വത്തിക്കാൻ സിറ്റി: ചെറുതായാലും വലുതായാലും സമൂഹങ്ങൾ തമ്മിലായാലും രാഷ്ട്രങ്ങൾ തമ്മിലായാലും നാട്ടിലായാലും വീട്ടിലായാലും യുദ്ധം അരുതെന്ന് ഫ്രാൻസിസ് പാപ്പ. ആഫ്രിക്കയിലെ അപ്പസ്തോലിക പര്യടനത്തിനുശേഷം റോമിലേക്ക് മടങ്ങവെ രാജ്യാന്തര മാധ്യമപ്രവർത്തകരുമായി വിമാനത്തിൽ സംവദിക്കുകയായിരുന്നു പാപ്പ. സമാധാനത്തിനായി പരിശ്രമിച്ചത് വലിയ വിജയമായി കൊട്ടിഘോഷിക്കാതെ സമാധാനത്തെ വിജയമായി കാണണമെന്നും പാപ്പ പറഞ്ഞു.
ആഫ്രിക്കയിൽ നിലനിൽക്കുന്ന പരദേശിസ്പർദ്ധയെയും സമാധാനപ്രക്രിയെയും കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരമായിട്ടായിരുന്ന പാപ്പയുടെ മറുപടി. അനുദിന ജീവിതത്തിൽ നാം എല്ലാവരും സമാധാനശ്രമങ്ങൾ തുടരണം, സമാധാനത്തിനുവേണ്ടി പ്രാർത്ഥിക്കുകയും വേണം. ശത്രുവിനെ കാണാൻ ചെല്ലുന്നത് ഭീതി ഉയർത്തുന്ന കാര്യമാണ്. സമാധാനത്തിനുള്ള പരിശ്രമം ജീവൻ പണയംവെച്ചും നിർവഹിക്കുന്നതാണ്. പരിശ്രമം സമാധാനത്തിന്റെ പാതയിലെ മുന്നോട്ടുള്ള ചുവടുവെപ്പുകളാണ്.
സമാധാന ശ്രമത്തിൽ ഒരിക്കലും വിജയം അവകാശപ്പെടാനാവില്ല, കാരണം അത് വളരെ ലോലമാണ്, തുടർന്ന് സൂക്ഷിച്ചില്ലെങ്കിൽ നഷ്ടപ്പെടാവുന്നതുമാണ്. സാമൂഹികമായ അനുരഞ്ജന-സമാധാന ശ്രമങ്ങളെ സംബന്ധിച്ച് ഒരു വിജയാഘോഷത്തിന് അർത്ഥമില്ല. സമാധാനം നേടിയതോ അതിനായി പരിശ്രമിച്ചതോ നാം കൊട്ടിഘോഷിക്കേണ്ട കാര്യമല്ല. സമാധാനവും സമാധാനമുള്ള ജീവിതവുമായിരിക്കണം വിജയാഘോഷം.
ചിലപ്പോൾ ഒരു കപ്പ് കാപ്പിപ്പുറത്തുളള സംഭാഷണവും ആവർത്തിച്ചുള്ള സംവാദവുമാണ് സമാധാനവഴികൾ തുറക്കുന്നത്. ആഫ്രിക്കൻ നാടുകൾക്ക് സമാധാനത്തിനായി ജീവിതം സമർപ്പിച്ച ഈശോസഭാ വൈദികൻ മൈക്കിൾ ചേർണിയെ അടുത്ത കൺസിസ്ട്രിയിൽ കർദ്ദിനാളായി വാഴിക്കുന്ന കാര്യവും പാപ്പ ചൂണ്ടിക്കാട്ടി.
Leave a Comment
Your email address will not be published. Required fields are marked with *