Follow Us On

19

February

2020

Wednesday

വഴുതുന്ന വഴിത്താരകളെ സ്വപ്നം കാണുന്നവരാകാതിരിക്കുക

വഴുതുന്ന വഴിത്താരകളെ സ്വപ്നം കാണുന്നവരാകാതിരിക്കുക

വീഡിയോ കാസറ്റിലുള്ള ഒരു സിനിമ നിങ്ങള്‍ കാണുന്നു, ഒരു കഥ. കാസറ്റ് റീവൈന്‍ഡ് ചെയ്ത് മറ്റൊരു കഥ നിങ്ങള്‍ക്കതില്‍ ടേപ്പു ചെയ്യാം. ഒരു പുതിയ കഥ. ടേപ്പിലേക്ക് പുതിയ കഥ കടന്നുവരുമ്പോള്‍ പഴയ കഥ, സംഭവങ്ങള്‍ മാഞ്ഞുപോകുന്നു.
പഴയതാകെ തേച്ചുമായ്ച്ച് ഒരിക്കല്‍ക്കൂടി ജീവിതമാരംഭിക്കാന്‍, ഒരു പുനര്‍ജന്മം തന്നെ നേടാന്‍ മോഹിക്കുന്ന അനേകര്‍ ഇന്ന് നമുക്കിടയിലുണ്ട്. ഒരു പുതിയ ബാല്യവും പുതിയ കൗമാരവും പുതിയ യൗവനവും ഇവരുടെ മനസിലെ സ്വപ്‌നങ്ങളാണ്. സാധ്യമല്ലെന്നറിയുമ്പോഴും ഇതിനായി ആഗ്രഹിച്ചുപോകുന്ന ഇവര്‍ ചെയ്തുപോയത് തിരുത്താനും മതിയാകാത്തത് നുകരാനും കൊതിക്കുന്നവരാണ്. പരാജയബോധം ഏറെയുള്ളവരാണ് ഈ പുനര്‍ജന്മമോഹം പുലര്‍ത്തുന്നത്. മനസ് ആ വഴിക്ക് തിരിയുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്.
നമ്മുടെ ജീവിതത്തിന്റെ ഗതിവിഗതികള്‍ നിര്‍ണയിക്കുന്നതില്‍ സുപ്രധാന പങ്കുവഹിക്കുന്നത് നമ്മള്‍ത്തന്നെയാണ് എന്ന ഉറച്ച ബോധ്യം ഉണ്ടെങ്കില്‍ ജീവിതത്തിലൊരിക്കലും നിര്‍വീര്യരോ നിസഹായരോ ആയിത്തീരില്ല. ഏതു പരിതഃസ്ഥിതിയിലും മനോനിയന്ത്രണം കൈവിട്ടുപോകില്ല, ആത്മവിശ്വാസം തെല്ലും ഉലയില്ല. ജീവിതത്തില്‍ കടന്നുവരുന്ന പരിവര്‍ത്തനാത്മകങ്ങളായ ദശാസന്ധികള്‍ക്കൊത്ത് മനസുകൊണ്ടും ശരീരംകൊണ്ടും പ്രതികരിക്കാന്‍ കഴിയും. സമര്‍ത്ഥനായ നാവികനെപ്പോലെ ജീവിതനൗകയെ നയിക്കാനാകും, സ്വപ്‌നസാഫല്യത്തിന്റെ തീരഭൂമിയില്‍ അടുപ്പിക്കാനാവും.
എപ്പോഴും എന്തും അതിന്റെ പൂര്‍ണതയില്‍മാത്രം ചെയ്തുതീര്‍ക്കണം എന്ന ചിന്താഗതി സ്ഥായിയായി ഉള്ളില്‍ കൊണ്ടുനടക്കുന്നവര്‍ ചിലപ്പോഴെങ്കിലും തങ്ങള്‍ ആയിരിക്കുന്ന അവസ്ഥയില്‍ ഒരു തരത്തിലുള്ള സംതൃപ്തിയും കണ്ടെത്താനാവാതെ അസ്വസ്ഥരായി കഴിയുന്നു. ചുവടു പിഴയ്ക്കുമോ എന്ന് സംശയിച്ച് ഒരു സംരംഭത്തിലേക്കും കടന്നുചെല്ലാന്‍ കൂട്ടാക്കാത്ത പലരുമുണ്ട്. തീരമാനം പാളിപ്പോകുമോ എന്ന് സദാ ഭയപ്പെടുന്നവര്‍ക്ക് ജീവിതത്തില്‍ ഒരു തീരുമാനവും എടുക്കാന്‍ കഴിയാറില്ല. അതുപോലെതന്നെ ഇത്തരക്കാര്‍ കഴിഞ്ഞ കാലങ്ങളെക്കുറിച്ചുള്ള നിറം പിടിച്ച ഓര്‍മകളില്‍ അല്ലെങ്കില്‍ വരാനിരിക്കുന്ന കാലങ്ങളില്‍ കൈവരാനിരിക്കുന്ന നേട്ടങ്ങളെക്കുറിച്ചുള്ള സ്വപ്‌നങ്ങളില്‍ കഴിവതും സംതൃപ്തി കണ്ടെത്താന്‍ ശ്രമിക്കുന്നവരായിരിക്കും. ചുരുക്കിപ്പറഞ്ഞാല്‍ അവര്‍ ഇന്നില്‍ ജീവിക്കുന്നില്ല. അതുകൊണ്ടുതന്നെ ജീവിതത്തിലെ പല നിര്‍ണായക നിമിഷങ്ങളിലും പല ഉറച്ച തീരുമാനങ്ങളുമെടുക്കാന്‍ ഇത്തരക്കാര്‍ക്ക് കെല്‍പ്പില്ലാതെ പോകുന്നു. ഉറച്ച മനസിന്റെ ഉടമകള്‍ക്കേ ഉറച്ച കാല്‍വയ്പുകളിലൂടെ തങ്ങളുടെ ഉദ്ദേശലക്ഷ്യങ്ങളിലെത്തിച്ചേരാന്‍ പറ്റൂ. സംശയഗ്രസ്തവും ശങ്കാകുലവും അസംതൃപ്തി നിറഞ്ഞതുമായ മനസ് എന്നും സന്നിഗ്ധാവസ്ഥയിലായിരിക്കും. വഴുതുന്ന വഴിത്താരകളെ ദുഃസ്വപ്‌നം കാണുന്നവര്‍ക്ക് ഏതു വഴിത്താരയും വഴുതുന്നതായിത്തീരും.
ഒരു ബാധ്യതപോലെ, ചടങ്ങുപോലെ ജീവിതം നയിക്കുന്നവരുണ്ട്. നയിക്കുന്നവരെന്നല്ല തള്ളിനീക്കുന്നവരെന്നുവേണം അവരെ വിശേഷിപ്പിക്കാന്‍. ജനിച്ചു പോയതുകൊണ്ട് ജീവിക്കുന്നവരാണവര്‍. അവരൊരിക്കലും ജീവിതത്തിന്റെ മുന്നരങ്ങിലെത്തുകയില്ല. സാഹചര്യങ്ങളെ പഴിച്ച്, എല്ലാം വിധിവിഹിതമെന്ന് വിശ്വസിച്ച്, നിത്യപരാജയത്തിന്റെ നിഴലടിഞ്ഞ താഴ്‌വരയില്‍ കണ്ണീരും വിലാപവുമായി കഴിയാനേ അവര്‍ക്ക് പറ്റൂ. ജീവിതവിജയത്തിന്റെ ഔന്നത്യം അവര്‍ക്കെന്നും അന്യവും അപ്രാപ്യവുമായിരിക്കും.
ശീലങ്ങളുടെ അഥവാ പതിവ് പെരുമാറ്റങ്ങളുടെ അടിമകളാണ് നമ്മില്‍ മിക്കവരും. കുട്ടിക്കാലത്ത് മാതാപിതാക്കളില്‍നിന്നും കൂട്ടുകാരില്‍നിന്നും പലതരത്തിലുള്ള ശീലങ്ങള്‍ സ്വന്തമാക്കുന്നു. കണ്ടും കേട്ടും അറിഞ്ഞും അനുഭവിച്ചും നമ്മിലത് ഉറയ്ക്കുന്നു. വളരുന്നതോടെ, തെറ്റും ശരിയും തിരിച്ചറിയാവുന്ന ഘട്ടമെത്തുന്നതോടെ പുതിയ ശീലങ്ങള്‍ തുടങ്ങുന്നു. ദുഃശീലങ്ങള്‍ ഉപേക്ഷിക്കുന്നു. പകരം സ്വന്തമായ ശീലങ്ങള്‍ വശമാക്കാന്‍ കഴിയാത്ത ചിലരുണ്ട്.
അല്ലെങ്കില്‍ അതിനായി പരിശ്രമിക്കാത്തവരുണ്ട്. അവര്‍ക്കെന്നും മറ്റുള്ളവരെ അനുകരിക്കാനാണ് താല്‍പര്യം. സ്വന്തം മനസിന്റെ മാര്‍ഗദര്‍ശനത്തില്‍ അവര്‍ക്ക് വിശ്വാസമില്ല. വെറും അനുകരണത്തിനായി എപ്പോഴും ചുറ്റുപാടുകളിലേക്ക് ഉറ്റുനോക്കുന്നവര്‍ക്ക് അര്‍ത്ഥപൂര്‍ണമായ പ്രചോദനം ലഭിക്കുന്നില്ല. പരസഹായം തേടി പരക്കം പായുന്നവര്‍ക്ക് അതെന്നും ഒരു മരീചികയായേ അനുഭവപ്പെടൂ. അവര്‍ക്ക് ഒരിക്കലും സ്വയാശ്രയശീലം സ്വായത്തമാക്കാനാവില്ല.
മനോഹരമായ ജീവിതം മുന്നില്‍ അനന്തസാധ്യതകളുമായി നമ്മെ മാടിവിളിക്കുമ്പോള്‍ എവിടേക്കാണ് ഉന്നം പിടിക്കേണ്ടത്, ഏതു മാര്‍ഗമാണ് സ്വീകരിക്കേണ്ടത് എന്ന ഉറച്ച തീരുമാനമെടുക്കാന്‍ കെല്പുള്ളവരായിത്തീരണം. അജ്ഞാനികളും അന്ധവിശ്വാസികളും പകച്ചു നില്‍ക്കുമ്പോള്‍, ആത്മവിശ്വാസം കൈമുതലായിട്ടുള്ളവര്‍ നിശ്ചയദാര്‍ഢ്യത്തോടെ മുന്നോട്ട് ചുവടുവയ്ക്കും. സ്വയം തീരുമാനമെടുക്കേണ്ട നൂറുനൂറ് പ്രതിസന്ധികള്‍ ജീവിതത്തില്‍ നേരിടേണ്ടിവരും. വിദ്യാഭ്യാസം, തൊഴില്‍, കൂട്ടുകാര്‍, സമൂഹം എന്നിങ്ങനെ പലതും പ്രശ്‌നങ്ങളുയര്‍ത്താം. അപ്പോഴൊക്കെ യാഥാര്‍ത്ഥ്യബോധത്തോടെ തീരുമാനമെടുക്കാന്‍ സാധിക്കണം. തെറ്റുകുറ്റങ്ങള്‍ ഉണ്ടാവാം, അബദ്ധങ്ങള്‍ പിണയാം. പക്ഷേ അത് തിരിച്ചറിഞ്ഞ് കഴിഞ്ഞാല്‍ പിന്നീട് ആവര്‍ത്തിക്കരുത്. പക്വതയുടെ പടവുകളാണ് അത്തരം തിരിച്ചറിവുകള്‍. നമ്മുടെ വീഴ്ചയ്ക്ക് മറ്റുള്ളവരെ പഴിക്കുന്നത് ശരിയായ രീതിയല്ല. തെറ്റ് പറ്റിയാല്‍ അതേറ്റു പറയുവാനുള്ള സത്യസന്ധതയും ആര്‍ജവവും കാണിക്കണം.
ഒരു സാധാരണ മനുഷ്യനായി എങ്ങനെയെങ്കിലും ജീവിച്ച് മുന്നേറുക എന്നതുമാത്രമാകരുത് നമ്മുടെ ലക്ഷ്യം. നാം എപ്പോഴും സുരക്ഷിതത്വത്തെക്കാള്‍ അവസരങ്ങള്‍ തേടുന്നവരായിരിക്കണം. മാര്‍ഗം ദുര്‍ഗമമായിരിക്കാം. എന്നിരുന്നാലും ഏതൊരപകടവും നേരിടാന്‍ എപ്പോഴും സജ്ജരായിരിക്കണം. ജീവിതത്തെക്കുറിച്ച് സ്വപ്‌നങ്ങളുണ്ടാകണം. അവയുടെ സാക്ഷാത്ക്കാരമായിരിക്കണം ലക്ഷ്യം. തോല്‍ക്കുകയോ ജയിക്കുകയോ ചെയ്യട്ടെ. പരമാവധി പ്രയത്‌നിക്കുക. അപ്പോള്‍ മറ്റുള്ളവരുടെ മുന്‍പില്‍, ലോകത്തിന്റെ മുന്‍പില്‍ അഭിമാനപൂര്‍വം, നിര്‍ഭയം തലയുയര്‍ത്തി നില്‍ക്കാന്‍ സാധിക്കും, തീര്‍ച്ച.

സണ്ണി കുറ്റിക്കാട്ട് സി.എം.ഐ

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?