Follow Us On

01

December

2022

Thursday

ദൈവത്തിന്റെ സമ്മാനം

ദൈവത്തിന്റെ സമ്മാനം

കോട്ടയം മണിമല വെള്ളമ്മേല്‍ (പ്ലാക്കാട്ട്) ജോസഫ് മാത്യു (നിതിന്‍ 39) നീന മരിയ മാത്യു (37) ദമ്പതികളുടെ ദാമ്പത്യവല്ലരിയില്‍ വിരിഞ്ഞത് അഞ്ചു മക്കള്‍. മക്കളുടെ എണ്ണം കുറയ്ക്കാനാവശ്യപ്പെടുന്ന നേതാക്കളും അണുകുടുംബമായി മാറിക്കൊണ്ടിരിക്കുന്ന പുതുതലമുറയില്‍നിന്നും വ്യത്യസ്തരാവുകയാണ് ഇവര്‍.
അഞ്ചു മക്കളില്‍ മൂത്തയാള്‍ മാത്യു ജോസഫ് (12) ഏഴാം ക്ലാസിലും രണ്ടാമത്തെയാള്‍ പത്തുവയസുകാരിയായ അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥി സെലിന്‍ ജോസഫുമാണ്. ഒന്നില്‍ പഠിക്കുന്ന തെരേസ് ജോസഫിന് (6) താഴെയായ 3 വയസുകാരന്‍ തോമസ് പി. ജോസഫും 3 മാസം പ്രായമായ ജേക്കബ് പി. ജോസഫും ഉണ്ട്.
കൂടുതല്‍ മക്കള്‍ വേണമെന്നത് ഈ ദമ്പതികള്‍ വിവാഹം കഴിഞ്ഞയുടനെ തന്നെ തീരുമാനിച്ചതാണ്. അഞ്ചു മക്കളെ തന്ന ദൈവം ഇനിയും അനുഗ്രഹിച്ചാലും അത് സന്തോഷത്തോടെ സ്വീകരിക്കുമെന്ന് ഉറച്ച വാക്കുകളില്‍ ഇരുവരും പറയുന്നു.
പ്ലാന്റര്‍ ആയ ജോസഫിനും കുട്ടികളുടെ ഉടുപ്പുകള്‍ നിര്‍മിച്ച് വില്‍ക്കുന്ന ഓണ്‍ലൈന്‍ ബിസിനസ് നടത്തുന്ന നീനയ്ക്കും മക്കളു കഴിഞ്ഞിട്ടേ എല്ലാമുള്ളു. സ്വന്തം കുട്ടികള്‍ക്ക് ഉടുപ്പുകള്‍ തനിയേ തയിച്ചു നല്‍കിയത് കണ്ട് ഇഷ്ടപ്പെട്ട് ഇതുപോലൊന്ന് തയിച്ചു തരാമോയെന്ന് ചോദിച്ച് ബന്ധുക്കള്‍ പലരും ആവശ്യപ്പെട്ടു തുടങ്ങിയപ്പോഴാണ് ഇതിലെ ബിസിനസ് ജോസഫും നീനയും തിരിച്ചറിയുന്നത്. ഇതോടെ ഓണ്‍ലൈനില്‍കൂടി കുട്ടികളുടെ ഉടുപ്പുകളുടെ ബിസിനസ് ആരംഭിക്കുകയായിരുന്നു. നീനയുടെ കൈപുണ്യം തിരിച്ചറിഞ്ഞ ജോസഫ് പിന്നീട് അലുവയും ആവശ്യക്കാര്‍ക്ക് നിര്‍മ്മിച്ചു നല്‍കി തുടങ്ങി.

കുട്ടികളുമായി എല്ലാ ദിവസവും ഒരുമിച്ചിരുന്ന് അരമണിക്കൂര്‍ സംസാരിക്കാറുണ്ട്. കുടുംബ പ്രാര്‍ത്ഥനയും ഭക്ഷണവുമെല്ലാം ഒരുമിച്ചു തന്നെ. മുതിര്‍ന്ന കുട്ടികളോടും കൂടി കാര്യങ്ങള്‍ ആലോചിച്ചാണ് എല്ലാം ചെയ്യുക. സന്തോഷവും സങ്കടവും ബുദ്ധിമുട്ടുകളും പ്രശ്‌നങ്ങളുമെല്ലാം കുട്ടികളെയും അറിയിക്കാറുണ്ട്. വീട്ടിലെ എല്ലാ കാര്യങ്ങളും കുട്ടികള്‍ക്കും അറിയാം. പങ്കുവയ്പിന്റെയും സ്‌നേഹത്തിന്റെയും കരുതലിന്റെയും ആവശ്യകത കുട്ടികളെ മനസിലാക്കി കൊടുക്കാന്‍ ഈ മാതാപിതാക്കള്‍ക്കായിട്ടുണ്ട്.
അണുകുടുംബങ്ങളില്‍ വളരുന്ന കുട്ടികളില്‍ സ്വാര്‍ത്ഥതയേറുമെന്നാണ് ജോസഫും നീനയും പറയുന്നത്. കുട്ടികളുടെ എണ്ണം കൂടിയാല്‍ പങ്കുവച്ച് വളരുന്ന രീതിയുണ്ടാവും. ഒരാള്‍ മറ്റൊരാള്‍ക്ക് കരുതലുമാവും. ഒരിക്കലും കുട്ടികള്‍ ഒറ്റപ്പെട്ട് പോവില്ല. മാതാപിതാക്കളുടെ കാലശേഷവും കൂട്ടിന് കൂടപ്പിറപ്പുകള്‍ മാത്രമേ കാണൂ. കൂടപ്പിറപ്പുകളുടെ സ്‌നേഹം ആവോളം നുകര്‍ന്നാണ് ജോസഫും നീനയും വളര്‍ന്നത്. അതുപോലെയാവണം മക്കളും വളരേണ്ടതെന്ന തിരിച്ചറിവിലൂടെയാണ് കൂടുതല്‍ മക്കളെ വേണമെന്നയാഗ്രവുമുണ്ടായത്. ജോസഫിന് നാലു സഹോദരങ്ങളാണ്. വല്ല്യമ്മയ്ക്ക് 15 സഹോദരങ്ങളുമുണ്ട്
മക്കള്‍ ജനിക്കുമ്പോഴെ അവരുടെ ഉന്നത വിദ്യാഭ്യാസത്തിനും വിവാഹത്തിനുമായി ലക്ഷങ്ങള്‍ സ്വരുക്കൂട്ടി വയ്ക്കുകയെന്ന ചിന്തയൊന്നും ഈ ദമ്പതികള്‍ക്കില്ല. ദൈവം തന്ന മക്കളെ ദൈവം നോക്കിക്കോളും. അവരെ ദൈവത്തിന്റെ മക്കളായി വളര്‍ത്താനാണ് നമ്മെ ഏല്‍പ്പിച്ചിരിക്കുന്നത്. ആ തിരിച്ചറിവാണ് മാതാപിതാക്കള്‍ക്കുണ്ടാകേണ്ടത്. നല്ല വിദ്യാഭ്യാസത്തിനൊപ്പം സഹോദരങ്ങളെ സ്‌നേഹിക്കാനും സഹജീവികളോട് കരുണയും കരുതലുമുള്ളവരായി ജീവിക്കുവാന്‍ പഠിപ്പിക്കണം. ഒപ്പം ദൈവ വിശ്വാസത്തില്‍ അടിയുറച്ച് വളര്‍ത്തിക്കൊണ്ടുവരണം. ബാക്കിയൊക്കെ മക്കളെ തന്ന ദൈവം നോക്കിക്കോളും; ജോസഫും നീനയും ഒരുപോലെ പറയുന്നു. നാം രണ്ട് നമുക്ക് രണ്ട് എന്ന മുദ്രാവാക്യം നാം ഒന്ന് നമുക്കൊന്നെന്നു മാറിയ ഈ കാലഘട്ടത്തില്‍ ചെറുപ്പക്കാരായ ഈ ദമ്പതികള്‍ മാതൃകയാണ്.

അപ്പോള്‍ ഇനിയും കുരുന്നുകള്‍ വെള്ളമ്മേല്‍ പിറന്നു വീഴുമോയെന്ന ചോദ്യത്തിന് ദൈവം തരുന്ന അത്രയും ഇരു കൈയ്യും നീട്ടി സ്വീകരിക്കുമെന്ന് ഈ മണിമലക്കാരന്‍ അച്ചായന്‍ പറയുമ്പോള്‍ അതേയെന്ന് തലയാട്ടി സഹധര്‍മ്മിണി നീനയും. ഇനിയും ഞങ്ങള്‍ക്ക് ഒത്തിരി കുഞ്ഞുവാവകള്‍ വേണമെന്ന് ഒന്നാം ക്ലാസുകാരി തെരേസ് ഇടയില്‍ കയറി പറഞ്ഞപ്പോള്‍ അതൊരു കൂട്ടച്ചിരിയായി. അങ്ങനെയാണി തറവാട്, സന്തോഷമായാലും സങ്കടമായാലും ഒരുമിച്ച് നേരിടും.
കുട്ടികളുടെ എണ്ണം കുറഞ്ഞു പോയതില്‍ വ്യസനിക്കുന്ന ഒരു പാടു പേരുണ്ടെന്ന് നീന പറയുമ്പോള്‍ അതു സത്യമെന്ന് ജോസഫും സാക്ഷ്യപ്പെടുത്തുന്നു. 12-ാം ക്ലാസ് വരെയെ കുട്ടികളിന്ന് മാതാപിതാക്കളോടൊപ്പം ഉണ്ടാവൂ. പിന്നീട് പഠനവും ജോലിയുമായി യൂറോപ്പിലും അമേരിക്കയിലുമൊക്കെയാവും.
പിന്നെ മക്കള്‍ ഒരുമിച്ചു കൂടുക വീട്ടില്‍ ഒരു ആഘോഷം നടക്കുമ്പോഴായിരിക്കും. മാതാപിതാക്കളെ ശ്രദ്ധിക്കുവാന്‍ ആരും കാണില്ല. പണം ആവശ്യത്തിനേറെയുണ്ട്. സ്‌നേഹം മാത്രം കിട്ടാനില്ലാതെ, മക്കളുടെ സാമീപ്യം മരണസമയത്തു പോലുമില്ലാതെ വിഷമിക്കുന്നവരാണേറെയുള്ളത്. ക്രൈസ്തവരുടെ ജനസംഖ്യ കുറയുന്നതിന് കാരണവും ഇതു തന്നെ. യൂറോപ്പില്‍ പഠിക്കാന്‍ പോകുന്ന കുട്ടികള്‍ അവിടെത്തന്നെ ജോലി വാങ്ങി അവിടെ കഴിഞ്ഞു കൂടുകയാണ്.
ഇതിനൊരു മാറ്റമുണ്ടാവണം. നാട്ടില്‍ ബിസിനസും സര്‍ക്കാര്‍ ജോലിയുമൊക്കെ നേടി സ്വന്തം വീടുകളില്‍ സന്തോഷത്തോടെ കഴിയാനാവണം. കൂടുതല്‍ മക്കളുണ്ടെങ്കില്‍ രണ്ടോ മൂന്നോ പേര്‍ വിദേശത്തു പോയാലും നാട്ടിലൊരാളെങ്കിലും കാണും. ആകെയുളള ഒരു കുട്ടിയെ ചെറുപ്പത്തിലേ ബോര്‍ഡിങ്ങിലാക്കി അച്ചനുമമ്മയും ജോലിയുടെ തിരക്കിലാവും. കൂടെപ്പിറപ്പുകളുടെ വിലയറിയാതെ സ്വന്തബന്ധങ്ങളെന്തെന്നറിയാതെ അവരു വളരും. ഇതാണിന്ന് ഏറെ നടക്കുന്നത്. അതിനൊരു മാറ്റം വേണമെന്നാണ് ജോസഫും നീനയും പറയുന്നത്. ഒന്നിനൊന്ന് തുണയായി കരുതലായി വളരണം നമ്മുടെ മക്കള്‍.
സ്വത്തും ജോലിസ്ഥിരതയുമൊക്കെയായി ഉടനെ മക്കള്‍ വേണ്ടയെന്നു ചിന്തിക്കുന്നവരുമുണ്ട്. ദൈവം തരുമ്പോള്‍ വാങ്ങാതെയിരുന്നാല്‍ എത്ര പണമുണ്ടേലും വേണമെന്നു വിചാരിക്കുമ്പോള്‍ മക്കള്‍ ജനിച്ചില്ലെന്നു വരാം. ദൈവം അറിയാതെ നമ്മുടെ ജീവിതത്തില്‍ ഒന്നും നടക്കുന്നില്ലായെന്ന ഉറച്ച വിശ്വാസമുണ്ടാവണം ആദ്യം. എങ്കില്‍ ബാക്കിയൊക്കെ അവിടുന്ന് നോക്കിക്കോളും. കുട്ടികള്‍ ജനിക്കും മുമ്പേ അവരുടെ കല്യാണത്തെക്കുറിച്ചും, വിദ്യാഭ്യാസത്തിന്റെ ചിലവിനെക്കുറിച്ചും ആധി കൂട്ടുന്നവരാണേറെയിന്നുള്ളത്. കുട്ടികളെ സ്‌നേഹിക്കുന്ന മാതാപിതാക്കള്‍ അവരുടെ പ്രായത്തിനനുസരിച്ച് ജോലികള്‍ ചെയ്യിക്കണം. സ്വന്തം കാര്യങ്ങള്‍ തനിച്ച് ചെയ്യാനവരെ പ്രാപ്തരാക്കണം. ചെറുപ്പത്തിലേ കുട്ടികളെക്കൊണ്ട് ചെറിയ ജോലികള്‍ ചെയ്യിക്കുകയും ആവശ്യത്തിന് ശിക്ഷണവും നല്‍കി വളര്‍ത്തണം. കുട്ടികള്‍ നല്ല കാര്യം ചെയ്താല്‍ അവരെ പ്രോത്സാഹിപ്പിക്കുവാന്‍ മാതാപിതാക്കള്‍ തയ്യാറാവണം. എന്നാല്‍ മാത്രമേ, അവരില്‍ ആത്മവിശ്വാസം വര്‍ദ്ധിക്കുകയുള്ളു. തെറ്റ് ചെയ്താല്‍ തെറ്റ് എന്താണെന്ന് പറഞ്ഞു മനസിലാക്കി കൊടുക്കണം. പഠനത്തിനു പുറമേ കുട്ടികളിലെ കഴിവുകള്‍ കണ്ടെത്തി അതിലേക്ക് കൈ പിടിച്ചു നടത്താന്‍ മാതാപിതാക്കള്‍ക്കാവണം. ഇതൊക്കെയാണ് ഈ ദമ്പതികള്‍ക്ക് ഇന്നത്തെ മാതാപിതാക്കളോട് പറയാനുള്ളത്.
കുട്ടികളുടെ എണ്ണം കൂടുന്നതുകൊണ്ട് പല ഗുണങ്ങളുമുണ്ടെന്ന് ഈ ദമ്പതികള്‍ സാക്ഷ്യപ്പെടുത്തുന്നു. പ്രധാന നേട്ടം കുട്ടികളില്‍ പങ്കുവയ്ക്കാനുള്ള മനസുണ്ടാകുന്നുവെന്നതാണ്. ആര്‍ക്കെങ്കിലും എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാല്‍ സഹായിക്കാന്‍ അവര്‍ക്കാകും. ഇന്നത്തെ ജീവിത സാഹചര്യത്തില്‍ കൂടുതല്‍ മക്കളെ വളര്‍ത്താന്‍ ബുദ്ധിമുട്ടാണെന്നു പറയുന്നവര്‍ക്കു മുമ്പില്‍ ജീവിച്ചു കാണിക്കുകയാണ് ജോസഫും നീനയും. കുട്ടികളുടെ കാര്യങ്ങള്‍ നോക്കുന്നതിനോടൊപ്പം കുട്ടികള്‍ക്കുവേണ്ടിയുള്ള വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്ത് തുന്നിക്കൊടുക്കുന്ന ”ബേബിസ് ഇന്‍ വൈറ്റ്” എന്നൊരു സംരംഭം കൂടി നടത്തുന്നു നീനയെന്ന ഈ വീട്ടമ്മ.

ജോമോന്‍ മണിമല

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?