Follow Us On

31

March

2020

Tuesday

ആഗോള സഭയിലെ സമാനതകളില്ലാത്ത അല്മായ മുന്നേറ്റം

ആഗോള സഭയിലെ സമാനതകളില്ലാത്ത അല്മായ മുന്നേറ്റം

ആഗോള കത്തോലിക്കാ സഭയുടെ കാരുണ്യത്തിന്റെ മുഖമായി കരുതപ്പെടുന്ന സെന്റ് വിന്‍സന്റ് ഡി പോള്‍ സൊസൈറ്റി അതിന്റെ പാലക പുണ്യവാനായ വിശുദ്ധ വിന്‍സന്റ് ഡി പോളിന്റെ തിരുനാള്‍ സെപ്റ്റംബര്‍ 27-ന് ആഘോഷിച്ചു.
1833-ല്‍ ഫ്രെഡറിക് ഓസാനാം എന്ന ഫ്രഞ്ച് യുവാവിലൂടെ ആരംഭം കുറിച്ച ഈ അല്മായ സംഘടന ഇന്ന് 153 രാജ്യങ്ങളിലായി 8,70,000 അംഗങ്ങളിലൂടെ തിരുസഭയുടെ കാരുണ്യത്തിന്റെ കരങ്ങളായി പ്രവര്‍ത്തിക്കുന്നു. ഇന്ത്യയില്‍ത്തന്നെ ആയിരക്കണക്കിന് കുടുംബങ്ങള്‍ക്കും അതിലേറെ വ്യക്തികള്‍ക്കും പ്രത്യാശയുടെ തിരിനാളം കൊളുത്തി, അവരെയെല്ലാം സ്വയംപര്യാപ്തതയിലേക്ക് കൈപിടിച്ചുയര്‍ത്തുന്ന വലിയ സ്‌നേഹപ്രവൃത്തികളാണ് ഈ സംഘടന നടത്തിക്കൊണ്ടിരിക്കുന്നത്. യേശുവിനുവേണ്ടി ആത്മാക്കളെ നേടുക എന്ന ലക്ഷ്യമാണ് ഈ പ്രവൃത്തികളുടെ പിന്നിലുള്ള പ്രചോദനം. ഈ സംഘടനയുടെ പ്രവര്‍ത്തനശൈലിയും അതിന്റെ നിയമാവലിയിലെ വ്യവസ്ഥകളുമെല്ലാം ഉത്തമ കത്തോലിക്കാ സംഘടനയുടെ പ്രത്യേകതകളെപ്പറ്റി നമ്മെ ബോധവാന്മാരാക്കുന്നു.
1833-ലെ എളിയ ആരംഭം മുതല്‍ നാളിതുവരെ സഭയിലും സമൂഹത്തിലും ആര്‍ദ്രതയുടെയും പങ്കുവയ്ക്കലിന്റെയും ചൈതന്യം പകര്‍ന്നുകൊണ്ട് മുന്നേറുന്നതിന്റെ പിന്നിലെ രഹസ്യം സൊസൈറ്റിയുടെ വ്യത്യസ്തമായ നിയമാവലിതന്നെയാണ്. അതിന്റെ ഓരോ നിബന്ധനകളും തിരുസഭയിലെ ഏതൊരു സംഘടനയുടെയും നല്ല നടത്തിപ്പിന് അനിവാര്യമായ കാര്യമാണ്. ശുശ്രൂഷാമനോഭാവത്തോടെ, ആത്മാര്‍ത്ഥമായി സേവനം ചെയ്യുവാന്‍ തയാറാണെങ്കില്‍, ക്രിസ്തുവിനോടുള്ള സ്‌നേഹത്തെപ്രതി അലയാനും സ്വയം നഷ്ടപ്പെടുത്താനും തയാറെങ്കില്‍ ശുശ്രൂഷയ്ക്കുള്ള അവസരങ്ങളുടെ വാതിലുകള്‍ ഇപ്പോഴും തുറന്നു കിടപ്പുണ്ടെന്ന് ഈ സംഘടന ഓര്‍മിപ്പിക്കുന്നു. വ്യത്യസ്തമായ പ്രവര്‍ത്തനങ്ങളിലൂടെ ഒന്ന് വേഗത്തില്‍ കണ്ണോടിക്കാം.
ശുശ്രൂഷയ്ക്കായുള്ള ദൈവവിളി
ശുശ്രൂഷ സേവനമല്ല. സേവനത്തിന് വേതനമുണ്ടല്ലോ. യഥാര്‍ത്ഥ ശുശ്രൂഷയ്ക്ക് ഇവിടെനിന്നും പ്രതിഫലം കിട്ടുകയില്ല. യേശുവിനോടുള്ള സ്‌നേഹത്തെപ്രതി ശുശ്രൂഷാമനോഭാവത്തോടെ എളിയവരില്‍ യേശുവിനെ കാണാനുള്ള കൃപ സ്വന്തമാക്കാനുള്ള വിളിയാണിത്.
0  അംഗത്വം നല്‍കുന്നതിന് കര്‍ശനമായ മാനദണ്ഡങ്ങളാണ് സെന്റ് വിന്‍സന്റ് സൊസൈറ്റിക്കുള്ളത്. കത്തോലിക്കാ സഭയുടെ നിയമങ്ങളും ചട്ടങ്ങളും പാലിച്ചുകൊണ്ട്, കൂദാശാജീവിതം നയിക്കുന്നവര്‍ക്കേ സാധാരണയായി അംഗത്വം നല്‍കാറുള്ളൂ. ദൈവകല്‍പനകള്‍ പാലിക്കുന്നവരും വചനാധിഷ്ഠിത ജീവിതം നയിക്കുന്നവരുമായിരിക്കണം അംഗങ്ങള്‍. ജീവിതലാളിത്യവും അധികാരികളോടുള്ള വിധേയത്വവും ഉണ്ടായിരിക്കണം.
0 വിശ്വാസ ജീവിതത്തിന്റെ കേന്ദ്രബിന്ദുവായി വിശുദ്ധ കുര്‍ബാനയെ കരുതുകയും സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങളെല്ലാം വിശുദ്ധ കുര്‍ബാനയോടുകൂടി ആരംഭിക്കുകയും ചെയ്യുന്നു.
0  ദൈവം തന്നിരിക്കുന്ന സമയത്തിന്റെയും സമ്പത്തിന്റെയും ഓഹരി സന്തോഷത്തോടെ ദൈവത്തിന് നല്‍കുക എന്നതാണ് വിന്‍സന്‍ഷ്യന്‍ ചൈതന്യം.
0  മറ്റുള്ളവരില്‍നിന്നും മാസംതോറും സംഭാവനകള്‍ സ്വീകരിച്ചാണ് സൊസൈറ്റിയുടെ കാരുണ്യപ്രവൃത്തികള്‍ ചെയ്യുന്നത്. അതിന് മുമ്പുതന്നെ ആഴ്ചതോറുമുള്ള അംഗങ്ങളുടെ യോഗങ്ങളില്‍ ‘രഹസ്യ’ പിരിവിലൂടെ അംഗങ്ങള്‍ അവരുടെ പ്രവര്‍ത്തന ഫണ്ടിന്റെ നല്ലൊരു ഭാഗം കണ്ടെത്തുന്നു. ചുരുക്കത്തില്‍ പറഞ്ഞാല്‍, അംഗങ്ങള്‍ ചെയ്യാത്ത നന്മകള്‍ അവര്‍ മറ്റുള്ളവരില്‍നിന്നും ആവശ്യപ്പെടുകയില്ല.
0 ജപമാലയും വണക്കമാസ ആചരണവും നോമ്പും ഉപവാസവും അംഗങ്ങളുടെ ശുശ്രൂഷാജീവിതത്തിന്റെ അടിത്തറയാണ്. ആഴ്ചതോറുമുള്ള അംഗങ്ങളുടെ പ്രാര്‍ത്ഥനായോഗത്തില്‍ എല്ലാ അംഗങ്ങളും പങ്കെടുക്കണമെന്നുള്ളത് നിര്‍ബന്ധമാണ്.
0  അര്‍പ്പണബോധമുള്ളവര്‍ക്കുമാത്രമേ സംഘടനയില്‍ പ്രവര്‍ത്തിക്കാനാവൂ. ഓരോ ആഴ്ചയിലും ദത്തുകുടുംബ സന്ദര്‍ശനം, രോഗീസന്ദര്‍ശനം മുതലായവ നിര്‍ബന്ധമാണ്. ചൂടോ മഴയോ വെള്ളപ്പൊക്കമോ ഒന്നും അവര്‍ ഏറ്റെടുത്ത ശുശ്രൂഷയില്‍നിന്നും അവരെ പിന്തിരിപ്പിക്കുന്നില്ല. എല്ലാ പ്രതികൂല സാഹചര്യങ്ങളെയും മറികടന്നാണ് കഴിഞ്ഞ പ്രളയകാലത്ത് വിന്‍സെന്‍ഷ്യന്‍ ശുശ്രൂഷകര്‍ ഭവന സന്ദര്‍ശനങ്ങള്‍ നടത്തി സഹായങ്ങളെത്തിച്ചത്.
0  ഓരോ ആഴ്ചയിലും അംഗങ്ങള്‍ ഒത്തുകൂടി പ്രാര്‍ത്ഥനയോടെ യോഗം ആരംഭിക്കുന്നു. പോയ ആഴ്ചയിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നു. ദത്തുകുടുംബങ്ങളിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നു. പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിക്കുന്നു. കിട്ടിയ അപേക്ഷകളില്‍ ഉടന്‍ തീരുമാനമെടുക്കുന്നു. പ്രശ്‌നങ്ങള്‍ നേരിട്ട് മനസിലാക്കാന്‍ അംഗങ്ങളെ നിയോഗിക്കുന്നു.
0  പാവപ്പെട്ട കുടുംബങ്ങളെയും രോഗികളെയും നിര്‍ധന വിദ്യാര്‍ത്ഥികളെയും ‘ദത്ത്’ എടുത്തുകൊണ്ടാണ് സൊസൈറ്റി പ്രവര്‍ത്തിക്കുന്നത്. ദത്ത് എടുക്കുക എന്നു പറഞ്ഞാല്‍, സ്വന്തമായി കരുതി അവരെ സഹായിക്കുക എന്നര്‍ത്ഥം. അംഗങ്ങള്‍ അവരുമായി നിരന്തര സമ്പര്‍ക്കത്തിലായിരിക്കും. അവരുടെ എല്ലാ മേഖലകളിലും ആവശ്യമായ സഹായങ്ങള്‍ ചെയ്തുകൊടുക്കുന്നു. സ്വന്തം കാലില്‍ നില്‍ക്കാന്‍ തക്കവിധം അവരെ സ്വയം പര്യാപ്തരാക്കുന്നു.
0  സംഭാവനയായി കിട്ടുന്ന ഏതു ചെറിയതുകയും വലിയ ആദരവോടും നന്ദിയോടുംകൂടെയാണ് സ്വീകരിക്കുന്നത്. ആദ്യകാലങ്ങളിലൊക്കെ പത്തുരൂപയായിരുന്നു മിക്കവരും മാസസംഭാവനയായി തന്നത്. എങ്കിലും രണ്ട് അംഗങ്ങള്‍ സമയം ചെലവഴിച്ച് നടന്നോ വാഹനത്തിലോ സംഭാവന തരുന്ന കുടുംബത്തിലെത്തി വലിയ സന്തോഷത്തോടും നന്ദിയോടുംകൂടിയാണ് സ്വീകരിക്കുന്നത്.
0  സമൂഹത്തില്‍ സഹായം അര്‍ഹിക്കുന്നവരെ അംഗങ്ങള്‍തന്നെ രഹസ്യമായി കണ്ടെത്തി, അവര്‍ക്കുള്ള സഹായം അവരുടെ വീടുകളില്‍ എത്തിക്കുന്നു.
0  ഓരോ വര്‍ഷവും ഓരോ യൂണിറ്റുകളും അവരവരുടെ ഓഡിറ്റ് ചെയ്ത് വരവു-ചെലവ് കണക്കുകള്‍ അഭ്യുദയകാംക്ഷികള്‍ക്ക് നല്‍കുന്നു. ഈ കണക്കുകള്‍ പൊതുജനങ്ങള്‍ക്കും ലഭ്യമാണ്.
0  ലോകത്തിലെ ഏറ്റവും പഴയതും ഏറ്റവും ശക്തവുമായ അല്മായ ആത്മീയ സംഘടനയാണ് സെന്റ് വിന്‍സന്റ് ഡി പോള്‍ സൊസൈറ്റി. സംഘടനയുടെ ആത്മീയ ഉപദേഷ്ടാവ് അതാത് ഇടവകയുടെ വികാരിയച്ചനാണ്.
0  സംഘടനയുടെ എല്ലാ പ്രവര്‍ത്തനങ്ങളും തീരുമാനിച്ച് നടപ്പിലാക്കുന്നത് സംഘടനയിലെ അംഗങ്ങളുടെ കൂട്ടായ പരിശ്രമത്തിലൂടെയാണ്. വികാരിയച്ചന്‍ സൊസൈറ്റിയുടെ അനുദിന പ്രവര്‍ത്തനങ്ങളില്‍ ഇടപെടാറില്ല.
0  ഒരു സാമ്പത്തിക വര്‍ഷത്തില്‍ ലഭിക്കുന്ന സംഭാവനകളില്‍നിന്നും അടുത്ത മാസത്തേക്കുള്ള പ്രവര്‍ത്തനഫണ്ട് മാത്രം നീക്കിവച്ച്, ബാക്കി മുഴുവന്‍ പണവും വര്‍ഷാവസാനത്തിനുമുമ്പായി വിതരണം ചെയ്തിരിക്കണമെന്നാണ് നിയമം.
ആഗോള സഭയിലുള്ള എട്ടേമുക്കാല്‍ ലക്ഷം അംഗങ്ങളില്‍ ഒന്നര ലക്ഷത്തിലേറെ അല്മായ സഹോദരീ സഹോദരങ്ങള്‍ ഇന്ത്യയില്‍നിന്നുള്ളവരാണ്. അംഗസംഖ്യയിലും ശുശ്രൂഷകളിലും അതിനായി ചെലവഴിക്കുന്ന പണത്തിന്റെ കാര്യത്തിലും കേരള സഭയിലെ യൂണിറ്റുകള്‍ മുന്‍പില്‍ത്തന്നെയാണ്.
ഇന്ന് ധാരാളം യുവതീയുവാക്കള്‍ ഈ സംഘടനയിലൂടെ യേശുവിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ മുന്നോട്ടുവരുന്നുണ്ട്. ഓരോ ഇടവകയിലെയും വിന്‍സെന്‍ഷ്യന്‍ അംഗങ്ങള്‍ ഈ ഇടവകയിലെ എല്ലാ കാര്യങ്ങള്‍ക്കും വികാരിയച്ചനോടൊപ്പംനിന്ന് പ്രവര്‍ത്തിക്കുന്നതും ഇവരെ വ്യത്യസ്തരാക്കുന്നു.
ഇങ്ങനെ യഥാര്‍ത്ഥ ക്രിസ്തീയ കൂട്ടായ്മയില്‍ ശുശ്രൂഷ ചെയ്ത് യേശുവിന് സാക്ഷ്യമേകാന്‍ ഇനിയും ധാരാളം വ്യക്തികള്‍ പ്രത്യേകിച്ച്, യുവജനങ്ങള്‍ സെന്റ് വിന്‍സന്റ് ഡി പോള്‍ സൊസൈറ്റിയില്‍ അണിചേരട്ടെ. നമ്മുടെ പ്രാര്‍ത്ഥനയാലും പങ്കുവയ്പ്പിലൂടെയും അവരോടൊപ്പമായിക്കൊണ്ട് കത്തോലിക്കാ സഭയുടെ അഭിമാനമായ ഈ അല്മായ മുന്നേറ്റത്തിന് ശക്തി പകരാം.

ജോണ്‍ തെങ്ങുംപള്ളില്‍

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?