Follow Us On

29

May

2020

Friday

സ്‌നേഹത്തിന്റെ കാവല്‍ക്കാരന്‍ ഓര്‍മ്മയായി

സ്‌നേഹത്തിന്റെ കാവല്‍ക്കാരന്‍ ഓര്‍മ്മയായി

കോഴിക്കോട് പുതിയ ബസ്സ്റ്റാന്റിന് സമീപമുള്ള സെന്റ് പോള്‍സ് ബുക്ക് സ്റ്റാളിലേക്ക് പ്രവേശിക്കുന്ന ഏതൊരാളെയും സഹര്‍ഷം സ്വാഗതം ചെയ്ത് നിറഞ്ഞചിരിയുമായി ഒരാളവിടെ ഉണ്ടായിരുന്നു, ബ്രദര്‍ ആന്റണി പൊട്ടനാനി എന്ന സന്യാസസഹോദരന്‍.
പുസ്തകങ്ങള്‍ പരിചയപ്പെടുത്തിക്കൊണ്ട് അദേഹം നമുക്കൊപ്പം നിന്ന് വിശേഷങ്ങള്‍ അന്വേഷിച്ച് സ്‌നേഹംകൊണ്ട് പൊതിയും.
എന്നാല്‍ ഇനി ആ സഹോദരനെ അവിടെക്കാണാനാവില്ല. അദേഹം നിത്യതയിലേക്ക് പ്രവേശിച്ചിട്ട് ഒരുമാസമായി.
ബ്രദര്‍ഹുഡ് ജീവിതത്തില്‍ അര നൂറ്റാണ്ട് പൂര്‍ത്തിയാക്കിയ ഇദ്ദേഹം മാധ്യമപ്രേഷിതത്വം കാരിസമായി സ്വീകരിച്ചുകൊണ്ട്, 1914-ല്‍ വടക്കന്‍ ഇറ്റലിയിലെ ആല്‍ബായില്‍ ഫാ. ജയിംസ് ആല്‍ബേരിയോണ സ്ഥാപിച്ച സൊസൈറ്റി ഓഫ് സെന്റ് പോള്‍സില്‍ അംഗമായി.
കാഞ്ഞിരപ്പള്ളി രൂപത, ആനിക്കാട് സെന്റ് മേരീസ് ഇടവകയില്‍ പൊട്ടനാനി ജോസഫ്- അന്നമ്മ ദമ്പതികളുടെ മകനായിരുന്നു അദേഹം. മുദ്രണാലയങ്ങളിലൂടെയും പുസ്തകശാലകളിലൂടെയും സൊസൈറ്റി അംഗങ്ങള്‍ നിശബ്ദമായി നടത്തുന്ന പ്രേഷിതവേലയില്‍ പങ്കാളിയാകാനുള്ള ദൈവവിളി ലഭിച്ചതോടെയാണ്്അദേഹം സഭാംഗത്വം സീകരിക്കുന്നത്. അത് തീര്‍ത്തും യാദൃശ്ചികം. 1957-ല്‍ ഫാ. ചാക്കോ മണിയങ്ങാട്ട് എന്ന വൈദികന്‍ പൊട്ടനാനി കുടുംബം സന്ദര്‍ശിക്കാനെത്തി.
20 വയസ് പൂര്‍ത്തിയായ ആന്റണി വീട്ടിലെ കൃഷിപ്പണികളുമായി കഴിയുകയായിരുന്നു. അക്കാലത്ത് 16-17 വയസാകുമ്പേഴേക്കും ആണ്‍കുട്ടികള്‍ വിവാഹിതരാകും. ഇരുപതാം വയസിലും അവിവാഹിതനായി തുടരുന്ന ആന്റണിയോട് ഫാ. ചാക്കോ മണിയങ്ങാട്ട് സംസാരിച്ചു. വൈദികനാകാനുള്ള തന്റെ ആഗ്രഹം അദ്ദേഹം അച്ചനോട് പങ്കുവച്ചു. എന്നാല്‍ 20 വയസും എട്ടാം ക്ലാസ് മാത്രം വിദ്യാഭ്യാസവുമുള്ള ആന്റണിയുടെ ആഗ്രഹം സഫലമാകാന്‍ സാധ്യതയില്ലെന്നായിരുന്നു അച്ചന്റെ അഭിപ്രായം.
പക്ഷേ ആന്റണിയുടെ താല്പര്യവും ആത്മാര്‍ത്ഥതയും തിരിച്ചറിഞ്ഞ ഫാ. മണിയങ്ങാട്ട് ഹൈദരാബാദിലുള്ള സൊസൈറ്റി അധികൃതര്‍ക്ക് എഴുതുകയും ആന്റണിയുടെ പ്രായക്കൂടുതലും വിദ്യാഭ്യാസക്കുറവും പരിഗണിക്കാതെ അദ്ദേഹത്തെ അലഹബാദ് സെമിനാരിയിലേക്ക് സ്വീകരിക്കുകയും ചെയ്തു. അങ്ങനെ 1957-ല്‍ സെമിനാരിയില്‍ ചേരുകയും 1960-ല്‍ നൊവിഷ്യേറ്റില്‍ പ്രവേശിക്കുകയും ചെയ്തു. 1962-ല്‍ വ്രതവാഗ്ദാനം നടത്തി.
കൂദാശകള്‍ പരികര്‍മ്മം ചെയ്യുന്നതൊഴികെ വൈദികനടുത്ത മറ്റെല്ലാ ശുശ്രൂഷകളും ചെയ്യാന്‍ അധികാരമുള്ള ബ്രദേഴ്‌സായി സേവനം ചെയ്യാന്‍ തയ്യാറുള്ള ധാരാളം ആളുകള്‍ സൊസൈറ്റിയിലുണ്ടായിരുന്നു. ആന്റണി പൊട്ടനാനിയും ബ്രദറെന്ന നിലയില്‍ അങ്ങനെ ശുശ്രൂഷ ചെയ്യാന്‍ നിയോഗിക്കപ്പെട്ടു.
മുംബൈയിലെ സെന്റ് പോള്‍ സൊസൈറ്റി ആശ്രമത്തിന്റെ കീഴിലുള്ള പുസ്തകശാലയിലായിരുന്നു ആദ്യ നിയമനം. 11 വര്‍ഷം അവിടെ സേവനം ചെയ്ത ബ്ര. ആന്റണി 1973-ല്‍ മദ്രാസിലെത്തി. ഉപരിപഠനാര്‍ത്ഥം 1984-ല്‍ റോമിലേക്ക് പോകും വരെ അവിടെ തുടര്‍ന്നു. പഠനശേഷം മദ്രാസില്‍ തിരിച്ചെത്തിയ ആന്റണി 2008-ലാണ് കോഴിക്കോട് എത്തുന്നത്.
അന്നുമുതല്‍ കോഴിക്കോട് നഗരഹൃദയത്തിന്റെ സ്പന്ദനമായിരുന്നു അദേഹം. എല്ലാ മേഖലയിലും നിരവധി സുഹൃത്തുക്കള്‍. അവരെയെല്ലാം അദേഹം സ്‌നേഹം കൊണ്ട് ആകര്‍ഷിച്ചു. ഇല്ല ഇനി നമുക്ക് ആ സ്‌നേഹത്തിന്റെ മാധുര്യം ആസ്വദിക്കാനാവില്ല എന്ന ദുഃഖം കോഴിക്കോട് സെന്റ് പോളില്‍ കയറുന്ന ഓരോരുത്തരും ഇന്നും പറയുന്നു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?