Follow Us On

17

February

2020

Monday

പെരുമ്പാമ്പും പുലിയുമൊക്കെ വീട്ടിലേക്കിറങ്ങി വന്നകാലം

പെരുമ്പാമ്പും പുലിയുമൊക്കെ  വീട്ടിലേക്കിറങ്ങി വന്നകാലം

ദൈവത്തിന്റെ പരിപാലനയില്‍ നൂറ്റിരണ്ടു വര്‍ഷം ഈ ഭൂമിയില്‍ ജീവിക്കാന്‍ അനുവദിച്ച ദൈവത്തിന് നന്ദി പറഞ്ഞുകൊണ്ട് മക്കളുടെയും കൊച്ചുമക്കളുടെയും മരുമക്കുളുടെയും സ്‌നേഹം അനുഭവിച്ച് വിശ്രമജീവിതം നയിക്കുകയാണ് പേമല ജോസഫ്‌ചേട്ടന്‍.
അതിരമ്പുഴ ഇടവകയിലെ പരേതരായ പേമല ഔസേഫ്-അന്നമ്മ ദമ്പതികളുടെ മകനായ ജോസഫ്‌ചേട്ടന്‍ 1918 ജനുവരി 22-നാണ് ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസം ലഭിച്ച ജോസഫിന് കൃഷിയോടായിരുന്നു കൂടുതല്‍ താല്‍പര്യം. അതിനാല്‍ കൂടുതല്‍ മണ്ണുതേടി 1950 ഒക്‌ടോബറില്‍ കുടുംബസമേതം മലബാറില്‍ വന്നു. പേരാവൂരുനിന്ന് ഏകദേശം ഏഴുകിലോമീറ്റര്‍ അകലെ മേല്‍മുരിങ്ങോടി എന്ന സ്ഥലത്ത് പന്തിരുവേലില്‍ വക്കച്ചനോടൊപ്പമാണ് എത്തിച്ചേര്‍ന്നത്. നേരത്തെതന്നെ പന്തിരുവേലിക്കാര്‍ ഇവിടെവന്ന് കുറെ സ്ഥലം സ്വന്തമാക്കിയിരുന്നു. അതില്‍നിന്ന ഒരേക്കര്‍ സ്ഥലം ജോസഫ്‌ചേട്ടന് സൗജന്യമായി നല്‍കി. ഇവിടെ ചെറിയ കുടില്‍ കെട്ടി താമസിച്ചുകൊണ്ട് കൃഷിപ്പണി തുടങ്ങി. പന്തിരുവേലിക്കാരുടെ പറമ്പില്‍ പണിയെടുക്കുന്നതോടൊപ്പം സ്വന്തം പറമ്പിലും പണിയെടുത്തു.
അക്കാലത്ത് ആ പ്രദേശം മുഴുവന്‍ കൊടുംകാടായിരുന്നു. പന്നി, കടുവ തുടങ്ങിയ വന്യമൃഗങ്ങളുടെ ശല്യമുണ്ടായിരുന്നു. കപ്പ, ചേന, ചേമ്പ് മുതലായവ കൃഷി ചെയ്തിരുന്നെങ്കിലും കാട്ടുമൃഗങ്ങളുടെ ശല്യം മൂലം കാവല്‍കിടന്ന് അവയെ ഓടിക്കണമായിരുന്നു. രണ്ടായിരംമൂട് കപ്പയിട്ടാല്‍ ഇരുന്നൂറ് മൂട് കപ്പയാണ് കിട്ടുക. ബാക്കി പന്നിയും മറ്റു മൃഗങ്ങളും നശിപ്പിക്കും. എങ്കിലും ഇരുന്നൂറ് മൂട് കപ്പയില്‍നിന്ന് 200 തുലാം കപ്പക്കിഴങ്ങ് ലഭിച്ചിരുന്നു. ഒരു തുലാം എന്നത് 10 കിലോയാണ്. കപ്പ വാട്ടി ഭക്ഷണത്തിനുള്ളത് കഴിച്ച് ബാക്കി വില്‍ക്കും. ഭക്ഷ്യവിളകളോടൊപ്പം നാണ്യവിളയായ കുരുമുളക് പിടിപ്പിച്ചു. കഷ്ടപ്പെട്ട് കൃഷി ചെയ്ത് പണമുണ്ടാക്കി പല തവണയായി ഇരുപതേക്കര്‍ സ്ഥലം വാങ്ങി. ജന്മിമാരില്‍നിന്നാണ് സ്ഥലം വാങ്ങിയത്. ഒരേക്കര്‍ സ്ഥലത്തിന് 250 രൂപവരെയായിരുന്നു അക്കാലത്തെ വില. പിന്നീട് തെങ്ങ്, കമുക്, കശുമാവ്, മാവ്, റബര്‍ തുടങ്ങിയവ കൃഷി ചെയ്തു.
അന്ന് അവശ്യസാധനങ്ങള്‍ വാങ്ങാന്‍ പേരാവൂര്‍ ടൗണില്‍ പോകണമായിരുന്നു. പേരാവൂര്‍-ഇരിട്ടി റോഡാണ് അന്നുള്ളത്. മുരിങ്ങോടിയല്‍നിന്ന് മേല്‍മുരിങ്ങോടിയിലേക്ക് നടപ്പാത. ചുറ്റും കാട്. അവിടവിടെ കുറെ കുടുംബക്കാര്‍ താമസമുണ്ടായിരുന്നു. പിന്നീട് കൂടുതല്‍ പേര്‍ വന്നുചേര്‍ന്നു. ഒരുദിവസം വീട്ടുസാധനങ്ങള്‍ വാങ്ങി ഈ നടപ്പാതയിലൂടെ വരികയായിരുന്നു. വീടിനടുത്തെത്താറായപ്പോള്‍ വഴിയില്‍ത്തന്നെ ഒരു കടുവ. രാത്രിയായി, നിലാവെളിച്ചമുണ്ട്. ഒച്ച വച്ചിട്ടും കടുവ അനങ്ങുന്നില്ല. ശരീരത്തില്‍ വിറയല്‍. തൊട്ടടുത്തുള്ള ഒരു മരത്തിന്റെ മുകളിലേക്ക് കയറി ഒച്ചവച്ചു. കടുവ പോകുന്നില്ല. അമ്മ പറഞ്ഞ കാര്യം ഓര്‍ത്തു. ‘മാതാവിനോട് പ്രാര്‍ത്ഥിച്ചാല്‍ അപകടം മാറുമെന്ന്.’ ചെറുപ്പംമുതല്‍ മാതാവിനോട് ഭക്തിയായിരുന്നു. മരത്തിന്റെ മുകളിലിരുന്ന് മാതാവിനോട് പ്രാര്‍ത്ഥിച്ചു.
കുറെ കഴിഞ്ഞപ്പോള്‍ കടുവ അവിടെനിന്നും എഴുന്നേറ്റ് വളര്‍ന്ന് പൊങ്ങിനില്‍ക്കുന്ന പുല്ലിന്റെ ഇടയിലൂടെ അകലേക്ക് പോയപ്പോഴാണ് മരത്തില്‍നിന്നിറങ്ങിയത്. ചിലപ്പോഴൊക്കെ പെരുമ്പാമ്പ് പുരയുടെ മുകളില്‍ കയറുമായിരുന്നു. എല്ലാ ആപത്തുകളില്‍നിന്നും ദൈവമാണ് രക്ഷിച്ചത്. ആദ്യമൊക്കെ പേരാവൂര്‍ ഇടവകപ്പള്ളിയിലാണ് കുര്‍ബാനയ്ക്ക് പോയിരുന്നത്. പിന്നീട് പെരുമ്പുന്നയില്‍ പള്ളിയായപ്പോള്‍ ആ ഇടവകക്കാരനായി. പെരുമ്പുന്ന ഇടവകയില്‍ 25 വര്‍ഷം കൈക്കാരനായി ഇടവകയുടെ സമഗ്ര പുരോഗതിക്കുവേണ്ടി പ്രവര്‍ത്തിച്ചു. ഇക്കാലയളവില്‍ മുരിങ്ങോടിയില്‍നിന്ന് മേല്‍മുരിങ്ങോടിയിലേക്കും അവിടെനിന്ന് മുഴക്കുന്നിലേക്കുമുള്ള റോഡിന്റെ നിര്‍മാണം നടത്താന്‍ ശ്രമിച്ചു. കൈക്കാരനായിരിക്കെ നാടിന്റെ പുരോഗതിക്കുവേണ്ടിയും പ്രവര്‍ത്തിച്ചു.
കൂടാതെ മേല്‍മുരിങ്ങോടിയില്‍ ഒരു പള്ളിക്കുവേണ്ടിയുള്ള ശ്രമവും ആരംഭിച്ചു. 1972-73 കാലത്ത് ഫാ. ജോസഫ് കണിയാമറ്റം പെരുമ്പുന്ന വികാരിയായപ്പോള്‍ മേല്‍മുരിങ്ങോടിയില്‍ പള്ളിക്കുവേണ്ടി 66 സെന്റ് സ്ഥലം റോഡരികില്‍ സൗജന്യമായി നല്‍കി. പിന്നീട് ചെറിയ ഷെഡ് കെട്ടി ആഴ്ചയിലൊരിക്കല്‍ വിശുദ്ധ ബലിക്കുള്ള അവസരമൊരുക്കി. ഇപ്പോള്‍ പുതിയ പള്ളി പൂര്‍ത്തിയായി വരുന്നു. അമലോത്ഭവ മാതാവിന്റെ നാമത്തിലാണ് പള്ളി.
പേരാവൂര്‍, കൊട്ടിയൂര്‍ പ്രദേശങ്ങളിലും ഇതര സ്ഥലങ്ങളിലുമായി നൂറിലധികം കിണറിന് സ്ഥാനം നിര്‍ണയിച്ചിട്ടുണ്ട്. മാനന്തവാടി ഭാഗത്തുനിന്നുപോലും ആളുകള്‍ കിണറിന്റെ സ്ഥാനനിര്‍ണയത്തിന് കൂട്ടിക്കൊണ്ടുപോകുമായിരുന്നു. കിണറിന് സ്ഥാനം കാണുന്നതെങ്ങനെയെന്ന് ജോസഫ്‌ചേട്ടന്‍ വിവരിച്ചു: ‘കിണറിന് സ്ഥാനനിര്‍ണയം നടത്താനുള്ള സ്ഥലം ആദ്യം നടന്നു കാണും. പിന്നീട് പ്രത്യേക സ്ഥലത്ത് വന്നുനിന്ന്, മാതൃഭക്തനായ അദ്ദേഹം കുറെനേരം കണ്ണടച്ചുനിന്ന് മാതാവിനോട് പ്രാര്‍ത്ഥിക്കും.
അങ്ങനെ എത്രസമയം പ്രാര്‍ത്ഥനയിലായിരിക്കുമെന്നറിയില്ല. കുറെ കഴിയുമ്പോള്‍ മനസിന് നല്ല ഉന്മേഷമുണ്ടാവുകയും ശരീരത്തില്‍ ഒരു ശക്തി നിറയുകയും ചെയ്യുന്ന അനുഭവം ഉണ്ടാകും. ആ സമയം കണ്ണുതുറന്ന് കിണര്‍ നിര്‍മിക്കാനുള്ള കൃത്യസ്ഥാനം കാണിച്ചുകൊടുക്കുകയും അവിടെ കുറ്റിയടിക്കുകയും ചെയ്യും. കിണറിന്റെ ആഴവും നിര്‍ണയിക്കും. ഒരിക്കല്‍പോലും ഇതില്‍ തെറ്റു പറ്റിയിട്ടില്ല.
1960-ലാണ് ഓടിട്ട വീട് പണിതത്. വീടുപണിക്കുള്ള തടികളെല്ലാം കാട്ടില്‍നിന്ന് സ്വന്തമായി മുറിച്ചെടുത്ത് ഉരുപ്പടികള്‍ അറുത്തെടുത്ത് സ്വയം ചുമന്നെത്തിക്കുകയായിരുന്നു. കൂടാതെ വീടിനുവേണ്ടി മാതാവിനോട് പ്രാര്‍ത്ഥിച്ച് സ്വന്തമായി സ്ഥാനനിര്‍ണയവും നടത്തി.
ഇപ്പോഴും ആ വീട് യാതൊരു കേടും കൂടാതെ സ്ഥിതിചെയ്യുന്നു. പറമ്പിലെ കൃഷിപ്പണികള്‍ കൂടുതല്‍ സ്വന്തം കൈകൊണ്ട് ചെയ്തതാണ്. ഏതു കൃഷിയും വളരെ വൈദഗ്ധ്യത്തോടെയാണ് അദേഹം ചെയ്തിരുന്നത്. ഇപ്പോള്‍ വാര്‍ധക്യസഹജമായ ചില രോഗങ്ങള്‍ അലട്ടുന്നുണ്ട്.
1939-ലായിരുന്നു വിവാഹം. ഭാര്യ ഏലിയാമ്മ. ആറ് പെണ്ണും നാല് ആണുമായി പത്ത് മക്കളുണ്ട്. നാട്ടില്‍നിന്ന് മേല്‍മുരിങ്ങോടിയിലേക്ക് വരുമ്പോള്‍ ആറും രണ്ടും വയസുള്ള രണ്ട് മക്കളാണുണ്ടായിരുന്നത്. ഇപ്പോള്‍ അല്ലലില്ലാതെ സന്തോഷത്തോടെ വിശ്രമിക്കുന്നു.

വര്‍ഗീസ് മൂര്‍ക്കാട്ടില്‍

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?