Follow Us On

01

December

2022

Thursday

പാവങ്ങളുടെ അമ്മയോടൊപ്പമുള്ള ഓര്‍മകള്‍

പാവങ്ങളുടെ  അമ്മയോടൊപ്പമുള്ള  ഓര്‍മകള്‍

”തിരുഹൃദയത്തെ അനുകരിക്കുന്നതിലാണ് പുണ്യപൂര്‍ണത. തിരുഹൃദയത്തെ അനുകരിക്കാന്‍ ഹൃദയത്തെ വിശുദ്ധീകരിക്കണം.” ഇത് സിസ്റ്റര്‍ വന്ദന എടശേരിത്തടത്തില്‍ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ ആഗ്രഹിക്കുന്ന ലക്ഷ്യമാണ്. ദീനസേവന സഭയില്‍ ഏഴാമത്തെ ബാച്ച് അംഗമായാണ് സിസ്റ്റര്‍ വന്ദന പരിശീലനം ആരംഭിക്കുന്നത്. സഭയുടെ ബാലാരിഷ്ടതകളും ദുരിതവും കണ്ടറിയുക മാത്രമല്ല, അനുഭവിക്കുകയും ചെയ്തു. സഭാ സ്ഥാപക മദര്‍ പേത്രയുടെ സ്‌നേഹവും കരുതലും ശിക്ഷണവും നേടാന്‍ കഴിഞ്ഞതിന്റെ സംതൃപ്തി ഇന്നുമുണ്ട്. സഭയിലെ ഓരോ അംഗത്തെയുംക്കുറിച്ചുള്ള മദര്‍ പേത്രയുടെ കരുതലും ഉല്‍ക്കണ്ഠയും വെളിപ്പെട്ട ഒരനുഭവം സിസ്റ്റര്‍ വന്ദന പങ്കുവച്ചു: ”കോഴിക്കോട് മറ്റ് ചില സിസ്റ്റര്‍മാരുമൊത്ത് കോളജില്‍ പഠിക്കുമ്പോള്‍, പട്ടുവത്ത് സിസ്റ്റര്‍മാര്‍ക്കായി ഒരുക്കിയ ധ്യാനത്തിനായി അവിടെനിന്നും പട്ടുവത്തേക്ക് പുറപ്പെട്ടു. സാധാരണ പുറത്തുപോയി വരുമ്പോള്‍ അന്ന് കിടപ്പിലായിരുന്ന മദറിന്റെ മുറിയിലെത്തി സന്ദര്‍ശനം നടത്തി വിവരങ്ങള്‍ ധരിപ്പിച്ചശേഷമാണ് മുറിയിലേക്കും മറ്റ് കാര്യങ്ങളിലേക്കും കടക്കുക. കോഴിക്കോടുനിന്ന് ഞങ്ങള്‍ വരുമ്പോള്‍, വഴിക്ക് ഗതാഗത കുരുക്കില്‍പ്പെട്ട് കുറെ വൈകിയിരുന്നു. മദര്‍ ഉറക്കത്തിലായതിനാല്‍ വിളിച്ചുണര്‍ത്തിയില്ല. അപ്പോഴേക്കും ധ്യാനം തുടങ്ങിയതിനാല്‍ ഞങ്ങള്‍ നേരെ അങ്ങോട്ടുപോയി. കുറേസമയം വൈകിയിട്ടും ഞങ്ങള്‍ മദറിന്റെയടുത്ത് എത്താതിരുന്നപ്പോള്‍ ഞങ്ങള്‍ എത്തിയിട്ടില്ലെന്ന് മദര്‍ വിചാരിച്ചു. ഫോണില്‍ വിളിച്ച് ബന്ധപ്പെടുവാനും മാര്‍ഗമില്ലാത്ത സ്ഥിതിയായിരുന്നു. ഞങ്ങളെ അന്വേഷിച്ച് രണ്ട് മുതിര്‍ന്ന സിസ്റ്റര്‍മാരെ കോഴിക്കോട്ടേക്ക് അയച്ചു. ഇതൊന്നുമറിയാതെ ധ്യാനത്തില്‍ പങ്കെടുത്തിരുന്ന ഞങ്ങള്‍ ഇടവേളയില്‍ മദറിന്റെ മുറിയിലെത്തി. ഞങ്ങളെ കണ്ടതോടെ മദര്‍ കെട്ടിപ്പിടിച്ച് കരഞ്ഞുതുടങ്ങി. മദറിനോട് സംസാരിക്കാന്‍പോലും കഴിയാത്ത സ്ഥിതിയായിരുന്നു. കുറച്ച് സമയത്തിനുശേഷമാണ് ഞങ്ങള്‍ കാര്യങ്ങള്‍ അറിഞ്ഞത്. ഞങ്ങളെ കാണാത്തതിനാല്‍ വിഷമിച്ച് ജപമാല ചൊല്ലി പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുകയായിരുന്നു മദര്‍.”
വളരെ പ്രതികൂല സാഹചര്യമായിരുന്നെങ്കിലും ഞങ്ങള്‍ നല്ല നിലയില്‍ പാസായത് മദറിനെ സന്തോഷിപ്പിച്ചു. തന്റെ കന്യാസ്ത്രീകളുടെ ദൈവാശ്രയത്വത്തോടെയുള്ള കഠിനാധ്വാനത്തിലും പ്രാര്‍ത്ഥനാജീവിതത്തിലും മദര്‍ സന്തോഷിക്കുകയും അഭിനന്ദിക്കുകയും ചെയ്യുമായിരുന്നു. എല്ലാ കാര്യങ്ങള്‍ക്കും മദര്‍ ദൈവത്തെ സ്തുതിക്കുകയും നന്ദി രേഖപ്പെടുത്തുകയും ചെയ്തിരുന്നു; സിസ്റ്റര്‍ വന്ദന പറയുന്നു. ദീനസേവനസഭയുടെ എല്ലാ പ്രധാന തീരുമാനങ്ങളും രൂപതാധ്യക്ഷനോടും ഫാ. സുക്കോളച്ചന്‍ ഉള്‍പ്പെടെയുള്ള വൈദികരോടും ആലോചിച്ചും ചര്‍ച്ച ചെയ്തുമായിരുന്നു നടപ്പാക്കിയിരുന്നത്.
സ്പീച്ച് ആന്റ് ഹിയറിങ്ങ് സ്‌കൂളിലേക്ക്
ഇരിട്ടി കരിക്കോട്ടക്കരി ഇടവകയിലെ എടശേരിത്തടത്തില്‍ ഉലഹന്നാന്‍-അന്നക്കുട്ടി ദമ്പതികളുടെ ഒമ്പതു മക്കളില്‍ രണ്ടാമത്തെ മകളായിരുന്നു സിസ്റ്റര്‍ വന്ദന. ദീനസേവന സഭയില്‍ 1972-76 വര്‍ഷം പരിശീലനം പൂര്‍ത്തിയാക്കി. പയ്യന്നൂര്‍ കോളജില്‍നിന്നും പ്രീഡിഗ്രി പാസായി. സന്യാസ പരിശീലനത്തോട് ഒത്തുതന്നെയാണ് കോളജ് പഠനവും നടത്തിയത്. കോഴിക്കോട് പ്രൊവിഡന്‍സ് കോളജില്‍നിന്നും ഡിഗ്രി പാസായി. പരിശീലനത്തിനിടെ മദര്‍ പേത്രയുടെ നിര്‍ദേശപ്രകാരം സ്പിരിച്വാലിറ്റി കോഴ്‌സ് ഹൈദരബാദില്‍ ഒരു വര്‍ഷം പഠിച്ചു. രണ്ടുമാസം ശാഖാപരിശീലനവും നടത്തി. മൂന്നു വര്‍ഷത്തോളം മദര്‍ ഹൗസില്‍ ശുശ്രൂഷ ചെയ്തു. തുടര്‍ന്ന് മാനന്തവാടി, ന്യൂജിബാല്‍ത്തില, കട്ടബ തുടങ്ങിയ സ്ഥലങ്ങളില്‍ ശുശ്രൂഷ ചെയ്തു.
മദര്‍ പേത്രയ്ക്കുശേഷം മദര്‍ സുപ്പീരിയറായിരുന്ന മദര്‍ വില്ലിഗാര്‍ഡ് ഡെഫ് അധ്യാപക പരിശീലനത്തിന് ചെന്നൈയില്‍ (അന്നത്തെ മദിരാശി) അയച്ചു. 89-90-ല്‍ ഒരു വര്‍ഷത്തെ കോഴ്‌സ് പൂര്‍ത്തിയാക്കി തിരിച്ചു വന്നപ്പോള്‍ കാരക്കുണ്ട് ഉപവി കോണ്‍വെന്റിന്റെ കീഴിലുള്ള ഡോണ്‍ബോസ്‌കോ സ്പീച്ച് ആന്റ് ഹിയറിങ്ങ് സ്‌കൂളിന്റെ ചുമതലയേല്‍പിച്ചു. ഇവിടെ ശുശ്രൂഷയ്ക്കിടെ സ്വന്തമായ കെട്ടിടസൗകര്യമുണ്ടാക്കി സ്‌കൂള്‍ പ്രവര്‍ത്തനം കാര്യക്ഷമമാക്കി. 1994 വരെ അഞ്ചുവര്‍ഷത്തോളം അവിടെ പ്രവര്‍ത്തിച്ചു. 1994-ല്‍ മദര്‍ ഹൗസിലേക്ക് മാറ്റമായി
പോസ്റ്റുലേറ്റര്‍
സഭയുടെ ജനറല്‍ കൗണ്‍സിലറായിട്ടായിരുന്നു മാറ്റം. 95-ല്‍ ജനറല്‍ ചാപ്റ്ററില്‍ അസിസ്റ്റന്റ് സുപ്പീരിയര്‍ ജനറാള്‍ ആയി തിരഞ്ഞെടുക്കപ്പെട്ടു.
2000-ത്തില്‍ മദര്‍ ഹോള്‍ഡ സുപ്പീരിയര്‍ ജനറലായിരിക്കെ ആകസ്മികമായുണ്ടായ വേര്‍പാട് സഭാംഗങ്ങളെ ദുഃഖിതരാക്കി. തദവസരത്തില്‍ കണ്ണൂര്‍ രൂപതാ മെത്രാന്‍ ഡി.എസ്.എസ് സഭ അഡ്മിനിസ്‌ട്രേറ്റായി സിസ്റ്റര്‍ വന്ദനയെ നിയമിച്ചു. 2001-ല്‍ കോഴിക്കോട് റീജിനല്‍ സുപ്പീരിയറായിരുന്ന സിസ്റ്റര്‍ ദാനിയേല മദര്‍ സുപ്പീരിയറായി തിരഞ്ഞെടുക്കപ്പെടുന്നതുവരെ അഡ്മിനിസ്‌ട്രേറ്ററായി തുടര്‍ന്നു. സിസ്റ്റര്‍ ദാനിയേലയുടെ ഒഴിവില്‍ റീജനല്‍ സുപ്പീരിയറായി സിസ്റ്റര്‍ വന്ദന നിയമിക്കപ്പെട്ടു. കാലാവധിക്കുശേഷം റീജനല്‍ ചാപ്റ്ററില്‍ റീജിനല്‍ സുപ്പീരിയറായി തിരഞ്ഞെടുക്കപ്പെട്ട് ആറുവര്‍ഷംകൂടി അവിടെ തല്‍സ്ഥാനത്ത് തുടര്‍ന്നു. 2005-ല്‍ ഡോണ്‍ ബോസ്‌കോ സ്‌കൂളിന് സര്‍ക്കാര്‍ അംഗീകാരം ലഭിച്ചു. സിസ്റ്റര്‍ ഹെലേനയെ പുതിയ പ്രഥമാധ്യാപികയായി നിയമിച്ചു. സിസ്റ്റര്‍ വന്ദന മാനേജരായി ഇപ്പോഴും തുടരുന്നു.
സിസ്റ്റര്‍ ബര്‍ത്തലോമിയ മദര്‍ ജനറാള്‍ ആയിരിക്കെ മദര്‍ പേത്രയുടെ നാമകരണ പരിപാടികള്‍ക്കായി പ്രവര്‍ത്തിക്കാനുള്ള ഉത്തരവാദിത്വം സിസ്റ്റര്‍ വന്ദനയെ ഏല്‍പിച്ചു. നാമകരണത്തിനായുള്ള രൂപതാതല പോസ്റ്റുലേറ്ററായി നടപടിക്രമങ്ങള്‍ക്കനുസരിച്ച് രേഖകള്‍ ക്രമപ്പെടുത്തുകയും എല്ലാ പ്രവര്‍ത്തനങ്ങളും നടത്തുകയും ചെയ്തു.
2012-ലെ ജനറല്‍ ചാപ്റ്ററില്‍ സിസ്റ്റര്‍ ദാനിയേല വീണ്ടും മദര്‍ സുപ്പീരിയറായി തിരഞ്ഞെടുക്കപ്പെട്ടു. ആ ടീമില്‍ അസിസ്റ്റന്റ് മദര്‍ സുപ്പീരിയറായി സിസ്റ്റര്‍ വന്ദനയെ തിരഞ്ഞെടുത്തു. മദര്‍ പേത്രയുടെ നാമകരണത്തിനായുള്ള പ്രവര്‍ത്തനങ്ങളുടെ ചുമതല സഭ ഏല്‍പിച്ചതില്‍ വലിയ സംതൃപ്തിയുണ്ടെന്ന് സിസ്റ്റര്‍ വന്ദന പറയുന്നു. മദറില്‍നിന്ന് പ്രാരംഭപരിശീലനം നേടാനും അമ്മയോടൊപ്പം ശുശ്രൂഷകളില്‍ ഏര്‍പ്പെടാനും ഭാഗ്യം ലഭിച്ചവളാണ്. ദൈവഭക്തി, വിശ്വാസജീവിതം, സഹനം, ത്യാഗം തുടങ്ങി ജീവിതവിശുദ്ധിക്കുവേണ്ട ഉപദേശങ്ങള്‍ മദര്‍ നല്‍കിയിരുന്നു; സിസ്റ്റര്‍ വന്ദന പറയുന്നു.
ദൈവവിളി
”സ്‌കൂള്‍പഠന കാലത്ത് ഇടവകയിലെ ഭക്തസംഘടനകളില്‍ പ്രവര്‍ത്തിച്ചിരുന്നു. മിഷന്‍ലീഗ് സ്ഥാപകരിലൊരാളായ പി.സി. അബ്രാഹം (കുഞ്ഞേട്ടന്‍) ഞങ്ങളുടെ ഇടവകയിലും വന്നിരുന്നു. കുഞ്ഞേട്ടന്റെ പ്രസംഗങ്ങളും സംസാരവും പാവങ്ങളോട് സ്‌നേഹവും കരുണയും താല്‍പര്യവും ഉണ്ടാക്കാന്‍ പ്രേരണയായി. സഭയുടെ ആദ്യബാച്ചില്‍ അംഗമായ, പിന്നീട് മദര്‍ സുപ്പീരിയര്‍ സ്ഥാനം വഹിച്ച മദര്‍ മറിയം ഞങ്ങളുടെ അയല്‍ക്കാരിയും സ്‌നേഹിതയുമായിരുന്നു. മദറിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രചോദനം നല്‍കുന്നതായിരുന്നു. 1969-ലാണ് സഭ സ്ഥാപിതമായത്.”
സിസ്റ്റര്‍ വന്ദന ഡി.എസ്.എസ് സഭയില്‍ നാല്‍പത്തിനാല് വര്‍ഷം പൂര്‍ത്തിയായി. പട്ടുവത്ത് സുക്കോളച്ചന്റെ സഹായത്തോടെ ദീനസേവനസഭ തുടങ്ങുമ്പോള്‍ വലിയ വെല്ലുവിളികളായിരുന്നു നേരിടേണ്ടി വന്നത്. അധഃസ്ഥിതരും പാവപ്പെട്ടവരുമായ ആളുകള്‍ മഠത്തിലേക്കെത്തുകയും വിഷമങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഇവര്‍ക്കായി മദര്‍ തുടങ്ങിയ ഡിസ്‌പെന്‍സറി കുടിയേറ്റ കേന്ദ്രങ്ങളില്‍നിന്നുള്ളവര്‍ക്കും ആശ്രയമായിരുന്നു. ദളിത് കുടുംബങ്ങളില്‍നിന്നുള്ള കുട്ടികള്‍ എസ്.എസ്.എല്‍.സി പഠനം കഴിഞ്ഞ് മഠത്തില്‍ ചേരുവാന്‍ താല്‍പര്യപ്പെട്ട് വന്നിരുന്നു. ദീനസേവന സഭയുടെ ശുശ്രൂഷയും സേവനങ്ങളുമാണ് അവരെ ഇതിന് പ്രേരിപ്പിച്ചിരുന്നത്. അന്ന് പത്താംക്ലാസ് പാസാകുന്ന ദളിത് വിഭാഗക്കാര്‍ക്ക് സര്‍ക്കാരില്‍ നല്ല ഉദ്യോഗത്തിനും വലിയ ഉയര്‍ച്ചയ്ക്കും സാധ്യതകളുള്ളപ്പോഴും അതെല്ലാം വേണ്ടെന്നുവച്ച് സഭയില്‍ ചേര്‍ന്നവര്‍ ഏറെയായിരുന്നു.
മാമോദീസ സ്വീകരിക്കാത്തവര്‍പോലും കോണ്‍വെന്റില്‍ ചേര്‍ത്തില്ലെങ്കില്‍ വീട്ടിലേക്ക് മടങ്ങില്ലെന്ന് വാശിപിടിച്ച്, മദറിനെ കെട്ടിപ്പിടിച്ച് കരഞ്ഞ സംഭവങ്ങളും സിസ്റ്റര്‍ വന്ദനയുടെ ഓര്‍മയിലുണ്ട്. മതമോ വിശ്വാസമോ നോക്കാതെ നാട്ടുകാര്‍ വലിയ സഹകരണവും പിന്തുണയും നല്‍കിയിരുന്നു.
ദൈവിക ഇടപെടലുകള്‍
മദര്‍ പേത്രയെ വിശുദ്ധയായി കാണാന്‍ ഇതര മതസ്ഥരും ആഗ്രഹിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നുണ്ട്. അതിനായുള്ള ദീര്‍ഘമായ നടപടിക്രമങ്ങളോ വിശുദ്ധയായി പ്രഖ്യാപിക്കുന്നതുവഴി എത്തിച്ചേരുന്ന മഹോന്നത പദവിയെക്കുറിച്ചോ അവര്‍ക്കറിയില്ല. മദറിന്റെ മാധ്യസ്ഥം തേടി കബറിടത്തില്‍ പ്രാര്‍ത്ഥിക്കാനെത്തുന്നവരില്‍ അക്രൈസ്തവരുടെ എണ്ണം ദിവസേന വര്‍ധിക്കുകയാണെന്ന് സിസ്റ്റര്‍ വന്ദന പറയുന്നു.
അസാധ്യമെന്ന് കരുതിയിരുന്ന പല കാര്യങ്ങളിലും അത്ഭുതകരമായ ദൈവിക ഇടപെടലിന് മദറിലൂടെയുള്ള പ്രാര്‍ത്ഥന വഴിയൊരുക്കുന്നുണ്ട്. ദീനസേവനസഭയില്‍ അംഗമായ നാള്‍മുതല്‍ അമ്മയുടെ അവസാന ശ്വാസംവരെ ഒപ്പമായിരിക്കാനും ശുശ്രൂഷകളില്‍ പങ്കാളിയാകാനും കഴിഞ്ഞത് വലിയ ദൈവാനുഗ്രഹമായി സിസ്റ്റര്‍ വന്ദന കരുതുന്നു. മദറിന്റെ ജീവിതത്തെ ആസ്പദമാക്കി ‘മദര്‍ പേത്ര പാവങ്ങളുടെ അമ്മ’, ‘ഓര്‍മകളുടെ താളുകളില്‍’ എന്നീ പുസ്തകങ്ങള്‍ രചിച്ചിട്ടുള്ള സിസ്റ്റര്‍, ‘പട്ടുവത്തമ്മ’ (ദൈവദാസി മദര്‍ പേത്ര) എന്ന മാസികയുടെ ചീഫ് എഡിറ്ററുമാണ്. ദീനസേവന സഭ മദര്‍ സുപ്പീരിയര്‍ മദര്‍ എമസ്റ്റീന ഡി.എസ്.എസ് ആണ് മാസികയുടെ രക്ഷാധികാരി.
1976 ജൂണ്‍ അഞ്ചിന് മറ്റ് നാല് സഹോദരിമാര്‍ക്കൊപ്പം വാഹനാപകടത്തില്‍ മരണമടഞ്ഞ മദര്‍ പേത്രയുടെ നാമകരണ നടപടികള്‍ക്കായി പ്രവര്‍ത്തനമാരംഭിക്കാന്‍ ഡി.എസ്.എസ് ഉന്നതാധികാര സമിതിയില്‍ ചര്‍ച്ചയായി. തുടര്‍ന്ന് അന്നത്തെ കണ്ണൂര്‍ രൂപത മെത്രാന്‍ ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ പിതാവുമായി ആലോചിച്ച് 2007 ഒക്‌ടോബര്‍ 21-ന് ചേര്‍ന്ന സഭയുടെ ജനറല്‍ കൗണ്‍സില്‍ സിസ്റ്റര്‍ വന്ദന ഇടശേരിത്തടത്തിലിനെ നാമകരണ നടപടികളുടെ രൂപതാതല പോസ്റ്റുലേറ്ററായി നിയമിച്ചു. തുടര്‍നടപടികള്‍ പഠിക്കുവാന്‍ സിസ്റ്ററിനെ ചുമതലപ്പെടുത്തി. ഈ നിയമനത്തിന് 2007 നവംബര്‍ ഒന്നിന് രൂപതാധ്യക്ഷന്റെ ഔദ്യോഗിക അംഗീകാരം ലഭിച്ചു. തുടര്‍പ്രവര്‍ത്തനങ്ങളുടെ ഫലമായി 2009 ജൂണ്‍ 14-ന് മദര്‍ പേത്ര ദീനദാസിയെ ദൈവദാസിയായി പ്രഖ്യാപിച്ചു.
മദര്‍ പേത്രയുടെ നാമകരണ നടപടികള്‍ക്കായുള്ള രേഖകള്‍ പൂര്‍ണമാക്കി, രൂപതാധ്യക്ഷന്‍ ഡോ. അലക്‌സ് വടക്കുംതല മുഖേന റോമില്‍ ബന്ധപ്പെട്ട കാര്യാലയത്തില്‍ എത്തിച്ചു. സഭയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി പട്ടുവത്ത് സഭാ ആസ്ഥാനത്താണ് മദര്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ചുവരുന്നത്.


 പ്ലാത്തോട്ടം മാത്യു

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?