Follow Us On

18

April

2024

Thursday

കുട്ടികൾക്കും പള്ളിയും പള്ളിമുറിയും വിട്ടുകൊടുത്ത് ഭിത്തിയിൽ ചാരിയുറങ്ങിയ പുരോഹിതൻ

കുട്ടികൾക്കും പള്ളിയും പള്ളിമുറിയും  വിട്ടുകൊടുത്ത് ഭിത്തിയിൽ ചാരിയുറങ്ങിയ  പുരോഹിതൻ

പാളയം കത്തീഡ്രലില്‍വച്ച് 1975 ഡിസംബര്‍ 19-ന് ബിഷപ് ബര്‍ണാര്‍ഡ് പെരേരയില്‍നിന്നും വൈദികനായി അഭിഷേകം ചെയ്യപ്പെടുമ്പോള്‍ തന്റെ പൗരോഹിത്യം ദൈവഹിതപ്രകാരം മാത്രമായിരിക്കണമെന്നാണ് മോണ്‍. ജി. ക്രിസ്തുദാസ് ആഗ്രഹിച്ചത്.
അന്ന് തിരുവനന്തപുരം രൂപതയുടെ ഭാഗമായിരുന്ന അരുവിക്കര ഇടവകയില്‍നിന്നായിരുന്നു ശുശ്രൂഷയുടെ ആരംഭം. ഇടവകഭരണത്തിന്റെ തുടക്കം വളരെ സങ്കീര്‍ണമായിരുന്നു. ഇടവകയിലെ ചില ആഭ്യന്തര പ്രശ്‌നങ്ങള്‍ നിമിത്തം ദീര്‍ഘകാലമായി അവിടെ സ്ഥിരം വൈദികരില്ലായിരുന്നു. മാത്രമല്ല ഇടവകയിലെ കുടുംബങ്ങള്‍ പല ഭാഗങ്ങളായി പിരിഞ്ഞ് ചില ഭാഗങ്ങള്‍ അകത്തോലിക്കാ വിഭാഗങ്ങളിലേക്ക് ചേക്കേറുകയും ചെയ്തിരുന്നു. ഇത്തരമൊരു സന്ദര്‍ഭത്തിലാണ് അരുവിക്കര ഇടവകയില്‍ മോണ്‍. ജി. ക്രിസ്തുദാസ് വൈദികനായി എത്തുന്നത്. കുടുംബങ്ങളെ ഒരുമിക്കുന്ന ഭവനസന്ദര്‍ശനം, നടന്നും സൈക്കിള്‍ ചവിട്ടിയുമുള്ള യാത്രകള്‍. അച്ചന്‍ ജനഹൃദയങ്ങളെ ചേര്‍ത്തുപിടിച്ചുവെന്ന് തന്നെ പറയാം. അഞ്ച് വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കി. ഇനി മറ്റൊരു ഇടവകയിലേക്ക് സ്ഥലമാറ്റം. എന്നാല്‍ അത് ഇടവക ജനത്തിന് ഉള്‍ക്കൊള്ളാനായില്ല.
ഇടവകയിലെ പുരുഷന്മാര്‍ക്കൊപ്പം സ്ത്രീകളും കുട്ടികളുമടക്കം ഫാ. ജി. ക്രിസ്തുദാസിനെ തല്‍സ്ഥാനത്തുനിന്നും മാറ്റാതിരിക്കാന്‍ പ്രക്ഷോഭവുമായി തിരുവനന്തപുരം രൂപതാമന്ദിരത്തിന് മുന്നില്‍ സത്യാഗ്രഹമിരുന്നത് ചരിത്രം.
ഇടവക വികസനത്തിന്റെ ഭാഗമായി നടത്തിയ നാഷണല്‍ സര്‍വീസ് സ്‌കീം ക്യാമ്പില്‍ പങ്കെടുത്ത തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് പള്ളിമേടയും വിദ്യാര്‍ത്ഥികള്‍ക്ക് പള്ളിയും ഉറങ്ങുന്നതിനായി വിട്ടുകൊടുത്തിട്ട്, പുറത്ത് ചുമരില്‍ ചാരി ഇരുന്ന് ഉറങ്ങിയ അച്ചനെ ഇടവകക്കാര്‍ എങ്ങനെ മറക്കും?
ഫാ. ജി. ക്രിസ്തുദാസ് ജനങ്ങളെ അതിരറ്റ് സ്‌നേഹിക്കുന്നതിനാലാണ് വലിയ പിന്തുണ അദ്ദേഹത്തിന് ലഭിക്കുന്നത്. ഇടവകയിലെ സാധാരണ ജനത്തിന് പരമാവധി വിദ്യാഭ്യാസം നല്‍കണമെന്നായിരുന്നു അദേഹം എന്നും ആഗ്രഹിച്ചിരുന്നത്. അതിനായി കൈയില്‍നിന്നും തുക നല്‍കി വിദ്യാര്‍ത്ഥികളെ ട്യൂട്ടോറിയല്‍ കോളജില്‍ അയച്ച് അദ്ദേഹം പഠിപ്പിച്ചു. പെണ്‍കുട്ടികള്‍ക്ക് പ്രത്യേക തയ്യല്‍, എംബ്രോയിഡറി പരിശീലനവും നല്‍കി. മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനികള്‍ ഇതിന്റെ മേല്‍നോട്ടം ഏറ്റെടുത്തു. പരിശീലകരിലധികവും അക്രൈസ്തവരായ പെണ്‍കുട്ടികള്‍. തൊഴിലധിഷ്ഠിത ക്ലാസുകള്‍ ഇടവകയില്‍ ക്രമമായി നടത്തി. സൗജന്യ രക്തദാന സംവിധാനവും സന്യാസിനികളുടെ നേതൃത്വത്തില്‍ ആഴ്ചതോറും സൗജന്യ മരുന്നുവിതരണവും ആരംഭിച്ചു. ഇടവകയില്‍ ആത്മീയതലത്തിലും നവചൈതന്യമുണ്ടായി. മതബോധനക്ലാസുകള്‍ക്ക് അടുക്കും ചിട്ടയും രൂപപ്പെട്ടു.
വിശുദ്ധ മദര്‍ തെരേസയെ അരുവിക്കര ഇടവകയില്‍ കൊണ്ടുവരാന്‍ ഫാ. ക്രിസ്തുദാസിന് കഴിഞ്ഞത് ദൈവാലയത്തിന് ലഭിച്ച പുണ്യമാണ്. ദൈവശുശ്രൂഷയില്‍ അച്ചനിലെ സഹനം ലക്ഷ്യമാക്കിയത് ഇടവക വികസനമാണ്. ചിതറിയ ഇടവകജനത്തെ ഒരു ചരടിലെ മുത്തുകള്‍പോലെ കോര്‍ക്കുകയായിരുന്നു അദ്ദേഹം. ഫാ. ജി. ക്രിസ്തുദാസ് ഇടവകയില്‍ ആരംഭിച്ച സാമൂഹ്യസേവനപ്രവര്‍ത്തനങ്ങളെല്ലാം ഇന്നും നിലനില്‍ക്കുന്നുവെന്നത് അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണത്തിന്റെ പ്രതിഫലനമാണ്.
അരുവിക്കര ഇടവക ശുശ്രൂഷയോടൊപ്പം രൂപത മതബോധന ഡയറക്ടറായും ഫാ. ക്രിസ്തുദാസ് സേവനം ചെയ്തു. മതബോധന വിദ്യാര്‍ത്ഥികള്‍ക്കായി പല പദ്ധതികളും ആവിഷ്‌കരിച്ച് നടപ്പിലാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
നെയ്യാറ്റിന്‍കര രൂപതയുടെ സാമൂഹ്യ സംഘടനയായ ‘നിഡ്‌സിലൂടെ ഒരു വീടിന് അത്യാവശ്യം വേണ്ട പച്ചമരുന്നുകള്‍ വച്ചുപിടിപ്പിക്കുന്ന കാര്യത്തില്‍ കര്‍ഷകര്‍ക്ക് എല്ലാവിധ പ്രോത്സാഹനവും നല്ലൊരു വരുമാനമാര്‍ഗവുമാണ് അച്ചന്‍ തെളിച്ചുകൊടുക്കുന്നത്. 77 ക്രെഡിറ്റ് യൂണിറ്റുകളും 990 സ്വയം സഹായ ഗ്രൂപ്പുകളും സ്വയംതൊഴില്‍ കണ്ടെത്തുന്നതിനും സ്ത്രീകളെ മുഖ്യധാരയില്‍ എത്തിക്കുന്നതിനുമുള്ള വിവിധ പദ്ധതികളും ശിശുക്കളുടെ മാനസിക-ശാരീരിക വളര്‍ച്ചയ്ക്കായി 83 ശിശുവികസന കേന്ദ്രങ്ങളും ഇവിടെ പ്രവര്‍ത്തിക്കുന്നു.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരിക്കുന്ന മോണ്‍. ജി. ക്രിസ്തുദാസ് ഇപ്പോള്‍ രൂപതയിലെ ഇമ്മാനുവേല്‍ കോളജ് മാനേജര്‍കൂടിയാണ്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മോണ്‍. ജി. ക്രിസ്തുദാസിന് സജീവ സാന്നിധ്യമാണുള്ളത്. വ്യത്യസ്ത മേഖലകളില്‍ ആറ് സന്നദ്ധ പ്രസ്ഥാനങ്ങളില്‍ ഉള്‍ച്ചേര്‍ന്ന് അദ്ദേഹം പ്രവര്‍ത്തിക്കുന്നു. നെയ്യാറ്റിന്‍കര രൂപതയില്‍ ഉള്‍പ്പെടുന്ന ആളുകള്‍ മുഖ്യമായും ദരിദ്രരാണ്. ഇതില്‍ സ്വന്തമായി ഭവനങ്ങള്‍ ഇല്ലാത്തവരെയും കാണാം. അധികംപേരും കര്‍ഷകരാണ്. നിയന്ത്രണമില്ലാതെ അരങ്ങേറിക്കൊണ്ടിരിക്കുന്ന പ്രകൃതിദുരന്തങ്ങള്‍ അവരുടെ സ്വപ്‌നങ്ങളെയാണ് തകര്‍ത്തെറിയുന്നത്. കുടുംബങ്ങളിലുണ്ടാകുന്ന രോഗം, വിവാഹം, വിദ്യാഭ്യാസം തുടങ്ങിയവയുടെ ചെലവുകള്‍ സാമ്പത്തികമായി ഇവരെ തളര്‍ത്തുന്നു. കത്തോലിക്കാ സഭയിലെ കാരുണ്യവര്‍ഷത്തിന്റെ ഭാഗമായി നെയ്യാറ്റിന്‍കര രൂപതയില്‍ നിരാലംബര്‍ക്കുവേണ്ടി സഹായപദ്ധതി നടപ്പിലാക്കിയിട്ടുണ്ട്.
പദ്ധതിപ്രകാരം, നേതൃത്വം അനുവദിക്കുന്ന തുക അര്‍ഹരായവരുടെ അക്കൗണ്ടില്‍ അദ്ദേഹം നിക്ഷേപിക്കും. മരുന്നുകൂടാതെ ജീവിക്കാന്‍ പറ്റാത്തവര്‍ക്ക് സന്നദ്ധ സംഘടനകള്‍ ഇടപെട്ട് സഹായമെത്തിക്കുകയും ചെയ്യുന്നു. രൂപത കോളജില്‍നിന്ന് രക്തദാനവുമുണ്ട്. കോളജിന്റെ സില്‍വര്‍ ജൂബിലിയുടെ ഭാഗമായി മാതാപിതാക്കളില്ലാത്ത കുട്ടികള്‍ക്ക് ജാതിമത വ്യത്യാസമില്ലാതെ സൗജന്യവിദ്യാഭ്യാസമാണ് നല്‍കുന്നത്. പഠനത്തിലും മറ്റു കഴിവുകളിലും മികവ് ബോധ്യപ്പെട്ടാല്‍ നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യം അനുവദിക്കാറുണ്ട്. അതെ ഒരു ദേശത്തിന്റെ മുഴുവന്‍ നന്മ ലക്ഷ്യമാക്കി അച്ചന്‍ തന്റെ പ്രവര്‍ത്തനങ്ങള്‍ നിശബ്ദമായി തുടരുകയാണ്…

 

ഡോ. റോബര്‍ട്ട് ശാന്തിനഗര്‍

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?