അധ്യാപനം, വൈദ്യശുശ്രൂഷ, സാമൂഹികസേവനം തുടങ്ങിയ മേഖലകളില്‍ സന്യാസിനികള്‍ കേരളത്തില്‍ സേവനമനുഷ്ഠിക്കുന്നുണ്ടെങ്കിലും പ്രാര്‍ത്ഥനതന്നെ ജീവിതമാക്കുന്നവര്‍ വിരളമാണ്. പ്രാര്‍ത്ഥനയുടെ ഐക്യത്തില്‍ ദൈവം വിളിക്കുകയും പൂര്‍ണമായി പ്രതികരിക്കുകയും ചെയ്യുമ്പോഴാണ് അത്യപൂര്‍വമായ ഇത്തരം ജീവിതപന്ഥാവ് തുറന്നുകിട്ടുന്നത്. മറ്റ് മേഖലകള്‍ ശ്രേഷ്ഠമാണെങ്കിലും വിശുദ്ധ ജീവിതത്തിലേക്ക് മറ്റ് മാര്‍ഗങ്ങളില്‍ ബോധപൂര്‍വമല്ലാത്ത ഭാഗികതടസങ്ങള് ഉണ്ടാകും. യേശുവിന്റെ തിരുഹൃദയത്തില്‍നിന്ന് സിസ്റ്റര്‍ എവുപ്രാസ്യയുടെ ഹൃദയത്തിലേക്കുള്ള പ്രകാശമാര്ഗമായിരുന്നു അമ്മയുടെ നിശബ്ദമായ പ്രാര്‍ത്ഥനാജീവിതം.
ചേര്പ്പുകാരന്റെ കന്യാസ്ത്രീ എന്ന് പിന്നീട് അറിയപ്പെട്ട കൊച്ചുറോസ തൃശൂര്‍ ജില്ലയിലെ എടത്തുരുത്തി (കോട്ടൂര്‍) വില്ലേജിലെ എലുവത്തിങ്കല്‍ ചേര്പ്പുകാരന് അന്തോണി-കുഞ്ഞേത്തി ദമ്പതികളുടെ മകളായി 1877 ഒക്ടോബര്‍ 13-ന് ജനിച്ചു. പ്രശസ്തിയും സമ്പത്തുമുള്ള റോസ നല്ല സാമ്പത്തിക പശ്ചാത്തലത്തിലാണ് വളര്‍ന്നത്. കൂടുതല്‍ പഠനസൗകര്യം തേടിയാണ് റോസ കൂനമ്മാവിലെ കര്‍മലീത്ത മഠംവക സ്കൂളില്‍ എത്തിച്ചേര്‍ന്നത്. തിരിഞ്ഞുനോക്കുമ്പോള്‍ ദിവ്യനാഥന് അവള്‍ക്കായി ഒരുക്കിയ ‘കാര്‍മല്‍ നഴ്സറി’യായിരുന്നു കൂനമ്മാവിലെ ജീവിതം എന്ന് തിരിച്ചറിയാന്‍ കഴിയും. അമ്മയോടായിരുന്നു റോസയ്ക്ക് കൂടുതല്‍ അടുപ്പം. പേരിന് കാരണക്കാരിയായ ലിമയിലെ വിശുദ്ധ റോസയുടെ ജീവിതകഥ കൊച്ചു റോസ ചെറുപ്പത്തില്‍ത്തന്നെ അമ്മയില്‍നിന്ന് കേട്ടറിഞ്ഞ് ഹൃദയത്തില്‍ കുറിച്ചിരുന്നു.
പുഷ്പകിരീടത്തെക്കാള് മുള്‍ക്കിരീടം
ഏകാന്തത, സഹനം, സന്യാസം എന്നീ ജീവിതാവസ്ഥകളോട് ഭാവാത്മകമായി സ്വീകരിക്കാനുള്ള ആഗ്രഹം അങ്ങനെയാണ് റോസയ്ക്ക് ലഭിക്കുന്നത്. പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ചപ്പോഴും അനുദിന ദിവ്യകാരുണ്യ സ്വീകരണവേളയിലും റോസയ്ക്ക് ഒരു പ്രാര്‍ത്ഥന മാത്രമേ ഉണ്ടായിരുന്നുള്ളൂ – ”ഈശോയേ, അങ്ങയുടെ പാര്‍പ്പിടം എന്റെ ഹൃദയത്തില്‍നിന്ന് ഒരിക്കലും മാറ്റരുതേ.” ദിവ്യകാരുണ്യ ഈശോ ഈ നിഷ്കളങ്ക പ്രാര്‍ത്ഥന ഹൃദയപൂര്‍വം സ്വീകരിച്ചു.
കടുത്ത പരീക്ഷണങ്ങള്‍ വിശുദ്ധാത്മാക്കളുടെ ജീവിതത്തില്‍ കാണുന്നതുപോലെ കൂനമ്മാവിലെ ബോര്‍ഡിങ്ങിലെ ജീവിതം അഗ്നിപരീക്ഷണംതന്നെയായിരുന്നു. വിവിധ രോഗങ്ങളിലൂടെ ചികിത്സാര്‍ത്ഥം വീട്ടിലേക്ക് മടക്കി അയയ്ക്കുന്നതിലൂടെയും റോസയെ ഈശോ അഗ്നിശുദ്ധിക്ക് വിധേയമാക്കുകയായിരുന്നു. തന്റെ ആഗ്രഹപൂര്‍ത്തീകരണം നടക്കുമോ എന്നുപോലും ചില സന്ദര്‍ഭങ്ങളില്‍ റോസയ്ക്ക് തോന്നിയിരുന്നു. ആരോഗ്യം മെച്ചപ്പെടുമ്പോഴേക്കും അവള് വീട്ടില്‍നിന്ന് കൂനമ്മാവിലേക്ക് സസന്തോഷം ഓടിവരുമായിരുന്നു. ബോര്‍ഡിങ്ങിലായിരുന്നപ്പോള്‍ രോഗീലേപനം നല്കത്തക്കവിധം രോഗം മൂര്‍ഛിച്ചു. മഠത്തിലെ മുതിര്‍ന്ന കന്യാസ്ത്രീകള്‍ അവള് മരണത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് ന്യായമായും കരുതി. പക്ഷേ പിന്നീട് റോസയില്‍ അവര്‍ കണ്ട ഭാവഭേദങ്ങള്ക്കുശേഷം രോഗലക്ഷണങ്ങളൊക്കെ അപ്രത്യക്ഷമായി, വൈകാതെ പൂര്‍ണാരോഗ്യവതിയായി. കുട്ടിക്ക് എന്തോ ദര്‍ശനം ലഭിച്ചതായി മുതിര്‍ന്ന കന്യാസ്ത്രീകള്‍ക്ക് തോന്നുകയാല്‍ അവര്‍ റോസയില്‍നിന്ന് കാര്യങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ ശ്രമിച്ചു. മദര്‍ ആഞ്ജസിനോടുമാത്രം റോസ തന്റെ തിരുക്കുടുംബദര്ശനവിവരം രഹസ്യമായി പങ്കുവച്ചു. ഇത് സന്യാസത്തിലേക്കുള്ള എന്‍.ഒ.സി ആയി ഭവിച്ചു.
അപ്പോഴേക്കും തൃശൂര്‍ വികാരിയത്ത് സ്ഥാപിതമായിരുന്നു. ബിഷപ് ജോണ്‍ മേനാച്ചേരി രൂപതാതിര്‍ത്തിക്കുള്ളില്‍ രൂപതയിലെ ആദ്യകന്യകമഠം (അമ്പഴക്കാട് സെന്റ് ജോസഫ്സ് കോണ്‍വെന്റ്) 1897 മെയ് ഒമ്പതിന് സ്ഥാപിച്ചു. അടുത്ത ദിവസം ഇരുപതുകാരിയായ റോസ ‘ഈശോയുടെ തിരുഹൃദയത്തിന്റെ സിസ്റ്റര്‍ എവുപ്രാസ്യ’ എന്ന പേരില്‍ സി.എം.സി സഭാപ്രവേശനം നടത്തി. വിശുദ്ധയായ ഒരു കന്യാസ്ത്രീയായി ജീവിക്കണമെന്ന ഉല്‍ക്കടമായ അഭിലാഷത്തിന്റെ ആദ്യഘട്ടം അങ്ങനെ പൂര്‍ത്തിയായി.
ഈശോയുടെ ഹിതമറിഞ്ഞ് പ്രവര്‍ത്തിക്കാനുള്ള മാര്‍ഗമായിരുന്നു ആ യുവകന്യാസ്ത്രീയ്ക്ക് പ്രാര്‍ത്ഥന. വാതരോഗം ബാല്യംമുതല്‍ റോസയ്ക്ക് ഉണ്ടായിരുന്നു. അതിന്റെ ഭാഗമായി പനി, പേശി വലിച്ചില്, കഠിനമായ വേദന എന്നിവയും അഗ്നിപരീക്ഷണങ്ങള്തന്നെയായിരുന്നു. എങ്കിലും അടുക്കളയില്‍ ജോലികള്‍ക്കൊപ്പം രഹസ്യമായ ഉപവാസവും പ്രായശ്ചിത്തങ്ങളും തീവ്രദാഹത്തോടെ പരിശുദ്ധ അമ്മവഴി ഈശോയ്ക്ക് സമര്‍പ്പിച്ചിരുന്നു. സ്വന്തം സഹനം വര്‍ധിപ്പിക്കാനും അത് സഹിക്കാനുള്ള ഉള്‍ക്കരുത്തിനും തുടര്‍ച്ചയായി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. മഠത്തില്‍ ചേര്‍ന്ന് നാലുമാസമായപ്പോഴേക്കും രോഗം മൂര്‍ഛിച്ച് അന്ത്യകൂദാശ നല്കുന്ന ഘട്ടംവരെയെത്തിയെങ്കിലും ദൈവിക ഇടപെടലുകള്‍ അവിടെയും അത്ഭുതസൗഖ്യം നല്കി. മറ്റ് പല വിശുദ്ധര്ക്കുമെന്നപോലെ എവുപ്രാസ്യയ്ക്കും പിശാചിന്റെ ആക്രമണങ്ങളും ഉണ്ടാകുമായിരുന്നു. 1900-ത്തില്‍ ഒല്ലൂര്‍ സെന്റ് മേരീസ് കര്മലീത്തമഠം സ്ഥാപിതമായപ്പോള്‍ സിസ്റ്റര്‍ എവുപ്രാസ്യയും ഏതാനും കന്യാസ്ത്രീകളും ഒല്ലൂര്‍ മഠത്തിലേക്ക് നിയോഗിക്കപ്പെട്ടു. പിന്നീട് അവിടെ ആരംഭിച്ച നവസന്യാസികളുടെ ശ്രേഷ്ഠത്തിയായി നിയമിക്കപ്പെട്ടു. അച്ചടക്കവും ആത്മീയതയും കൈമുതലായ ഗുരുത്തിയമ്മ നവസന്യാസികളിലും തന്റെ തീക്ഷ്ണത വളര്‍ന്നു കാണാന്‍ അല്പം കാര്‍ക്കശ്യത്തോടെതന്നെ പരിശ്രമിച്ചിരുന്നു. ആത്മാര്ത്ഥതയുള്ളവര്ക്കാണല്ലോ ജീവിതത്തില്‍ തീക്ഷ്ണതയുണ്ടാകുക. ചില അര്‍ത്ഥിനികള്‍ക്ക് ഇത് അത്ര ഇഷ്ടപ്പെട്ടില്ലെങ്കിലും പിന്നീട് കാര്‍ക്കശ്യത്തിന്റെ ആവശ്യകത, പ്രത്യേകിച്ചും പരിശീലനത്തില്‍ അത്യന്താപേക്ഷിതമാണെന്ന തിരിച്ചറിവിലേക്ക് വന്നു. 1913-ല്‍ ഒല്ലൂര്‍ സെന്റ് മേരീസ് കോണ്‍വെന്റിന്റെ മദര്‍ സുപ്പീരിയറായി സിസ്റ്റര്‍ എവുപ്രാസ്യ നിയമിതയായി. തീക്ഷ്ണമതിയായ മഠാധിപതിയുടെ ആത്മീയ നിലവാരത്തിലേക്ക് അംഗങ്ങള്‍ക്ക് ഉയരാന്‍ ബുദ്ധിമുട്ടായിരുന്നു. അപ്പോഴൊക്കെ സാധാരണക്കാരിയാകാന്‍ എവുപ്രാസ്യാമ്മ വിനയം കാണിച്ചിരുന്നു – അധികാരികളോടും സഹസന്യാസിനിമാരോടും.
ഇതിനിടയില്‍ സ്വന്തം തറവാട് സാമ്പത്തികമായി ക്ഷയിച്ചു. വിവരങ്ങള്‍ സഹോദരിയോട് പറയാനെത്തിയ കുടുംബാംഗങ്ങളോട് എവുപ്രാസ്യാമ്മ നല്കിയ ഉപദേശം ആധുനികയുഗത്തിലെ സമര്‍പ്പിതര്‍ക്കും വിശ്വാസികള്‍ക്കും വഴികാട്ടിയാണ്: ”പണം പോയാലും പുണ്യം പോകരുത്.” ഇതിന്റെയെല്ലാം അഭാവം സൃഷ്ടിക്കുന്ന തിക്താനുഭവങ്ങള്‍ ഇന്ന് കുറച്ചൊന്നുമല്ലല്ലോ!
1952 ആഗസ്റ്റ് 29 വരെ രോഗത്തിന്റെയും പിന്നീട് വാര്ധക്യത്തിന്റെയും ക്ഷീണവും വേദനകളും തുടര്‍ന്നു. അഗ്നിപരീക്ഷണത്തില്‍ വിജയം വരിച്ച എവുപ്രാസ്യാമ്മ അന്ന് ശാന്തമായി കര്‍ത്താവില്‍ വിലയം പ്രാപിച്ചു – ‘മരിച്ചാലും മറക്കില്ല’ എന്ന് അമ്മ പലപ്പോഴും മൊഴിഞ്ഞിരുന്നതിന്റെ നേര്‍സാക്ഷ്യമായിരുന്നു നാമകരണത്തിന് കാരണമായ രോഗശാന്തിയും കബറിടത്തില്‍ കാണുന്ന പ്രാര്ത്ഥനാസമൂഹവും. വിശുദ്ധ എന്ന നാമകരണത്തിന് ഈശോതന്നെയാണ് ഭൂമിക തയാറാക്കിയതെന്ന് നാമകരണവുമായി ബന്ധപ്പെട്ട പലരും പ്രത്യേകിച്ച് പരേതയായ സിസ്റ്റര്‍ ക്ലിയോപാട്രയും വിശ്വസിക്കുന്നു. മേനാച്ചേരി പിതാവിന് എവുപ്രാസ്യാമ്മ എഴുതിയ കത്തുകള്‍ പിതാവിന്റെ മരണശേഷവും കരുതലോടെ സൂക്ഷിച്ച മാര്‍ ജോര്‍ജ് ആലപ്പാട്ട് പിതാവ് വിരമിക്കുന്നതിനുമുമ്പ് പ്രൊവിന്‍ഷ്യല്‍ മദര്‍ ജോര്‍ജിയയ്ക്ക് കൈമാറിയ കത്തുകള്‍ വിശുദ്ധ പദവി പ്രഖ്യാപനത്തിന് വളരെ സഹായകരമായി എന്നത് ഒരു ചരിത്രവസ്തുതയാണ്.
ഒല്ലൂര്‍ സെന്റ് മേരീസ് മഠത്തിന്റെ പ്രധാന അള്‍ത്താരയില്‍ പ്രതിഷ്ഠിതമായ കന്യകാമറിയത്തിന്റെ തിരുസ്വരൂപത്തെ നോക്കി സദാസമയവും പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന എവുപ്രാസ്യാമ്മ ലോകത്തിന് പ്രത്യേകിച്ച് സമര്‍പ്പിതര്‍ക്ക് ഇന്നും നല്കുന്ന സന്ദേശം പ്രസക്തമാണ്: നിങ്ങള്‍ എന്തെല്ലാം ചെയ്യണം, എന്തെല്ലാം ചെയ്യരുത്. ഈ മാര്‍ഗനിര്‍ദേശത്തിന്റെ പ്രസക്തിക്ക് കാലദേശ വ്യത്യാസങ്ങളില്ല.
ഫാ. ഡോ.ഫ്രാന്‍സിസ് ആലപ്പാട്ട്
Leave a Comment
Your email address will not be published. Required fields are marked with *