Follow Us On

23

February

2020

Sunday

ഇന്‍സ്റ്റാള്‍മെന്റില്‍ആനകള്‍ വേണ്ട!

ഇന്‍സ്റ്റാള്‍മെന്റില്‍ആനകള്‍ വേണ്ട!

അഖില്‍ ഗള്‍ഫില്‍ ബിസിനസ് ചെയ്യുകയാണ്. എല്ലാ വര്‍ഷവും നാട്ടില്‍ വരുമ്പോള്‍ ഞങ്ങള്‍ കുടുംബസമേതം ഒത്തുചേരാറുണ്ട്. അദ്ദേഹം വളരെ ചെറുപ്പത്തില്‍ത്തന്നെ ഗള്‍ഫിലേക്ക് പോയതാണ്. ആദ്യം ജോലിയായിരുന്നു. പിന്നീട് ബിസിനസിലേക്ക് കടന്നു. മക്കള്‍ക്ക് നല്ല വിദ്യാഭ്യാസവും ബന്ധുക്കള്‍ക്ക് മെച്ചപ്പെട്ട ജീവിതസൗകര്യങ്ങളും ഒരുക്കിക്കൊടുത്തു. ഇത്തവണ വന്നപ്പോള്‍ തന്റെ ചില സഥലങ്ങള്‍ വില്‍ക്കാന്‍ ശ്രമിച്ചു. കാരണം അടുത്ത നാളുകളിലായി ബിസിനസ് സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലാണ്. കച്ചവടം കുറഞ്ഞു, ബാങ്ക് ലോണുണ്ട്. ബിസിനസുള്ളപ്പോള്‍ അത് കൃത്യമായി അടഞ്ഞു പോയിരുന്നു. എന്നാല്‍ ലോണ്‍ മക്കളുടെ തോളിലേക്ക് വച്ചുകൊടുക്കാന്‍ താല്‍പര്യമില്ല. ബിസിനസിലൂടെ ഉണ്ടാക്കിയ ഭൂമിയല്ലേ, ബിസിനസിനുവേണ്ടിതന്നെ വിറ്റ് ലോണ്‍ തീര്‍ക്കണം. മാന്ദ്യത്തെ നേരിടാന്‍ അദ്ദേഹം തയാറായിക്കഴിഞ്ഞു.
സാമ്പത്തിക മാന്ദ്യം ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരുരീതിയില്‍ എല്ലാവരെയും പിടിമുറുക്കുകയാണ്. ഇതിനെ നേരിടാന്‍ പല മാര്‍ഗങ്ങളുണ്ട്. എല്ലാവരുടെയും മനസില്‍ ആദ്യം ഓടിയെത്തുന്നത് ചെലവ് ചുരുക്കല്‍ എന്ന മാര്‍ഗമാണ്. എന്നാല്‍ അത് മാന്ദ്യത്തെ കൂടുതല്‍ ദോഷകരമാക്കും. 1930-കളില്‍ ലോകമെമ്പാടും പടര്‍ന്നുപിടിച്ച സാമ്പത്തിക മാന്ദ്യത്തെ ഗ്രേറ്റ് ഡിപ്രഷന്‍ എന്നാണ് വിളിക്കുന്നത്. ഇത് സംഭവിച്ച് കഴിഞ്ഞാണ് സാമ്പത്തികലോകം ഇതിനെക്കുറിച്ച് അറിയാനും തുടര്‍ന്ന് അതിന്റെ കാരണങ്ങളെ വിശകലനം ചെയ്യാനും തുടങ്ങിയത്. കാരണങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്‍കിയത് ജോണ്‍ മെയ്‌നാര്‍ഡ് കെയിന്‍സ് എന്ന സാമ്പത്തിക ശാസ്ത്രജ്ഞനാണ്. ഉല്‍പാദിതവസ്തുക്കള്‍ വിറ്റുപോവാതെ കുന്നുകൂടിയപ്പോള്‍ അതിന് കാരണമായത് മൊത്ത ഉപഭോഗത്തില്‍ വന്ന കുറവാണെന്നും കെയിന്‍സ് സമര്‍ത്ഥിച്ചു. അടുത്ത വര്‍ഷം ആഗോള സാമ്പത്തികമാന്ദ്യം രൂക്ഷമായേക്കുമെന്നും വാഹന, ഉപഭോക്തൃ ഉല്‍പന്ന മേഖലകള്‍ വിപണിയില്‍ നേരിടുന്ന തകര്‍ച്ച അതിലേക്കുള്ള സൂചനയായും ചൂണ്ടിക്കാണിക്കപ്പെടുന്നു. മുന്‍കൂട്ടികാണാന്‍ കഴിയുന്നതുമൂലം ആശാവഹമായ ചുവടുവയ്പുകള്‍ മുന്നോട്ടുവയ്ക്കാനാകുമെന്നും സാമ്പത്തികലോകം കണക്കുകൂട്ടുന്നു. ചില സാമ്പത്തിക സൂചികകള്‍ മനസിലാക്കി പ്രവര്‍ത്തിക്കുന്നത് മാന്ദ്യത്തെ നേരിടാന്‍ ഉചിതമായിരിക്കും.
സാമ്പത്തിക ആരോഗ്യം
സമ്പത്ത് ഉണ്ടാക്കുന്നതും അത് ക്രിയാത്മകമായി വിനിയോഗിക്കുന്നതും വളര്‍ത്തുന്നതും ഒരു ദൗത്യമായി കാണുകയും ആ തിരിച്ചറിവില്‍ കൈകാര്യം ചെയ്യുകയും വേണം. അതുകൊണ്ട് സാമ്പത്തിക ആരോഗ്യം വീണ്ടെടുക്കുക എന്നതാണ് മുഖ്യ അജണ്ടയായി പരിഗണിക്കേണ്ടത്. താന്‍ നേതൃത്വം കൊടുക്കുന്ന കുടുംബത്തിന്റെയും സ്ഥാപനങ്ങളുടെയും സാമ്പത്തിക ആരോഗ്യം സംരക്ഷിക്കേണ്ടതും വളര്‍ത്തേണ്ടതും തന്റെ ഉത്തരവാദിത്വമാണെ ന്ന തിരിച്ചറിവില്‍നിന്നാണ് സാമ്പത്തിക ആരോഗ്യം ഉടലെടുക്കുന്നത്. പലരും ഈ ഉത്തരവാദിത്വം മറ്റുള്ളവരുടെ തലയിലേക്ക് കെട്ടിവയ്ക്കുന്നതും പഴിചാരുന്നതും കാണാം. ഒരു ധനാഗമമാര്‍ഗത്തില്‍ മാത്രമായി ജീവിതത്തെ നിജപ്പെടുത്തരുത്. ഉദാഹരണത്തിന,് നിങ്ങള്‍ ഒരു കര്‍ഷകനാണെങ്കില്‍ മറ്റൊരു വരുമാനമേഖലയും കൂടി കണ്ടെത്തിയിരിക്കണം. സ്ഥിരവരുമാനം, ഇടയ്ക്കിടെ കിട്ടുന്ന വരുമാനം എന്നിങ്ങനെ ഇതിനെ തരംതിരിക്കാവുന്നതാണ്.
അധ്വാനത്തിന്റെ സുവിശേഷം ബൈബിളിലുടനീളം കാണുവാന്‍ സാധിക്കും. ബൈബിള്‍ ആരംഭിക്കുന്നതുതന്നെ കര്‍മനിരതനായ ദൈവത്തെ അവതരിപ്പിച്ചുകൊണ്ടാണ്. തന്റെ സൃഷ്ടി നല്ലതാണെന്നും ദൈവം പറയുന്നു. ദൈവം വിളിച്ചു മാറ്റിനിര്‍ത്തി മറ്റു ജോലികളേല്‍പിച്ച വ്യക്തികളെല്ലാംതന്നെ പണിസ്ഥലത്തുനിന്നാണ് വിളിക്കപ്പെട്ടത്. ഉദാഹരണത്തിന,് മോശയും ദാവീദും വിളിക്കപ്പെട്ടത് ആടിനെ മേയിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു. പത്രോസും അന്ത്രയോസും വിളിക്കപ്പെട്ടപ്പോള്‍ അവര്‍ മീന്‍പിടുത്തം കഴിഞ്ഞ് വല കഴുകുകയായിരുന്നു. പൗലോസിനെ വിളിക്കുമ്പോള്‍ തന്നെ ഏല്‍പിച്ച ദൗത്യവുമായി അദ്ദേഹം യാത്ര ചെയ്യുകയായിരുന്നു. മത്തായിയെ നികുതിപിരിവിന്റെ മേശയില്‍നിന്നാണ് വിളിച്ചുകൊണ്ടുപേയത്. ഇതെല്ലാം നമ്മോട് പറയുന്നത് പണിയെടുക്കാത്തവനെ ദൈവത്തിനും ആവശ്യമില്ല എന്ന വസ്തുതയാണ്. 11-ാം മണിക്കൂറിലും അലസരായി നില്‍ക്കാതെ മുന്തിരിത്തോട്ടത്തിലേക്ക് പണിക്കയച്ച തോട്ടമുടമസ്ഥന്റെ ചിത്രം മനസിലുണ്ടാവണം. കാരണം പുതിയ ഉത്തരവാദിത്വങ്ങള്‍ വന്നുചേരുന്നതും സമ്പത്തും ഉയര്‍ച്ചയും തേടിയെത്തുന്നതും അധ്വാനിക്കുന്നവനിലാണ്. തൊഴില്‍ സംസ്‌കാരവുമായി ബന്ധപ്പെട്ട് രണ്ടുകാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

1: ഇപ്പോഴുള്ള തൊഴിലിനോട് ആത്മാര്‍ത്ഥമായ അഭിനിവേശവും പ്രതിബദ്ധതയും ഉണ്ടാകണം.
2: ആവശ്യമെങ്കില്‍ കൂടുതല്‍ മെച്ചപ്പെട്ട അവസ്ഥക്കായുള്ള പരിശ്രമം തുടരണം. ഉദ്യോഗസ്ഥരല്ലാത്ത സ്ത്രീകള്‍ക്കും സ്വയം തൊഴിലിലൂടെയും മറ്റും സെല്‍ഫ് എസ്റ്റീം അഥവാ ആത്മാഭിമാനം വളര്‍ത്താനുതകുന്ന നിരവധി സംവിധാനങ്ങള്‍ ഇന്നുണ്ട്.


സാമ്പത്തിക അച്ചടക്കം
സാമ്പത്തിക ശാസ്ത്രജ്ഞന്മാര്‍ വസ്തുക്കളെ ലളിതമായി മൂന്നായി തിരിച്ചിരിക്കുന്നു. അവശ്യവസ്തുക്കള്‍, സുഖഭോഗവസ്തുക്കള്‍, ആഡംബരവസ്തുക്കള്‍ എന്നിങ്ങനെയാണ് ആ വിഭജനം. ഒരു വസ്തു ആവശ്യമാണോ, ആഡംബരമാണോ എന്നത് അത് ഉപയോഗിക്കുന്ന വ്യക്തിയെയും സ്ഥലകാലസാഹചര്യങ്ങളെയും ആശ്രയിച്ചാണിരിക്കുന്നത്. ഓരോ കുടുംബവും അവര്‍ക്കാവശ്യമുള്ളത് മാത്രം തെരഞ്ഞെടുക്കാന്‍ പറ്റിയ വിധത്തിലുള്ള സാമ്പത്തിക അച്ചടക്കത്തിലേക്ക് വളരേണ്ടത് ആവശ്യമാണ്. ഉദാഹരണത്തിന്, ഒന്നെടുത്താല്‍ മറ്റൊന്ന് ഫ്രീ എന്ന് കേള്‍ക്കുമ്പോള്‍ വിലകള്‍ ശ്രദ്ധിക്കുക. വിലകുറഞ്ഞ ഇലക്ട്രാണിക് സാധനങ്ങള്‍ വാങ്ങുമ്പോള്‍ അതിന്റെ പ്രവര്‍ത്തനക്ഷമത ഉറപ്പുവരുത്തുക. എക്‌സ്‌ചേഞ്ച് ഓഫറുകളിലെ സുതാര്യത പരിശോധിക്കുക. ഉപയോഗശൂന്യമായ സാധനങ്ങള്‍കൊണ്ട് വീട് നിറച്ച് പോക്കറ്റ് കാലിയാക്കുന്ന ദുര്‍വിധിക്കെതിരെ ബോധവാന്മാരാവുക. അതുകൊണ്ട് ഏതൊരു വസ്തു വാങ്ങുമ്പാഴും അത് എനിക്ക് അത്യാവശ്യമോ, ആഡംബരമോ എന്ന് ചിന്തിക്കണം. പുരുഷന്‍ ആവശ്യമുള്ള സാധനങ്ങള്‍ എന്തു വിലയായാലും മേടിക്കും. സ്ത്രീകളാകട്ടെ ആവശ്യമില്ലാത്തതാണെങ്കിലും വില കുറഞ്ഞതാണെങ്കില്‍ മേടിക്കും.
അപ്രതീക്ഷിതരോഗങ്ങളോ, അപകടങ്ങളോ ഒഴികെ ഇന്ന് കുടുംബങ്ങളെ കടക്കെണിയിലാക്കുന്നത് പ്രദര്‍ശനമനോഭാവമാണ്. ഹാര്‍വി ലിവിങ്സ്റ്റണ്‍ എന്ന സാമ്പത്തിക ശാസ്ത്രജ്ഞന്‍ മനോഹരമായി മനുഷ്യന്റെ പ്രകടനപരതയെ വിശദമാക്കുന്നുണ്ട്. ബാന്‍ഡ് വാഗന്‍, സ്‌നോബ്, വെബഌ എന്നീ മൂന്ന് ഇഫക്ടുകളായിട്ടാണ് അദ്ദേഹം ഇതിനെ ചിത്രീകരിക്കുന്നത്. മറ്റുള്ളവര്‍ക്കൊക്കെ ഉള്ളതുകൊണ്ട് എനിക്കുവേണം എന്ന് ബാന്‍ഡ് വാഗന്‍ ഇഫക്ട് പറയുമ്പോള്‍ മറ്റുള്ളവര്‍ക്കാര്‍ക്കും ഇല്ലാത്തതുകൊണ്ട് എനിക്ക് വേണം എന്നതാണ് സ്‌നോബ് ഇഫക്ട് പറയുന്നത്. താരതമ്യേന വില കുറഞ്ഞ വസ്തുക്കള്‍ ലഭ്യമാവുമ്പോഴും വിലയേറിയതിന്റെ പിന്നാലെ പോകുന്ന വെബഌ ഇഫക്ടും കൂടി ചേരുമ്പോള്‍ കാര്യങ്ങള്‍ കൈവിട്ടുപോകുന്നു.
വരവനുസരിച്ച് ചിലവാക്കുന്നവരും ചിലവനുസരിച്ച് വരുമാനമുണ്ടാക്കുന്നവരുമുണ്ട്. ഉപഭോഗസംസ്‌കാരം അതിനാല്‍തന്നെ തെറ്റല്ല. എന്നാല്‍ അത് ആര്‍ത്തിസംസ്‌കാരത്തിലേക്കും മരണസംസ്‌കാരത്തിലേക്കും വഴുതുമ്പോഴാണ് സമൂഹത്തില്‍ ധാര്‍മികമായ താളപ്പിഴകള്‍ ഉണ്ടാകുന്നത്. കാരണം നമുക്ക് ചുറ്റുമുള്ള പലരും ഇന്‍സ്റ്റാള്‍മെന്റായി കിട്ടിയാല്‍ ആനയെയും മേടിക്കാന്‍ ശ്രമിക്കുന്നവരാണ്്.
സാമ്പത്തിക സ്വാതന്ത്ര്യം
തോന്നുന്നതുപോലെ ജീവിക്കുന്നതിനെ സ്വാതന്ത്ര്യമെന്നല്ല, തോന്ന്യാസം എന്നാണ് പറയുന്നത്. പണത്തെ നമുക്ക് കൈകാര്യം ചെയ്യാനായില്ലെങ്കില്‍ പണം നമ്മെ കൈകാര്യം ചെയ്യും എന്നതാണ് സ്ഥിതി. മാനസിക സ്വാതന്ത്ര്യമില്ലായ്മമൂലം അനുകരണങ്ങള്‍ക്ക് വശംവദരാകുന്നു. സാമ്പത്തിക ശാസ്ത്രജ്ഞനായ ജയിംസ് ഡ്യയിസന്‍ബറിയാണ് ഡെമോസ്‌ട്രേഷന്‍ ഇഫക്ട് അഥവാ അനുകരണ സിദ്ധാന്തം എന്ന പ്രദര്‍ശനമനോഭാവ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്. ഇതില്‍ അദ്ദേഹം ഉപയോഗിക്കുന്ന രണ്ട് പദപ്രയോഗങ്ങള്‍ keeping with the Jonesses and surpassing the Jonesses എന്നിവയാണ്. ജോണസസ് എന്നത് അയല്‍വാസിയെ പ്രതിനിധീകരിക്കുന്നു. മലയാളി പണം ചെലവാക്കുന്നത് അയല്‍വാസിയെ നോക്കിയാണ്. താഴ്ന്ന വരുമാനക്കാര്‍ മധ്യവര്‍ഗത്തെയും മധ്യവര്‍ഗം സാമ്പത്തികമായി ഉയര്‍ന്നവരെയും അനുകരിക്കാന്‍ ശ്രമിക്കുമ്പോഴാണ് താളപ്പിഴകള്‍ ഉടലെടുക്കുന്നത്. ഒന്നുകില്‍ മറ്റുള്ളവര്‍ക്ക് ഒപ്പമെത്തുക അല്ലെങ്കില്‍ അവരെ മറികടക്കുക രണ്ടും ഖേദകരമാണ്. ഓര്‍ക്കുക, ഒരാള്‍ ദരിദ്രനായി ജനിക്കുന്നത് അയാളുടെ കുറ്റമല്ല. എന്നാല്‍ ഒരുവന്‍ ദരിദ്രനായി മരിക്കുന്നത് അയാളുടെ കുറ്റംകൊണ്ടുംകൂടിയാണ്.
സാമ്പത്തിക സാക്ഷരത
സാമ്പത്തിക സാക്ഷരത മാതാപിതാക്കളില്‍നിന്ന് മക്കള്‍ അഭ്യസിച്ചെടുക്കേണ്ട കലയാണ്. കുടുംബം പുലര്‍ത്താനായി മാതാപിതാക്കള്‍ അധ്വാനിക്കുന്നു. എന്നാല്‍ കുടുംബങ്ങളില്‍ കൃത്യമായി സാമ്പത്തിക കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാറില്ലാത്തതുമൂലം ഇവരുടെ അധ്വാനത്തിന്റെ കഷ്ടപ്പാട് അറിയാതെ മക്കള്‍ വളരുന്നു. ഫലമോ, അവരുടെ ആവശ്യങ്ങള്‍ സാധിക്കാതെ വരുമ്പോള്‍ അവര്‍ മാതാപിതാക്കള്‍ക്ക് എതിരാകുന്നു. മക്കളെ ദാരിദ്ര്യവും ബുദ്ധിമുട്ടും അറിയിച്ചുതന്നെ വളര്‍ത്തുന്നതാണ് നല്ലത്. ഇതിന്റെ അര്‍ത്ഥം നാളെ മുതല്‍ അവരുടെ ആവശ്യങ്ങള്‍ നിരാകരിക്കണമെന്നല്ല. മറിച്ച്, ആവശ്യവും അത്യാവശ്യവും ആഡംബരവും തിരിച്ചറിയാനുള്ള വിവേകം പ്രദാനം ചെയ്യുക എന്നതാണ്.
അതുപോലെതന്നെ ഖേദകരമായ മറ്റൊരു വസ്തുതയാണ് ഭാര്യാഭര്‍ത്താക്കന്മാര്‍ പരസ്പരം ആലോചിക്കാതെ സ്വന്തമായി സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നത്. കുട്ടികളും അതേ പ്രവണത തുടരുന്നതില്‍ നമുക്ക് അതിശയിക്കാനൊന്നുമില്ല. മാതാപിതാക്കള്‍ പണം സമ്പാദിക്കുന്നതും കൈകാര്യം ചെയ്യുന്നതുമായ രീതികള്‍ മക്കള്‍ക്ക് മാതൃകയാക്കത്തക്കവിധത്തില്‍ അനുകരണാര്‍ഹമായിരിക്കണം. സാമ്പത്തിക സാക്ഷരതയില്‍ ന്യായമായി സമ്പത്ത് നേടുന്നത് മുതല്‍ അത് ഫലപ്രദമായി ഉപയോഗിക്കുന്നത് വരെയുള്ള കാര്യങ്ങള്‍ അടങ്ങിയിരിക്കുന്നു. മാതാപിതാക്കളുടെ ധൂര്‍ത്ത് കുട്ടികളെ ബാധിക്കുകയും അത് അവരുടെ ജീവിതം ദുഃസഹമാക്കുകയും ചെയ്യുമെന്ന് ഫ്രാന്‍സിസ് പാപ്പ ഉദ്‌ബോധിപ്പിക്കുന്നു (കര്‍ത്താവേ അങ്ങേക്ക് സ്തുതി 162).
സാമ്പത്തിക പരോത്മുഖത
പണം സമൂഹത്തിന്റെ സ്വത്തും അവകാശവുമാണ്. വ്യക്തിപരമായ സമ്പത്തിനും സാമൂഹ്യമാനമുണ്ട്. അതുകൊണ്ടാണ് നമ്മള്‍ അധ്വാനിച്ചുണ്ടാക്കുന്ന പണത്തിന്റെ വീതം നികുതിയായി പൊതുഖജനാവിലേക്ക് നല്‍കുന്നത്. മെച്ചപ്പെട്ട വിദ്യാഭ്യാസവും ജീവിതമാരംഭിക്കാനുതകുന്ന ആദ്യപടിയുമല്ലാതെ കൂടുതലായി മക്കള്‍ക്ക് നല്‍കരുത്. നല്‍കിയാല്‍ അടുത്ത തലമുറ മടിയന്മാരാവും എന്നാണ് ചരിത്രം പറയുന്നത്. കഠിനാദ്ധ്വാനം ചെയ്ത് പണമുണ്ടാക്കിയ പല പ്രശസ്തരും തങ്ങളുടെ മക്കളും അതേ കഠിനാധ്വാനത്തിന്റെ പാതയില്‍കൂടി പോകുവാനാഗ്രഹിക്കുന്നവരാണ്. ഉദാഹരണത്തിന്, മൈക്രോസോഫ്റ്റ് അമരക്കാരന്‍ ബില്‍ഗേറ്റ്‌സ് തന്റെ ബിസിനസ് സാമ്രാജ്യവും പണവും ആതുരശുശ്രൂഷയ്ക്ക് നല്‍കുകയാണ് ചെയ്യുന്നത്. ഞാന്‍ എത്രപേര്‍ക്ക് തൊഴില്‍കൊടുത്തുവെന്ന് സ്വയം ചോദിക്കണം. അല്ലെങ്കില്‍ ഞാന്‍ വഴിയായി എത്ര കുടുബങ്ങള്‍ ജീവിക്കുന്നു എന്ന് കണ്ടെത്തുക. ദൈവാലയശുശ്രൂഷക്കും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കും വരുമാനവിഹിതം മാറ്റിവക്കാനാവണം.
സാമ്പത്തിക ആസൂത്രണം
മാന്ദ്യത്തെ നേരിടാന്‍ വ്യക്തമായ സാമ്പത്തിക ആസൂത്രണമാണ് ആവശ്യമായിരിക്കുന്നത്. നിക്ഷേപസമാനമായ ശ്രമങ്ങള്‍ വ്യക്തികളില്‍നിന്നും സംരംഭകരില്‍നിന്നും പ്രസ്ഥാനങ്ങളില്‍നിന്നും സര്‍ക്കാരില്‍നിന്നും ഉയരുമ്പോഴാണ് മാന്ദ്യത്തെ ക്രിയാന്മകമായി നേരിടാനാവുന്നത്. കാര്‍ഷിക വിപണി ഇടിയുന്നതും അന്താരാഷ്ട്ര വ്യാപാരം കുറഞ്ഞ് തൊഴിലില്ലായ്മ വര്‍ധിക്കുന്നതും ദയനീയമാണ്. ഉത്പാദിതവസ്തുക്കള്‍ വിറ്റുപോവാതിരിക്കുമ്പോള്‍ വില കുറയ്ക്കുന്നതിലേക്ക് നയിക്കുന്നു. അത് ഉത്പാദകന് താങ്ങാനാവാത്ത നഷ്ടത്തിലേക്ക് എത്തിക്കും. നഷ്ടമുണ്ടാകുമ്പോള്‍ ഉത്പാദനം കുറക്കാന്‍ ഉത്പാദകര്‍ നിര്‍ബന്ധിതരാവും. തന്‍മൂലം വീണ്ടും തൊഴില്‍ നഷ്ടപ്പെടുകയും വരുമാനം കുറയുകയും ജീവിതം ദുസഹമാവുകയും ചെയ്യുന്ന ദൂഷിതവലയത്തിലേക്ക് എത്തിച്ചേരുന്നു.
ആസൂത്രണത്തിന്റെ ഒരു പ്രധാന ക്രമമാണ് ബഡ്ജറ്റ് തയ്യാറാക്കല്‍. മറ്റൊരു കുടുംബത്തിന്റെ ബജറ്റ് കോപ്പിയടിക്കാന്‍ ശ്രമിക്കരുത്. കാരണം ഓരോരുത്തര്‍ക്കും വ്യത്യസ്ത ചോദ്യപേപ്പറുകളാണ് നല്‍കപ്പെട്ടിരിക്കുന്നത്. കുടുംബങ്ങള്‍ക്ക് പല രീതിയില്‍ ബഡ്ജറ്റ് ഉണ്ടാക്കാം. ഉദാഹരണത്തിന്, ഒരു ദിവസത്തേക്ക്, ഒരു ആഴ്ചത്തേക്ക് ഒരു മാസത്തേക്ക് തുടങ്ങിയവ. കുടുംബ ബഡ്ജറ്റ് ഉണ്ടായിരിക്കുക എന്നതാണ് പ്രധാനം.
ഇവയൊക്കെ കൃത്യമായി പാലിക്കാന്‍ സാധിക്കുമോ എന്ന് ചോദിച്ചാല്‍ ഉത്തരം പഴയ തലമുറ പറഞ്ഞുവച്ചിട്ടുണ്ട്. വിവരമുള്ളവര്‍ മറ്റുള്ളവരുടെ അനുഭവം കണ്ടുപഠിക്കും അല്ലാത്തവര്‍ കൊണ്ടുപഠിക്കും. സമ്പത്തും പണവും വരും, പോകും. ക്രിയാന്മകമായ അകലം പാലിക്കുക. ലോകത്തിനാവശ്യമായ പണം ഇവിടെയുണ്ട്. പോക്കറ്റുകള്‍ മാറുന്നുവെേന്നയുള്ളു. മാന്ദ്യം ഇനിയും പല രൂപത്തില്‍ വന്നുകൊണ്ടിരിക്കും. കാരണം ഇതൊരു വ്യാപാരചക്രമാണ്. നേരിടാന്‍ തയ്യാറാവുകയാണ് വേണ്ടത്. പണത്തെക്കാളും വലുത് സ്‌നേഹമാണെങ്കിലും ആലിംഗനങ്ങള്‍ക്ക് ബില്ല് അടക്കാന്‍ കഴിയുകയില്ലല്ലോ എന്ന് അല്‍പം നര്‍മബോധത്തോടെയും യാഥാര്‍ത്ഥ്യബോധത്തോടെയും ചിന്തിക്കാം.


ഡോ. കൊച്ചുറാണി ജോസഫ്

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?