Follow Us On

20

September

2019

Friday

പ്രതിസന്ധികളെ സാധ്യതകളാക്കി മാറ്റാം

പ്രതിസന്ധികളെ  സാധ്യതകളാക്കി മാറ്റാം

ആശങ്ക നിറഞ്ഞ മനസുമായാണ് അനേകര്‍ ഇപ്പോള്‍ ദിവസങ്ങള്‍ തള്ളിവിടുന്നത്. പ്രത്യേകിച്ച് കാര്‍ഷികമേഖലയില്‍ കഴിയുന്നവര്‍. രണ്ടു വര്‍ഷം അടുപ്പിച്ചുണ്ടായ കാലവര്‍ഷക്കെടുതികളാണ് പലരിലും ഉല്‍ക്കണ്ഠകള്‍ സൃഷ്ടിച്ചിരിക്കുന്നത്. പ്രളയവും പ്രകൃതിദുരന്തങ്ങളും കഴിഞ്ഞ വര്‍ഷം സൃഷ്ടിച്ച കെടുതികളെ അതിജീവിക്കുന്നതിനുള്ള കഠിനപ്രയത്‌നത്തിനിടയിലാണ് ഇപ്പോള്‍ സമാനമായ അവസ്ഥ സംജാതമായിരിക്കുന്നത്. പ്രകൃതിദുരന്തങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് കാര്‍ഷികമേഖലയെയാണ്. ഇനി എങ്ങനെ മുന്നോട്ടുപോകുമെന്ന ആശങ്ക പലരിലുമുണ്ട്. സുരക്ഷിതത്വം നഷ്ടപ്പെട്ട അവസ്ഥ. വന്യമൃഗശല്യം വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നതിനിടയിലാണ് പ്രകൃതിദുരന്തങ്ങള്‍ ഉണ്ടായിരിക്കുന്നത്. കാര്‍ഷിക മേഖലയില്‍ ഇനി സാധ്യതകളുണ്ടോ എന്ന ചോദ്യമാണ് പലരുടെയും മനസുകളില്‍ ഉയരുന്നത്.
പ്രതിസന്ധികളുടെ മുമ്പില്‍ നമ്മുടെ പൂര്‍വികര്‍ തോറ്റോടിയിരുന്നെങ്കില്‍ കേരളത്തിന്റെ ചരിത്രം മറ്റൊന്നാകുമായിരുന്നു. കുടിയേറ്റ കാലത്ത് അവരുടെ മുമ്പില്‍ ഉയര്‍ന്നുനിന്നിരുന്നത് കടുത്ത പ്രതിസന്ധികളായിരുന്നു. അടിസ്ഥാന സൗകര്യങ്ങള്‍ ഒരിടത്തും ഉണ്ടായിരുന്നില്ല. ജനജീവിതം ഏറെ ദുഷ്‌കരമായിരുന്നു. ഇന്നത്തെപ്പോലെയുള്ള സഞ്ചാര സൗകര്യങ്ങള്‍ അവര്‍ക്ക് സ്വപ്നം പോലും കാണാന്‍ കഴിയുമായിരുന്നില്ല.
കടുത്ത പകര്‍ച്ചവ്യാധികള്‍, പട്ടിണി, വന്യമൃഗങ്ങള്‍ തുടങ്ങി ഒരുപാട് പ്രശ്‌നങ്ങള്‍ മറികടക്കാന്‍ ഉണ്ടായിരുന്നു. അവയെ നേരിടാനുള്ള എളുപ്പവഴികളൊന്നും അവരുടെ കൈവശം ഉണ്ടായിരുന്നില്ല. എന്നാല്‍ അവര്‍ ഒത്തൊരുമിച്ച് നീങ്ങുകയും ദൈവത്തില്‍ മാത്രം ആശ്രയിച്ച് മുന്നേറുകയും ചെയ്തപ്പോള്‍ എല്ലാ പ്രതിസന്ധികളും തോറ്റോടി. കുടിയേറ്റ കാലത്ത് അവര്‍ കണ്ട സ്വപ്‌നങ്ങളാണ് ഇപ്പോള്‍ വികസനത്തിന്റെ രൂപത്തില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന സ്ഥാപനങ്ങളും റോഡുകളുമൊക്കെ. ആ കാലത്തെ കഷ്ടപ്പാടിന്റെ കഥകള്‍ കേട്ടാല്‍ പുതിയ തലമുറയ്ക്ക് വിശ്വസിക്കാന്‍പോലും കഴിഞ്ഞെന്നുവരില്ല.
ഈ കുടിയേറ്റ അനുഭവങ്ങള്‍ നല്‍കുന്ന ചില പാഠങ്ങളുണ്ട്. എല്ലാ വിജയങ്ങളുടെയും പിന്നിലുള്ളത് കഠിനാധ്വാനമാണ്. പ്രതീക്ഷ നഷ്ടപ്പെട്ടാല്‍ പിന്നീട് അധ്വാനിക്കാന്‍ സാധിക്കില്ല. താല്‍ക്കാലികമായി ഉണ്ടായിരിക്കുന്ന പ്രതിസന്ധികളെ അതിജീവിക്കാന്‍ കഴിയുമെന്ന് മനസിനെ ബോധ്യപ്പെടുത്തണം.
ജീവിതത്തിലേക്ക് ഒന്ന് തിരിഞ്ഞുനോക്കിയാല്‍ അത്തരം ധാരാളം അനുഭവങ്ങള്‍ കണ്ടെത്താന്‍ പ്രയാസം ഉണ്ടാവില്ല. നമ്മുടെ കണക്കുകൂട്ടലുകളെപ്പോലും അതിശയിപ്പിക്കുന്ന വിധത്തില്‍ അവയെ അതിജീവിക്കാന്‍ കഴിഞ്ഞു. അന്ന് നമ്മള്‍ വലിയ പ്രശ്‌നങ്ങളെന്ന് മുദ്രകുത്തിയ പലതും ഇപ്പോള്‍ നിസാരങ്ങളായിട്ടായിരിക്കും അനുഭവപ്പെടുക. ഇനി കുറെ വര്‍ഷങ്ങള്‍ കഴിഞ്ഞ് പിന്തിരിഞ്ഞു നോക്കിയാലും ഇപ്പോഴത്തെ സാഹചര്യങ്ങളും അങ്ങനെതന്നെയായിരിക്കണം.
പ്രതിസന്ധിയിലായിരിക്കുന്ന കാര്‍ഷികമേഖലയെ കൈപിടിച്ച് ഉയര്‍ത്താന്‍ സമൂഹത്തിന് ഉത്തരവാദിത്വമുണ്ട്. ഗവണ്‍മെന്റും സഭയും സമൂഹവും ഒരുമിച്ച് കൈകോര്‍ക്കണം. ഭക്ഷ്യോത്പന്നങ്ങളുടെ കാര്യത്തില്‍ ഓരോ വര്‍ഷവും സംസ്ഥാനത്തിന്റെ വിഹിതം കുറഞ്ഞുവരുകയാണ്. അയല്‍സംസ്ഥാനങ്ങളിലെ ഭക്ഷ്യവസ്തുക്കളിലെ അമിതമായ വിഷാംശത്തെക്കുറിച്ച് ഏറെ ചര്‍ച്ചകള്‍ നടന്നുകഴിഞ്ഞു. കാര്‍ഷിക മേഖലയില്‍ ഉണ്ടാകുന്ന പിന്‍മാറ്റം സമൂഹത്തെ മുഴുവന്‍ ബാധിക്കുന്ന പ്രശ്‌നമാണ്.
കാരണം പകര്‍ച്ചവ്യാധികള്‍പോലെ വ്യാപിച്ചുകൊണ്ടിരിക്കുന്ന മാരകരോഗങ്ങളില്‍ ഈ വിഷാംശം ചെറുതല്ലാത്ത പങ്കുവഹിക്കുന്നുണ്ട്. വളര്‍ച്ച എപ്പോഴും സന്തുലിതമാകണം. കാര്‍ഷികമേഖല തളര്‍ന്നുപോയാല്‍ അതിന് നമ്മള്‍ വലിയ വില കൊടുക്കേണ്ടതായി വരും. നവീന സാധ്യതകള്‍ പുരോഗതിക്ക് ഉപയോഗപ്പെടുത്തുമ്പോള്‍ കാര്‍ഷികമേഖലയുടെ പിന്തുണകൂടി ഉണ്ടെങ്കില്‍ വളരെ വേഗത്തില്‍ ലക്ഷ്യത്തില്‍ എത്തിച്ചേരാന്‍ കഴിയും.
കുടിയേറ്റ കാലത്ത് മുമ്പില്‍ നിന്ന് നയിച്ചത് സഭയായിരുന്നു. ആ ദൗത്യം പ്രതിസന്ധികളുടെ ഈ കാലത്തും ഏറ്റെടുക്കണം. പൂര്‍വികര്‍ക്ക് കൈമുതലായി ഉണ്ടായിരുന്നത് അടിയുറച്ച ദൈവവിശ്വാസം മാത്രമായിരുന്നു. പ്രതിസന്ധികളെ അവര്‍ കീഴടക്കിയത് വിശ്വാസത്തിലാണ്. ദൈവത്തോടുചേര്‍ന്നുനിന്ന് നമുക്കും പ്രതിസന്ധികളെ സാധ്യതകളാക്കി മാറ്റാം.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?