Follow Us On

15

August

2022

Monday

സൂര്യനില്‍നിന്നും ഭൂമിയിലേക്ക് പതിച്ച പ്രകാശം

സൂര്യനില്‍നിന്നും ഭൂമിയിലേക്ക് പതിച്ച പ്രകാശം

ബാല്യം മുതലേ പരിശുദ്ധ അമ്മയോട് ഒരുപാട് സ്‌നേഹം ഉണ്ടായിരുന്നു. എന്റെ മമ്മി മാതൃഭക്തയായിരുന്നു. എന്റെ ജീവിതത്തില്‍ ഇന്നുവരെയുള്ള എല്ലാ പ്രതിസന്ധികളിലും ഞാന്‍ നെഞ്ചോട് ചേര്‍ത്തുവച്ചത് ജപമാലയും വിശുദ്ധ കുര്‍ബാനയുമായിരുന്നു. പരിശുദ്ധ അമ്മയുടെ കരം പിടിക്കുന്ന എല്ലാ വ്യക്തികളെയും അമ്മ ഈശോയിലേക്കാണല്ലോ എത്തിക്കുന്നത്. ഇക്കാര്യത്തില്‍ എനിക്ക് യാതൊരു സംശയവുമില്ല. അതുകൊണ്ടുതന്നെ ലോകമെങ്ങുമുള്ള മരിയന്‍ തീര്‍ത്ഥാടനങ്ങള്‍ എന്റെ ആഗ്രഹവും പ്രാര്‍ത്ഥനയും ആയിരുന്നു.
മക്കളില്ലാതെ കാത്തിരുന്ന ആറുവര്‍ഷം ജപമാലയും വിശുദ്ധ കുര്‍ബാനയുമായിരുന്നു ഞങ്ങളുടെ ദിവ്യ ഔഷധം. ഒരിക്കല്‍ ധ്യാനത്തില്‍ സംബന്ധിച്ചപ്പോള്‍ കൗണ്‍സിലര്‍ ഞങ്ങളോട് പറഞ്ഞു, ‘മക്കളെയും’ കൊണ്ട് മരിയന്‍ തീര്‍ത്ഥാടനങ്ങള്‍ നടത്തുവാനുള്ള കൃപ നല്‍കുന്നുവെന്ന്. ഒരു കുഞ്ഞിനെയെങ്കിലും കിട്ടാന്‍ ബുദ്ധിമുട്ടുമ്പോള്‍ മക്കളെ കൊണ്ടുപോകുമെന്ന വാക്കുകള്‍ എനിക്കും ഭര്‍ത്താവിനും അന്ന് തീരെ ഉള്‍ക്കൊള്ളാനായില്ല.
പക്ഷേ അത്ഭുതമെന്ന് പറയട്ടെ, 2013-ല്‍ മൂന്നാമത്തെ കുഞ്ഞിനെ ഗര്‍ഭിണിയായിരുന്നപ്പോള്‍ ഞങ്ങള്‍ മക്കളൊടൊപ്പം ലൂര്‍ദ് സന്ദര്‍ശിച്ചു. വീണ്ടും 2016-ല്‍ അഞ്ച് മക്കളെയുംകൂട്ടി ഫാത്തിമ സന്ദര്‍ശിക്കാനുള്ള അനുഗ്രഹവും പരിശുദ്ധ അമ്മ നല്‍കി. 2018-ലാണ് മെഡ്ജുഗോറിയയെപ്പറ്റി കൂടുതല്‍ അറിയാന്‍ കഴിഞ്ഞത്. എന്റെ അമ്മയും സഹോദരങ്ങളും അവിടെ പോകുകയും പ്രാര്‍ഥിക്കുകയും അനുഗ്രഹം നേടുകയും ചെയ്തു. അന്നുമുതല്‍ ഞങ്ങളും അതിനായി പ്രാര്‍ഥിക്കാന്‍ ആരംഭിച്ചു. ഒരുപാട് തടസങ്ങള്‍ ഉണ്ടായിരുന്നെങ്കിലും പ്രാര്‍ഥിച്ചൊരുങ്ങി ആറ് മക്കളെയും മാതാവിന് സമര്‍പ്പിച്ച് ഞങ്ങള്‍ 2019 ജൂണ്‍ 23-ന് മെഡ്ജുഗോറിയയിലേക്ക് പുറപ്പെട്ടു.
സര്‍ജാവോ എയര്‍പോര്‍ട്ടില്‍നിന്ന് രണ്ട് മണിക്കൂര്‍ യാത്ര ചെയ്താണ് മെഡ്ജുഗോറിയയില്‍ എത്തുന്നത്. മെഡ്ജുഗോറിയയെപ്പറ്റി പറഞ്ഞാല്‍ ദൈവത്താല്‍ പ്രത്യേകം തെരഞ്ഞെടുത്ത പുണ്യസ്ഥലമാണിത്. പരിശുദ്ധ അമ്മയുടെ സാന്നിധ്യം നിറഞ്ഞു നില്‍ക്കുന്നയിടം. എവിടെ തിരിഞ്ഞുനോക്കിയാലും പ്രാര്‍ഥനാപൂര്‍വം വരുന്ന തീര്‍ത്ഥാടകര്‍. എത്രയധികം ആളുകളുണ്ടെങ്കിലും വളരെ ശാന്തമായ അന്തരീക്ഷം. എല്ലാവരും ജപമാല ചൊല്ലിയാണ് മുന്നോട്ട് നടക്കുന്നത്. സമാധാനത്തിന്റെ രാജ്ഞിയെന്ന വിശേഷണത്തോടെ അവിടെ പ്രത്യക്ഷപ്പെട്ട പരിശുദ്ധ അമ്മ ആദ്യം സമാധാനക്കൊന്ത ചൊല്ലാനാണ് പഠിപ്പിച്ചത്.
സെന്റ് ജയിംസ് ദൈവാലയമാണ് ഇടവകപ്പള്ളി. പല ഭാഷകളില്‍ മാറിമാറി അവിടെ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കപ്പെടുന്നുണ്ട്. പരിശുദ്ധ അമ്മയുടെ മനോഹരമായ ലൈന്‍ സ്റ്റാച്യു ദൈവാലയത്തിലുണ്ട്. അവിടെ നില്‍ക്കുമ്പോള്‍ അമ്മ സങ്കടത്തോടെ നമ്മോട് എന്തൊക്കെയോ സംസാരിക്കുന്നതായി തോന്നും. മെഡ്ജുഗോറിയയില്‍ പരിശുദ്ധ അമ്മയെ സന്ദര്‍ശിക്കുന്ന ഓരോ വ്യക്തിയും മാനസാന്തരത്തിലൂടെ ദൈവവുമായി അനുരഞ്ജനപ്പെട്ട് പുതിയ ജീവിതവുമായാണ് തിരികെ മടങ്ങുന്നത്. വിവിധ ഭാഷകളില്‍ അവിടെ നടക്കുന്ന കുമ്പസാരം ഒരുപാട് മാനസാന്തരങ്ങള്‍ സൃഷ്ടിക്കുന്നതായി കേട്ടിട്ടുണ്ട്. പ്രത്യേകിച്ച് യുവതീയുവാക്കള്‍ മണിക്കൂറുകള്‍ എടുത്ത് കുമ്പസാരിച്ച് സന്തോഷത്തോടെ പോകുന്ന കാഴ്ച കാണാം.
ജൂണ്‍ 25-ന് ഞങ്ങള്‍ ഉത്ഥിതനായ ക്രിസ്തുവിന്റെ ദൈവാലയത്തില്‍ ആയിരുന്നപ്പോള്‍ അത്ഭുതകരമായൊരു കാഴ്ച കാണാന്‍ കഴിഞ്ഞു. സൂര്യാസ്തമയ സമയം. സൂര്യനില്‍നിന്ന് വലിയൊരു പ്രകാശം ഭൂമിയിലേക്ക് പതിക്കുന്നതായി ഞങ്ങള്‍ കണ്ടു. കണ്ണുകള്‍ക്ക് താങ്ങാന്‍ പറ്റാത്ത വിധത്തിലുള്ള പ്രകാശമായിരുന്നു അത്. പത്തുമിനിറ്റ് ആ പ്രകാശം നീണ്ടു. പിന്നീട് അവിടെ ചുവന്നനിറത്തിലുള്ള ജപമാല തെളിഞ്ഞു. ഈ പ്രതിഭാസം അവിടെ എപ്പോഴും സംഭവിക്കാറുണ്ടെന്ന് അറിയാന്‍ കഴിഞ്ഞു.അവിടം സന്ദര്‍ശിക്കുന്ന ഓരോ വ്യക്തിക്കും ഓരോ അനുഭവങ്ങളാണ് കിട്ടുന്നത്. പ്രാര്‍ഥിക്കുവാനാണ് എല്ലാ സന്ദേശങ്ങളിലും മാതാവ് പറയുന്നത്. സത്യമായും പ്രാര്‍ഥിച്ച് മതിയാകാതെയാണ് അവിടുന്ന് തിരിച്ചു പോന്നത്. ഇനിയും പോകണമെന്ന ആഗ്രഹത്തിലും പ്രാര്‍ത്ഥനയിലും.

ജൂലി സിബില്‍
(വീട്ടമ്മ)

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?