Follow Us On

23

February

2020

Sunday

പുരോഗതിയുടെ രഹസ്യം

പുരോഗതിയുടെ  രഹസ്യം

രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ കേരളത്തിലെ ഗ്രാമങ്ങള്‍ ഏറെ മുമ്പിലാണ്. മറ്റ് സംസ്ഥാനങ്ങളില്‍ അധികവും നഗരകേന്ദ്രീകൃതമായ വളര്‍ച്ച നേടുമ്പോള്‍ കേരളത്തില്‍ നഗരങ്ങളോടൊപ്പം ഗ്രാമങ്ങളും വളരുന്നുണ്ട്. റോഡുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഗതാഗതസൗകര്യങ്ങള്‍, ആശുപത്രികള്‍, ഗവണ്‍മെന്റ് ഓഫീസുകള്‍ തുടങ്ങി അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തില്‍ കേരളം പുരോഗമിച്ചതിന്റെ പ്രധാന കാരണം ജനങ്ങളുടെ കൂട്ടായ്മയാണ്. സമൂഹം ഒരേ മനസോടെ പ്രവര്‍ത്തിച്ചതുമൂലമാണ് പുരോഗതി പ്രാപിക്കാനായത്. റോഡുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങി പൊതുസ്ഥാപനങ്ങളുടെ ചരിത്രം പരിശോധിച്ചാല്‍ അവ സ്ഥാപിക്കാന്‍ മുന്നിട്ടിറങ്ങിയതും സൗകര്യങ്ങള്‍ ഒരുക്കിയതും ജനകീയ കൂട്ടായ്മകളായിരുന്നു. ജനങ്ങള്‍ നിര്‍മിച്ച റോഡുകളാണ് പിന്നീട് ഗവണ്‍മെന്റ് ഏറ്റെടുത്തത്. പുരോഗതിയുടെ അടിസ്ഥാനം കൂട്ടായ്മയാണ്. ഒരേ മനസോടെ ജനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങുമ്പോള്‍ ഉണ്ടാകുന്ന റിസല്‍ട്ട് അത്ഭുതാവഹമായിരിക്കും.
സാമൂഹ്യ വളര്‍ച്ചയുടെ കാര്യത്തില്‍ മാത്രമല്ല, കുടുംബങ്ങളുടെ പുരോഗതിയുടെ കാര്യം പരിശോധിച്ചാലും കുടുംബാംഗങ്ങളുടെ ഒത്തൊരുമ പ്രധാന ഘടകമാണ്. കുടിയേറ്റ പ്രദേശങ്ങളില്‍ ആദ്യം എത്തിയത് കുടുംബത്തിലെ ഒരംഗമാണെങ്കില്‍ അവരുടെ സഹായംകൊണ്ട് മറ്റ് കുടുംബാംഗങ്ങളും അധികം വൈകാതെ എത്തി. ഗള്‍ഫ്-യുറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റത്തിലും ബന്ധുബലം വലിയൊരു ഘടകമാണ്. എന്നാല്‍, സാമ്പത്തിക സുരക്ഷിതത്വം കൂടുന്നതനുസരിച്ച് കുടുംബ ബന്ധങ്ങളുടെ ആഴംകുറയുന്നുണ്ടോ എന്ന് പരിശോധിക്കണം. കുടുംബാംഗങ്ങള്‍ തമ്മിലുള്ള ഒത്തുകൂടലുകള്‍ ഇപ്പോള്‍ കുറവാണ്. അനേകര്‍ സാമ്പത്തികമായി വലിയ പ്രതിസന്ധികള്‍ നേരിടുന്നുണ്ട്. അവരുടെ അടുത്ത ബന്ധുക്കള്‍ ഉയര്‍ന്ന സാമ്പത്തിക സ്ഥിതിയില്‍ കഴിയുന്നവരുമാണ്. മക്കളുടെ വിദ്യാഭ്യാസത്തിനും കുടുംബത്തിലെ മറ്റ് ചിലവുകള്‍ക്കും പണം കണ്ടെത്താന്‍ പലരും വിഷമിക്കുന്നു. മറ്റുചിലര്‍ നല്ലൊരു ഭവനം ഇല്ലാത്തതിന്റെ വേദനയില്‍ കഴിയുന്നു. പഴയകാലങ്ങളിലൊക്കെ വീട് നിര്‍മ്മിക്കുമ്പോഴും കുടുംബാംഗങ്ങള്‍ പരസ്പരം സഹായിച്ചിരുന്നു. വീട് നിര്‍മാണത്തിന്റെ രീതികളില്‍ മാറ്റങ്ങള്‍ വന്നതുകൊണ്ട് പഴയതുപോലെ കായികമായുള്ള സഹായങ്ങള്‍ക്കുപകരം സാമ്പത്തിക സഹായം ചെയ്യുന്നത് ഒരു ശൈലിയായി മാറ്റണം.
അപ്രതീക്ഷിതമായി ഉണ്ടായ രോഗമോ മറ്റുവിധത്തിലുള്ള തകര്‍ച്ചകളോ ആയിരിക്കും സാമ്പത്തിക പ്രതിസന്ധികള്‍ സൃഷ്ടിച്ചിരിക്കുന്നത്. പണം ഇല്ലാത്തതിന്റെ പേരില്‍ മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങള്‍ ലഭിക്കാതെ പോകുന്നുണ്ട്. കുടുംബത്തിലെ ഒരംഗത്തിന് ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ അവരുടേതുമാത്രമായി ചുരുങ്ങുന്നതിനാലാണ് അതില്‍നിന്നും കരകയറാന്‍ കഴിയാതെ വിഷമിക്കുന്നത്. സാമ്പത്തിക പ്രയാസം അനുഭവിക്കുന്നവരെയും മറ്റ് പിന്നാക്ക അവസ്ഥകളില്‍ കഴിയുന്നവരെയും ഉയര്‍ത്തിക്കൊണ്ടു വരേണ്ടത് മറ്റുള്ളവരുടെ കടമയായി കാണണം. ഇല്ലെങ്കില്‍ സഹോദര സ്‌നേഹമെന്നു പറയുന്നതില്‍ എന്ത് അര്‍ത്ഥമാണ് ഉള്ളത്? സുഹൃത്തുക്കളും ബന്ധുക്കളുമൊക്കെ രോഗബാധിതരാകുമ്പോള്‍ അവരെ സന്ദര്‍ശിക്കുന്നത് നമ്മുടെ പതിവാണ്. പലപ്പോഴും ആശുപത്രി സന്ദര്‍ശനം നടത്തുന്നതിനപ്പുറം അവരുടെ സാമ്പത്തിക ആവശ്യങ്ങളെപ്പറ്റി അന്വേഷിക്കുന്നത് കുറവായിരിക്കും. അങ്ങനെയുള്ളവരെ സഹായിക്കുന്ന നല്ല മനസുള്ള ധാരാളം പേരുണ്ടെന്നത് വിസ്മരിക്കുന്നില്ല. അവര്‍ പക്ഷേ, എണ്ണത്തില്‍ കുറവാണ്. രോഗീ സന്ദര്‍ശനങ്ങള്‍ നടത്തുമ്പോള്‍ കഴിയുന്ന സാമ്പത്തിക സഹായം നല്‍കുന്നത് ഒരു രീതിയായി മാറണം. ആര്‍ക്കുവേണമെങ്കിലും നാളെ അത്തരത്തിലുള്ള രോഗമോ മറ്റ് സാമ്പത്തിക പ്രതിസന്ധികളോ വരാം.
സമൂഹത്തിന്റെയും കുടുംബങ്ങളുടെയുമൊക്കെ വളര്‍ച്ചയില്‍ കൂട്ടായ്മ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ആ ഒത്തൊരുമയും പങ്കുവയ്ക്കലും കൈമോശം വരാതെ സൂക്ഷിക്കാന്‍ കഴിഞ്ഞാല്‍ ഇനിയും വലിയ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും. സാമ്പത്തിക സ്വയംപര്യാപ്തത ബന്ധങ്ങള്‍ തകരാന്‍ കാരണമാകരുത്. നമുക്ക് ലഭിച്ചിരിക്കുന്നതെല്ലാം ദൈവത്തിന്റെ ദാനവും കരുണയുമാണെന്ന ബോധ്യം ഹൃദയത്തില്‍ ഉണ്ടാകണം. ആ തിരിച്ചറിവ് നഷ്ടപ്പെടുമ്പോഴാണ് സഹോദരങ്ങളില്‍നിന്നും മുഖംതിരിക്കാന്‍ ശ്രമിക്കുന്നത്. മറ്റുള്ളവരെ സഹായിക്കേണ്ടത് സ്വന്തം ഉത്തരവാദിത്വമാണ്. വെള്ളം കോരുന്ന കിണറ്റിലായിരിക്കും എപ്പോഴും ജലം നിറഞ്ഞുനില്ക്കുന്നത്. അതുപോലെയാണ് ദൈവാനുഗ്രഹങ്ങളും. നാം മറ്റുള്ളവരെ സഹായിക്കാന്‍ തുടങ്ങുമ്പോള്‍ കൂടുതല്‍ അനുഗ്രഹങ്ങള്‍ ദൈവം വര്‍ഷിക്കും.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?