Follow Us On

28

March

2024

Thursday

ഫാ. ഫിലിപ്പ് മുൾറൈൻ: ക്രിസ്തുവിന്റെ പിന്നാലെ ഓടുന്ന മുൻ ഫുട്‌ബോളർ!

ഫാ. ഫിലിപ്പ് മുൾറൈൻ: ക്രിസ്തുവിന്റെ പിന്നാലെ ഓടുന്ന മുൻ ഫുട്‌ബോളർ!

പ്രതിവർഷം ഏതാണ്ട് 42.7 കോടി രൂപ വരുമാനവും ഏറെ ആരാധകരുമുള്ള ഒരു സെലിബ്രിറ്റി അതെല്ലാം ഉപേക്ഷിക്കാൻ തീരുമാനിച്ചെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ, അതും 31-ാം വയസിൽ? അയാൾ ദാരിദ്ര്യവ്രതം സ്വീകരിച്ച് സന്യാസ വൈദികനായെന്നുകൂടി കേട്ടാലോ! മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ മുൻ മിഡ്ഫീൽഡർ ഫാ. ഫിലിപ്പ് മുൾറൈൻ ജീവിതം കൊണ്ട് പറഞ്ഞത് അവിശ്വസനീയമായ അത്തരമൊരു മാനസാന്തരമാണ്.

ജോസഫ് മൈക്കിൾ

2008ൽ ഫിലിപ്പ് മുൾറൈൻ എന്ന പ്രശസ്ത ഫുട്‌ബോൾ താരം സെമിനാരിയിൽ ചേരാൻ തീരുമാനിച്ചു എന്നു കേട്ടപ്പോൾ ലോകത്തിന് അവിശ്വസനീതയായിരുന്നു. തീരുമാനത്തിന് അധികം ആയുസ് ഉണ്ടാവില്ലെന്ന് പലരും അടക്കംപറഞ്ഞു. മറ്റുചിലർ അത് ഉറക്കെ പ്രഖ്യാപിച്ചു. ഏകദേശം 3.55 കോടി രൂപയായിരുന്നു ഈ ഫുട്‌ബോളറുടെ മാസവരുമാനം. അങ്ങനെ ഒരാൾക്ക് എത്രനാൾ ദാരിദ്ര്യവ്രതത്തെ പ്രണയിക്കുന്ന സന്യസിക്കാൻ സാധിക്കുമെന്ന് ചോദിച്ചവരും ഏറെയായിരുന്നു. അധികകാലമൊന്നും പ്രശസ്തിയിൽനിന്ന് ഒഴിഞ്ഞുനിൽക്കാൻ കഴിയില്ലെന്ന് പ്രവചിച്ചവരും കുറവല്ല. പക്ഷേ, ആരുടെയും സംശയങ്ങൾക്കും ചോദ്യങ്ങൾക്കും മറുപടി പറയാൻ മുൾറൈൻ മുമ്പോട്ടുവന്നില്ല. ഏഴു വർഷങ്ങൾക്കുശേഷം 2017 ജൂലൈ എട്ടിന് മുൾറൈൻ മറുപടി നൽകി. വാക്കുകൾകൊണ്ടല്ല, പ്രവൃത്തിയിലൂടെ. ഫിലിപ്പ് മുൾറൈൻ എന്ന മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ മുൻ ഫുട്‌ബോളർ ഇനി ഫാ. ഫിലിപ്പ് മുൾറൈൻ ക്രിസ്തുവിന്റെ മിഡ്ഫീൽഡർ!

മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം; ഡേവിഡ് ബെക്കാമിനൊപ്പം

അയർലൻഡിന്റെ തലസ്ഥാനമായ ഡബ്ലിനിലെ ഡൊമിനിക്കൻ സ്ട്രീറ്റിലുള്ള സെന്റ് സേവ്യേഴ്‌സ് ദൈവാലയത്തിലായിരുന്നു അപൂർവതകൾ നിറഞ്ഞ ആ പൗരോഹിത്യ സ്വീകരണം. അതുകൊണ്ടായിരിക്കാം ബി.ബി.സി ഉൾപ്പെടെയുള്ള ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട മാധ്യമങ്ങൾക്കുവരെ ഈ പൗരോഹിത്യ സ്വീകരണം പ്രധാന വാർത്തയായത്. കത്തോലിക്കാസഭയുടെ വിശ്വാസതിരുസംഘം അസിസ്റ്റന്റ് സെക്രട്ടറി ആർച്ച്ബിഷപ്പ് അഗസ്റ്റ്യൻ ഡി നോയോയുടെ കൈവെപ്പുവഴിയാണ് ഡീക്കൻ മുൾറൈൻ പൗരോഹിത്യപദവിയിൽ എത്തിയത്.

തുടർന്ന് സ്വന്തം ഇടവകയായ ബെൽഫെസ്റ്റിലെ സെന്റ് ഒലിവർ പ്ലങ്കെറ്റ് ദൈവാലയത്തിൽ ഫാ. മുൾറൈൻ പ്രഥമ ദിവ്യബലി അർപ്പിച്ചു. അദ്ദേഹം പന്തുകൾകൊണ്ട് മാസ്മരിക പ്രകടനങ്ങൾ നടത്തി ആരാധകഹൃദയങ്ങൾ കീഴടക്കിയ വിൻഡർ പാർക്ക് സ്റ്റേഡിയത്തിൽനിന്നും അധികം ദൂരമില്ല ഈ ദൈവാലയത്തിലേക്ക് എന്നത് മറ്റൊരു യാദൃച്ഛികതയായി.

ലോകത്തിലെ ഒന്നാമത്തേത് എന്നു വിശേഷിപ്പിക്കപ്പെടുന്ന ഫുട്‌ബോൾ ക്ലബായ ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റർ യൂണൈറ്റഡിൽ കയറിപ്പറ്റുക എന്നത് ഏതൊരു ഫുട്‌ബോൾ താരത്തിന്റെയും സ്വപ്‌നമാണ്. പണവും പ്രശസ്തിയും ഒരുപോലെ ലഭിക്കുമെന്നൊരു പ്രത്യേകതകൂടിയുണ്ട്. ആ ക്ലബിൽ മൂന്ന് വർഷം കളിച്ച ഫുട്‌ബോളറാണ് ഈ നവ വൈദികൻ. അതും ലോകത്തിലെ എക്കാലത്തെയും മികച്ച ഫുട്‌ബോളറായ ഡേവിഡ് ബെക്കാമിനൊപ്പം കളിക്കാൻ അവസരം ലഭിച്ചൊരാൾ.

1971 ജനുവരി ഒന്നിന് നോർത്തേൻ അയർലൻഡിലെ ബെൽഫാസ്റ്റിൽ ജനിച്ച ഫിലിപ്പിന് 21-ാം വയസിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ടീമിൽ ഇടം ലഭിച്ചു. 14 വയസുള്ളപ്പോൾ ഇടവക ടീമായ ‘സെന്റ് ഒലിവർ പ്ലങ്കട്ടി’നുവേണ്ടി കളിക്കവെയാണ് മുൾറിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്‌കൗട്ട് ടീം നോട്ടമിടുന്നത്. സെക്കന്ററി സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഉടൻ അദ്ദേഹം മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബ്ബിന്റെ താരമായി ഡേവിഡ് ബെക്കാമിനും പോൾ സ്‌കോൾസിനും ആൻഡി കോലേയ്ക്കുമൊപ്പം ബൂട്ട് കെട്ടി.

പിന്നീട് നോർവിച്ച് സിറ്റി ടീമിലേക്ക്. അവിടെനിന്ന് നോർത്തേൺ അയർലൻഡ് ഇന്റർനാഷണൽ താരമായി. നീണ്ട 16 വർഷം അയർലൻഡിന്റെ ദേശീയ ടീമംഗം, കാർഡിഫ് സിറ്റി തുടങ്ങിയ മുൻ നിര ഫുട്‌ബോൾ ക്ലബുകളുടെ കളിക്കാരൻ തുടങ്ങി വിശേഷണങ്ങൾ നീളുന്നു.എന്നാൽ, സമ്പത്തിനോ സ്ഥാനമാനങ്ങൾക്കോ ദൈവവിളിയിൽനിന്നും അകറ്റാൻ കഴിയില്ലെന്നാണ് ഫാ. മുൾറൈൻ ലോകത്തെ ഓർമിപ്പിക്കുന്നത്.

സമർപ്പിത ദൈവവിളികളുടെ എണ്ണത്തിൽ കുറവു വരുകയും വിശ്വാസത്തിന് തളർച്ച സംഭവിക്കുന്നു എന്നു പറയുകയും ചെയ്യുന്ന യൂറോപ്പിലാണ് ഈ സംഭവം എന്നോർക്കണം. ചില സംഭവങ്ങളിലൂടെയാകും ദൈവം ചിലപ്പോൾ ലോകത്തോട് സംസാരിക്കുക. തന്റെ ജീവിതത്തിലെ പുതിയൊരു അധ്യായം തുടങ്ങുകയാണ് എന്നായിരുന്നു പൗരോഹിത്യസ്വീകരണത്തിന് തൊട്ടുമുമ്പ് ഫാ. മുൾറൈൻ പറഞ്ഞത്.

തിരിച്ചറിയാതെപോയ സെലിബ്രിറ്റി

ഫുട്‌ബോൾ മത്സരങ്ങളിൽ മുഴുകി നടന്ന കാലഘട്ടത്തിൽ ദൈവത്തിൽനിന്ന് അകന്നാണ് ഫിലിപ്പ് മുൾറൈൻ ജീവിച്ചത്. നോർത്തേൺ അയർലണ്ടിനായി 27 തവണ ബൂട്ടണിഞ്ഞ മുൾറിൻ 2005ൽ അച്ചടക്കലംഘനത്തിന് പുറത്താക്കപ്പെട്ടു. ലോകകപ്പിനായുള്ള രണ്ട് യോഗ്യത മത്സരങ്ങളിൽനിന്ന് വിട്ടുനിൽക്കേണ്ടിയും വന്നു. ദൈവത്തിന്റെ സ്വരം കേൾക്കണമെങ്കിൽ ശാന്തത അനിവാര്യമാണ്. അതിനായി ചിലപ്പോൾ അവിടുന്ന് വേദനകൾ സമ്മാനിച്ചെന്നുവരാം. ഫാ. മുൾറൈനെ ദൈവം വിളിച്ചതും അത്തരമൊരു അനുഭവത്തിലൂടെയായിരുന്നു.

2008ൽ കളിക്കിടയിൽ പരിക്കേറ്റ് വിശ്രമിക്കുമ്പോഴാണ് പൗരോഹിത്യ ജീവിതത്തെക്കുറിച്ചുള്ള ചിന്തകൾ മനസിൽ ഇടംപിടിച്ചത്. 30 വയസ് തികയുന്നതേ ഉണ്ടായിരുന്നുള്ളൂ. ദൈവം അതിനു മുമ്പും അനേക പ്രാവശ്യം സംസാരിച്ചിരിക്കാം. എന്നാൽ, കളിക്കളങ്ങളിലെ ആരവങ്ങൾക്കിടയിൽ താനതു കേൾക്കാതെ പോയതാണെന്ന് ഫാ. മുൾറൈൻ പറയുന്നു.

ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ അദ്ദേഹം ഡൊമിനിക്കൻ സഭയിൽ ചേർന്നു. ഈ വാർത്ത അറിഞ്ഞ് ചിലർ നെറ്റിചുളിച്ചു. പലരും അത്ഭുതപ്പെട്ടു. എന്നാൽ, ഈ വാർത്ത തന്നിൽ അൽപ്പംപോലും അമ്പരപ്പ് സൃഷ്ടിച്ചില്ലെന്നു പറയുന്ന ഒരാളുണ്ട്, ഫാ. മാർട്ടിൻ മാഗിൽ. ഫാ. മുൾറൈന്റെ ഇടവകയായ സെന്റ് ഒലിവർ പ്ലങ്കെറ്റ് ദൈവാലയ വികാരിയായിരുന്നു 2003മുതൽ 2013 വരെ അദ്ദേഹം.

ഫാ. മാഗിൽ ദൈവാലയ വികാരിയായി എത്തിയതുമുതൽ പതിവായി ദൈവാലയത്തിൽ എത്തുന്ന ആ ചെറുപ്പക്കാരനെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. വിശേഷിച്ച്, വിശുദ്ധ കുർബാന സ്വീകരിക്കുമ്പോൾ കാണിക്കുന്ന ആദരവ്. മുൾറൈൻ എന്ന ഫുട്‌ബോളറെക്കുറിച്ച് അദ്ദേഹം കേട്ടിട്ടുണ്ടായിരുന്നെങ്കിലും കായിക മേഖലയോട് അകലംപാലിച്ചിരുന്ന ഫാ. മാഗിലിന് ഈ ചെറുപ്പക്കാരൻ രാജ്യമെങ്ങും അറിയപ്പെടുന്ന ആ ഫുട്‌ബോളറാണെന്ന് മനസിലായിരുന്നില്ല.

രണ്ട് വർഷങ്ങൾക്കുശേഷം അവർ ഒരുമിച്ച് ഭക്ഷണത്തിന് ഇരിക്കുമ്പോഴാണ് താൻ ആരാണെന്ന് മുൾറൈൻ വെളിപ്പെടുത്തിയത്. ആദരവുകൊണ്ട് താൻ അറിയാതെ ഇരിപ്പിടത്തിൽനിന്ന് എഴുന്നേറ്റു എന്നാണ് ഫാ. മാഗിലിൻ പറയുന്നത്. തന്റെ മുമ്പിലൂടെ വെറും സാധാരണക്കാരനെപ്പോലെ കടന്നുപൊയ്‌ക്കൊണ്ടിരുന്ന ആ ചെറുപ്പക്കാരൻ ലോകം അറിയപ്പെടുന്ന ഒരു കായിക താരമാണെന്ന് തിരിച്ചറിഞ്ഞ നിമിഷത്തെ അദ്ദേഹം ഇപ്പോഴും മറന്നിട്ടില്ല.

അതുകൊണ്ട് കളിക്കളംവിട്ട് മുൾറൈൻ സെമിനാരിയിൽ ചേരാൻ പോകുന്നു എന്നറിഞ്ഞപ്പോൾ അതിൽ അൽപ്പംപോലും അമ്പരപ്പ് ഇല്ലായിരുന്നു. താൻ വർഷങ്ങൾക്കുമുമ്പ് കാണുമ്പോഴും ഈ ചെറുപ്പക്കാരൻ മനസുകൊണ്ട് അത്തരമൊരു തീരുമാനത്തിന്റെ വഴികളിലൂടെ സഞ്ചരിക്കുകയായിരുന്നു എന്നാണ് ഫാ. മാഗിൽ പറയുന്നത്. അല്ലെങ്കിൽ ഇത്രയും എളിമയോടെ എങ്ങനെയാണ് ഒരു സെലിബ്രിറ്റിക്ക് പെരുമാറാനാകുക എന്നാണ് ഫാ. മാഗിലിന്റെ ചോദ്യം.

ബിഷപ്പ് നോയൽ ട്രീനർ- ഫാ. മുൾറൈനെ തേടിയെത്തിയ മാലാഖ

പരിവർത്തനങ്ങളുടെ പിന്നിൽ ആരെങ്കിലുമൊക്കെ ഉണ്ടാകും, ദൈവം സഹായത്തിന് അയക്കുന്ന മാലാഖമാരെപ്പോലെ. ഫാ. ഫിലിപ്പ് മുൾറൈന്റെ ജീവിതത്തിലും അങ്ങനെ ഒരാളുണ്ട്. ബിഷപ്പ് നോയൽ ട്രീനർ. അയർലൻഡിലെ ഡൗൺ ആൻഡ് കോർണർ രൂപതയുടെ ഇപ്പോഴത്തെ അധ്യക്ഷൻ. ബിഷപ്പ് ട്രീനറുടെ ജീവകാരുണ്യപ്രവർത്തനങ്ങളും ദീനാനുകമ്പയും മുൾറൈനെ ഏറെ സ്വാധീനിച്ചിരുന്നു. കളിക്കളത്തിൽ തിളങ്ങിനിൽക്കുമ്പോഴും ജീവകാരുണ്യപ്രവർത്തനങ്ങളിൽ സജീവമാകാൻ പ്രേരിപ്പിച്ചത് ബിഷപ്പ് ട്രീനറായിരുന്നു.

2009ൽ പ്രൊഫഷണൽ ഫുട്‌ബോൾ രംഗത്തോട് വിടപറഞ്ഞതോടെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ബിഷപ്പിന്റെ സന്തതസഹചാരിയായെന്ന് പറയാം. പൗരോഹിത്യത്തെ കുറിച്ചുള്ള ചിന്തകൾ ഉണ്ടായപ്പോൾ മുൾറൈന്റെ മനസിൽ തെളിഞ്ഞത് ബിഷപ്പ് ട്രീനറുടെ അനുകമ്പ നിറഞ്ഞ പ്രവൃത്തികളായിരുന്നു. തനിക്ക് എന്തുകൊണ്ട് ഇദ്ദേഹത്തെപ്പോലെയൊരു മിഷനറിയായിക്കൂടാ എന്ന എന്ന ചിന്ത പെട്ടെന്ന് ശക്തിപ്പെട്ടു. പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിൽ നിൽക്കുമ്പോഴും ആത്മീയതയെ ചേർത്തുപിടിക്കാൻ സാധിച്ചത് ബിഷപ്പ് ട്രീനറുമായുള്ള വ്യക്തിപരമായ ബന്ധമാണെന്ന് ഈ വൈദികൻ അടിവരയിടുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?