അതിമഴ, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, പ്രളയം. രണ്ടുവര്‍ഷത്തോളമായി കേരളീയര്‍ കാണുന്ന പ്രതിഭാസം. അത് ഉണ്ടാക്കിയ ദുരന്തങ്ങള്‍ അതിഭയങ്കരം. മനുഷ്യരുടെയും ജീവജാലങ്ങളുടെയും മരണം. മരങ്ങള്‍ കഴ പുഴകി. മണ്ണൊലിച്ചുപോയി. വീടുകള്‍ തകര്‍ന്നു. കൃഷിയിടങ്ങള്‍ ഇല്ലാതായി. ഗവണ്മെന്റിനും സ്ഥാപനങ്ങള്‍ക്കും കുടുംബങ്ങള്‍ക്കും വലിയ സാമ്പത്തിക പ്രതിസന്ധി ഉണ്ടായി. ഇതുമായി ബന്ധപ്പെട്ട് അന്നുമുതല്‍ ധാരാളം ചര്‍ച്ചകളും അഭിപ്രായപ്രകടനങ്ങളും കുറ്റാരോപണങ്ങളും നടക്കുന്നുണ്ട്. അച്ചടി, ദൃശ്യ, സാമൂഹ്യ മാധ്യമങ്ങളിലെല്ലാം ഇവ നിറയുന്നു.
ഒട്ടനവധി ലേഖനങ്ങളിലും ചര്‍ച്ചകളിലും സാമൂഹ്യമാധ്യമ പരാമര്‍ശങ്ങളിലും ഇതിനെല്ലാം കാരണമായി പറയുന്നത് കുടിയേറ്റവും കുടിയേറ്റക്കാരുടെ പ്രവൃത്തികളുമാണ്. അവര്‍ കെട്ടിടം പണിയാനും കൃഷി ചെയ്യാനും മണ്ണ് ഇളക്കുന്നു. പാറ പൊട്ടിക്കുന്നു. റിസോര്‍ട്ടുകള്‍ പണിയുന്നു. ഇതെല്ലാംമൂലം ഭൂമിക്ക് പ്രകമ്പനം ഉണ്ടാകുന്നു. അതുമൂലം മണ്ണിന് അടിയിലുള്ള പാറയുമായുള്ള പിടുത്തം വിടുന്നു. മണ്ണിളക്കുന്നതുമൂലവും മരം വെട്ടുന്നതുമൂലവും ധാരാളം വെള്ളം ഭൂമിയ്ക്കടിയിലേക്ക് ഇറങ്ങുന്നു. ഈ വെള്ളമെല്ലാം വലിച്ചെടുക്കാന്മാത്രം മണ്ണില്ല. അതിനാല്‍ വെള്ളം കൂടുമ്പോള്‍ മണ്ണും പാറയുമായുള്ള ബന്ധം വിട്ട് മണ്ണ് ഊര്‍ന്നുപോകുന്നു, ഉരുള്‍പൊട്ടുന്നു. ഈ കാര്യങ്ങളിലെല്ലാം ഒരു ശാസ്ത്രീയ അടിത്തറ ഉണ്ടായിരിക്കണം. അതിനാല്‍ വിദഗ്ധര്‍ പറയുന്ന വിലപ്പെട്ട ഉപദേശങ്ങള്‍ക്ക് ചെവി കൊടുക്കുകയും വേണം. ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ടത് ചെയ്യണം.
ഈ വിഷയവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വായിക്കുകയും കേള്‍ക്കുകയും ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ചില സംശയങ്ങള്‍ ഉന്നയിക്കട്ടെ. പശ്ചിമഘട്ടത്തിലെ മലയോരങ്ങളില്‍ മണ്ണിടിഞ്ഞതും ഉരുള്‍പൊട്ടിയതും മാത്രമല്ലല്ലോ ഈ നാളുകളില്‍ ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങള്‍? അങ്ങ് അമേരിക്കയില്‍ കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം വലിയ മഴയും ചുഴലിയും മറ്റും ഉണ്ടായി വലിയ നാശങ്ങള് സംഭവിച്ചു. ബോംബെയിലും മറ്റും എല്ലാ വര്‍ഷവും ശക്തമായ മഴയും വെള്ളപ്പൊക്കവുമാണ്. കര്‍ണാടക, തമിഴ്നാട് തുടങ്ങിയ അയല്‍ സംസ്ഥാനങ്ങളിലും മറ്റുപല ഇന്ത്യന്‍ സംസ്ഥാനങ്ങളിലും അതിമഴയും പ്രളയവും ഉണ്ടായി. ഗള്‍ഫ് നാടുകളിലും ചിലപ്പോള്‍ വലിയ മഴയും പ്രളയവും ഉണ്ടാകുന്നതായി വാര്‍ത്തകള്‍ വരുന്നു. അപ്പോള്‍ ഈ പറഞ്ഞ പ്രതിഭാസങ്ങളെല്ലാം ഉണ്ടായത് കേരളത്തിലെ പശ്ചിമഘട്ടത്തിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടാണോ? കുടിയേറ്റക്കാര്‍ കൃഷി ചെയ്യുവാനും താമസിക്കുവാനും പശ്ചിമഘട്ട പ്രദേശങ്ങള്‍ ഉപയോഗിക്കുന്നതുകൊണ്ടാണോ ഈ പ്രശ്നങ്ങളെല്ലാം? അവര്‍ കൃഷി ചെയ്യുന്നതുകൊണ്ടും വീട് വയ്ക്കുന്നതുകൊണ്ടും ആണോ ഈ പ്രശ്നങ്ങളെല്ലാം? ആണെന്ന് വിചാരിക്കാന്‍ ഒരു ന്യായവും ഇല്ല. മറ്റെന്തോ പ്രതിഭാസങ്ങള്‍ ലോകത്തില്‍ സംഭവിക്കുന്നു എന്നതാണ് സത്യം. അതില്‍ ഏറ്റവും വലിയ പ്രതിഭാസം ആഗോളതാപനമാണ്. ഈ ആഗോളതാപനവര്ധനവിന് ആരാണ് കാരണക്കാര്‍? നമ്മള് എല്ലാവരുമാണ് എന്നതാണ് ശരിയുത്തരം. എന്നാല്‍ നമ്മള് എല്ലാവരുടെയും പങ്ക് ഒരുപോലെയല്ല. മഹാഭൂരിപക്ഷം മനുഷ്യരും ചെറിയ പങ്കേ വഹിക്കുന്നുള്ളൂ. വലിയ പങ്ക് വഹിക്കുന്നത് കുറച്ച് മനുഷ്യരാണ്. ഫാക്ടറികളിലൂടെ അന്തരീക്ഷത്തിലേക്ക് പുകയും ചൂടും വിടുന്നത് കുറച്ചുപേരാണ്. ആവശ്യത്തിനും അനാവശ്യത്തിനും വാഹനങ്ങള്‍ ഓടിച്ച് അന്തരീക്ഷത്തിലേക്ക് പുക വിട്ട് കാര്‍ബണ്‍ഡൈഓക്സൈഡിന്റെ അളവ് കൂട്ടുന്നത് വാഹന ഉടമകളായ കോടിക്കണക്കിന് മനുഷ്യരാണ്. അതിനാല്‍ പ്രകൃതിദുരന്തങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പശ്ചിമഘട്ടത്തിലെ കുറെ പാവം കര്‍ഷകര്‍മാത്രം വിചാരിച്ചാല്‍ പോരാ. ഈ പശ്ചാത്തലത്തില്‍ സത്യസന്ധമായ ചിന്തയ്ക്കുവേണ്ടി ചില ചോദ്യങ്ങള്‍ ചോദിക്കട്ടെ.
0 മലയോര മേഖലകളിലെ അധികം ക്വാറികളും ആരുടേതാണ്? കുടിയേറ്റക്കാരുടേതാണോ? അല്ല എന്നതല്ലേ സത്യം. ക്വാറിമാഫിയ എന്നൊക്കെയുള്ള പേരുകള്‍ നാം ഉപയോഗിക്കാറുണ്ടല്ലോ. ഈ ക്വാറിമാഫിയയുടെ കൂട്ടത്തില്‍ കുടിയേറ്റക്കാരും കാണും. പക്ഷേ ഭൂരിപക്ഷം ആരാണ്? അവര്‍ എവിടെ താമസിക്കുന്നവരാണ്? അവര്‍ക്ക് വേറെ എന്തെല്ലാം സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ഉണ്ട്? നഗരവാസികളല്ലേ അധികം ക്വാറികളുടെയും ഉടമകള്‍?
0 ഈ ക്വാറികളില്‍ പൊട്ടിച്ചെടുക്കുന്ന കല്ലെല്ലാം എങ്ങോട്ടാണ് പോകുന്നത്? കുറച്ച് കല്ല് മലയോരമേഖലകളില്‍ നിര്‍മാണത്തിനായി പോകുന്നുണ്ട്. പക്ഷേ ഭൂരിപക്ഷമോ? പട്ടണങ്ങളിലേക്കല്ലേ? തിരുവനന്തപുരത്തെയും എറണാകുളത്തെയും കൊച്ചിയിലെയും തൃശൂരെയും കോഴിക്കോട്ടെയും വന്‍കിട കെട്ടിടസമുച്ചയങ്ങള്‍ പണിയാന്‍ വേണ്ട കല്ലും പാറപ്പൊടിയും എവിടെനിന്ന് വന്നു? ടാര്‍ ചെയ്യുന്ന ഒരു റോഡ് അഞ്ച്-പത്ത് വര്‍ഷമെങ്കിലും കേടാകാതെ കിടക്കത്തക്കവിധം ടാര്‍ ചെയ്തിരുന്നെങ്കില്‍ത്തന്നെ എത്രമാത്രം കല്ലും ഭൂമിയുടെമേലുള്ള പ്രകമ്പനങ്ങളും കുറയ്ക്കാമായിരുന്നു?
0 നമ്മുടെ വലിയ അണക്കെട്ടുകള്‍ എല്ലാം മലയോരത്തല്ലേ? അങ്ങനെയേ പറ്റൂ താനും. അതിന് മലയോരമേഖലയില്‍നിന്ന് എത്ര കല്ല് പൊട്ടിച്ചു? ഭൂമിക്ക് എത്ര പ്രകമ്പനം ഉണ്ടാക്കി? ജലം അണക്കെട്ടില്‍ തങ്ങിനില്ക്കുമ്പോള് ഭൂമിയുടെമേല്‍ എത്ര മര്‍ദം ഉണ്ടാകും? കുടിയേറ്റക്കാരെ ഏറ്റവും വിമര്‍ശിക്കുന്ന ഒരു ചാനല്‍ പ്രതിനിധിയോട് ഇടുക്കി അണക്കെട്ടിന്റെ കാര്യം ഒരാള്‍ ചോദിച്ചപ്പോള്‍ പറഞ്ഞ മറുപടി ഭയങ്കര വിഡ്ഢിത്തരമായിരുന്നു. അത് സായിപ്പിന്റെ കാലത്ത് പണിതതല്ലേ. നമ്മള് എന്ത് ചെയ്യാനാ. ഇടുക്കി അണക്കെട്ടിന്റെ പണി തുടങ്ങിയത് 1969-ലും വെള്ളം നിറച്ച് തുടങ്ങിയത് 1973-ലും വൈദ്യുതി ഉല്പാദനം തുടങ്ങിയത് 1976-ലുമാണ്!
അതിനാല്‍ എന്തിനും ഏതിനും കുടിയേറ്റക്കാരെ കുറ്റം വിധിക്കരുത്. നമ്മള് എല്ലാവരുടെയും പങ്ക് ഈ പ്രതിഭാസത്തിന് പിന്നില്‍ ഉണ്ട് എന്ന് സമ്മതിക്കണം. അതില്‍ കൂടുതല്‍ പങ്ക് കുടിയേറ്റക്കാരുടേത് അല്ലെന്നും ചിന്തിക്കേണ്ടിയിരിക്കുന്നു. ഇന്ന് കാണുന്ന നഗരങ്ങളിലെ വയലുകളും ചതുപ്പ് നിലങ്ങളും തോടുകളും കുളങ്ങളും നികത്തിയത് മലയോര കര്‍ഷകര്‍ അല്ലല്ലോ. എല്ലാവരും സത്യം തിരിച്ചറിയണം. എന്നിട്ട് ഭൂമിയെ നിലനിര്‍ത്താന്‍, മനുഷ്യനും ജീവജാലങ്ങള്‍ക്കും താമസിക്കുവാന്‍ പറ്റിയ ഒരു സാഹചര്യം ഉണ്ടാക്കണം. അതിനോട് എല്ലാവരും സഹകരിക്കണം. കുടിയേറ്റക്കാരെ മാത്രം കുറ്റം പറഞ്ഞ് പോയതുകൊണ്ട് ഒന്നിനും പരിഹാരമാവില്ല.
ഫാ. ജോസഫ് വയലില്‍ CMI
Leave a Comment
Your email address will not be published. Required fields are marked with *