Follow Us On

28

March

2024

Thursday

സുവിശേഷത്തിന്റെ സന്തോഷം വിതച്ച് പാപ്പായുടെ ആഫ്രിക്കന്‍ പര്യടനം

സുവിശേഷത്തിന്റെ സന്തോഷം വിതച്ച്  പാപ്പായുടെ ആഫ്രിക്കന്‍ പര്യടനം

‘മാപുതോയിലെയും അന്റാനാനാറിവോയിലെയും മണ്‍പാതകളില്‍ പാപ്പായെ കാണാനെത്തിയ കുട്ടികളുടെയും സ്ത്രീകളുടെയും പുരുഷന്‍മാരുടെയും മുഖത്ത് നിറഞ്ഞ് നിന്ന പുഞ്ചിരിയാണ് ഞങ്ങളുടെ മനസ് നിറയെ.’ മൊസാംബിക്ക്, മഡഗാസ്‌കര്‍, മൗറീഷ്യസ് എന്നീ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയ പാപ്പായെ അനുഗമിച്ച ഇറ്റാലിയന്‍ മാധ്യമപ്രവര്‍ത്തകനായ ആന്‍ഡ്രിയ ടൊര്‍നിയെല്ലിയുടെ വാക്കുകളാണിത്. ദുസഹവും ക്ലേശകരവുമായ സാഹചര്യത്തില്‍കൂടി കടന്നുപോകുന്ന ഒരു ജനസമൂഹത്തിലേക്ക് പാപ്പയ്ക്ക് പകരാന്‍ സാധിച്ച സുവിശേഷത്തിന്റെ സന്തോഷം പാപ്പയുടെ ആഫ്രിക്കന്‍ സന്ദര്‍ശനത്തിലെ ഏറ്റവും വലിയ നേട്ടമായി ഈ മാധ്യമപ്രവര്‍ത്തകന്‍ ചൂണ്ടിക്കാണിക്കുന്നു.
1977 മുതല്‍ 1992 വരെ ആഭ്യന്തരയുദ്ധത്തിലായിരുന്ന മൊസാംബിക്കിലേക്ക് പാപ്പ കടന്നുചെന്നത് ശത്രുക്കളെ സ്‌നേഹിക്കുക എന്ന ക്രിസ്തുവിന്റെ പ്രബോധനവുമായാണ്. യാഥാര്‍ത്ഥ്യത്തെ അവഗണിക്കുന്ന ആദര്‍ശവാദിയല്ല യേശു എന്ന് മാപുതോ സ്റ്റേഡിയത്തിലര്‍പ്പിച്ച ദിവ്യബലിയില്‍ പാപ്പ വിശ്വാസികളോട് പറഞ്ഞു. ശത്രുക്കളെ സ്‌നേഹിക്കുക എന്ന് പറയുമ്പോള്‍ യേശു അതുതന്നെയാണ് അര്‍ത്ഥമാക്കുന്നത്. പീഡിപ്പിക്കുന്നവരെ, ശത്രുതയോടെ പെരുമാറുന്നവരെ സ്‌നേഹിക്കുക. മറുവശത്തുള്ളവരെ അവഗണിക്കുന്നതിലൂടെ സമാധാനവും അനുരഞ്ജനവും സാധ്യമാകില്ല; പാപ്പ വിശദീകരിച്ചു.
മഡഗാസ്‌കറിലെ അന്റാനാനാറിവോയിലുള്ള ‘സൗഹൃദ നഗരത്തില്‍’ നടത്തിയ സന്ദര്‍ശനമായിരുന്നു പാപ്പയുടെ ആഫ്രിക്കന്‍ സന്ദര്‍ശനത്തിലെ ഏറ്റവും ശ്രദ്ധേയമായ പരിപാടി. ഒരിക്കല്‍ അവശിഷ്ടങ്ങള്‍ തള്ളിയിരുന്ന ചേരിപ്രദേശത്ത്, പാപ്പയുടെ ശിഷ്യനും അര്‍ജന്റീനിയന്‍ വൈദികനുമായ ഫാ. പെദ്രോ ഒപേകായുടെ നേതൃത്വത്തില്‍ ആരംഭിച്ച സൗഹൃദ കൂട്ടായ്മയാണ് അകാമാസൊവയിലുള്ളത്. മലഗസി ഭാഷയില്‍ നല്ല സുഹൃത്തുക്കള്‍ എന്നര്‍ത്ഥം. ചെറുതെങ്കിലും മനോഹരമായ ഭവനങ്ങളും സ്‌കൂളുകളും വിശ്രമസ്ഥലങ്ങളുമുള്ള ‘സൗഹൃദ നഗരമായി’ ഇപ്പോള്‍ ആ പ്രദേശം മാറിയിരിക്കുന്നു. 30,000-ത്തോളം ജനങ്ങളാണ് 18 ഗ്രാമങ്ങളിലായി അകാമാസൊവയില്‍ താമസിക്കുന്നത്. ദരിദ്രരായവരുടെ ഇടയിലുള്ള ദൈവത്തിന്റെ സാന്നിധ്യമാണ് അകാമാ സൊവ എന്നാണ് പാപ്പായെ കാണുവാനായി ഫാ. ഒപേകായുടെ നേതൃത്വത്തില്‍ തടിച്ചുകൂടിയ ജനങ്ങളോട് പാപ്പ പറഞ്ഞത്.
ആഫ്രിക്കന്‍ പര്യടനത്തിലെ അവസാന രാജ്യമായ മൗറീഷ്യസിലെ പോര്‍ട്ട് ലൂയിസിലുള്ള സമാധാന രാജ്ഞി തീര്‍ത്ഥാടന കേന്ദ്രത്തിന്റെ പുറത്ത് അര്‍പ്പിച്ച ദിവ്യബലിയില്‍ കത്തോലിക്കര്‍ ഭൗതിക സുരക്ഷിതത്വത്തില്‍ അഭിരമിക്കാതെ സുവിശേഷവല്‍ക്കരണത്തിന് പ്രാധാന്യം നല്‍കണമെന്ന് പാപ്പ ആഹ്വാനം ചെയ്തു. മൗറീഷ്യസിന്റെ അപ്പസ്‌തോലന്‍ എന്നറിയപ്പെടുന്ന ഫ്രഞ്ച് മിഷനറിയായ വാഴ്ത്തപ്പെട്ട ജാക്വസ് ഡിസയര്‍ ലാവലിന്റെ പാത പിന്തുടര്‍ന്നുകൊണ്ട് യുവജനപ്രേഷിതത്വത്തിന് പ്രാധാന്യം നല്‍കണമെന്നും പാപ്പ പറഞ്ഞു.
ക്ലേശമനുഭവിക്കുന്നവരോടുള്ള അനുഭാവം മിഷന്‍ ചൈതന്യത്തില്‍ നിന്ന് വേര്‍പെടുത്താനാവില്ലെന്ന സന്ദേശമാണ് മൂന്ന് രാജ്യങ്ങളിലും വൈദികരോടും വിശ്വാസികളോടും നടത്തിയ പ്രസംഗങ്ങളില്‍ പാപ്പ പങ്കുവച്ചത്.
നിലവിലുള്ള സാമ്പത്തിക മാതൃകകള്‍ക്ക് ബദലായി മനുഷ്യാന്തസിനെയും പ്രകൃതിയെയും കൂടുതല്‍ മാനിക്കുന്ന ക്രിയാത്മക വഴികള്‍ കണ്ടെത്തണമെന്ന് മൊസാംബിക്കിലെയും മഡഗാസ്‌കറിലെയും മൗറീഷ്യസിലെയും ഭരണകര്‍ത്താക്കളുമായുള്ള കൂടിക്കാഴ്ചകളില്‍ പാപ്പ അഭ്യര്‍ത്ഥിച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?