Follow Us On

15

August

2022

Monday

ആ മദാമ്മ ആരായിരുന്നു?

ആ മദാമ്മ ആരായിരുന്നു?

രാഷ്ട്രീയ പൊതുപ്രവര്‍ത്തനങ്ങള്‍ കുടുംബത്തിന് വലിയ സാമ്പത്തിക ബാധ്യത വരുത്തിവച്ചു. നാട്ടില്‍നിന്നും മാറിനിന്നാല്‍ ഇതിന് മാറ്റം ഉണ്ടാകുമെന്ന് കുടുംബത്തില്‍ പലരും അഭിപ്രായപ്പെട്ടു. അമേരിക്കന്‍ യാത്രയ്ക്കുള്ള വഴിയൊരുങ്ങിയത് അങ്ങനെയാണ്. നിരവധി കുടുംബാംഗങ്ങള്‍ അന്ന് അമേരിക്കയില്‍ ഫ്‌ളോറിഡയിലും മറ്റ് പലയിടങ്ങളിലുമായി ഉണ്ടായിരുന്നു.
വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ന്ന സംഭവത്തിന് കുറച്ചുമുമ്പ് 2001-ലായിരുന്നു അവിടെയെത്തിയത്. ബന്ധുവിന്റെ കടയിലായിരുന്നു ജോലി. മാനേജരും മലയാളി. ജോലിക്കാര്‍ തദ്ദേശീയരും നമ്മുടെ നാട്ടുകാരും. ഞാനും മാനേജരുമാണ് ആദ്യം കട തുറക്കാന്‍ എത്തുക. അക്കൗണ്ടുകള്‍ പരിശോധിച്ച്, എല്ലാം ബോധ്യപ്പെട്ട് രാത്രി വൈകിയാണ് കടയില്‍നിന്നും മടങ്ങുക. രാവിലെ മാതാവിന്റെയും തിരുഹൃദയത്തിന്റെയും രൂപത്തിനുമുമ്പില്‍ പ്രാര്‍ത്ഥിച്ചാണ് കട തുറക്കുക. അടയ്ക്കുന്നതിനുമുമ്പും പ്രാര്‍ത്ഥിക്കും. അതിന് ഒരിക്കലും മുടക്കം വന്നിരുന്നില്ല.
ഒരു വര്‍ഷത്തോളമായപ്പോഴേക്കും ജോലി പരിചയമായി. എത്ര വൈകിയാലും അക്കൗണ്ടുകളെല്ലാം പരിശോധിച്ച് മാത്രമേ മാനേജരും ഞാനും കട പൂട്ടി ഇറങ്ങൂ. ഒരു ദിവസം രാത്രി കട പൂട്ടുന്നതിനായി മാനേജര്‍ അക്കൗണ്ടുകള്‍ നോക്കുകയായിരുന്നു. കടയ്ക്കുള്ളില്‍ ക്രമം തെറ്റിയിരുന്ന സാധനങ്ങള്‍ അടുക്കുന്നതിന്റെ തിരക്കിലായിരന്നു ഞാന്‍. പെട്ടെന്ന് ഒരു നീഗ്രോ യുവാവ് മുന്‍വാതിലില്‍ക്കൂടി അകത്ത് കടന്നു. അയാള്‍ നേരെ മാനേജരുടെ കാബിനടുത്തേക്ക് നീങ്ങി. അല്പസമയം കഴിഞ്ഞപ്പോള്‍ മാനേജരുടെ കൗണ്ടറിനടുത്തുനിന്ന് തൊണ്ടയില്‍ കുടുങ്ങി കുറുകുന്നതുപോലെ ഒരു ശബ്ദം. ഞാന്‍ അവിടേക്ക് ചെല്ലുമ്പോള്‍ അയാള്‍ മാനേജരുടെ കഴുത്തില്‍ അമര്‍ത്തിപ്പിടിച്ച് കസേരയോടെ പിന്നില്‍ ഭിത്തിയിലേക്ക് ചേര്‍ത്ത് അപായപ്പെടുത്താനുള്ള ശ്രമത്തിലാണ്. അയാളെ കായികമായി നേരിടാന്‍ കഴിയുന്ന സ്ഥിതിയായിരുന്നില്ല. പെട്ടെന്ന് കണ്ണില്‍പ്പെട്ടത് തറ തുടയ്ക്കുന്ന മെഷീനില്‍ ഘടിപ്പിച്ചിരുന്ന ഇരുമ്പ് പൈപ്പാണ്. അതെടുത്ത് അക്രമിയുടെ പിന്‍ഭാഗത്ത് അടിച്ചു. സ്തംബ്ധനായി പ്പോയ അക്രമിയെ പിന്നിലേക്ക് വലിച്ചുമാറ്റാന്‍ ശ്രമിച്ചു. പിടി അയഞ്ഞതോടെ മാനേജര്‍ മുന്നോട്ട് കുതിച്ചു. ഇരുഭാഗത്തുനിന്നും ഒരേസമയം അക്രമിയുടെ നേരെ ബലപ്രയോഗം വന്നതോടെ അയാള്‍ പുറത്തേക്ക് ഓടി.
ഞങ്ങള്‍ വാതില്‍ക്കലെത്തുമ്പോഴേക്കും അയാള്‍ അപ്രത്യക്ഷനായിരുന്നു. വാതില്‍ക്കല്‍ ഒരു മദാമ്മ ഫോണ്‍ ചെയ്തുകൊണ്ട് നില്‍പ്പുണ്ടായിരുന്നു. പോലിസ് ഇപ്പോഴെത്തുമെന്നും വിവരം അറിയിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. അപ്പോഴേക്കും പോലിസ് വാഹനം അതിവേഗത്തില്‍ ഗേറ്റ് കടന്നുവരികയും ചെയ്തു. തുറന്ന് കിടന്ന മേശവലിപ്പില്‍ അന്നത്തെ വില്പനയുടെ തുക മുഴുവന്‍ ഉണ്ടായിരുന്നു. പോലിസ് എത്തിയശേഷം മദാമ്മയെ അവിടെ കണ്ടില്ല. രണ്ടാളുടെയും ജീവന്‍ രക്ഷപ്പെട്ടത് ദൈവികസംരക്ഷണമായിരുന്നു എന്നതില്‍ സംശയമില്ല. അയാള്‍ തോക്ക് ഉപയോഗിക്കുകയോ മറ്റോ ചെയ്തിരുന്നെങ്കില്‍ എന്തും സംഭവിക്കാമായിരുന്നു. സംഭവത്തെക്കുറിച്ച് ചാനലുകളിലും പത്രങ്ങളിലും വാര്‍ത്തകള്‍ വന്നു.
ആ മദാമ്മ രാത്രിസമയത്ത് ഒറ്റയ്ക്ക് അവിടെ എന്തിന്, എങ്ങനെ വന്നു എന്നും പോലിസില്‍ വിവരമറിയിക്കാന്‍ പ്രേരിപ്പിച്ച കാര്യവും ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യമാണ്. മാതാവ് ഞങ്ങളുടെ രക്ഷയ്ക്ക് അയച്ച സഹായിയായിരിക്കാമെന്ന വിശ്വാസമാണിപ്പോഴും. അമേരിക്കയില്‍ താമസിക്കാനും ജോലി ചെയ്യാനും കഴിയുന്ന ഗ്രീന്‍കാര്‍ഡ് ലഭിച്ചിരുന്നെങ്കിലും നാട്ടിലേക്ക് മടങ്ങിയാല്‍ മതിയെന്ന ചിന്ത ഇതോടെ ഉണ്ടായി.
എന്റെ ഇടവകയായ കണ്ണൂര്‍ ഉദയഗിരി പള്ളി മാതാവിന്റെ നാമത്തിലുള്ളതാണ്. അവിടെ സണ്‍ഡേ സ്‌കൂള്‍ അധ്യാപകന്‍, ഗായകസംഘാംഗം എന്നീ നിലകളിലെല്ലാം ശുശ്രൂഷ ചെയ്യുമ്പോള്‍ മാതൃഭക്തി വര്‍ധിക്കുകയും കുട്ടികളെ ദൈവമാതാവിന്റെ അത്ഭുതകരമായ സഹായങ്ങളെക്കുറിച്ച് പഠിപ്പിക്കുകയും ചെയ്തിരുന്നു. രാഷ്ട്രീയ-പൊതുരംഗത്തെ പ്രവര്‍ത്തനങ്ങളും ഔദ്യോഗിക ചുമതലകളും വിട്ട് ഇപ്പോള്‍ ഏറ്റുമാനൂരില്‍ വിശ്രമജീവിതത്തിലാണ്.

തോമസ് സി. വടക്കന്‍
(മുന്‍ പ്രവാസി)

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?