആവശ്യമായതെല്ലാം ദൈവം നല്‍കും എന്നര്‍ത്ഥം. കൊടുക്കുന്നതുകൊണ്ട്, സഹായിക്കുന്നതുകൊണ്ട്, അവര്‍ക്ക് കുറവ് ഉണ്ടാവുകയില്ല. കൂടുതല്‍ ഉണ്ടാവുകയേ ചെയ്യുകയുള്ളൂ. കഴിവിനൊത്ത് ഉദാരമായി കൊടുക്കുക. കര്‍ത്താവ് പ്രതിഫലം നല്‍കുന്നവനാണ്. അവിടുന്ന് ഏഴിരട്ടയായി തിരികെതരും. അതിനാല്‍ പ്രളയത്തിന്റെ ഒന്നാം ഘട്ടത്തിലുള്ള നിസ്തുലമായ സേവനങ്ങള്‍മാത്രം പോരാ. അതിനെക്കാള്‍ കഠിനമായ രണ്ടാംഘട്ട പുനരധിവാസ പ്രക്രിയയില്‍ ഉദാരതയോടെ സഹായിക്കാം. വലിയ കെട്ടിടങ്ങളും മതിലും ഗെയ്റ്റും കടിക്കുന്ന പട്ടിയും ഒന്നും വിലയില്ലാതാകുമെന്നതിന്റെ പ്രസക്തി ഇവിടെയാണ്. ഇതൊന്നും വേണ്ട എന്നല്ല. പക്ഷേ ഇല്ലാത്തവരെയും എല്ലാം നഷ്ടപ്പെട്ടവരെയും പുനരധിവസിപ്പിക്കാന്‍ ത്യാഗമനോഭാവത്തോടെ സഹകരിക്കണം. കൊടുക്കുന്നവര്‍ക്ക് കൊടുക്കുന്നതുമൂലമുണ്ടാകുന്ന സഹനത്തെക്കാളും എത്രയോ വലുതാണ് ലഭിക്കുന്നവര്‍ക്ക് അതുമൂലം ഉണ്ടാകുന്ന നന്മകള്‍. എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് ഉപജീവനമാര്‍ഗങ്ങള്‍ ഉണ്ടാക്കുവാന്‍ ഗവണ്‍മെന്റും സഭകളും പൊതുസമൂഹവും ഒന്നിച്ച് ഇറങ്ങിയാല്‍ വേഗത്തില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും. അതിനാല്‍ ഉദാരതയോടെ കര്‍ത്താവിന് കടംകൊടുക്കാം. അതുവഴി നമുക്ക് കൂടുതല്‍ സമ്പന്നരാകുകയും എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് ജീവിതം ഉണ്ടാക്കിക്കൊടുക്കുകയും ചെയ്യാം.

ഫാ. ജോസഫ് വയലില്‍ CMI

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?