Follow Us On

15

October

2019

Tuesday

വാര്‍ത്താമാധ്യമങ്ങളോട് ചില ചോദ്യങ്ങള്‍

വാര്‍ത്താമാധ്യമങ്ങളോട് ചില ചോദ്യങ്ങള്‍

സഭയെ വിമര്‍ശിക്കുവാന്‍ മാധ്യമങ്ങള്‍ക്ക് ഇടയ്ക്കിടയ്ക്ക് വിഷയങ്ങള്‍ കിട്ടുന്നുണ്ട്. കിട്ടുന്ന വിഷയങ്ങളെ പരമാവധി ആഘോഷമാക്കുന്നുമുണ്ട്. ചിലര്‍ ഇടയ്ക്കിടയ്ക്ക് വിഷയങ്ങള്‍ ഉണ്ടാക്കിത്തരുന്നുമുണ്ട്. ഈ വാര്‍ത്തകള്‍ കൊടുക്കുകയും പരമാവധി വിമര്‍ശിക്കുവാന്‍ കെല്‍പ്പുള്ളവരെ വിളിച്ച് ചര്‍ച്ചകള്‍ നടത്തിക്കുകയും മറ്റും ചെയ്യുന്നത് ന്യായമാണ് എന്ന് തോന്നിയാല്‍ അത് തുടരട്ടെ. അത് ന്യായത്തിന്റെയും സത്യത്തിന്റെയും അതിരുകള്‍ വിടുന്നുണ്ട് എന്ന് തോന്നിയാല്‍ ഒരു സ്വയം നിയന്ത്രണം കൊണ്ടുവരാന്‍ മനസ് കാണിക്കണം. അതോടൊപ്പം ഒരു കാര്യംകൂടി പറയട്ടെ. വൈദികരിലും സിസ്റ്റര്‍മാരിലും തെറ്റുകാര്‍ ഉണ്ടെങ്കിലും അവരെല്ലാവരും തെറ്റുകാരാണ് എന്ന് മാധ്യമങ്ങള്‍ വിശ്വസിക്കുന്നുണ്ടോ? അവരുടെ കൂട്ടത്തില്‍ നന്മയും വിശുദ്ധിയും ഉള്ള ആരെങ്കിലും ഉണ്ടെന്ന് വിശ്വസിക്കുന്നുണ്ടോ? അവരിലൂടെ ഈ ലോകത്തില്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും നന്മകള്‍ ഉണ്ടാകുന്നുണ്ട് എന്ന് വിശ്വസിക്കുന്നുണ്ടോ? അങ്ങനെയൊക്കെ ഉണ്ടെന്ന് തോന്നിയാല്‍ ചില കാര്യങ്ങള്‍ നിങ്ങള്‍ക്ക് ചെയ്യാമോ? ഒന്ന്, അടച്ച് ആക്ഷേപിക്കുന്ന പണി ഒന്ന് നിര്‍ത്തുകയോ കുറയ്ക്കുകയോ ചെയ്യാമോ? രണ്ട്, അവര്‍ കാണിക്കുന്ന കുറ്റങ്ങള്‍ സമൂഹമധ്യത്തില്‍ അവതരിപ്പിക്കുന്നതോടൊപ്പം അവര്‍ ചെയ്യുന്ന ചില നല്ല കാര്യങ്ങള്‍കൂടി വല്ലപ്പോഴും ഒന്ന് പഠിക്കുകയും പറയുകയും എഴുതുകയും ചെയ്യാമോ? ചില ചാനലുകളും പത്രങ്ങളും വിമര്‍ശിക്കന്നതില്‍ മുന്‍പന്തിയല്‍ ആണല്ലോ. അക്രൈസ്തവരായ ചില സഹോദരങ്ങള്‍പോലും മാധ്യമ ഓഫീസുകളിലേക്ക് വിളിച്ച് അതിരുവിട്ട വിമര്‍ശനങ്ങളെ തെറ്റെന്ന് പറയുന്നതിന്റെ ഓഡിയോ ശബ്ദങ്ങള്‍ വാട്‌സ്ആപ്പിലും മറ്റും ലഭ്യമാണ്. പത്രസ്ഥാപനത്തില്‍ ഫോണെടുത്ത വ്യക്തിക്ക് ഉത്തരം മുട്ടുന്നതായാണ് എപ്പോഴും കാണുന്നത്. പ്രിയ മാധ്യമങ്ങള്‍ ഓര്‍ക്കണം, നിങ്ങള്‍ നടത്തുന്നത് വണ്‍വേ കമ്യൂണിക്കേഷന്‍ ആണ്. നിങ്ങളും നിങ്ങള്‍ പറയുവാന്‍ ആഗ്രഹിക്കുന്നത് പറയുവാന്‍ മനസുള്ളവരും തന്നെയാണല്ലോ പലപ്പോഴും ചര്‍ച്ചകള്‍ നടത്തുന്നത്. മറ്റു പലയിടത്തും ചര്‍ച്ചയും ഇല്ല. ഒരാള്‍ അടച്ച് ആക്ഷേപിച്ച് എഴുതുകയോ പറയുകയോ ആണ്. ശരിക്കുപറഞ്ഞാല്‍ ചില മാധ്യമങ്ങള്‍ക്കെതിരെ വ്യക്തികള്‍ക്കും സമൂഹത്തിനും അപകീര്‍ത്തികേസ് കൊടുക്കാവുന്നതാണ്. മാധ്യമങ്ങള്‍ ഏറെ വിമര്‍ശിക്കുന്ന വ്യക്തികള്‍ പ്രതികരിക്കാന്‍ പോകാത്തവര്‍ ആയതുകൊണ്ട് സാമാന്യ മര്യാദയുടെയും പത്രമര്യാദയുടെയും അതിര്‍വരമ്പുകള്‍ ലംഘിക്കപ്പെടുന്നില്ലേ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചിന്തിക്കണം.
കഴിഞ്ഞ വര്‍ഷത്തിലെ വനിതാദിനത്തില്‍, തന്നെ മഠത്തില്‍നിന്ന് പുറത്താക്കാന്‍ പോകുകയാണ്, എനിക്കിനി കിടപ്പാടമില്ല എന്ന് വിലപിക്കുന്ന ഒരു സിസ്റ്ററിന്റെ പൂര്‍ണകായ ചിത്രവും വലിയ വാര്‍ത്തയും കൊടുത്തുകൊണ്ടാണ് ഒരു പത്രം വനിതാദിനത്തെ കേമമാക്കിയത്. ആ സിസ്റ്റര്‍ പറഞ്ഞതിന്റെ മറുവശം എന്താണെന്ന് പഠിച്ചിരുന്നെങ്കില്‍ പത്രത്തിന് അങ്ങനെ ഒരു വാര്‍ത്ത കൊടുക്കുവാന്‍ സാധിക്കുമായിരുന്നില്ല. ആ സിസ്റ്റര്‍ ഇന്നും മഠത്തില്‍ താമസിക്കുന്നത് പത്രം കൊടുത്ത വാര്‍ത്തയുടെ ബലത്തിലൊന്നുമല്ല. ഭിന്നസ്വരക്കാര്‍ പറയുന്നത് പലതും സത്യമല്ലെന്നും അതിന്റെ പിന്നില്‍ വ്യക്തിപരമായ ഒരുപാട് വിഷയങ്ങള്‍ ഉണ്ടെന്നും മാധ്യമങ്ങള്‍ മനസിലാക്കണം. അടുത്ത കാലത്ത് അതേ പത്രം ഒരു സിസ്റ്ററിന്റെ പൂര്‍ണകായ ചിത്രവും ഒരു പേജ് വാര്‍ത്തയും കൊടുത്തു. ഈ രണ്ട് കാര്യങ്ങളും ചെയ്ത ആ പത്രം കാണാത്ത, ശരിക്ക് പറഞ്ഞാല്‍ കണ്ടിട്ടും കാണാത്ത, ചില കാര്യങ്ങള്‍കൂടി ഉണ്ട്. അതാണ് ആ പത്രസ്ഥാപനത്തിലേക്ക് ഫോണ്‍ വിളിച്ച് സംസാരിച്ച അക്രൈസ്തവ സ്ത്രീ ചോദിച്ചത് – നിങ്ങള്‍ ഇങ്ങനെയൊക്കെ ചെയ്യുമ്പോള്‍, ഇടയ്ക്ക് സിസ്റ്റര്‍മാര്‍ ചെയ്യുന്ന ചില നല്ല കാര്യങ്ങള്‍കൂടി വാര്‍ത്തയാക്കിക്കൂടെ എന്ന്.
അതിനാല്‍ പ്രിയമാധ്യമപ്രവര്‍ത്തകരേ, നിങ്ങള്‍ വിമര്‍ശിച്ചോ, വാര്‍ത്തകള്‍ കൊടുത്തോ. പക്ഷേ തെറ്റിന്റെ വാര്‍ത്തകള്‍ കൊടുക്കുന്നതുപോലെ, ചിലപ്പോഴെങ്കിലും വൈദികരും സിസ്റ്റര്‍മാരും സഭയും ചെയ്യുന്ന ചില നല്ല കാര്യങ്ങളുടെ വാര്‍ത്തകള്‍കൂടി കൊടുക്കുമോ? കേരളത്തിലെ ബുദ്ധിമാന്ദ്യമുള്ള കുട്ടികള്‍ക്കായുള്ള സ്‌കൂളുകള്‍ നിങ്ങള്‍ക്ക് ഒന്ന് കയറി ഇറങ്ങാമോ? എയ്ഡ്‌സ് രോഗികളെയും പ്രായമായവരെയും സംരക്ഷിക്കുന്ന കത്തോലിക്കാ സ്ഥാപനങ്ങള്‍ ഒന്ന് സന്ദര്‍ശിക്കാമോ? ഓരോ രൂപതയും സന്യാസസഭയുടെ കേന്ദ്ര ഓഫീസും സന്ദര്‍ശിച്ച്, ആ രൂപത അഥവാ സന്യാസ സഭ ചെയ്യുന്ന സാധുജന ശുശ്രൂഷകളുടെ കണക്കെടുത്ത് പ്രസിദ്ധീകരിക്കാമോ? സിസ്റ്റര്‍മാരുടെയും മറ്റും ജീവിതം എത്ര ആര്‍ഭാടപൂരിതമാണ് അഥവാ എത്ര ലളിതവും സമര്‍പ്പണവും നിറഞ്ഞതാണെന്ന് പഠിക്കാന്‍ ശ്രമിക്കാമോ? സഭയെ ഒരുപാട് വിമര്‍ശിക്കുന്നവരുടെ വ്യക്തിജീവിതങ്ങളെ ഒന്ന് ആഴത്തില്‍ പഠിക്കാന്‍ ശ്രമിക്കാമോ? ഈ കഴിഞ്ഞ പ്രളയകാലത്ത് ഒരു ദുരിതാശ്വാസ ക്യാമ്പില്‍ പണപ്പിരിവ് നടത്തിയ ഒരു പാര്‍ട്ടി അംഗത്തിനെതിരെ കേസ് എടുത്തതും പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിച്ചതും ഒന്നോര്‍ക്കു മോ? അദ്ദേഹം കുറ്റക്കാരനല്ല എന്ന് കണ്ടപ്പോള്‍ എല്ലാം പിന്‍വലിച്ചല്ലോ. അപ്പോള്‍ ഒരു ചെറിയ തെറ്റ് ചെയ്തു എന്നതിന്റെ പേരില്‍ ഉടന്‍ അച്ചടക്ക-ശിക്ഷണ നടപടികള്‍ വന്നല്ലോ. ഒരു സന്യാസസഭയില്‍ ഒരാള്‍ അംഗമാകുന്നത് ആ സഭയുടെ നിയമങ്ങള്‍ അനുസരിച്ചും ചൈതന്യം അനുസരിച്ചും ജീവിച്ചുകൊള്ളാം എന്ന ധാരണയിലാണ്. സഭയില്‍ ആയിരിക്കുകയും വേണം, ഒരു നിയമവും അനുസരിക്കുകയുമില്ല എന്ന നിലപാട് തുടര്‍ച്ചയായി ആവര്‍ത്തിച്ചാല്‍ ആ സന്യാസസഭ എന്തു ചെയ്യണം? മാധ്യമപ്രവര്‍ത്തകര്‍ പ്രവര്‍ത്തിക്കുന്നത് മാധ്യമ സ്ഥാപനത്തിന്റെ നിലപാടുകള്‍ക്കുവേണ്ടിയും അതനുസരിച്ചുമല്ലേ? ഒരു മാധ്യമസ്ഥാപനത്തിനുവേണ്ടി നിങ്ങള്‍ മനഃസാക്ഷിയില്ലാതെയും ദൈവത്തെ മറന്നും പ്രവര്‍ത്തിക്കരുത്. നമ്മെ എല്ലാവരെയും അറിയുകയും നന്മയ്ക്ക് സമ്മാനവും തിന്മയ്ക്ക് ശിക്ഷയും നല്‍കുന്ന ദൈവം എല്ലാവര്‍ക്കും ഉണ്ടല്ലോ. അതിനാല്‍ എത്ര അടി കിട്ടിയാലും വൈദികരും സിസ്റ്റര്‍മാരും ക്രൈസ്തവ സമൂഹവും പൊതുവെ മിണ്ടാതിരിക്കുന്നു എന്നതിന്റെ പേരില്‍ നിങ്ങള്‍ അധാര്‍മികമായി പ്രവര്‍ത്തിക്കരുത്. തെറ്റിന്റെ വാര്‍ത്തകള്‍ കൊടുത്തോ. കൂടെ നന്മകളുടെ വാര്‍ത്തകളും ജനങ്ങളുടെ മുമ്പില്‍ വയ്ക്കാമോ? ദൈവം എല്ലാ മാധ്യമപ്രവര്‍ത്തകരെയും അനുഗ്രഹിക്കട്ടെ.


ഫാ. ജോസഫ് വയലില്‍ CMI

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?