Follow Us On

18

April

2024

Thursday

മറിയം ത്രേസ്യയുടെ വിശുദ്ധ പദവി: ഒക്‌ടോബർ 12ന് മരിയ മജോരേ ബസിലിക്കയിൽ പ്രത്യേക പ്രാർത്ഥന

മറിയം ത്രേസ്യയുടെ വിശുദ്ധ പദവി: ഒക്‌ടോബർ 12ന്  മരിയ മജോരേ ബസിലിക്കയിൽ പ്രത്യേക പ്രാർത്ഥന

വത്തിക്കാൻ സിറ്റി: ഹോളി ഫാമിലി സന്യാസിനി സമൂഹ സ്ഥാപക വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ വിശുദ്ധപദവി പ്രഖ്യാപന തിരുക്കർമങ്ങൾക്ക് മുന്നോടിയായി ഒക്‌ടോബർ 12ന് റോമിലെ മരിയ മജോരേ മേജർ ബസലിക്കയിൽ പ്രത്യേക പ്രാർത്ഥനാ ശുശ്രൂഷ നടക്കും. ബസിലിക്കയിലെ പ്രാർത്ഥനയ്ക്ക് നാമകരണത്തിനു വേണ്ടിയുള്ള വത്തിക്കാൻ കോൺഗ്രിഗേഷൻ പ്രീഫെക്ട് കർദിനാൾ ആഞ്ചലോ ബേച്ചു നേതൃത്വം നൽകും. ഒക്‌ടോബർ 13നാണ് വിശുദ്ധപദവി പ്രഖ്യാപനം.

ഒക്ടോബർ14 റോമിലെ സെന്റ്. അനസ്താസ്യ ബസിലിക്കയിൽ അർപ്പിക്കുന്ന കൃതജ്ഞതാ ബലിക്ക് സീറോ മലബാർ മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമികത്വം വഹിക്കും. ഒരുക്കങ്ങൾ വിലയിരുത്താൻ നാമകരണ ചടങ്ങുകളുടെ രക്ഷാധികാരിയും യൂറോപ്പിലെ സീറോ മലബാർ സഭ അപ്പസ്‌തോലിക് വിസിറ്റേറ്ററുമായ ബിഷപ്പ് മാർ സ്റ്റീഫൻ ചിറപ്പണത്തിന്റെ നേതൃത്വത്തിൽ പ്രത്യേക യോഗം റോമിൽ സമ്മേളിച്ചു.

റോമിലെ സാന്തോം ഇടവക വികാരി ഫാ. ചെറിയാൻ വാരികാട്ട്, ഹോളിഫാമിലി സഭാ സുപ്പീരിയർ ജനറൽ സിസ്റ്റർ ഉദയ, നാമകരണ പ്രക്രിയയുടെ പോസ്റ്റുലേറ്റർ ഫാ. ബനഡിക്ട് വടക്കേക്കര ഒ.എഫ്.എം ക്യാപ്., സി.എം.ഐ സഭാ പ്രൊകുറേറ്റർ ജനറൽ ഫാ. ചെറിയാൻ തുണ്ടുപറമ്പിൽ എന്നിവരെ ജനറൽ കൺവീനർമാരായി തിരഞ്ഞെടുത്തു. വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ നാമകരണ പരിപാടികളിൽ പങ്കെടുക്കാനായി ആയിരകണക്കിന് ആളുകൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് റോമിൽ എത്തിച്ചേരുമെന്ന് സംഘാടകർ അറിയിച്ചു.

വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയ്‌ക്കൊപ്പം വാഴ്ത്തപ്പെട്ടവരായ ജോൺ ഹെൻട്രി ന്യൂമാൻ, ജുസപ്പീന വനീനി, ഡൽച്ചേ ലോപ്പസ് പോന്റസ്, മർഗരീത്ത ബേയ്‌സ് എന്നിവരെയും ഫ്രാൻസിസ് പാപ്പ വിശുദ്ധപദവിയിലേക്ക് ഉയർത്തും. 13 രാവിലെ 10.00ന് ആരംഭിക്കുന്ന വാഴ്ത്തപ്പെട്ട പദവി തിരുക്കർമങ്ങൾ ശാലോം വേൾഡ് തത്‌സമയം പ്രക്ഷേപണം ചെയ്യും.

ഭാരതത്തിൽനിന്നുള്ള ആറാമത്തെ വിശുദ്ധയാണ് മറിയം തേസ്യ. വിശുദ്ധ ഗോൺസാലോ ഗാർഷ്യ, വിശുദ്ധ അൽഫോൻസ, വിശുദ്ധ കുര്യാക്കോസ് ചാവറ ഏലിയാസ്, വിശുദ്ധ എവുപ്രാസ്യ, കൊൽക്കത്തയിലെ വിശുദ്ധ തെരേസ എന്നിവരാണ് മറ്റ് അഞ്ചുപേർ.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?