Follow Us On

20

May

2022

Friday

സഭയുടെ ആമസോൺ ആശങ്കകൾ…

സഭയുടെ ആമസോൺ  ആശങ്കകൾ…

‘ഭൂമിയുടെ ശ്വാസകോശം’ എന്ന് വിശേഷിപ്പിക്കുന്ന ആമസോൺ മഴക്കാടുകളുടെ നശീകരണം ഏതെങ്കിലും ചില രാജ്യങ്ങളുടെ പരമാധികാര പ്രശ്‌നമോ ആഭ്യന്തര വിഷയമോ ആയി അവഗണിക്കേണ്ടതല്ല.

എം. സക്കേവൂസ്‌

ലോകത്തിലെ ഏറ്റവും ജനനിബിഢമായ നഗരങ്ങളിലൊന്നായ സാവോപോളോയിൽ ആഗസ്റ്റ് 21 പകൽ 3.00ന് സൂര്യൻ മറഞ്ഞു. നഗരമാകെ പട്ടാപ്പകൽ അന്ധകാരം വ്യാപിച്ചു. ബ്രസീലിലെ മഹാനഗരമായ സാവോപോളോയിൽ അനുഭവപ്പെട്ടത് ഒരു സൂര്യഗ്രഹണമായിരുന്നില്ല. ആമസോൺ കാടുകളിൽനിന്ന് വീശിയടിച്ച കട്ടപ്പുകപടലമാണ് സാവോപോളയിലെ ജനങ്ങളിൽനിന്ന് പട്ടാപ്പകൽ സൂര്യനെ മറച്ചുപിടിച്ചത്. അഗ്‌നിബാധയുടെ ഉത്ഭവകേന്ദ്രത്തിൽനിന്ന് ഏകദേശം 1600 മൈലുകൾ അകലെയാണ് സാവോപോളോ എന്നുകൂടി അറിയുക. അഗ്‌നി രൗദ്രത നമുക്ക് സങ്കൽപ്പിക്കാനാകുമോ! ആഴ്ചകളായി വെന്ത് നശിക്കുകയാണ് ആമസോൺ മഴക്കാടുകൾ.

‘ഭൂമിയുടെ ശ്വാസകോശം’

ഭൂമിയുടെ ശ്വാസകോശം എന്ന് കൂടി അറിയപ്പെടുന്ന ആമസോൺ മഴക്കാടുകൾ തെക്കേ അമേരിക്കയിലെ ഒൻപത് രാജ്യങ്ങളിലായി വ്യാപിച്ച് കിടക്കുന്നു. ബ്രസീൽ, ബൊളീവിയ, വെനിസ്വേല, ഇക്വഡോർ, പെറു, കൊളംബിയ, ഗയാന, സുരിനാം, ഫ്രഞ്ചു ഗയാന. 2.1 മില്യൺ മൈൽ ചതുരശ്ര മൈൽ വിസ്തീർണമുള്ളതിൽ 60%വും ബ്രസീലിന്റെ ഭാഗമാണ്. ഭൗമാന്തരീക്ഷത്തിലെ 20% ഓക്‌സിജൻ ഉൽപാദിപ്പിക്കുന്നത് ആമസോൺ മഴക്കാടുകളാണെന്നാണ് പരിസ്ഥിതി ശാസ്ത്രജ്ഞരുടെ നിരീക്ഷണം.

ആഗോളതാപനം തടയുന്നതിലും ആമസോൺ മഴക്കാടുകളുടെ നിലനിൽപ്പ് പരമപ്രധാനമാണ്. ആമസോൺ പ്രദേശത്തെ വനനശീകരണം വൈവിധ്യമാർന്ന ജന്തു- സസ്യ വർഗങ്ങളുടെ ഉന്മൂലനത്തിന് കാരണമാകുമെന്നതിൽ സംശയമുണ്ടാകേണ്ട കാര്യമില്ലല്ലോ. കാടിനെ ആശ്രയിച്ച് ജീവിക്കുന്ന നിരവധി തദ്ദേശീയരായ ആദിവാസി സമൂഹവും ഉപജീവനം നഷ്ടപ്പെട്ട് പെരുവഴിയിലിറങ്ങേണ്ടിവരും.

അങ്ങനെ നോക്കുമ്പോൾ, ആമസോൺ മഴക്കാടുകളുടെ നശീകരണം ഏതെങ്കിലും ചില രാജ്യങ്ങളുടെ പരമാധികാര പ്രശ്‌നമോ ആഭ്യന്തര വിഷയമോ ആയി അവഗണിക്കേണ്ടതല്ല. പരിസ്ഥിതി പ്രശ്‌നം ഒരു രാജ്യാന്തര വിഷയമാകയാൽ ആമസോണിലെ വൻ അഗ്‌നിബാധ നിയന്ത്രിക്കാൻ വിദേശ രാജ്യങ്ങളുടെ സഹായം തേടുന്നതിൽ തെറ്റില്ലെന്നാണ് ലോകമാധ്യമങ്ങളുടെയും സംഘടനകളുടെയും നിലപാട്.

അതെന്തായാലും ശരി, പരിസ്ഥിതിയ്ക്ക് പിന്നിലെ രാഷ്ട്രീയമെന്തൊക്കെയുമാകട്ടെ, മഴക്കാടുകൾ നശിക്കാതെ നിലനിൽക്കേണ്ടത് മനുഷ്യകുലത്തിന് മാത്രമല്ല സകല സൃഷ്ടജാലങ്ങൾക്കും അത്യന്താപേക്ഷിതമാണെന്നാണ് നമുക്ക് ബോധ്യപ്പെടുന്ന യാഥാർത്ഥ്യം. ആമസോൺ നശിക്കുമ്പോൾ, സഹിക്കേണ്ടിവരുന്നത് ഈ ഭൂമിയും നാം ഉൾപ്പെടെയുള്ള സകല ജീവജാലങ്ങളുമാണ്.

ആമസോൺ സിനഡ്

ആമസോൺ പ്രദേശത്തെ ഗുരുതരമായ പരിസ്ഥിതിക, മാനുഷിക, സാമൂഹ്യപ്രശ്‌നങ്ങളെക്കുറിച്ച് ചർച്ചചെയ്യാൻ തെക്കേ അമേരിക്കയിലെ ബിഷപ്പുമാരുടെ സിനഡ് റോമിൽവച്ച് സമ്മേളിക്കുകയാണ് അടുത്ത ഒക്ടോബറിൽ. അതിന് ആഴ്ചകൾക്ക് മുമ്പുമാത്രം ഇങ്ങനെയൊരു ദുരന്തം സംഭവിച്ചത് അപ്രതീക്ഷിതമായിരിക്കാം. എന്നിരുന്നാലും പ്രതിസന്ധിയുടെ തീവ്രത എത്രമാത്രം കാലികപ്രസക്തമാണെന്ന് പ്രകടമാക്കുന്നതാണ് ഈ മഹാവിപത്ത്. ആമസോൺ വനം വ്യാപിച്ച് കിടക്കുന്ന മേഖലയിൽനിന്നുള്ള ബിഷപ്പുമാരെയാണ് സിനഡ് ചർച്ചകൾക്കായി പാപ്പ റോമിലേക്ക് ക്ഷണിച്ചിരിക്കുന്നത്.

സിനഡ് ചർച്ചയുടെ വിവരങ്ങൾ ചോർത്തിയെടുക്കാൻ ഒരു രഹസ്യാന്വേഷണ ഏജൻസിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് ബ്രസീലിലെ ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തുവെങ്കിലും ഭരണകൂടം അത് നിഷേധിച്ചിരിക്കുകയാണ്. അതേസമയം, ഒരു ദേശീയ വിഷയമായിമാത്രം ഭരണകൂടം കണക്കാക്കുന്ന ആമസോണിലെ പരിസ്ഥിതി വിഷയം റോമിൽവെച്ച് ചർച്ച ചെയ്ത് രാജ്യാന്തരവൽക്കരിക്കുന്നതിനെ ചോദ്യം ചെയ്യുകയും ചെയ്യുന്നുണ്ട് ഭരണകൂടവക്താക്കൾ.

പക്ഷം ചേരുമെന്ന് മെത്രാൻ സമിതി

നിരാലംബരുടെയും പുറംതള്ളപ്പെടുന്നവരുടെയും പക്ഷം ചേർന്ന് ആമസോണിനുവേണ്ടി ശക്തമായി വാദിക്കണമെന്ന് പ്രദേശത്തെ മെത്രാൻ സമിതി തീരുമാനിച്ചിരിക്കുകയാണ്. ബിഷപ്പുമാർ പറഞ്ഞതിന്റെ ചുരുക്കം ഇപ്രകാരം സംഗ്രഹിക്കാം: ‘ആമസോൺ മഴക്കാടുകൾക്കുവേണ്ടി ഞങ്ങൾ ശബ്ദമുയർത്തുന്നു. കാടുകളുടെ നശീകരണം ഈ മേഖലയിലെ ജനങ്ങളുടെ സാമ്പത്തികവും സാമൂഹ്യവുമായ നിലനിൽപ്പിനെ തന്നെ ബാധിക്കും. സാധാരണ ജനത്തിന്റെ ആരോഗ്യം നശിപ്പിക്കും.’

‘ഈ പ്രദേശത്ത് അധിവസിക്കുന്ന സഹോദരങ്ങളോടുള്ള അടുപ്പവും ഐക്യവും പ്രകടിപ്പിച്ചുകൊണ്ട് നിങ്ങളുടെ ശബ്ദത്തോട് ചേർത്തുവെച്ച് ഞങ്ങളും പ്രതികരിക്കുന്നു. ഈവൻ നശീകരണം തടയണമെന്ന്. ആമസോൺ മഴക്കാടുകളിലെ മേഖലയിലെ ഭരണകൂടങ്ങളോടും രാഷ്ട്രീയ നേതാക്കളോടും രാജ്യങ്ങളോടും ഐക്യരാഷ്ട്രസഭയോടും അഭ്യർത്ഥിക്കാനുള്ളത് ‘ഭൂമിയുടെ ശ്വാസകോശം’ സംരക്ഷിക്കുന്നതിനുള്ള സത്വരനടപടികൾ സ്വീകരിക്കണം എന്നാണ്.’

ആമസോൺ മേഖലയിൽ നിന്നുള്ള ബിഷപ്പ് മിത്താൻ കോർബെല്ലാനി മാർബയുടെ നിലപാട് മാറ്റമില്ലാത്തതാണ്. ഇതുപോലെയുള്ള സാഹചര്യങ്ങളിൽ നിശബ്ദമായിരിക്കാൻ കഴിയില്ലെന്നാണ് അദ്ദേഹത്തിന്റെ വാക്കുകൾ: ‘അനീതിക്കെതിരെ സംസാരിക്കും. പരമ്പരാഗതമായി കാടിനെ ആശ്രയിച്ച് ജീവിച്ച് പോരുന്ന ജനവിഭാഗങ്ങളെ തള്ളിപ്പറയാൻ സഭയ്ക്ക് കഴിയില്ല. ആദിവാസ ജനതയെയും നദീതടത്തിൽ അധിവസിച്ചുപോരുന്ന കാർഷിക സമൂഹത്തെയും ദ്രോഹിക്കുന്ന ഭരണകൂട നയങ്ങളെ ശക്തമായി എതിർക്കുക തന്നെ ചെയ്യും.

‘അത്യാഗ്രഹത്തോടെ എത്തുന്ന വൻകിട കാർഷിക വ്യവസായങ്ങളും കുത്തക ഖനന കമ്പനികളുമാണ് ആമസോൺ മഴക്കാടുകളെ നശിപ്പിക്കുന്നത്. ഏത് ഭരണകൂടം അധികാരത്തിലെത്തിയാലും ആമസോൺ ജനതകളെയും സമാധാനമായി ജീവിക്കാൻ അനുവദിക്കണം.’ പലപ്പോഴും നാം മറന്നുപോകുകയും ഉപേക്ഷിക്കപ്പെട്ടു പോകുകയും ചെയ്യുന്ന ഒരു ജനസമൂഹമുണ്ട്. ഭാവിയെക്കുറിച്ചുള്ള അവരുടെ വിജയ പ്രതീക്ഷകൾ നശിച്ചുപോകാൻ കാരണം നമ്മുടെ പ്രവൃത്തികളാണ്. ചരിത്രം തെളിവാണതിന്. പ്രകൃതി വിഭവങ്ങളിൽ അതിസമ്പന്നമായ ആമസോൺ വനം ജന്തു, സസ്യജാലങ്ങളാൽ വൈവിധ്യമാർന്നതാണ്.

‘ലൗദാത്തോ സീ’

2015ൽ ഫ്രാൻസിസ് പാപ്പ പുറപ്പെടുവിച്ച ചാക്രിക ലേഖനം ‘ലൗദാത്തോ സീ’യുടെ ചുവടു പിടിച്ചാണ് പാപ്പ ‘ആമസോൺ സിനഡ്’ വിളിച്ച് ചേർക്കുന്നത്. ആധുനിക മനുഷ്യന്റെ ഉപഭോഗ സംസ്‌ക്കാരത്തെ കണക്കറ്റ് വിമർശിക്കുന്ന ഈ ചാക്രിക ലേഖനം പരിസ്ഥിതി കേന്ദ്രീകൃതമായ ഒരു നവസുവിശേഷവത്കരണം ആവശ്യമാണെന്നുകൂടി ചൂണ്ടിക്കാണിക്കുന്നു. സകല സൃഷ്ടിജാലങ്ങളെയും സംരക്ഷിക്കാനും പരസ്പരം സംരക്ഷിക്കാനുമുള്ള ഉത്തരവാദിത്വം മനുഷ്യനുണ്ട്.

ഭൂമി എല്ലാവരുടെയുമാണെന്നും മനുഷ്യന് മാത്രമല്ല സകല സൃഷ്ടികളുടെയും വസതിയാണെന്ന സന്ദേശവും പാപ്പ പ്രസ്തുത ചാക്രികലേഖനത്തിലൂടെ മുന്നോട്ടുവെക്കുന്നു. ‘ആമസോൺ ഒരു സമഗ്ര പരിസ്ഥിതിയ്ക്കുവേണ്ടിയുള്ള സഭയുടെ പുതിയ പാതകൾ’ എന്നതാണ് ഒക്ടോബറിൽ നടക്കുന്ന സിനഡിന്റെ ചർച്ചാ വിഷയം തന്നെ. കൃഷിയെ ആശ്രയിച്ച് സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിച്ചുപോരുന്ന കർഷകരെയും ചെറുകിട വ്യാപാരികളെയും അവരുടെ ദേശത്ത് ഇല്ലാതാക്കി, വൻകിട കുത്തക വിദേശ കമ്പനികൾ അവരുടെ പ്രകൃതി സമ്പത്തും മണ്ണും ചൂഷണം ചെയ്യുന്നതിനെതിരെയുള്ള ശക്തമായ പ്രതികരണമാണ് വത്തിക്കാനിൽ നടക്കുന്ന ആമസോൺ സിനഡ്.

വിവിധ രാജ്യങ്ങളിൽ രാഷ്ട്രീയം വ്യത്യസ്തമാണെങ്കിൽകൂടി, കുത്തകകളെ സ്വന്തം മണ്ണിൽ കുടിയിരുത്തി ചൂഷണത്തിന് അവസരമൊരുക്കുന്നതിൽ ഭരണകൂടങ്ങൾ മത്സരിക്കുന്നതും നാം കാണുന്നു. ആമസോൺ പ്രകൃതി സമ്പത്ത് ഏറ്റവുമധികം നിക്ഷേപിക്കപ്പെട്ടിരിക്കുന്ന മണ്ണാണ് ബ്രസീലും ബോളീവിയയും. ബ്രസീലിലേത് വലതു പക്ഷ ചായ്‌വുള്ള ഭരണകൂടമാണ്. ആമസോൺ മഴക്കാടുകളെ ഉന്മൂലനം ചെയ്യുന്നതിൽ ഇരു രാജ്യങ്ങളും രാഷ്ട്രീയ വ്യത്യാസം മറന്ന് മത്സരിക്കുകയാണെന്നുമാത്രം.

ഇരകളാക്കപ്പെടുന്ന ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്ന അമേരിക്കയിലെ സഭയ്ക്കുണ്ടാകുന്ന ആശങ്കകൾ ആഗോള സഭയുടെയും ആശങ്കകളാണ്. അതുകൊണ്ടുതന്നെ വത്തിക്കാനിൽ സമ്മേളിക്കാനിരിക്കുന്ന ‘ആമസോൺ സിനഡ് 2019’ ന്റെ പ്രസക്തിയും പ്രാധാന്യവും ചോദ്യം ചെയ്യപ്പെടേണ്ടതില്ല.

Leave a Comment

Your email address will not be published. Required fields are marked with *

Similar Posts

Latest Posts

Don’t want to skip an update or a post?