Follow Us On

29

October

2020

Thursday

മരണത്തില്‍നിന്നും ജീവനിലേക്ക്…

മരണത്തില്‍നിന്നും ജീവനിലേക്ക്…

എന്നും ശുഭാപ്തി വിശ്വാസത്തോടെ കര്‍ത്താവിന്റെ മുഖം ദര്‍ശിച്ച് പ്രതിസന്ധികളോട് പോരാടി മുന്നോട്ട് പോകാന്‍ ദൈവം അവസരവും കൃപയും നല്‍കുന്നു. തെരുവിലൂടെ അലഞ്ഞുനടന്ന അനേകരുടെ ജീവിതത്തെ പ്രകാശമാനമാക്കാന്‍ ദൈവം ഇതിനോടകം അവസരവും കൃപയും നല്‍കി.
കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് തെരുവിലൂടെ അലഞ്ഞുതിരിഞ്ഞ് നടന്ന സുജന്‍, കല്ലുറാവു എന്നിവരെ അയര്‍ക്കുന്നം പോലീസ് അധികൃതര്‍ ഞങ്ങളുടെ പള്ളിക്കത്തോട് ലൂര്‍ദ് ഭവനില്‍ സംരക്ഷിക്കുവാനായി ഏല്പിച്ചിരുന്നു. ദൈവാനുഗ്രഹത്താലും ചികിത്സകളാലും സ്‌നേഹസംരക്ഷണങ്ങളാലും സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവന്ന ഇവരെ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട് സ്വന്തം കുടുംബാംഗങ്ങളെ കണ്ടെത്താന്‍ സഹായിച്ചു. കഴിഞ്ഞ എട്ടു വര്‍ഷമായി ലൂര്‍ദ്ദുഭവനിലെ 98 സഹോദരങ്ങളോടൊപ്പം ഉണ്ടും ഉറങ്ങിയും കഴിഞ്ഞിരുന്ന ഇവരെ സ്വദേശമായ പശ്ചിമ ബംഗാളിലെ സ്വന്തം വീടുകളിലേക്ക് ബന്ധുക്കളൊടൊപ്പം യാത്ര അയച്ചപ്പോള്‍ കുടുംബാംഗങ്ങള്‍ വിട്ടകന്നതുപോലെയുളള ദുഃഖം ഞങ്ങളെ മൂടിയെന്ന് പറയാം.
കഴിഞ്ഞ നളുകളിലെല്ലാം ദൈവമാണ് ഞങ്ങളെ നയിച്ചത്. ഞാനൊരു കൂലിപ്പണിക്കാരനായിരുന്നു. മദ്യത്തിലും മയക്കുമരുന്നിലുമൊക്കെ അഭയം കണ്ടെത്തിയ വ്യക്തി. ഒരിക്കല്‍ കുന്നന്താനത്ത് സിസ്റ്റര്‍ മേരിലിറ്റി നടത്തിയ ധ്യാനത്തിലൂടെയാണ് ദൈവസ്‌നേഹം അനുഭവിച്ചറിയുന്നത്. തുടര്‍ന്ന് പോട്ടയില്‍ നടന്ന മറ്റൊരു ധ്യാനത്തിലൂടെ കര്‍ത്താവ് എന്റെ ഹൃദയം വീണ്ടും ഉടച്ചുവാര്‍ത്തു. ആ നാളുകളിലാണ് കാലുകള്‍ക്ക് അവശത ബാധിച്ച മോഹനന്‍ എന്ന സുഹൃത്തിനെ പോട്ടയില്‍ കൊണ്ടുപോയി ധ്യാനത്തില്‍ പങ്കെടുപ്പിക്കുന്നത്. ഇന്നും നിറമുള്ള ഓര്‍മയാണത്. ആശുപത്രിയില്‍പോയി ചികിത്സയൊന്നും ചെയ്യാതെ മോഹനന്‍ ധ്യാനത്തില്‍ നേരിട്ട് പങ്കെടുക്കുകയായിരുന്നു. ഇതോടെ ഇയാളുടെ കാലുകളുടെ എല്ലാ ക്ലേശങ്ങളും മാറി. പിറ്റേആഴ്ച മുതല്‍ മോഹനന്‍ ജോലിക്ക് പോയിത്തുടങ്ങി. ശുശ്രൂഷാരംഗത്ത് കര്‍ത്താവിനുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം ഈ സംഭവത്തോടെ എന്റെ ഹൃദയത്തില്‍ ഇരട്ടിയായി. കോട്ടയത്തെ നവജീവന്‍ അഭയകേന്ദ്രത്തില്‍ പി.യു.തോമസിനോടൊപ്പവും പാലായിലെ മരിയഭവനില്‍ സന്തോഷിനോടൊപ്പവും തെരുവില്‍ അലഞ്ഞുനടന്ന മാനസികരോഗികളെ ശുശൂഷിച്ച് കഴിഞ്ഞുകൂടിയ നാളുകള്‍ വിളിയുടെ അര്‍ത്ഥവും പൂര്‍ണ്ണതയും കര്‍ത്താവ് കൂടുതല്‍ വ്യക്തമാക്കുകയായിരുന്നു. അലഞ്ഞുനടന്ന ഒരു മാനസികരോഗിയെയുംകൂട്ടി ഒരിക്കല്‍ കോട്ടയത്തെ നവജീവനിലെത്തിയപ്പോള്‍ മാനേജിംഗ് ട്രസ്റ്റിയായ തോമസ് ചേട്ടന്‍ ഏറെ താല്‍പര്യത്തോടെ ചോദിച്ചു: ”ജോസിന് പ്രാര്‍ത്ഥിച്ച്, ദൈവഹിതമെങ്കില്‍ ഇതുപോലൊരു ശുശ്രൂഷ സ്വന്തമായി ആരംഭിച്ചുകൂടേ?”
മുമ്പ് പ്രാര്‍ത്ഥിച്ചപ്പോള്‍ കര്‍ത്താവ് നല്‍കിയ ബോധ്യവും ഈ വാക്കുകളും വീണ്ടും ഈ രംഗത്ത് തുടരുവാന്‍ ഉറപ്പുനല്‍കുന്നതായിരുന്നു. പിന്നീട് നാളുകളോളം പ്രാര്‍ത്ഥിച്ചു. അനേകം ശുശ്രൂഷകരുമായി ഇക്കാര്യങ്ങള്‍ പങ്കുവച്ചു. ഒടുവില്‍ ഈ ശുശ്രൂഷയ്ക്ക് തുടക്കം കുറിക്കാന്‍ ദൈവം കൃപയും അവസരവും നല്‍കുന്നതായി വ്യക്തമായി.
തെരുവില്‍ അലഞ്ഞുനടന്ന രണ്ടുപേരെ സ്വഭവനത്തില്‍ സ്വീകരിച്ചുകൊണ്ടായിരുന്നു തുടക്കം. 1998 ഫെബ്രുവരി 11-ന് അരുവിക്കുഴി ഇടവക വികാരി ഫാ.ജോര്‍ജ് പഴയപുര ആശീര്‍വദിച്ച് ‘ലൂര്‍ദ്ദ്ഭവന്‍’ എന്നു  പേരിട്ടു. തെരുവില്‍ അലഞ്ഞു നടന്ന അവരായിരുന്നു ആദ്യ അംഗങ്ങള്‍. ഏകദേശം ഒന്നര വര്‍ഷംകൊണ്ട് 24 നിരാശ്രയര്‍ക്ക് ആശ്രയമരുളിയപ്പോള്‍ ചെറിയ ഭവനത്തോട് ചേര്‍ന്നുള്ള ഷെഡ്ഡില്‍ സ്ഥലം തികയാതെയായി. പിന്നീട് തെരുവുമക്കളുടെ എണ്ണംകൂടി 43 പേരായി. ഇപ്പോള്‍ നൂറുപേര്‍. ബീഹാര്‍, ഒഡീഷ, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും എങ്ങനെയൊക്കെയോ അലഞ്ഞുതിരിഞ്ഞ് കേരളത്തില്‍ വന്നുപെട്ടവരാണധികം പേരും. പല സ്ഥലങ്ങളില്‍ നിന്നും വന്ന ധാരാളം ശുശ്രൂഷകര്‍ ലൂര്‍ദ്ദ്ഭവനിലെ മക്കളോടൊത്ത് പ്രാര്‍ത്ഥിച്ചും ഭക്ഷണം വിതരണം ചെയ്തും ദൈവസ്‌നേഹത്തിന്റെ മാധുര്യം അനുഭവിച്ചറിയുന്നു.

ജോസ് ആന്റണി
(പള്ളിക്കത്തോട് ലൂര്‍ദ് ഭവന്‍ മാനേജിംഗ് ട്രസ്റ്റി)

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?