Follow Us On

31

March

2020

Tuesday

അമ്മമാരുടെ പ്രാര്‍ത്ഥനവഴി കിട്ടിയ അനുഗ്രഹങ്ങള്‍ മക്കള്‍ ഓര്‍ക്കണം

അമ്മമാരുടെ പ്രാര്‍ത്ഥനവഴി  കിട്ടിയ അനുഗ്രഹങ്ങള്‍  മക്കള്‍ ഓര്‍ക്കണം

യേശു അഞ്ചപ്പം വര്‍ധിപ്പിച്ചതും വെള്ളത്തിന് മുകളിലൂടെ നടന്നതും ഗനേസറത്തില്‍വച്ച് അനേക രോഗികളെ സുഖപ്പെടുത്തിയതുമെല്ലാം മത്തായി പതിനാലാം അധ്യായത്തല്‍ വിവരിക്കുന്നുണ്ട്. ജറുസലേമില്‍നിന്ന് ഫരിസേയരും നിയമജ്ഞരും വന്ന് യേശുവിനോട് പാരമ്പര്യത്തെക്കുറിച്ച് തര്‍ക്കിക്കുന്നതും ഈ പ്രദേശത്തുവച്ചാണ്. അതേ തുടര്‍ന്നാണ് യേശു ടയിര്‍, സീദോന്‍ പ്രദേശങ്ങളിലേക്ക് പോയത്. അവ രണ്ടു യഹൂദ കേന്ദ്രങ്ങള്‍ ആയിരുന്നില്ല; വിജാതീയരുടെ പട്ടണങ്ങളായിരുന്നു. അവിടെവച്ചാണ് ഒരു കാനാന്‍കാരി സ്ത്രീവന്ന് പിശാചുബാധയില്‍നിന്നും തന്റെ മകളെ മോചിപ്പിക്കണം എന്ന് യേശുവിനോട് പ്രാര്‍ത്ഥിച്ചത്.
അപ്പോള്‍ ആ സ്ത്രീയ്ക്ക് കിട്ടിയ പ്രതികരണങ്ങള്‍ ഒന്നും സന്തോഷം തരുന്നവയായിരുന്നില്ല. ആ പ്രതികരണങ്ങള്‍ നോക്കുക:
ഒന്ന്, യേശു ഒന്നും മിണ്ടിയില്ല (15:23).
രണ്ട്, ശിഷ്യന്മാര്‍ പറഞ്ഞു: അവളെ പറഞ്ഞയക്കുക (15:23). അവര്‍ ഉപയോഗിച്ചത് പറഞ്ഞയക്കുക എന്ന വാക്കാണ്. ശല്യം ഒഴിവാക്കുക എന്ന അര്‍ത്ഥത്തിലാണവര്‍ പറഞ്ഞത്.
മൂന്ന്, ഞാന്‍ ഇസ്രായേല്‍ ഭവനത്തിലെ നഷ്ടപ്പെട്ട ആളുകളുടെ അടുത്തേക്കാണ് അയക്കപ്പെട്ടിരിക്കുന്നത് എന്ന് യേശു പറയുന്നു. വീണ്ടും മനം മടുപ്പിക്കുന്ന സമീപനം.
അവള്‍ പറയുകയാണ്: കര്‍ത്താവേ, നായ്ക്കളും യജമാനന്റെ മേശയില്‍നിന്ന് വീഴുന്ന അപ്പക്കഷണങ്ങള്‍ തിന്നുന്നുണ്ടല്ലോ. ആ വാചകത്തിന് ഗൗരവമായ അര്‍ത്ഥം ഉണ്ട്. മക്കള്‍ തിന്നുമ്പോള്‍ കുറച്ചൊക്കെ താഴെ വീഴും. ആ താഴെ വീഴുന്നത് മക്കള്‍ തിന്നുകയില്ല. കുറച്ച് ഭക്ഷണം താഴെ വീഴുന്നതുകൊണ്ട് മക്കളുടെ വയര്‍ നിറയെ കിട്ടാതിരിക്കുന്നുമില്ല. അവര്‍ വേണ്ടുവോളം തിന്നുന്നു. അതുപോലെ നീ ഇസ്രായേല്‍ക്കാരുടെ കാര്യം നോക്കാന്‍ വന്നതായിരിക്കാം. എന്നാലും അവര്‍ക്ക് വേണ്ട എല്ലാ അനുഗ്രഹങ്ങള്‍ നല്‍കിയാലും വീണ്ടും നിന്റെ പക്കല്‍ അനുഗ്രഹിക്കുവാന്‍, അത്ഭുതം ചെയ്യുവാന്‍ ശക്തിയുണ്ട്. ആ ശക്തിയില്‍ കുറച്ച് ഉപയോഗിച്ച് എന്റെ മകളെ സുഖപ്പെടുത്തിക്കൂടെ? അതിന്റെ പേരില്‍ യഹൂദര്‍ക്ക് ഒന്നിനും കുറവ് വരുന്നില്ലല്ലോ.
അങ്ങനെ തന്റെ മുമ്പില്‍ ഉയര്‍ന്നുവന്ന എല്ലാ പ്രതിബന്ധങ്ങളെയും ആ സ്ത്രീ തട്ടിമാറ്റി. അവളുടെ ശക്തമായ വിശ്വാസത്തിനും പ്രാര്‍ത്ഥനയ്ക്കും മറുപടി കിട്ടി. യേശു ആ സ്ത്രീയുടെ പിശാചു ബാധിച്ചിരുന്ന മകളെ സുഖപ്പെടുത്തി.
നമ്മള്‍ ധ്യാനിക്കണം: ഒരു മകള്‍ക്കുവേണ്ടി ഒരു അമ്മ എടുക്കുന്ന ത്യാഗം. സഹിക്കുന്ന അപമാനം. ഓരോരുത്തരും നമ്മുടെ അമ്മമാരെപ്പറ്റി ചിന്തിക്കണം. മക്കള്‍ക്ക് നന്മ ഉണ്ടാകുവാന്‍ അവരുടെ അമ്മമാര്‍ നടത്തുന്ന പരിശ്രമങ്ങളും പ്രാര്‍ത്ഥനകളും നമ്മള്‍ കാണണം. (അപ്പന്മാര്‍ ഇത് ചെയ്യുന്നില്ല എന്നല്ല. ഇവിടെ അമ്മമാരുടെ പങ്ക് മാത്രമാണ് ഈ ലേഖനത്തില്‍ പറയുന്നത് എന്നുമാത്രം. തന്നെയുമല്ല, അപ്പന്മാരെക്കാള്‍ പലപ്പോഴും മക്കളുടെ നന്മയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കുനനത് അമ്മമാരാണ് എന്നതും ഓര്‍ക്കാം).
ചില ഉദാഹരണങ്ങള്‍:
0  കുട്ടി തന്റെ ഗര്‍ഭത്തില്‍ ആയിരിക്കുന്ന സമയത്ത് കുട്ടിക്കുവേണ്ടി അമ്മയുടെ ത്യാഗവും പ്രാര്‍ത്ഥനയും ആരംഭിക്കുന്നു. വിശദീകരണം വേണ്ടല്ലോ.
0  കുഞ്ഞിനെ ജീവനോടെ കിട്ടാനും കേടുപാടുകളും രോഗങ്ങളും വൈകല്യങ്ങളും ഉണ്ടാകാതിരിക്കാനും അപ്പന്മാരെക്കാള്‍ പ്രാര്‍ത്ഥിക്കുന്നത് അമ്മമാരായിരിക്കും.
0  കുഞ്ഞിന് രോഗം വന്നാലും രോഗം വരാതിരിക്കാനും കൂടുതല്‍ പ്രാര്‍ത്ഥിക്കുന്നത് അമ്മയായിരിക്കും.
0  കുഞ്ഞ് പരീക്ഷയില്‍ നല്ല മാര്‍ക്ക് വാങ്ങാന്‍ ഏറ്റവും കൂടുതല്‍ പ്രാര്‍ത്ഥിക്കന്നതും ത്യാഗം ഏറ്റെടുക്കുന്നതും അമ്മയായിരിക്കും.
0  മക്കള്‍ക്ക് വിവാഹം വൈകിയാല്‍ ഉപവാസവും പ്രാര്‍ത്ഥനയും കൂടുതലായി നടത്തുന്നത് അമ്മയാണ്.
0  കെട്ടിച്ചുവിട്ട മകള്‍ ആ വീട്ടില്‍ സമാധാനമില്ലാത്ത അവസ്ഥയില്‍ ആയാല്‍ ചങ്കുപൊട്ടി, ഉപവസിച്ച്, നൊവേന ചൊല്ലി പ്രാര്‍ത്ഥിക്കുന്നത് അമ്മയാണ്.
0  മകനോ മകള്‍ക്കോ മക്കള്‍ ഉണ്ടാകാന്‍ താമസിച്ചാലും ഉപവാസവും പ്രാര്‍ത്ഥനയും കൂടുതല്‍ നടത്തുന്നത് അമ്മയാണ്.
0  മക്കള്‍ വഴിതെറ്റി പോകാതിരിക്കാനും വഴിതെറ്റിപ്പോയാല്‍ അവര്‍ മാനസാന്തരപ്പെടുവാനും ത്യാഗത്തോടെ കൂടുതല്‍ പ്രാര്‍ത്ഥിക്കുന്നത് അമ്മയാണ്.
ചുരുക്കിപ്പറഞ്ഞാല്‍, കാനാന്‍കാരി സ്ത്രീ അപമാനം സഹിച്ച്, അവഗണന സഹിച്ച്, മകള്‍ക്കുവേണ്ടി തര്‍ക്കിച്ചും പ്രാര്‍ത്ഥിച്ചും സൗഖ്യം വാങ്ങിയെടുത്തു. പക്ഷേ സൗഖ്യമാക്കപ്പെട്ട ആ മകള്‍ അമ്മയുടെ കഷ്ടപ്പാട് കണ്ടില്ല. ഇതുപോലെയൊക്കെയാകാം എല്ലാ മക്കളും. തങ്ങള്‍ എന്തായിരിക്കുന്നുവോ അത് ആയിത്തീരുവാന്‍ അമ്മ സഹിച്ച കഷ്ടപ്പാടുകള്‍, പ്രാര്‍ത്ഥനകള്‍, ഉപവാസങ്ങള്‍, ചൊല്ലിയ നൊവേനകള്‍, ജപമാലകള്‍…. ഒന്നും മക്കള്‍ അറിഞ്ഞിട്ടും ഉണ്ടാകില്ല. അതിനാല്‍ മക്കള്‍ക്ക് അമ്മമാരോട് അല്‍പംകൂടി സ്‌നേഹവും വിധേയത്വവും കടപ്പാടിന്റെ മനോഭാവങ്ങളും ഉണ്ടാകേണ്ടത് ആവശ്യമല്ലേ?
അമ്മമാരോടും ഒരു വാക്ക്: സ്വന്തം മകളുടെ സൗഖ്യത്തിനുവേണ്ടി ഈ അമ്മ ചെയ്ത കാര്യങ്ങള്‍ ഓര്‍ക്കുക. എല്ലാ അമ്മമാര്‍ക്കും ഇതുപോലെയുള്ള വിശ്വാസവും പ്രാര്‍ത്ഥനയും ത്യാഗവും ഉണ്ടായിരുന്നെങ്കില്‍ അവരുടെ മക്കള്‍ക്ക് കുറെക്കൂടി ദൈവാനുഗ്രഹങ്ങള്‍ കിട്ടുമായിരുന്നു. ആ അനുഗ്രഹം രോഗശാന്തിയായി, ദീര്‍ഘായുസായി, നല്ല സ്വഭാവമായി, ജീവിതവിജയമായി, ദൈവവിശ്വാസവും ദൈവസ്‌നേഹവുമായി ആ മക്കളില്‍ നിറയുന്നത് കാണാന്‍ കഴിയുമായിരുന്നു.

ഫാ. ജോസഫ് വയലില്‍ CMI

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?