Follow Us On

28

March

2024

Thursday

പാന്‍ ആമസോണ്‍ സിനഡില്‍ എന്ത് സംഭവിക്കും?

പാന്‍ ആമസോണ്‍ സിനഡില്‍ എന്ത്  സംഭവിക്കും?

സഭയിലെ വിവാദങ്ങളില്‍ ഗവേഷണം നടത്തുന്നവര്‍ പുതുതായി കണ്ടെത്തിയ വിവാദവിഷയം പാന്‍ ആമസോണ്‍ സിനഡാണ്. ആമസോണ്‍ പ്രദേശത്തെ ഒമ്പത് രാജ്യങ്ങളിലെ ബ്രസീല്‍, ഇക്വഡോര്‍, വെനിസ്വല, സുരിനാം, പെറു, കൊളംബിയ, ബൊളിവിയ, ഘാന, ഫ്രഞ്ചുഗയാന) 185 മെത്രാന്മാരും ഏതാനും വൈദികരും ദൈവശാസ്ത്രജ്ഞരും 2019 ഒക്‌ടോബര്‍ ആറുമുതല്‍ 27 വരെ റോമില്‍ ചേരുന്ന സമ്മേളനമാണ് പാന്‍ ആമസോണ്‍ സിനഡ്. 2017 ഒക്‌ടോബര്‍ 15-ന് ഫ്രാന്‍സിസ് പാപ്പ പ്രഖ്യാപിച്ച ഈ സിനഡിന്റെ ഒരുക്കങ്ങള്‍ കഴിഞ്ഞ രണ്ടുവര്‍ഷങ്ങളായി പുരോഗമിക്കുകയായിരുന്നു. ആമസോണ്‍ പ്രദേശത്തെ സുവിശേഷവല്‍ക്കരണത്തിന് ഉപകരിക്കുന്ന പുതിയ പാതകള്‍ കണ്ടെത്തുക എന്നതാണ് ഈ സിനഡിന്റെ പ്രഖ്യാപിതലക്ഷ്യം. ഭൂമിശാസ്ത്രപരമായ സങ്കീര്‍ണതകളും ഭാഷാപരവും സാംസ്‌കാരികവുമായ വൈവിധ്യങ്ങളും ഈ പ്രദേശത്തെ പ്രേഷിത-അജപാലന പ്രവര്‍ത്തനങ്ങളെ ദുഷ്‌കരമാക്കുന്ന പശ്ചാത്തലത്തിലാണ് സിനഡ് ചേരുന്നത്.
ബഹുഭൂരിപക്ഷവും കത്തോലിക്കരായ ഈ പ്രദേശത്തെ സാമൂഹിക-രാഷ്ട്രീയ പാരിസ്ഥിതിക വിഷയങ്ങളില്‍ കാലാകാലങ്ങളില്‍ സഭ ക്രിയാത്മകമായ ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്. പെറുവിലെ റബര്‍തോട്ടം ഉടമകള്‍ തൊഴിലാളികളോട് നീതിപൂര്‍വം പെരുമാറണമെന്ന് വിശുദ്ധ പത്താം പീയൂസ് പാപ്പ 1912-ല്‍ ആഹ്വാനം ചെയ്തിരുന്നു. ആമസോണ്‍ പ്രദേശത്തെ പ്രകൃതിവിഭവങ്ങള്‍ കൊള്ളയടിച്ച് കടന്നുകളയുന്നവര്‍ക്കെതിരെ 2013-ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ശക്തമായ മുന്നറിയിപ്പ് നല്‍കിയിരുന്നു. ആഗോളവല്‍ക്കരണവും ഐക്യവും സ്വന്തം തനിമ നിലനിര്‍ത്തിക്കൊണ്ടാണ് നടപ്പിലാക്കേണ്ടത് എന്ന നിലപാടിലൂന്നിയാണ് ഈ പ്രാദേശിക സിനഡ് ചേരുന്നത്.
സിനഡിന് മുന്നേറിയായി പ്രസിദ്ധീകരിച്ച മാര്‍ഗരേഖ മൂന്ന് ഭാഗങ്ങളായി തരം തിരിക്കപ്പെട്ടിട്ടുണ്ട്. കാണുക, വിലയിരുത്തുക, പ്രവര്‍ത്തിക്കുക എന്ന ഫ്രാന്‍സിസ് പാപ്പയുടെ തനതു ശൈലിയിലാണ് ഈ രേഖ പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്നത്. ആമസോണ്‍ ദേശത്തിന്റെ തനിമയും പൈതൃകവും കണ്ടെത്തുക, ആമസോണിന്റെ പാരിസ്ഥിതിക അജപാലന സാഹചര്യങ്ങള്‍ വിയിരുത്തുക, കര്‍മപദ്ധതിയുടെ പുതിയ പാതകള്‍ കണ്ടെത്തുക എന്നിവയാണ് യഥാക്രമം മൂന്നു ഭാഗങ്ങളില്‍ വിശദീകരിച്ചിരിക്കുന്നത്. പരിസ്ഥിതിചൂഷണത്തിനെതിരായ സഭയുടെ ഏറ്റവും ശക്തവും ഫലപ്രദവുമായ ഇടപെടലായാണ് ഈ സിനഡ് വിലയിരുത്തപ്പെടുന്നത്. കൂടാതെ സങ്കീര്‍ണമായ അജപാലന സാഹചര്യങ്ങള്‍ക്കുതകുന്ന നവീന സഭാമാര്‍ഗങ്ങളും ഈ സിനഡില്‍ ഉരുത്തിരിയുമെന്ന് പ്രതീക്ഷിക്കുന്നു.
എന്നാല്‍ ഈ സിനഡിന്റെ മാര്‍ഗരേഖയിലെ ചില ചര്‍ച്ചാനിര്‍ദേശങ്ങള്‍ വിവാദങ്ങള്‍ ക്ഷണിച്ചുവരുത്തുന്നതാണ് എന്ന ആക്ഷേപം ചില കോണുകളില്‍നിന്ന് ഉയരുന്നുണ്ട്. സ്ത്രീകള്‍ സഭയില്‍ ചെയ്യാന്‍ പറ്റുന്ന അജപാലന ശുശ്രൂഷകളെക്കുറിച്ചും വിവാഹിതര്‍ക്ക് പൗരോഹിത്യം നല്‍കുന്നതിനെക്കുറിച്ചും ചര്‍ച്ച ചെയ്യണമെന്ന നിര്‍ദേശം ആമസോണ്‍ പ്രദേശത്തുനിന്ന് ഉയര്‍ന്നതായാണ് മാര്‍ഗരേഖ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ഇത് ചോദ്യങ്ങളെ വിവാദമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഇതിനെ വനിതാപൗരോഹിത്യം അനുവദിക്കാനും വൈദിക ബ്രഹ്മചര്യം എടുത്തുകളയാനുമുള്ള ശ്രമമായി വ്യാഖ്യാനിച്ചതാണ് പ്രവര്‍ത്തനരേഖയെ വിവാദത്തിലേക്ക് നയിച്ചത്.
എന്നാല്‍ മേല്‍പറഞ്ഞ വിവാദങ്ങള്‍ അടിസ്ഥാനരഹിതമാണ്. സ്ത്രീകളുടെ അജപാലന ശുശ്രൂഷയെക്കുറിച്ചുള്ള ചര്‍ച്ച ഒരിക്കലും വനിതാപൗരോഹിത്യത്തിനായുള്ള ചര്‍ച്ചയായി ദുര്‍വ്യാഖ്യാനം ചെയ്യരുത്. സ്ത്രീകള്‍ ഇപ്പോള്‍ത്തന്നെ സഭയില്‍ ഏറെ മേഖലകളില്‍ അജപാലനശുശ്രൂഷകള്‍ നടത്തുന്നുണ്ട്. പ്രസ്തുത ശുശ്രൂഷകളെ കൂടുതല്‍ ഫലപ്രദമാക്കാനും കൂടുതല്‍ അജപാലനസാധ്യതകള്‍ കണ്ടെത്താനും സിനഡില്‍ ചര്‍ച്ചയുണ്ടാകും. എന്നാല്‍ നിത്യപുരോഹിതനായ ക്രിസ്തുവിനെ സ്വന്തം വ്യക്തിത്വത്തില്‍ അനുകരിച്ച് മറ്റൊരു ക്രിസ്തുവായി ജീവിക്കാനുള്ള പൗരോഹിത്യനിയോഗം ക്രിസ്തുവിന്റെ മാതൃകയനുസരിച്ച് പുരുഷന്മാര്‍ക്ക് മാത്രമുള്ളതാണ് എന്ന സഭാപഠനത്തില്‍ അണുവിടപോലും മാറ്റം വരുത്താന്‍ ഈ സിനഡ് മുതിരില്ല. വനിതാപൗരോഹിത്യത്തില്‍ വിവാദം കൊഴുപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് സിനഡനന്തരം നിരാശയായിരിക്കും ഫലം.
കൂടാതെ വിവാഹിതരുടെ പൗരോഹിത്യവും പൗരോഹിത്യ ബ്രഹ്മചര്യവും രണ്ട് യാഥാര്‍ത്ഥ്യങ്ങളാണ്. വിവാഹിതരായവര്‍ക്ക് പ്രത്യേക സാഹചര്യത്തില്‍, തങ്ങളുടെ ദാമ്പത്യ ഉത്തരവാദിത്വങ്ങള്‍ പൂര്‍ത്തീകരിച്ചശേഷം പൗരോഹിത്യം സ്വീകരിക്കാന്‍ നിലവില്‍ അനുവാദം നല്‍കുന്നുണ്ട്. ആമസോണിന്റെ പ്രത്യേക സാഹചര്യത്തില്‍ പ്രാദേശിക യാഥാര്‍ത്ഥ്യങ്ങളും ഭാഷാസങ്കീര്‍ണതകളും സാംസ്‌കാരിക പ്രത്യേകതകളും പരിഗണിച്ച് വിവാഹിതര്‍ക്ക് ജീവിതപങ്കാളി ജീവിച്ചിരിക്കെത്തന്നെ പൗരോഹിത്യം നല്‍കാന്‍ സാധിക്കുമോ എന്നതാണ് പ്രവര്‍ത്തന മാര്‍ഗരേഖ ചര്‍ച്ചാവിഷയമായി നിര്‍ദേശിക്കുന്നത്. എന്നാല്‍ നിലവിലുള്ള വൈദികര്‍ക്ക് വിവാഹം കഴിക്കാന്‍ അനുവാദം നല്‍കുമെന്നും പൗരോഹിത്യബ്രഹ്മചര്യം അനാവശ്യമായി പ്രഖ്യാപിക്കുമെന്നുമുള്ള വിവാദങ്ങള്‍ യാഥാര്‍ത്ഥ്യം ഗ്രഹിക്കുന്നതിലെ വീഴ്ചമൂലം സംഭവിക്കുന്നതാണ്. ബ്രഹ്മചാരിയായ ക്രിസ്തുവിനെ അനുകരിക്കാനും ദൈവരാജ്യശുശ്രൂഷയില്‍ അവിഭാജ്യസ്‌നേഹം പുലര്‍ത്താനും പൗരോഹിത്യബ്രഹ്മചര്യം സഹായകമാണ് എന്ന സഭയുടെ പ്രഖ്യാപിത നിലപാടില്‍ മാറ്റം ഉണ്ടാവില്ല. വിവാഹിതരുടെ പൗരോഹിത്യം സിനഡിലെ പ്രധാന ചര്‍ച്ചാവിഷയമേ അല്ല എന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ വ്യക്തമാക്കിയിട്ടുണ്ടുതാനും. കത്തോലിക്കാ സഭയിലെ പല പൗരസ്ത്യ സഭകളിലും വിവാഹിതരായ വൈദികര്‍ നിയമാനുസൃതം ശുശ്രൂഷ ചെയ്യുന്നുണ്ട് എന്ന സത്യംപോലും വിസ്മരിച്ചാണ് വിവാദങ്ങള്‍ കൊഴുപ്പിക്കുന്നവര്‍ അരങ്ങു വാഴുന്നത്.
ഫ്രാന്‍സിസ് പാപ്പയുടെ പ്രബോധനങ്ങളില്‍ പാരമ്പര്യവിരുദ്ധത ആരോപിക്കുന്ന ഒരു പ്രവണത ചില കോണുകളില്‍ ബോധപൂര്‍വം സൃഷ്ടിക്കപ്പെടുന്നുണ്ട് എന്നത് സത്യമാണ്. തന്റെ തനത് അജപാലന ശൈലിയും സുവിശേഷം നല്‍കുന്ന സ്വാതന്ത്ര്യം അതിന്റെ പൂര്‍ണാര്‍ത്ഥത്തില്‍ ഉള്‍ക്കൊണ്ടുകൊണ്ട് സ്വീകരിക്കുന്ന നിലപാടുകളും ഫ്രാന്‍സിസ് പാപ്പയെ പലരുടെയും മുന്നില്‍ വിവാദപുരുഷനാക്കിയിട്ടുണ്ട്. എന്നാല്‍ തന്റെ പ്രധാനാചാര്യ ശുശ്രൂഷയില്‍ നാളിതുവരെ സഭയുടെ ഏതെങ്കിലും വിശ്വാസ പ്രബോധനങ്ങളില്‍ വള്ളിയോ പുള്ളിയോ പോലും പരിശുദ്ധ പിതാവ് തിരുത്തിയിട്ടില്ല എന്നതാണ് സത്യം. രാജാവിനെക്കാള്‍ വലിയ രാജ്യഭക്തിയില്‍നിന്ന് ഉത്ഭവിക്കുന്ന വിവാദങ്ങളെ സ്വതസിദ്ധമായ പുഞ്ചിരിയോടെ നേരിടുന്ന മാര്‍പാപ്പയുടെ ധീരമായ നേതൃത്വം സഭയ്‌ക്കൊന്നാകെ നല്‍കുന്ന പുതുവസന്തം നാം കാണാതെ പോകരുത്. ബോധപൂര്‍വം കണ്ണടയ്ക്കുന്നവര്‍ സ്വന്തം ലോകത്തെ ഇരുട്ടിലാക്കുന്നു എന്നത് സത്യമാണ്. എന്നാല്‍ ലോകം മുഴുവന്‍ ഇരുട്ടില്‍ തപ്പുകയാണെന്ന് അവര്‍ വാദിച്ചാല്‍ അത് തീര്‍ച്ചയായും അസത്യമായിരിക്കും.

ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?