Follow Us On

01

December

2022

Thursday

വൈദികന്‍ ഫോട്ടോഗ്രാഫറായതെങ്ങനെ?

വൈദികന്‍ ഫോട്ടോഗ്രാഫറായതെങ്ങനെ?

”ഓരോ വൃക്ഷവും ഫലംകൊണ്ട് തിരിച്ചറിയപ്പെടുന്നു” (ലൂക്കാ 6:44). തലശേരി അതിരൂപതയിലെ സീനിയര്‍ വൈദികന്‍ ഫാ. അഗസ്റ്റ്യന്‍ പാണ്ട്യമാക്കല്‍, ഈ ദൈവവചനത്തിന് സാക്ഷ്യമാണ്. ജര്‍മനിയില്‍ പതിനാല് വര്‍ഷത്തെ ശുശ്രൂഷയും അതിനുമുമ്പും പിന്നീടും തലശേരി അതിരൂപതയിലും ചെയ്ത സേവനങ്ങള്‍ അഭിമാനകരമാണ്. വെല്ലുവിളികള്‍ നിറഞ്ഞ പ്രവര്‍ത്തനമേഖലകളില്‍ ദൈവത്തില്‍ ആശ്രയിച്ച് മുന്നോട്ട് നീങ്ങുകയായിരുന്നു അച്ചന്‍. ആദ്യമായി വികാരിയായി സേവനം ചെയ്ത മാമ്പൊയില്‍, കുടക് വനാതിര്‍ത്തിയിലെ ഒറ്റപ്പെട്ട പ്രദേശമായിരുന്നു. വികസനരംഗത്ത് മാമ്പൊയില്‍ പ്രദേശം അച്ചന്റെ നേതൃത്വത്തില്‍ വിപ്ലവാത്മകമായ നേട്ടങ്ങളാണ് കൈവരിച്ചത്.
നാല് പതിറ്റാണ്ട് കഴിഞ്ഞിട്ടും മാമ്പൊയില്‍ മേഖലയിലെ ഓരോരുത്തരെയും പേരുചൊല്ലി വിളിക്കാന്‍ അച്ചന് കഴിയുന്നു. ഇടവകക്കാര്‍ക്ക് അച്ചന്‍ വികാരി മാത്രമായിരുന്നില്ല, കുടുംബത്തിലെ ഒരംഗമായിരുന്നു. കുടുംബത്തില്‍ എന്തെങ്കിലും വിശേഷമുണ്ടായാല്‍ ഇപ്പോഴും അവര്‍ അച്ചനെ ക്ഷണിക്കും. ടാറിങ്ങ് റോഡ്, വൈദ്യുതി, ടെലിഫോണ്‍, മുക്കടയിലെ തൂക്കുപാലം തുടങ്ങിയവക്കെല്ലാം പിന്നില്‍ അച്ചന്റെ നേതൃത്വത്തിലുള്ള പരിശ്രമവും കഠിനാധ്വാനവുമുണ്ട്.
പാണ്ട്യമാക്കല്‍ ആഗസ്തി-അന്ന ദമ്പതികളുടെ എട്ട് മക്കളില്‍ നാലാമനായി 1960-ലായിരുന്നു ജനനം. പിതാവിന്റെ പേരുതന്നെയാണ് മാമോദീസയിലൂടെ ലഭിച്ചത്. ചെമ്പേരി സ്വദേശിയായ അച്ചന്റെ ഒന്നുമുതല്‍ പത്തുവരെ ക്ലാസുകളിലെ പഠനം അവിടെത്തന്നെയായിരുന്നു. അക്കാലത്ത് പഠനത്തെക്കാള്‍ കൃഷിയിലും അധ്വാനത്തിലുമായിരുന്നു കൂടുതല്‍ താല്‍പര്യം. എന്നാല്‍ ദൈവം പ്രത്യേക ഇടപെടലിലൂടെ പൗരോഹിത്യത്തിലേക്ക് വിളിക്കുകയായിരുന്നു. അച്ചന്റെ കുടുംബം മലബാറില്‍ ഭൂമി വാങ്ങിയത് 1947-ലാണ്. അമ്പതില്‍ സ്ഥിരതാമസവും തുടങ്ങി. ഇപ്പോള്‍ കുടുംബവീട് രത്‌നഗിരി ഇടവകാതിര്‍ത്തിയാണ്.
രത്‌നഗിരിയിലെ ആദ്യ വൈദികന്‍
1979-ല്‍ പൗരോഹിത്യപട്ടം സ്വീകരിക്കുമ്പോള്‍ വികാരിയായിരുന്നത് ഫാ. മാത്യു പുള്ളോലിക്കലായിരുന്നു. ആദ്യമായി രത്‌നഗിരി ഇടവകയില്‍ നടന്ന പൗരോഹിത്യ സ്വീകരണചടങ്ങ് നാടിന്റെ ഉത്സവമായി ഇടവകക്കാര്‍ മാറ്റി. രൂപതാധ്യക്ഷനായി മാര്‍ ജോര്‍ജ് വലിയമറ്റം പിതാവ് ചുമതലയേറ്റ ഉടനെയായിരുന്നു. സെമിനാരി പരിശീലന കാലത്തെല്ലാം പിതാവ് പ്രത്യേക ശ്രദ്ധ ചെലുത്തിയിരുന്നു. മേജര്‍ സെമിനാരി പഠനകാലത്ത് അവധിക്ക് എത്തുമ്പോള്‍ പിതാവിന്റെ സഹായിയായി ശുശ്രൂഷ ചെയ്തിരുന്നു. വൈദികര്‍ കുറവായിരുന്ന അക്കാലത്ത് പിതാവിന് പ്രത്യേക സെക്രട്ടറിയുണ്ടായിരുന്നില്ല. പട്ടം കൊടുക്കല്‍ ശുശ്രൂഷകളില്‍ പിതാവ് കൂടെ കൂട്ടുകയും അള്‍ത്താര സഹായിയായി നിയോഗിക്കുകയും ചെയ്തിരുന്നു.
അച്ചന്റെ മാതാപിതാക്കള്‍ അതിഥിസല്‍ക്കാര പ്രിയരും ധാരാളം സുഹൃത്തുക്കളുള്ളവരുമായിരുന്നു. ഇക്കൂട്ടത്തില്‍ ധാരാളം വൈദികരും മാതൃകാ അധ്യാപകരും ഉള്‍പ്പെട്ടിരുന്നു. വീട്ടിലെത്തുന്ന എല്ലാവരുമായി നല്ല ബന്ധം ഉണ്ടാക്കാന്‍ കഴിഞ്ഞത് പില്‍ക്കാല ശുശ്രൂഷകളില്‍ ഉപകരിച്ചു. അക്കാലത്ത് പരിചയപ്പെട്ട ഫാ. ഫ്രാന്‍സിസ് മറ്റത്തില്‍ ജീവിതത്തില്‍ പ്രത്യേകം സ്വാധീനിച്ചു. അദ്ദേഹത്തോടൊപ്പം പല സ്ഥലങ്ങളിലും പോകാന്‍ കഴിഞ്ഞു. മാതൃകാപരമായ ജീവിതമായിരുന്നു അദ്ദേഹത്തിന്റേതെന്ന് ഫാ. പാണ്ട്യമാക്കല്‍ അനുസ്മരിക്കുന്നു. ഫാ. മാത്യു കിഴക്കേല്‍, ഫാ. മാത്യു കായന്മാക്കല്‍, ഫാ. മാത്യു പുള്ളോലിക്കല്‍ എന്നിവരെ ഒരിക്കലും മറക്കാനാവില്ലെന്ന് അച്ചന്‍ പറയുന്നു.
സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കെ വീട്ടിലെ കൃഷിപ്പണികളില്‍ സഹായിച്ചിരുന്നു. സ്‌കൂളില്‍വച്ചുതന്നെ പഠനവും ഗൃഹപാഠങ്ങളും തീര്‍ക്കും. സന്ധ്യാപ്രാര്‍ത്ഥനയ്ക്കുശേഷം മക്കളെ ഓരോരുത്തരെയും പ്രത്യേകം ഉപദേശിക്കുകയും പ്രശ്‌നങ്ങള്‍ എന്തെങ്കിലും ഉണ്ടോയെന്ന് അന്വേഷിക്കുകയും ചെയ്തിരുന്ന മാതാപിതാക്കളുടെ കരുതലും സ്‌നേഹവും വലിയ സ്വാധീനം ഉണ്ടാക്കി. മൂന്നാംക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ അള്‍ത്താര ബാലനായിരുന്നു.
ജീവിതം പഠിച്ച മൂന്ന് വര്‍ഷങ്ങള്‍
പത്താംക്ലാസ് കഴിഞ്ഞ സമയത്ത് ചെമ്പേരി ടൗണില്‍ ഒരാവശ്യത്തിനെത്തി. കുടുംബ സുഹൃത്തിന്റെ സ്റ്റുഡിയോ അവിടെയുണ്ടായിരുന്നു. ഫോട്ടോഗ്രാഫിയും സ്റ്റുഡിയോ ജോലിയും പഠിക്കാന്‍ താല്‍പര്യമുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. വീട്ടില്‍ ആലോചിച്ച് പറയാമെന്ന് പറഞ്ഞ് മടങ്ങി. തുടര്‍ന്ന് വീട്ടുകാരുടെ അനുവാദത്തോടെ അവിടെ ചേര്‍ന്നു. ചുരുങ്ങിയ നാളുകള്‍കൊണ്ടുതന്നെ കാര്യങ്ങള്‍ പഠിച്ചു. മൂന്നുവര്‍ഷം അവിടെ തുടര്‍ന്നു. തന്റെ ജീവിതം ഇങ്ങനെ ചെലവഴിക്കേണ്ടതല്ലെന്നും ദൈവവഴിയില്‍ ശുശ്രൂഷ ചെയ്യണമെന്നും ആഗ്രഹമുണ്ടായി. അവസാനം തന്റെ വഴി പൗരോഹിത്യമാണെന്ന് തീരുമാനിച്ചു.
അപ്പോഴേക്കും പഠനം നിര്‍ത്തിയിട്ട് മൂന്നുവര്‍ഷം കഴിഞ്ഞിരുന്നതിനാല്‍ തലശേരിയില്‍ സെമിനാരി പ്രവേശനം കിട്ടുകയില്ലെന്ന് ചിന്തയുണ്ടായി. വീട്ടില്‍പോലും ഇക്കാര്യം ആലോചിച്ചിരുന്നില്ല. അന്ന് പാലക്കാട് രൂപതയില്‍ പ്രവേശനം കിട്ടിയേക്കുമെന്ന് പ്രതീക്ഷിച്ച് അവിടേക്കും മിഷനറി സഭകളിലേക്കും സെമിനാരി പ്രവേശനത്തിന് അനുമതി തേടി കത്തെഴുതി. പാലക്കാടുനിന്ന് അനുമതി നല്‍കാമെന്നറിയിച്ച് മറുപടിക്കത്ത് വന്നു. ഇടവക വികാരിയുടെ കത്തുമായി രക്ഷിതാക്കളെ കൂട്ടി എത്താന്‍ നിര്‍ദേശവും ലഭിച്ചു. ഫാ. മാത്യു കായന്മാക്കല്‍ അച്ചനായിരുന്നു വികാരി. അദ്ദേഹത്തെ കണ്ട് വിവരങ്ങള്‍ ധരിപ്പിച്ചു. ‘നീ പാലക്കാട്ടല്ല, തലശേരി രൂപതയിലാണ് ചേര്‍ന്ന് പഠിക്കേണ്ടത്’ എന്ന് അച്ചന്‍ പറഞ്ഞു.
തൊട്ടടുത്ത ദിവസം തലശേരിയില്‍ ദൈവവിളിക്യാമ്പ് തുടങ്ങുകയാണ്, അതില്‍ പങ്കെടുക്ക്. ബാക്കിയൊക്കെ ശരിയാക്കാമെന്ന് പറഞ്ഞ് അച്ചന്‍ കത്ത് തന്നു.
”അന്ന് ഫാ. അബ്രാഹം തോണിപ്പാറയായിരുന്നു മൈനര്‍ സെമിനാരി റെക്ടര്‍. മാര്‍ വള്ളോപ്പിള്ളി പിതാവിന്റെയടുക്കല്‍ സെമിനാരി പ്രവേശനത്തിന് അഭിമുഖത്തിനെത്തി. വികാരിയച്ചന്റെ കത്തില്‍ എല്ലാം വിശദമായി എഴുതിയിരുന്നു. 1979 ജൂണ്‍ 26-ന് സെമിനാരിപഠനത്തിന് തുടക്കമായി. വടവാതൂരിലായിരുന്നു മേജര്‍ സെമിനാരിപഠനം. റീജന്‍സി പരിശീലനം കുന്നോത്ത് രൂപതാവക എസ്റ്റേറ്റിലുമായിരുന്നു. ഒരു വര്‍ഷം പതിനാറ് പൗരോഹിത്യ ശുശ്രൂഷാചടങ്ങുകളില്‍ പിതാവിനോടൊപ്പം പങ്കെടുത്തിരുന്നു. 1989 ഡിസംബറിൽ ഔദ്യോഗികഭരണച്ചുമതലകള്‍ ഒഴിഞ്ഞ മാര്‍ വള്ളോപ്പിള്ളി പിതാവില്‍നിന്ന് പട്ടം സ്വീകരിക്കാന്‍ കഴിഞ്ഞു.” ഫാ. അഗസ്റ്റ്യന്‍ പാണ്ട്യമാക്കല്‍ തന്റെ വഴികള്‍ ഓര്‍ത്തെടുത്തു.
പ്രഥമ നിയമനം
മലബാറിലെ ഏറ്റവും വലിയ ഇടവകകളിലൊന്നായ തോമാപുരം (ചിറ്റാരിക്കാല്‍) ഫൊറോനയില്‍ അസിസ്റ്റന്റ് വികാരിയായിട്ടായിരുന്നു ആദ്യനിയമനം. ഫാ. ജോസഫ് കുറ്റാരപ്പള്ളിയായിരുന്നു വികാരി. പിറ്റേകൊല്ലം ആലക്കോട് മാമ്പൊയില്‍ പള്ളിയില്‍ വികാരിയായി നിയമിച്ചു. 1991-ലായിരുന്നു ഇത്. മുക്കടയില്‍നിന്ന് അഞ്ചുകിലോമീറ്ററോളം നടക്കണം പള്ളിയിലെത്താന്‍. സ്വതന്ത്ര ഇടവകയായിട്ടേയുള്ളൂ. പള്ളി താല്‍ക്കാലിക സംവിധാനത്തിലാണ്. പള്ളിമുറിയില്ല, വൈദ്യുതി, ഫോണ്‍, റോഡ് ഒന്നുമില്ല. കിടക്കാനും വിശ്രമിക്കാനും സൗകര്യമില്ല. ഒരു എല്‍.പി സ്‌കൂള്‍ ഉണ്ടായിരുന്നു. പള്ളിക്ക് രണ്ടരയേക്കര്‍ സ്ഥലമാണുണ്ടായിരുന്നത്. വര്‍ഷം അഞ്ഞൂറുരൂപ കശുവണ്ടിയില്‍നിന്ന് കിട്ടുന്നതുമാത്രമായിരുന്നു ആദായം. ഇടവകക്കാര്‍ പിരിവെടുത്ത് പിന്നീട് ഒരേക്കര്‍കൂടി വാങ്ങി. 94-ല്‍ അവിടെനിന്ന് സ്ഥലം മാറുമ്പോഴേക്കും മിക്കവാറും വികസനമെത്തിക്കാനായി.
തുടര്‍ന്ന് കാഞ്ഞങ്ങാട് എണ്ണപ്പാറയിലേക്ക് സ്ഥലംമാറ്റമായി. പരിശുദ്ധാത്മാവിന്റെ നാമത്തിലുള്ള താണിപ്പള്ളി. ഇടവകക്കാരുടെ സഹകരണത്തില്‍ ധാരാളം വികസന കാര്യങ്ങള്‍ അവിടെ നടപ്പാക്കാനായി. പള്ളിപണി പൂര്‍ത്തിയാക്കാനും വാട്ടര്‍ കണക്ഷന്‍ ഏര്‍പ്പെടുത്താനും കല്ലറകള്‍ നവീകരിക്കാനും കഴിഞ്ഞു. അവിടെനിന്നും കുടക് അതിര്‍ത്തിമേഖലയിലെ ആലക്കോട് മണക്കടവ് സെന്റ് തോമസ് പള്ളിയില്‍ വികാരിയായി നിയമിച്ചു. മാമ്പൊയില്‍ ഇടവക നേരത്തെ മണക്കടവിന്റെ സ്റ്റേഷന്‍ ആയിരുന്നു. ഇടവകക്കാര്‍ മിക്കവരും പരിചയക്കാരായിരുന്നു. ആത്മീയ നവീകരണത്തിനും ഇടവകയുടെ പുരോഗതിക്കുമായി ധാരാളം കാര്യങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞു.
ജര്‍മ്മനിയിലെ 13 വര്‍ഷങ്ങള്‍
2001-ല്‍ ജര്‍മനിയില്‍ ഇടവക ശുശ്രൂഷയ്ക്കായി നിയോഗിക്കപ്പെട്ടു. പത്തുവര്‍ഷം കഴിഞ്ഞ് മടങ്ങാനായിരുന്നു കൂടെയുണ്ടായിരുന്ന വൈദികര്‍ ഉള്‍പ്പെടെ തീരുമാനിച്ചിരുന്നത്. പക്ഷേ പ്രത്യേക സാഹചര്യത്തില്‍ മൂന്നു വര്‍ഷംകൂടി കഴിഞ്ഞ് പതിമൂന്ന് വര്‍ഷത്തെ സേവനമാണ് അവിടെ നടത്തിയത്. ജര്‍മനിയിലെ സേവനകാലം അവിസ്മരണീയമാണ്. ചുരുങ്ങിയ നാളിനകം ഭാഷാപ്രശ്‌നങ്ങള്‍ പരിഹരിക്കാനായി. അക്കാലത്ത് ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പയെയും ബനഡിക്ട് പതിനാറാമന്‍ പാപ്പയെയും ഫ്രാന്‍സിസ് പാപ്പയെയും അടുത്ത് കാണുവാനും സംസാരിക്കുവാനും കഴിഞ്ഞു. എവിടെയെത്തിയാലും ഹൃദ്യമായ സ്വീകരണം, ലളിതമായ ജീവിതരീതി, വിശ്വാസത്തില്‍ ആഴപ്പെട്ടവര്‍ തുടങ്ങി സവിശേഷതകളുള്ളവരാണ് സഭാവിശ്വാസികള്‍. പൗരോഹിത്യപട്ടം സ്വീകരിച്ചപ്പോള്‍ തിരഞ്ഞെടുത്ത ”ഞാന്‍ എന്തായിരിക്കുന്നുവോ അത് ദൈവകൃപയാകുന്നു” (1 കോറി. 15:10) എന്ന വചനവാക്യം എന്നും വഴി കാട്ടുന്നതും നയിക്കുന്നതുമായ വചനമാണ്; അച്ചന്‍ പറയുന്നു.
ജര്‍മനിയില്‍നിന്നും തിരിച്ചുവന്നശേഷം ആദ്യനിയമനം തോമാപുരം ഫൊറോന വികാരിയായിട്ടായിരുന്നു. പൗരോഹിത്യ സ്വീകരണത്തിനുശേഷം ആദ്യമായി ശുശ്രൂഷയ്ക്കായി അസിസ്റ്റന്റ് വികാരിയായി നിയോഗിച്ച ഇടവക. മലബാറിലെ ആദ്യകുടിയേറ്റ കേന്ദ്രങ്ങളിലൊന്നായിരുന്നു. മംഗലാപുരം രൂപതയുടെ ഭാഗമായിരുന്ന ഇവിടെ ധാരാളം ലത്തീന്‍ സഭാവൈദികര്‍ സ്തുത്യര്‍ഹ സേവനം ചെയ്തിരുന്നു.
തലശേരി രൂപത സ്ഥാപിതമായപ്പോഴും തോമാപുരം ഇടവക തലശേരിയില്‍ ഉള്‍പ്പെട്ടിരുന്നില്ല. പിന്നീട് മാര്‍പാപ്പയുടെ പ്രത്യേക ഉത്തരവ് പ്രകാരമാണ് ഈ പ്രദേശങ്ങള്‍ തലശേരി രൂപതയുടെ ഭാഗമായത്.
അഞ്ച് വര്‍ഷങ്ങള്‍കൊണ്ട് എന്നും ഓര്‍ക്കുന്ന നിരവധി പ്രവര്‍ത്തനങ്ങള്‍ അച്ചന്റെ നേതൃത്വത്തില്‍ നടന്നു. അതില്‍ പ്രധാനപ്പെട്ടതാണ് ഇടവകയിലെ യുവജനങ്ങളെ സംഘടിപ്പിച്ച് കെസിവൈഎമ്മിന്റെ നേതൃത്വത്തില്‍ പാവപ്പെട്ടവര്‍ക്ക് നല്‍കിയ ഭവന നിര്‍മാണ സഹായം. പൂര്‍ണമായും ഭാഗികമായും സഹായം നല്‍കി 20 വീടുകളാണ് ഇങ്ങനെ നിര്‍മിച്ചത്.
തുടര്‍ന്ന് കുന്നോത്ത് ഫൊറോന വികാരിയായി നിയമിക്കപ്പെട്ട അച്ചന്‍ ഇപ്പോഴും അവിടെ തന്റെ സേവനം തുടരുന്നു. സെമിനാരി പഠനത്തിനിടെ റീജന്‍സികാലത്ത് കുന്നോത്ത് രൂപത എസ്റ്റേറ്റില്‍ കുറെക്കാലം സേവനം ചെയ്തിരുന്നു. രൂപതയില്‍ കുട്ടികള്‍ക്കായുള്ള ബോയ്‌സ്ടൗണ്‍ പള്ളിയ്ക്കടുത്തായി പ്രവര്‍ത്തിക്കുന്നുണ്ട്. ദൈവത്തോടൊപ്പമായിരിക്കുകയും ദൈവം വഴി നടത്തുകയും ചെയ്യുമ്പോള്‍ എല്ലാം നന്മയായി മാറുമെന്ന പ്രത്യാശയാണ് മുന്നോട്ട് നയിക്കുന്നത്; ഫാ. അഗസ്റ്റ്യന്‍ പാണ്ട്യമാക്കല്‍ പറയുന്നു.

പ്ലാത്തോട്ടം മാത്യു

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?