Follow Us On

02

December

2023

Saturday

വ്യത്യസ്ഥനാമൊരു കണ്ടക്ടറാം തോമസ്

വ്യത്യസ്ഥനാമൊരു കണ്ടക്ടറാം തോമസ്

ടിക്കറ്റ് കൊടുക്കലും പണം വാങ്ങലും മാത്രമല്ല, ഒരു ബസ് കണ്ടക്ടർക്ക് അതിനുമപ്പുറം ചെയ്യാനുണ്ടെന്ന് തെളിയിച്ച തോമസ് അമ്പാട്ട്, ഓരോ ക്രിസ്ത്യാനിക്കും പകരുന്നത് സുപ്രധാനമായ ഒരു ബോധ്യമാണ്.

സുബിൻ തോമസ്

ചില്ലറ നൽകാത്തതിന് ദേഷ്യപ്പെട്ടും ബാക്കി പിന്നെതരാമെന്ന് പറഞ്ഞും ഒച്ചപ്പാടും ബഹളവും ഉണ്ടാക്കി പാഞ്ഞു നടക്കുന്ന ബസ് കണ്ടക്ടർമാർ മലയാളികൾക്ക് പതിവുകാഴ്ചയാണ്. ഒരു ബസ് കണ്ടക്ടറിൽനിന്ന് ഇതിൽ കൂടുതൽ എന്ത് പ്രതീക്ഷിക്കണം എന്ന് ചോദിക്കുന്നവരുടെ അറിവിലേക്ക്, ഒരാളെ പരിചയപ്പെടുത്താം, വ്യത്യസ്ഥനാം കണ്ടക്ടർ ഇടുക്കി സ്വദേശി തോമസ് അമ്പാട്ട്.

യാത്രക്കാർ എത്ര മോശമായി പെരുമാറിയാലും തിരിച്ച് ദേഷ്യപ്പെടില്ലെന്നതും ബാക്കി തുക കൃത്യമായി കൊടുക്കുന്നതും മാത്രമല്ലട്ടോ, അതിനും മേലാണ് തോമസ് അമ്പാട്ടിന്റെ പ്രവർത്തനങ്ങൾ. എന്തിനധികം പറയണം, സ്വകാര്യ ബസിലെ തിരക്കേറിയ കണ്ടക്ടർ ജോലിക്കിടെയും സുവിശേഷം പകരാൻ സാധിക്കുമെന്ന് തെളിയിച്ച ക്രിസ്തുസാക്ഷിയാണ് തോമസ്. 35 വർഷത്തെ കണ്ടക്ടർ ജോലിക്ക് വിരാമം കുറിച്ചെങ്കിലും അനേകർക്ക് ക്രിസ്തുവിശ്വാസത്തിലേക്ക് ‘ടിക്കറ്റ്’ കൊടുക്കുന്നതിൽ ഇന്നും വ്യാപൃതനാണ് തോമസ്.

ബാഗിൽ പണം, കൈയിൽ ടിക്കറ്റ്, പോക്കറ്റിൽ വചനം!

ഒരിക്കലും ദേഷ്യപ്പെടാത്ത കണ്ടക്ടർ, കൃത്യമായി ബാലൻസ് കൊടുക്കുന്ന കണ്ടക്ടർ എന്നീ നിലകളിലെല്ലാം നാട്ടുകാരുടെ പ്രശംസ പിടിച്ചുപറ്റിയ ഇദ്ദേഹത്തെക്കുറിച്ച് പ്രമുഖ മാധ്യമങ്ങളിലും വാർത്തവന്നിട്ടുണ്ട്. ആത്മീയ ജീവിതവും ഭൗതികജീവിതവും തമ്മിൽ വേർപിരിക്കാനാവാത്തവിധം ക്രിസ്തുവിൽ ഒന്നാക്കി മാറ്റിയതാണ് തോമസിനെ വ്യത്യസ്തനാക്കിയത്.

‘ഏതൊരു ജോലിയും ദൈവത്തെ മഹത്വപ്പെടുത്താൻ പറ്റുന്ന രീതിയിൽ ക്രമീകരിക്കാനാകും. ചെയ്യുന്ന ജോലിയോട് 100% നീതി പുലർത്തിയാൽ അതിലൂടെ മറ്റുള്ളവർക്ക് ദൈവത്തെ കാണിച്ചുകൊടുക്കാനും സാധിക്കും. ദൈവരാജ്യ ശുശ്രൂഷയ്ക്ക് ഒട്ടും സമയം കണ്ടെത്താൻ കഴിയാത്ത മേഖലകളിലും മനസുവെച്ചാൽ അതിന് സാധിക്കും. ദൈവം അതിനുള്ള വഴികളും തുറന്നുതരും,’ ഇതെല്ലാം തന്റെ കഴിവല്ല, ദൈവത്തിന്റെ കൃപയാണെന്ന് പറഞ്ഞ് വിനയാന്വിതനാകുന്നു തോമസ്.

സ്വകാര്യ ബസിലെ കണ്ടക്ടർ ജോലി ചെയ്ത് യേശുവിന്റെ വചനത്തിന്റെ സാക്ഷിയായി ജീവിച്ച അനുഭവങ്ങൾ ഏറെ പങ്കുവെക്കാനുണ്ട് ഇടുക്കി രൂപതയിലെ എഴുകുംവയൽ സ്വദേശിയായ ഇദ്ദേഹത്തിന്. 1991ൽ ഡിവൈൻ ധ്യാനകേന്ദ്രത്തിലെ ധ്യാനത്തിൽ പങ്കെടുത്തതിലൂടെയാണ് നവീകരണരംഗത്തേക്ക് വന്നത്. തനിക്ക് കിട്ടിയ യേശു അനുഭവം മറ്റുള്ളവർക്ക് പകർന്നുകൊടുക്കണം എന്ന ചിന്തയായിരുന്നു പിന്നീടിങ്ങോട്ട്.

ദിവസേന ആയിരക്കണക്കിന് ആളുകളുമായി ഇടപെടുന്നുവെങ്കിലും ടിക്കറ്റ് കൊടുക്കലും പണം വാങ്ങലുമായി തിരക്കിട്ട ജീവിതംതന്നെ. എങ്ങനെ വചനം പറയും എന്ന ചിന്ത വളർന്നുകൊണ്ടിരുന്നു. ഒടുവിൽ തന്റെ ഷർട്ടിന്റെ പോക്കറ്റിൽ ‘യേശു ഏക രക്ഷകൻ’, ‘ശത്രുക്കളെ സ്‌നേഹിക്കുക’ എന്നീ രണ്ടു വചനങ്ങൾ തയ്ച്ച് ചേർക്കാൻ തീരുമാനിച്ചു. ടിക്കറ്റെടുക്കുന്ന ഓരോ വ്യക്തിയും ഈ വചനം ശ്രദ്ധിക്കുകയും വായിക്കുകയും ചെയ്യും.

വർഷങ്ങൾ നീണ്ട ജോലിക്കിടയിൽ ലക്ഷക്കണക്കിനാളുകൾ ഇവ വായിക്കാനിടയായിട്ടുണ്ട്. അതുവഴി അനേകർക്ക് ക്രിസ്തുവിനെ കണ്ടെത്താനും ഇടയായിട്ടുണ്ട്. മോശം അനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും ഉണ്ടായതിൽ അധികവും നല്ല അനുഭവങ്ങളാണെന്ന് സാക്ഷിക്കുന്നു തോമസ്. ‘ഒരിക്കൽ ഒരു മദ്യപാനി ബസിൽ കയറി. അസഭ്യം പറഞ്ഞ് യാത്രക്കാരെ അസ്വസ്ഥതപ്പെടുത്തിക്കൊണ്ടിരുന്നു. ‘ശത്രുക്കളെ സ്‌നേഹിക്കുക’ എന്ന വാക്യം തുന്നിപ്പിടിപ്പിച്ച ഞാൻ എങ്ങനെ ദേഷ്യപ്പെടും. പ്രാർത്ഥിച്ചുകൊണ്ട് അയാളെ സമീപിച്ചു. ചീത്ത പറഞ്ഞ ആ മനുഷ്യൻ പെട്ടെന്ന് അടങ്ങി. അയാൾ ഒരിടത്തിരുന്നു. സ്‌നേഹത്തോടെ അയാളോട്സംസാരിച്ചു, ഈശോയെക്കുറിച്ച് പറഞ്ഞു, മദ്യത്തിൽനിന്ന് മോചനം നേടേണ്ടതിനെക്കുറിച്ചും പറഞ്ഞു. വളരെ ശാന്തനായി ഇറങ്ങിപ്പോയ ആ മനുഷ്യനെക്കുറിച്ചായിരുന്നു പിന്നീട് ബസിലെ യാത്രക്കാരുടെ സംസാരം,’ നല്ല അനുഭവങ്ങളിലൊന്ന് പങ്കുവെച്ചു തോമസ്.

മെഡിക്കൽ കോളജിലെ പാ~പുസ്തകങ്ങൾ

ഒരിക്കൽ പിതാവിന്റെ രോഗവുമായി ബന്ധപ്പെട്ട് കോട്ടയം മെഡിക്കൽ കോളജിൽ കഴിയേണ്ടി വന്നു തോമസിന്. കരിസ്മാറ്റിക് ധ്യാനത്തിൽ പങ്കെടുക്കുന്നതിന് മാസങ്ങൾക്ക് മുമ്പായിരുന്നു അത്. പാവപ്പെട്ടവരുടെ വേദന മനസിലാക്കാൻ സാധിച്ച അവിടത്തെ ദിനങ്ങൾ സത്യത്തിൽ ഒരു പരിശീലന കളരിയായിരുന്നു. ആശുപത്രിയിൽ കഴിയുമ്പോൾ അടുത്ത ബഡിൽ കിടന്ന രോഗി മരിച്ചു. ഡോക്ടർ വെള്ളത്തുണികൊണ്ട് ശരീരം മൂടി. എന്നിട്ടും അടുത്തുനിന്ന, മരിച്ചയാളുടെ ഭാര്യയ്ക്ക് കാര്യം മനസിലായില്ല. ആ സാധു സ്ത്രീ അവിടെത്തന്നെ നിന്നു.

‘കുറെ സമയം കഴിഞ്ഞപ്പോൾ ഞാൻ അടുത്തുചെന്ന് മരണവിവരം അറിയിച്ചു. അവർക്ക് അപ്പോഴാണ് കാര്യം മനസിലായത്. വീട്ടിലേക്ക് മൃതദേഹം കൊണ്ടുപോകാൻ ആരും സഹായിക്കാനില്ല. പെട്ടെന്ന് എന്ത് ചെയ്യണമെന്ന് എനിക്കും നിശ്ചയമുണ്ടായില്ല. എങ്കിലും കർത്താവ് നൽകിയ ബോധ്യമനുസരിച്ച് കുറച്ചുപേരോട് പണം വാങ്ങി ആംബുലൻസ് വിളിച്ചു. രാത്രിയോടെ മൃതശരീരം അവരുടെ ഗ്രാമത്തിലെത്തിച്ചു,’ സാധുക്കളെ സഹായിക്കണമെന്ന ചിന്ത ശക്തമാകാൻ ഇടയാക്കിയ സംഭവം പങ്കുവെച്ചു അദ്ദേഹം.

ശേഷം ബസിൽ

ഇദ്ദേഹത്തിന്റെ കണ്ടക്ടർ ജോലി മറ്റുള്ളവരിൽനിന്ന് തികച്ചും വ്യത്യസ്തമാണ്. എല്ലാവരോടും സ്‌നേഹത്തോടെ ഇടപെടുന്ന ശൈലിയാണത്. അതുവഴി ധാരാളം സൗഹൃദങ്ങൾ ഉണ്ടായിട്ടുണ്ട്. ഭിക്ഷക്കാർ മുതൽ ഉന്നത ഉദ്യോഗസ്ഥർവരെയുണ്ട് ആ സൗഹൃദവലയത്തിൽ. നിരവധി പുരസ്‌കാരങ്ങൾ കണ്ടക്ടർ ജോലിയിലൂടെ ലഭിച്ചിട്ടുണ്ട്. പലതവണ മികച്ച കണ്ടക്ടറായി തിരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹത്തെ റോട്ടറി ക്ലബ് ഉൾപ്പെടെയുള്ള സംഘടനകളും ആദരിച്ചിട്ടുണ്ട്.

ഒരിക്കൽ ഒരു രോഗിയും സഹായിയുംകൂടി ബസിൽ കയറാൻ വന്നു. സ്വകാര്യവാഹനം വിളിച്ചുപോകാൻ ഒരു നിവൃത്തിയും ഇല്ലാത്തതുകൊണ്ടുമാത്രമാണ് യാത്രയ്ക്ക് അവർ ബസ് തിരഞ്ഞെടുത്തത്. രോഗിയുടെ അവസ്ഥ വളരെ പരിതാപകരമായിരുന്നു. അയാൾ ഇടയ്ക്കിടെ കരയുന്നുണ്ടായിരുന്നു. കട്ടപ്പനയിൽനിന്ന് കോട്ടയം മെഡിക്കൽ കോളജിലേക്കുള്ള യാത്രയ്ക്കിടയിൽ തോമസ് അയാൾക്കുവേണ്ടി ജപമാല ചൊല്ലി പ്രാർത്ഥിച്ചുകൊണ്ടിരുന്നു.

കോട്ടയത്ത് എത്തിയപ്പോഴേക്കും രോഗിക്ക് വലിയ ആശ്വാസം അനുഭവപ്പെട്ടു. ഇതേ രോഗി ആരോഗ്യത്തോടെ വൈകിട്ട് മടങ്ങിയതും തോമസിന്റെ വണ്ടിയിലായിരുന്നു. അപ്പോഴേക്കും രോഗിയുടെ മുഖം പ്രസന്നമായിരുന്നു.അത് പ്രാർത്ഥനയുടെയും ജപമാലയുടെയും ശക്തി കൂടുതൽ ബോധ്യമാകുന്ന സംഭവമായിരുന്നുവെന്ന് തോമസ് പറയുന്നു.

ഉരുളുപൊട്ടി, പുതിയ ദൗത്യം വെളിപ്പെട്ടു

കണ്ടക്ടർ ജോലി തുടങ്ങിയ നാളുകളിൽ നാല് കന്യാസ്ത്രീകൾ ബസിൽ കയറി. തോമസ് ഉൾപ്പെടെയുള്ള ജീവനക്കാരുടെ സന്തോഷകരമായ ഇടപെടലിൽ ആകൃഷ്ടരായ അവർ നാല് ജപമാലകൾ തോമസിന് സമ്മാനിച്ചു. അന്നുമുതൽ ജപമാല ധരിക്കുന്നത് ശീലമാക്കി. ജപമാലഭക്തി ജീവിതത്തിന്റെ ഭാഗമായിത്തീരുകയും ചെയ്തു. ഏതാനും വർഷംമുമ്പ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് നടന്നു വരികയായിരുന്നു. ശക്തമായ മഴയും കാറ്റും ഇടിമിന്നലുമെല്ലാംകൊണ്ട് ഭയപ്പെടുത്തുന്ന അന്തരീക്ഷം.

റോഡിൽ കുറച്ച് മണ്ണ് ഇടിഞ്ഞുകിടന്നിരുന്നു. മുന്നോട്ട് പോകാൻ ശ്രമിക്കവേ അടുത്ത വീട്ടുകാർ വിളിച്ചതിനാൽ തിരിച്ചുനടന്നു. ഈ സമയം കടന്നുപോകേണ്ട സ്ഥലത്ത് ഉരുൾപൊട്ടലുണ്ടായി. മുന്നോട്ട് നടന്നിരുന്നെങ്കിൽ അപകടം സംഭവിക്കുമായിരുന്നു. തൊട്ടടുത്തുള്ള വീട്ടിലേക്ക് കയറി. ആ കുടുംബത്തിലെ അംഗവും അദ്ദേഹത്തിന്റെ ബന്ധത്തിൽപ്പെട്ട കുടുംബവും ശത്രുതയിലായിരുന്നു. തങ്ങൾ നിൽക്കുന്ന വീട് സുരക്ഷിതമല്ലാത്തതിനാൽ ബന്ധുവീട്ടിലേക്ക് പോകാൻ തോമസ് അയാളെ സ്‌നേഹപൂർവം നിർബന്ധിച്ചു. അവർ ഒടുവിൽ അത് അംഗീകരിച്ചു.

അങ്ങനെ ഇരുകുടുംബങ്ങളും ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ രമ്യതയിലായി. തകരുന്ന കുടുംബബന്ധങ്ങളിൽ ഇടപെടാൻ പ്രേരണയായി മാറിയത് ഈ സംഭവമാണ്. ഇതേസമയത്താണ് വികാരിയച്ചന്റെ നിർദേശപ്രകാരം ഒരു തൊഴിൽതർക്കം പരിഹരിക്കാൻ നിയുക്തനായത്. സങ്കീർണമായ ആ പ്രശ്‌നം ഏതാനും നാളത്തെ പ്രാർത്ഥനയും ചർച്ചകളും ഉപദേശങ്ങളുംവഴി പരിഹരിക്കാൻ സാധിച്ചതും ദൈവത്തിന്റെ ഇടപെടലാണെന്ന് തോമസ് ഓർക്കുന്നു.

ഇറങ്ങിയത് ബസിൽനിന്നുമാത്രം

കണ്ടക്ടർ ജോലിയിൽനിന്ന് വിരമിക്കാൻ തീരുമാനിച്ച സമയം. പക്ഷേ, വീട്ടിൽ ഒതുങ്ങിക്കൂടിയിരിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാനാവില്ല. കർത്താവിനുവേണ്ടി എന്താണ് ചെയ്യേണ്ടതെന്ന ചിന്തയും പ്രാർത്ഥനയും ശക്തമാക്കി. ഒടുവിൽ പുതിയൊരു പ്രേഷിതദൗത്യം ദൈവം വെളിപ്പെടുത്തി. അകന്നു കഴിയുന്ന ദമ്പതികളെ, കുടുംബങ്ങളെ കൂട്ടിയിണക്കാനുള്ള ദൗത്യമായിരുന്നു അത്. ഒരിക്കലും യോജിക്കാനാകില്ലെന്ന് വിധിയെഴുതി വേർപിരിഞ്ഞ് കഴിഞ്ഞിരുന്ന 50ൽപ്പരം ദമ്പതികളെ ഒരുമിപ്പിക്കാൻ ഇതിനകം തോമസിനെ ദൈവം ഉപകരണമാക്കി.

‘വേർപിരിയാനുള്ള സാഹചര്യം സങ്കീർണമായാൽപ്പോലും സൗമ്യമായ ഇടപെടലുകളിലൂടെയും പ്രാർത്ഥനയിലൂടെയും കൂട്ടിയിണക്കാൻ കഴിയും. രണ്ടു പേരെയും കേൾക്കാൻ തയാറായും പരസ്പരം നന്മകൾ കണ്ടെത്താൻ പ്രേരിപ്പിച്ചുമാണ് ഈ ദൗത്യം നിർവഹിക്കുന്നത്. എത്ര മോശം വ്യക്തിയായാലും 10 നന്മകളെങ്കിലും ജീവിതപങ്കാളിക്ക് കണ്ടെത്താൻ കഴിയും. എന്തെങ്കിലും കുറവുകളില്ലാത്ത ഒരു കുടുംബവും ലോകത്തില്ല. അതിനാൽ കുറവുകൾ ഉൾക്കൊണ്ട് മുന്നോട്ട് പോവുകയാണ് ഉചിതം. പലപ്പോഴും ഏറെ സങ്കീർണവും ത്യാഗപൂർണവുമായ ദൗത്യനിർവഹണമാണിത്.’

‘സ്വയം കഴുതയായാലേ ഒരുവനെ നേടാൻ സാധിക്കൂ,’ ഇതാണ് തോമസിന്റെ ആപ്തവാക്യം. പരിഹാസങ്ങളും അപമാനങ്ങളും പലപ്പോഴും നേരിടേണ്ടി വന്നിട്ടുണ്ട്. അവയെല്ലാം ദൈവസന്നിധിയിൽ സമർപ്പിച്ച് മുന്നോട്ടുനീങ്ങുന്നു. അനുദിനമുള്ള ദിവ്യബലിയാണ് ശക്തിസ്രോതസ്. ദിവ്യബലിയിൽ പങ്കെടുക്കാനുള്ള പ്രഭാത നടപ്പുപോലും പ്രാർത്ഥനാ നിർഭരമാണ്. വീട്ടിൽനിന്ന് മൂന്ന് കിലോമീറ്റർ അകലെയുള്ള ദൈവാലയത്തിൽ എത്തുന്നത് ജപമാല അർപ്പിച്ച് നിയോഗങ്ങൾ സമർപ്പിച്ചാണ്.

യാത്ര പലവഴികളിലേക്ക്

‘വിൻസെന്റ് ഡി പോൾ സൊസൈറ്റി’യിൽ സജീവമായ ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഇടവകയിൽ ഒരു പാലിയേറ്റീവ് യൂണിറ്റും പ്രവർത്തിക്കുന്നുണ്ട്. രോഗികളുടെ ഭവനങ്ങൾ സന്ദർശിച്ച് പരിചരണം നൽകാൻ രണ്ട് കന്യാസ്ത്രീകൾ ഉൾപ്പെടെ 20 പേരാണ് സംഘത്തിലുള്ളത്. ‘രോഗശയ്യയിൽ ആയിരിക്കുന്നവർക്ക് ആത്മീയ സഹായങ്ങൾ ആവശ്യമുണ്ട്. നല്ല മരണത്തിന് ഒരുക്കേണ്ടവരുണ്ട്. പ്രത്യാശയും സന്തോഷവും പകർന്നു നൽകേണ്ടവരുണ്ട്. സാമ്പത്തിക സഹായങ്ങൾ, രോഗീപരിചരണം, മുറി വൃത്തിയാക്കൽ തുടങ്ങിയവയൊക്കെ ആവശ്യമായി വരും. ടീം വർക്കിലൂടെ ഇത്തരം കാര്യങ്ങൾ നടപ്പാക്കുന്നു.’

നേത്രദാന സന്നദ്ധത അറിയിച്ച ഏഴു പേരുടെ കണ്ണുകൾ യഥാസമയം ഇടപെട്ട് ശേഖരിച്ചതുവഴി 14 പേർക്ക് കാഴ്ചയുടെ ലോകംതുറന്നു കിട്ടി. പാലിയേറ്റീവ് പ്രസ്ഥാനത്തിലൂടെയാണ് ഇത് സാധിച്ചത്. രൂപതയിൽ ഏറ്റവും കൂടുതൽ പേർ നേത്രദാനം നടത്തിയ ഇടവകയാകാനും ഇതുവഴി സാധിച്ചു. എല്ലാ വർഷവും രോഗികൾക്കുവേണ്ടി ദിവ്യബലി അർപ്പണം ഉൾപ്പെടെയുള്ള ശുശ്രൂഷകളും പാലിയേറ്റീവ് മിനിസ്ട്രിയുടെ നേതൃത്വത്തിൽ ക്രമീകരിക്കാറുണ്ട്.

കുടുംബത്തകർച്ചകൾക്ക് പ്രധാനകാരണം മദ്യപാനമാണെന്ന് മനസിലായതോടെ മദ്യനിരോധന സമിതിയുമായി ചേർന്നുള്ള പ്രവർത്തനങ്ങളിലും തോമസ് വ്യാപൃതനായി. കുടുംബപ്രേഷിതത്വവുമായി ബന്ധപ്പെട്ട് ഇടവകയ്ക്ക് പുറത്തും സജീവമായ തോമസ്, ‘നവദർശന’ ധ്യാനകേന്ദ്രത്തിലെ കൗൺസലിങ്ങ് ശുശ്രൂഷയിലും വ്യാപൃതരാണ്. ഭാര്യയും മക്കളുമാണ് തോമസിന്റെ എല്ലാ പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനമായി നിലകൊള്ളുന്നത്. ഭാര്യ ത്രേസ്യാമ്മ. മക്കൾ: മിന്നു, ലിന്നു, ലിബിൻ.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Similar Posts

Latest Posts

Don’t want to skip an update or a post?