Follow Us On

01

December

2022

Thursday

‘ഡിസൈൻ’ ചെയ്ത് ‘വര’ച്ചെടുത്ത വിജയം!

‘ഡിസൈൻ’ ചെയ്ത് ‘വര’ച്ചെടുത്ത വിജയം!

സ്‌കൂൾ പഠനം 10-ാം ക്ലാസിൽ അവസാനിപ്പിക്കേണ്ടിവന്ന പി. ആർ. ജൂഡ്‌സൺ, ഇന്ന് അർക്കിടെക്‌ രംഗത്ത് മുൻനിരയിലുള്ള ‘ജൂഡ്‌സൺ അസോസിയേറ്റ്‌സി’ന്റെ സാരഥിയായി വളർന്ന കഥ സംഭവബഹുലമാണ്. അതിലുപരി പ്രചോദനാത്മകവും.

ആന്റണി ജോസഫ്

പരാജയങ്ങളുടെ പടുകുഴിയിൽനിന്ന് ദൈവത്തിന്റെ കരംപിടിച്ച് ഉയർച്ചയിലേക്ക് നടന്നുകയറുന്ന ഈ ജീവിതകഥ പരിചയപ്പെടുത്തുമ്പോൾ അറിയാതെ പറഞ്ഞുപോകും: സിനിമാക്കഥപോലെ… അതുകൊണ്ടുതന്നെ നമുക്ക് ആ സംഭവകഥ ഫ്‌ളാഷ്ബാക്കിൽനിന്ന് തുടങ്ങാം.

സീൻ ഒന്ന്:

ഇരുപത്താറു വർഷങ്ങൾക്കുമുമ്പുള്ള ഫോർട്ടുകൊച്ചി. ഭാര്യയുടെ താലിമാലവരെ പണയംവെച്ച് ജോലിതേടി കൽപ്പണിക്കാരനായ ഒരു യുവാവ് ഗൾഫിലേക്ക് വിമാനം കയറി, 10-ാം ക്ലാസ് വിദ്യാഭ്യാസവുമായി. അവിടെ ജീവിതം ആരംഭിക്കാൻ തുടങ്ങുംമുമ്പേ അപകടത്തിന്റെ രൂപത്തിലെത്തിയ ദുരന്തം അയാളെ കിടക്കയിലാക്കി. മൃതപ്രായനായ തന്നെ സ്‌പോൺസർ നാട്ടിലേക്ക് കയറ്റിവിടുമെന്ന് മനസ്സിലാക്കി ഒളിച്ചോടി. ചെന്നെത്തിയത് മരുഭൂമിയിൽ ഒട്ടകത്തെ മേയ്ക്കാൻ, അത്ഭുതകരമായി അവിടെനിന്ന് രക്ഷപ്പെട്ട് വീണ്ടും ഒളിവുജീവിതം, കെട്ടിടനിർമാണ കമ്പനിയിൽ കൂലിവേലചെയ്ത് ജീവിതസ്വപനങ്ങൾ കൊരുക്കുന്നതിനിടയിൽ അയാൾ വീണ്ടും കബളിപ്പിക്കപ്പെട്ടു- സ്വരൂക്കൂട്ടിയ പണമെല്ലാം നഷ്ടമായി. അത് ചോദ്യംചെയ്യാൻ ശ്രമിച്ചപ്പോൾ കള്ളക്കേസിൽ കുടുക്കപ്പെട്ട് ജയിൽവാസവും. ഒടുവിൽ നാലു വർഷത്തിനുശേഷം നാട്ടിൽ വിമാനമിറങ്ങുമ്പോൾ കൈയിൽ ശേഷിച്ചത് 500രൂപ; നാട്ടിൽ കാത്തിരുന്നത് തീരാത്ത കടബാധ്യതയും.

സീൻ രണ്ട്:

കേരളത്തിലെയും യു.എ.ഇയിലെയും പ്രമുഖ നഗരങ്ങളിലെല്ലാം ഉയരുന്ന വീടുകൾ ഉൾപ്പെടെയുള്ള നിരവധി അംബരചുംബികളുടെ ശിൽപ്പി. ജോലിത്തിരക്കുമൂലം മാസത്തിൽ 20 ദിവസം കേരളത്തിലും ശേഷിക്കുന്ന ദിനങ്ങളിൽ ഗൾഫിലും ചെലവഴിക്കുന്ന ഇന്റീരിയർ- എക്റ്റീരിയർ ഡിസൈനർ. ബഹുനില കെട്ടിടങ്ങളുടെ രൂപഭംഗി തയാറാക്കുന്ന ത്രീ ഡി- എലിവേഷൻ ഡിസൈനിംഗ് വിദഗ്ദ്ധൻ. രണ്ടു സ്ഥാപനങ്ങളിലായി 40 പേർക്ക് നേരിട്ടും നൂറുകണക്കിന് സൈറ്റുകളിലായി ആയിരക്കണക്കിനാളുകൾക്ക് പരോക്ഷമായും ജോലി നൽകുന്ന തൊഴിലുടമ. ക്ലൈന്റുകളുടെ തിരക്കുമൂലം കേരളത്തിൽ പുതിയ ശാഖകൾകൂടി തുടങ്ങാൻ തയാറെടുപ്പു നടത്തുന്ന ബിസിനസുകാരൻ. മനോരമ ന്യൂസ് സംപ്രേഷണംചെയ്യുന്ന ‘വീട്’ എന്ന പരിപാടിയിൽ ഇന്റീരിയർ സംബന്ധമായ സംശയങ്ങൾക്ക് പരിഹാരം നൽകുന്ന കൺസൽട്ടന്റ്.

************************

രണ്ടു സീനിലും നായകൻ ഒരാൾത്തന്നെ: പി. ആർ. ജൂഡ്‌സൺ. സ്‌കൂൾ പഠനം 10-ാം ക്ലാസിൽ അവസാനിപ്പിക്കേണ്ടിവന്ന ജൂഡ്‌സൺ, ഇന്ന് അർക്കിടെക് രംഗത്ത് മുൻനിരസ്ഥാപനങ്ങളിലൊന്നായ ‘ജൂഡ്‌സൺ അസോസിയേറ്റ്‌സി’ന്റെ സാരഥിയായി വളർന്ന കഥ സംഭവബഹുലമാണ്. അതിലുപരി പ്രചോദനാത്മകവും. അത്യാകർഷകമായ അംബരചുംബികൾ അണിയിച്ചൊരുക്കുന്ന ഇദ്ദേഹം ആർക്കിടെക് എൻജിനിയറിംഗ് എന്നെല്ല, ഡ്രാഫ്ട്മാൻ കോഴ്‌സുപോലും പഠി
ച്ചിട്ടില്ലെന്നറിയുമ്പോൾ ആമ്പരക്കാത്തതായി ആരുമുണ്ടാവില്ല. ആകെയുണ്ടായിരുന്നത്, ദൈവം ദാനമായി നൽകിയ ചിത്രകലാവൈഭവംമാത്രം.

‘വലുപ്പം’ സൃഷ്ടികളിൽമാത്രം

പരാജയങ്ങളുടെ പടുകുഴിയിൽനിന്ന്, ഇന്നത്തെ ഉയർച്ചയിലെത്തിയതെങ്ങനെയെന്നു ചോദിച്ചാൽ ജൂഡ്‌സൺ വിനയാന്വിതനാകും: ‘അനുഭവങ്ങൾ നൽകിയ പാഠങ്ങളും ആത്മവിശ്വാസവും സമർപ്പണവും അതിനെക്കാളുപരി ദൈവാനുഗ്രഹവും.’ ജൂഡ്‌സന്റെ ജീവിതം അടുത്തറിയുംമുമ്പ് അദ്ദേഹത്തിന്റെ ചില അംബരചുംബികളെ പരിജയപ്പെടാം. എന്നാലേ വിനയാന്വിതന്റെ യഥാർത്ഥ ‘വലുപ്പം’ ബോധ്യമാകൂ. പെരിന്തൽമണ്ണയിലെ ‘ഹിൽട്ടൺ ടവർ’ ത്രീ സ്റ്റാർ ഹോട്ടൽ, മൂന്നാറിലെയും വയനാട്ടിലെയും നിരവധി റിസോർട്ട്… അതുല്യ കലാസൃഷ്ടികൾക്കായി ജൂഡ്‌സനെ തേടിയെത്തുന്നവരുടെ പട്ടിക നീളുന്നു. (വിവിധ കമ്പനികളുമായി അസോസിയേറ്റ് ചെയ്ത് പ്രവർത്തിക്കുന്നതിനാൽ ഡിസൈനിംഗിന്റെ പൂർണമായ അവകാശം വെളിപ്പെടുത്താൻ നിയമതടസങ്ങളുണ്ട്)

വീടുകളും വാണിജ്യസ്ഥാപനങ്ങളുംമാത്രം രൂപകൽപ്പന ചെയ്തിരുന്ന ജൂഡ്‌സണ് ഇപ്പോൾ അഭിമാനിക്കാൻ മറ്റൊന്നുകൂടിയുണ്ട്- എറണാകുളം നഗരത്തിലും പശ്ചിമകൊച്ചിയിലും മലപ്പുറത്തുമായി നാല് ദൈവാലയങ്ങളാണ് ഈ കലാകാരനിലൂടെ രൂപംപ്രാപിച്ചത്. ദുബായിലെ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിനുവേണ്ടിയുള്ള വമ്പൻ പ്രൊജക്ടിന്റെ ശിൽപ്പിയായ ഇദ്ദേഹം തന്നെയാണ് യു.എ.ഇ എക്കണോമിക്‌സ് ഡിപ്പാർട്ട്‌മെന്റ് അണ്ടർസെക്രട്ടറിയും അജ്മാനിലെ ഷെയ്ക്കുമായ സുൽത്താൻ ബിൻ സക്വർ നൈയ്മിയുടെ കൊട്ടാരസമാനമായ വീടിന് രൂപം പകരുന്നതും.

ദൈവമേ, അതെല്ലാം അങ്ങായിരുന്നോ?

പ്രതിസന്ധികളിൽനിന്ന് വിജയത്തിലേക്കുള്ള വഴിയിൽ ദൈവത്തെ കണ്ടിട്ടുണ്ടോ? ചോദ്യം ജൂഡ്‌സനോടാണെങ്കിൽ, മനക്കണക്കൂക്കൂട്ടി അദ്ദേഹം പറയും: ‘ഒന്നല്ല, ഒരുപാടുതവണ. അന്ന് തിരിച്ചറിയാതെപോയ ആ സത്യം ഇന്ന് തിരിച്ചറിയുന്നു.’

തന്നിലെ കലാകാരനെ ആദ്യമായി അംഗീകരിച്ച ഇടവക വികാരിയുടെ രൂപത്തിൽ, ഗൾഫിലേക്ക് ഫോട്ടോഗ്രാഫർമാരെ തിരഞ്ഞെടുക്കാൻ ഇന്റർവ്യൂ സംഘടിപ്പിച്ച ഏജന്റിന്റെ രൂപത്തിൽ, ജോലിക്കെത്തിയവന് ഫോട്ടോഗ്രഫി അറിയില്ലെന്നറിഞ്ഞ് പഠിക്കാൻ അയച്ച അറബിയുടെ രൂപത്തിൽ, നാട്ടിലേക്ക് തരിച്ചയക്കുമെന്നറിഞ്ഞ് ഓടിപ്പോയപ്പോൾ സഹായിച്ച പാക്കിസ്ഥാൻകാരന്റെ രൂപത്തിൽ, ത്രിമാനചിത്രരചനയുടെ ‘ടെക്‌നിക്’ പകർന്നുതന്ന ഫിലിപ്പീൻസുകാരന്റെ രൂപത്തിൽ, തന്റ കഴിവു പരീക്ഷിക്കാൻ മനസ്സുകാട്ടിയ ഈജിപ്തുകാരന്റെ രൂപത്തിൽ, ജോലി നൽകിയ ഷെയ്ഖിന്റെ രൂപത്തിൽ…. അങ്ങനെ അങ്ങനെ നിരവധി തവണ.

ഫോർട്ടുകൊച്ചി പുത്തൻപറമ്പിൽ റാഫേൽ- ഫിലോമിന ദമ്പതികളുടെ മൂന്നു മക്കളിൽ ഏക ആൺതരിയായ ജൂഡ്‌സൺ കുട്ടിക്കാലംമുതലേ ചിത്രകലയുമായി അഗാധപ്രണയത്തിലാണ്. പക്ഷേ, ജീവിതപ്രാരാബ്ദംമൂലം ശാസ്ത്രീയമായി പഠിക്കാനൊന്നും കഴിഞ്ഞില്ല. പഠിക്കാൻ സമർത്ഥനായിരുന്നെങ്കിലും വിശപ്പും വിദ്യാഭ്യാസവും തമ്മിലുള്ള പോരാട്ടത്തിനൊടുവിൽ പ്രീഡിഗ്രി പഠനം വാതിവഴിയിലിട്ട് പിതാവിനൊപ്പം കൽപ്പണിക്കാരനായി.

ജൂഡ്‌സണിലെ കലാവാസനയെക്കുറിച്ച് അറിവുണ്ടായിരുന്ന ഇടവക വികാരി ഫാ. ജേക്കബ് പീടിയേക്കൽ ഒരു ഉത്തരവാദിത്തം ഏൽപ്പിച്ചു: ചുള്ളിക്കൽ സെന്റ് ആന്റണീസ് ദൈവാലയത്തിന്റെ മുഖപ്പ് വരക്കണം. അത് നിമിഷങ്ങൾക്കുള്ളിൽ വരച്ചുനൽകിപ്പോൾ തന്റെ ജീവിതനിയോഗമാണ് വരച്ചതെന്ന് ജൂഡ്‌സൺ ചിന്തിച്ചിട്ടുണ്ടാവില്ല. ഇന്ന് ആധുനിക സങ്കേതങ്ങൾ ഉപയോഗിച്ച് കെട്ടിടങ്ങൾ ശാസ്ത്രീയമായി അണിയിച്ചൊരുക്കുന്ന ജൂഡ്‌സന്റെ ആദ്യകാല ‘പണിയായുധങ്ങൾ’ എന്തെല്ലാമായിരുന്നെന്നോ? വക്കുപൊട്ടിയ സ്‌കെയിലും എഴുതിത്തീരാറായ പെൻസിലും.

കാമറ തൊട്ടിട്ടില്ലാത്ത ഫോട്ടോഗ്രാഫർ

കൽപ്പണിക്കാരനായി ജീവിതം കെട്ടിപ്പടുത്തിക്കൊണ്ടിരുന്ന അദ്ദേഹം 21-ാം വയസ്സിൽ വിവാഹിതനായി. മാതാപിതാക്കളും ഭാര്യയും വിവാഹപ്രായമായ രണ്ടു സഹോദരിമാരുമുൾപ്പെട്ട വലിയ കുടുംബത്തിന് താങ്ങാവാൻവേണ്ടി അദ്ദേഹത്തിന്റെ ജോലിയന്വേഷണം ദുബായിലേക്കും നീണ്ടു. അതിനുവേണ്ടി സുഹൃത്തിന്റെ സഹായത്തോടെ ബോംബെയിലെത്തി.

ജോലിയന്വേഷിച്ച് അലയുമ്പോൾ ഒരു കെട്ടിടത്തിനു മുന്നിൽ വലിയൊരാൾക്കൂട്ടം. ദുബായിലേക്ക് ഫോട്ടോഗ്രാഫറെ കണ്ടെത്താനുള്ള ഇന്റർവ്യൂ നടക്കുകയാണവിടെ. തിരക്കിനിടയിലൂടെ ജൂഡ്‌സൺ ഒരുവിധം മുന്നിലെത്തി. കാമറയുമായി ഇന്റർവ്യൂവിനെത്തിയവരുടെ നീണ്ടനിര. സുന്ദരനായ അറബി ഫോട്ടോയ്ക്ക് പോസുചെയ്ത് കസേരയിലിരിക്കുന്നു.

അയാളുടെ ചിത്രം മനോഹരമായി കാമറയിൽ പകർത്തുന്നവന് ജോലിയുറപ്പ്. പക്ഷേ, അത്താഴപ്പട്ടിണിക്കാരനായ ജൂഡ്‌സന്റെ കൈയിൽ എവിടെ കാമറ. വല്ലഭവ് പുല്ലും ആയുധം! കൈയിൽ കരുതിയിരുന്ന പേപ്പറും പെൻസിലുമെടുത്ത് അറബിയുടെ ചിത്രം വരച്ച് ജൂഡ്‌സൺ അദ്ദേഹത്തിന്റെ സെക്രട്ടറിക്ക് കൊടുത്തു. കുറച്ചുകഴിഞ്ഞ് ഇന്റർവ്യൂ ഫലം പറഞ്ഞപ്പോൾ ജൂഡ്‌സനൊപ്പം മറ്റ് ഉദ്യോഗാർത്ഥികളും ഞെട്ടി: ഫോട്ടാഗ്രാഫർ തസ്ഥികയിലേക്കുള്ള ഇന്റർവ്യൂവിൽ, കടലാസിൽ പടംവരച്ച ജൂഡ്‌സൺ സെലക്ടഡ്.

തിരഞ്ഞെടുക്കാൻ അറബി പറഞ്ഞ കാരണമായിരുന്നു അതിലും കൗതുകം: ‘ഉപകരണത്തിന്റെ സഹായമില്ലാതെ ഇത്ര ഭംഗിയായി ചിത്രം തയാറാക്കിയ ഇയാൾ, കാമറ കിട്ടിയാൽ എന്തായിരിക്കും സൃഷ്ടിക്കുക?’ ദിവസങ്ങൾക്കകംതന്നെ പേടിയോടെയാണെങ്കിലും ജൂഡ്‌സൺ ദുബായിലേക്ക് പറന്നു. ഒരു സ്റ്റുഡിയോയുടെ ഉൾവശംപോലും കണ്ടിട്ടില്ല, കാമറ തൊട്ടിട്ടുപോലുമില്ല അതുതന്നെ പേടിക്കു കാരണം.

തിരഞ്ഞെടുത്തു കൊണ്ടുവന്നയാൾക്ക് ഫോട്ടോഗ്രാഫി അറിയില്ലെന്ന് ദുബായിലെത്തി അധികം താമസിയാതെ അറബി മനസ്സിലാക്കി. തിരിച്ചയക്കുന്നത് നഷ്ടമായതിനാലോ എന്തോ, അറബി ജൂഡ്‌സണ് ഫോട്ടോഗ്രാഫി പഠിക്കാൻ അവസരമൊരുക്കുകയായിരുന്നു. പ്രശ്‌നം കഴിഞ്ഞെന്ന ആശ്വാസത്തോടെ പുതിയ ജീവിതത്തിലേക്ക് പ്രവേശിച്ച ജൂഡ്‌സനെ കാത്തിരുന്നത് ദുരന്തങ്ങളുടെ ഘോഷയാത്രയായിരുന്നു. അന്ന് മാനുഷികബുദ്ധിയിൽ ദുരന്തങ്ങൾ എന്ന് വിലയിരുത്തിയ അനുഭവങ്ങൾ തന്നെക്കുറിച്ചുള്ള ദൈവപദ്ധതിയുടെ ഭാഗമായിരുന്നുവെന്ന് തിരിച്ചറിയുകയാണ് ഇന്ന് ജൂഡ്‌സൺ.

‘രക്ഷ’ മാപ്പിളപ്പാട്ടിന്റെ രൂപത്തിൽ

ഫോട്ടോഗ്രഫി പ~നകാലത്തുണ്ടായ കാറപകടം ജൂഡ്‌സന്റെ സ്വപ്‌നങ്ങൾ ഇടിച്ചുതകർത്തു. ഗുരുതരമായി പരിക്കേറ്റ, അറബിക്ക് ബാധ്യതയായ തന്നെ നാട്ടിലേക്ക് തിരിച്ചയക്കാൻ പോകുന്ന കാര്യം മലയാളി സഹപ്രവർത്തകനിലൂടെയാണ് ജൂഡ്‌സണ് ചോർന്നുകിട്ടിയത്.

മലയാളി ജീവനക്കാർ തമ്മിൽ സംസാരിക്കരുതെന്ന് അറബിയുടെ കർശനമായ നിർദേശമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ, മാപ്പിളപ്പാട്ടിന്റെ രൂപത്തിലാണ് അയാൾ വിവരം അറിയിച്ചത്. പിന്നെ ജൂഡ്‌സൺ താമസിച്ചില്ല, യാത്രാരേഖകൾപോലും ഉപേക്ഷിച്ച് ഒരു ഒളിച്ചോട്ടം- അനിവാര്യമായിരുന്ന മറ്റൊരു ദൈവപദ്ധതി.

മുന്നിൽ വന്നുപെട്ട ടാക്‌സിയിലേക്ക് കയറുമ്പോൾ കൈയിലുണ്ടായിരുന്നത് 15 റിയാൽമാത്രം. അകലെയുള്ള ഒരു പരിചയക്കാരനെത്തേടിയായിരുന്നു യാത്ര. ജൂഡ്‌സന്റെ കഥയറിഞ്ഞ ആ പാക് പൗരൻ യാത്രാക്കൂലി വാങ്ങിയിലെന്നു മാത്രമല്ല 20 റിയാൽ ജൂഡ്‌സണ് നൽകി, ഒപ്പം വലിയൊരാശംസയും: ‘ദൈവം നിന്നെ അനുഗ്രഹിക്കട്ടെ.’

പരിചയക്കാരനെ കണ്ടെത്തിയെങ്കിലും ഭക്ഷണമില്ലാതെ, കിടന്നുറങ്ങാൻ സ്ഥലമില്ലാതെ ആഴ്ചകളോളം ലേബർ ക്യാംപുകളിൽ അലഞ്ഞു നടന്നു. ഒടുവിൽ, പരിചയക്കാരൻവഴി ഒട്ടകത്തെ മേയ്ക്കാനുള്ള ജോലി തരപ്പെട്ടു. ദിക്കറിയാത്ത മരുഭൂമിയിലൂടെ ദിനങ്ങൾ പലതും തള്ളിനീക്കി. ആഴ്ചയിലൊരിക്കലാണ് ഒട്ടകത്തിനും തനിക്കുമുള്ള ഭക്ഷണവുമായി ആളെത്തുന്നത്. അങ്ങനെ കൊണ്ടുവരുന്ന ഭക്ഷണപ്പൊതികളിലെ ചിത്രങ്ങൾ തുണ്ടുകടലാസിൽ പകർത്തും- മരുഭൂമി ജീവിതത്തിലെ ഏക ആശ്വാസം.

ഒരിക്കൽ, അപ്രകാരം വരച്ചുവെച്ച ദുബായ് ഭരണാധികാരിയുടെ ചിത്രം, ഭക്ഷണവുമായി എത്തിയ ഡ്രൈവർ കാണാനിടയായി. അതോടെ ജൂഡ്‌സന്റെ ജീവിതത്തിൽ വലിയൊരു വഴിത്തിരിവ് ആരംഭിക്കുകയായിരുന്നു. ആ ഡ്രൈവറാണ് ജൂഡ്‌സണെ ഒരു ഇന്റീരിയർ ഡെക്കറേഷൻ ഗ്രൂപ്പിൽ ജോലിക്കുചേർത്തത്.

ഒളിവുജീവിതം ഷെയ്ക്കിനൊപ്പം

ജോലി കഴിഞ്ഞ് ക്യാംപിലേക്കുള്ള മടക്കയാത്രയിൽ ഒരു കെട്ടിടവും ഒരു ബോർഡും ജൂഡ്‌സന്റെ കണ്ണിലുടക്കി. കെട്ടിടനിർമാണത്തിലും ഇന്റീരിയർ ഡിസൈനിംഗിലും മുൻനിരക്കാരായിരുന്ന ‘ഇന്റർനാഷണൽ ഡിസൈനിംഗ് കമ്പനി’യുടെ ഓഫീസായിരുന്നു അത്. ഏതോ ഉൾപ്രേരണപോലെ, മാനേജരായ ഈജിപ്ഷ്യൻ ആർക്കിടെക്ട് മെദാത് എം. ഉസ്മാന്റെ മുറിയിലെത്തി ജൂഡ്‌സൺ. സാധാരണഗതിയിൽ അത് അസാധ്യമാണ്.

ജോലി വേഷത്തിലെത്തിയ തന്നെ ആരും തടയാതിരുന്നതുമാത്രമല്ല, തന്റെ കഴിവ് പരിശോധിക്കാൻ മെദാത് തയാറായതും ദൈവപദ്ധതിയുടെ പൂർത്തീകരണത്തിനായിരുന്നുവെന്ന് ജൂഡ്‌സൺ ഇന്ന് തിരിച്ചറിയുന്നു.

ഇഷ്ടചിത്രം വരക്കാൻ ആവശ്യപ്പെട്ട മെദാതിന് എറണാകുളം മറൈൻഡ്രൈവിന്റെ ലാൻഡ് സ്‌കേപ്പാണ് തയാറാക്കി നൽകിയത്. ‘നന്നായിട്ടുണ്ട്. കെട്ടിടങ്ങളുടെ ത്രിമാനചിത്രം വരക്കാൻ പഠിച്ചുവരൂ. ജോലി തരാം,’ എന്ന മെദാതിന്റെ വാഗ്ദാനത്തിൽ പുതിയ സ്വപ്‌നങ്ങൾ കണ്ട ജൂഡ്‌സൺ നേരെ എത്തിയത് തന്റെ കമ്പനിയിലെ ആർക്കിടെക്ടായ ഫിലിപ്പീൻസുകാരൻ ജിമ്മിയുടെ അടുക്കലാണ്.

അദ്ദേഹത്തിൽനിന്ന് ത്രിമാന ചിത്രരചനയുടെ ‘ടെക്‌നിക്’ പഠിച്ച് ഒരു മാസത്തിനുള്ളിൽ ജൂഡ്‌സൺ മെദാതിന്റെ കമ്പനിയിൽ ജോലിക്കുചേർന്നു. ദുബായ് ഭരണാധികാരിയുടെ മകൻ ഷെയ്ഖ് ഖാനംബിൽ ഫൈസലിന്റെ എണ്ണ ഖനന കമ്പനിയുടെ ലോഗോ തയാറാക്കലായിരുന്നു ആദ്യ ഉത്തരവാദിത്തം. ജൂഡ്‌സന്റെ കലാവൈഭവത്തിൽ ആകൃഷ്ടനായ ഷെയ്ഖ്, കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ചിത്രം വരക്കാൻ ജൂഡ്‌സനെ ചുമതലപ്പെടുത്തി. അതോടെ വലിയൊരു സുഹൃത്ത്ബന്ധത്തിന്റെ തുടക്കമായിരുന്നു.

പാസ്‌പോർട്ട് തിരിച്ചുകിട്ടി; പക്ഷേ, പോയത് ജയിലിലേക്ക്

സ്‌പോൺസറുടെ അടുത്തുനിന്ന് ഓടിപ്പോന്നതാണെന്ന സത്യം ജൂഡ്‌സൺ ഷെയ്ഖിനോട് വെളിപ്പെടുത്തി. ജൂഡ്‌സന്റെ യാത്രാരേഖകളെല്ലാം ഇദ്ദേഹം ഇടപെട്ട് മുൻ സ്‌പോൺസറിൽനിന്ന് വാങ്ങിക്കൊടുത്തതോടെ നാട്ടിലേക്ക് പോകാൻ വഴിതുറക്കുകയായിരുന്നു.

മൂന്നു വർഷത്തെ പ്രവാസജീവിതത്തിൽ സമ്പാദിച്ച 20,000 റിയാലുമായി നാട്ടിലേക്ക് തിരിക്കാൻ തയാറെടുക്കുമ്പോൾ പഴയ സ്‌പോൺസർ പുതിയ പ്രലോഭനവുമായെത്തി: ‘നമുക്ക് ഒരു സ്റ്റുഡിയോ തുടങ്ങാം. ഉപകരണങ്ങൾ ഞാൻ വാങ്ങും, കെട്ടിടത്തിനുള്ള പണം നൽകുമെങ്കിൽ നിന്നെ പാർട്ണറാക്കാം.’

ജോലിക്കാരായെത്തി ബിസിനസുകാരായി മാറിയ പ്രവാസികളെക്കുറിച്ചുള്ള ചിന്തകൾ ജൂഡ്‌സനെ അറബിയുടെ പാർട്ണറാകാൻ പ്രലോഭിപ്പിച്ചു. കൈയിലുണ്ടായിരുന്നതു മുഴുവൻ കൊടുത്തു. ആഴ്ചകൾ പിന്നിട്ടിട്ടും യാതൊരു വിവരവുമില്ലാതിരുന്ന ജൂഡ്‌സൺ ആ സത്യം അറിഞ്ഞത് വൈകിയാണ്: സ്റ്റുഡിയോ തുടങ്ങി. പക്ഷേ, അറബിയുടെ പേരിലാണെന്നു മാത്രം.

കാര്യമറിഞ്ഞ് ക്ഷുഭിതനായ ജൂഡ്‌സണെ ഓഫീസ് ആക്രമിച്ചെന്ന കള്ളക്കേസിൽ കുടുക്കി അറബി ജയിലിലടപ്പിച്ചു. നാലു മാസത്തെ ജയിൽ വാസത്തിനുശേഷം മോചിതനായി ജൂഡ്‌സൺ നാട്ടിൽ വിമാനമിറങ്ങുമ്പോൾ നാട്ടിൽ കാത്തിരുന്നത് വട്ടിപ്പലിശക്കാരുടെ ഭീഷണിയും നാട്ടുകാരുടെ പരിഹാസവും.

ത്രീ ഡി വഴി അനിമേഷനിലൂടെ ആർകിടെക്റ്റിലേക്ക്

കടം വീട്ടാൻ വീടുവിറ്റു, എന്നിട്ടും തീരാത്ത കടബാധ്യത, പ്രായമായ മാതാപിതാക്കൾ, സഹോദരിമാരുടെ വിവാഹം, കുടുംബത്തിന്റെ ഏക പ്രതീക്ഷയായ തനിക്ക് ജോലിയുമില്ല… ആരും തകർന്നുപോകുന്ന നിമിഷം. പക്ഷേ, ജൂഡ്‌സൺ തളർന്നില്ല, ദൈവാശ്രയബോധത്തോടെ പ്രതിസന്ധികളെ തരണംചെയ്യാനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം.

ദുബായിൽനിന്ന് തിരിച്ചെത്തിയ ജൂഡ്‌സൺ ജോലിയന്വേഷിച്ചെത്തിയത് കൊച്ചിയിലെ പ്രശസ്തമായ ഒരു ആർക്കിടെക്ട് ഗ്രൂപ്പിലാണ്. ക്രിസ്മസ്- പുതുവത്സര കാർഡുകളിലൂടെ ജൂഡ്‌സണിലെ കലാകാരനെ മുൻപേതന്നെ മനസ്സിലാക്കിയിട്ടുള്ള കമ്പനിയുടമ കെട്ടിടങ്ങളുടെ ത്രിമാന ചിത്രരചനാ (ത്രീ ഡി) വൈഭവം തെളിയിക്കാനും അവസരം ഒരുക്കി.

എറണാകുളം കവിതാ തീയറ്ററിനു മുൻവശമുള്ള ഭവൻസ് സ്റ്റുഡിയോയുടെ ത്രിമാനചിത്രം വരക്കുകയായിരുന്നു ആദ്യത്തെ ജോലി. ആർക്കിടെക്ട് കെ. ജി. സുകുമാരന്റെ മേൽനോട്ടത്തിൽ കാക്കനാട് നിർമിച്ച ടാറ്റാ സെറാമിക്‌സിന്റെ ബഹുനില കെട്ടിടത്തിന്റെ ത്രിമാന ചിത്രമൊരുക്കലായിരുന്നു രണ്ടാമത്തെ ചുമതല. ഇടപ്പള്ളിയിലെ അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് കെട്ടിടത്തിന്റെ ത്രിമാന ചിത്രമായിരുന്നു മറ്റൊന്ന്. ആദ്യ ഉത്തരവാദിത്വങ്ങളിൽത്തന്നെ മികവു കാട്ടിയ ജൂഡ്‌സണ് പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നില്ല.

വീഗാലാൻഡ് അമ്യൂസ്‌മെന്റ് പാർക്ക്, എറണാകുളത്തെ ചോയ്‌സ് ടവർ, എറണാകുളം മറൈൻഡ്രവിലെ ഫെഡറൽ ടവർ തുടങ്ങിയ നിരവധി കെട്ടിടങ്ങളുടെ ത്രിമാന ചിത്രങ്ങൾ തയാറാക്കിയതും ഇദ്ദേഹം തന്നെ. ത്രിമാന ചിത്രരചനയിൽനിന്ന് ആനിമേഷൻ ചിത്ര നിർമാണത്തിലേക്ക്, ഇന്റീരിയർ ഡിസൈനിങ്ങിലേക്ക്, കെട്ടിടങ്ങളെ അണിയിച്ചൊരുക്കുന്ന എലിവേഷൻ രംഗത്തേക്ക്, ആർക്കിടെക് വിദഗ്ദ്ധനിലേക്ക്…

വീടാണ് സ്വർഗം; സ്വർഗമാവണം വീട്

ആർക്കിടെക്കിലേക്കുള്ള വളർച്ചയെക്കുറിച്ച് ചോദിക്കുമ്പോൾ ജൂഡ്‌സൺ തിരുത്തും: ‘എനിക്ക് ആർക്കിടെക് ബിരുദമില്ല. അതുകൊണ്ട് എനിക്ക് ആ പദവി ചേരില്ല. കെട്ടിടത്തിന്റെ രൂപഭംഗി അടമുടി നിശ്ചയിക്കുന്ന ആർക്കിടെക്ടിന്റെ ജോലിതന്നെയാണ് ചെയ്യുന്നതെങ്കിലും ശിൽപ്പിയുടെ സ്ഥാനമാണ് ഞാൻ ഇഷ്ടപ്പെടുന്നത്.’

കോഴിക്കോട് നഗരഹൃദയത്തിൽ തലയുയർത്തിനിൽക്കുന്ന ഒരു ഷോപ്പിംഗ് മാളിന്റെ എലിവേഷൻ തയാറാക്കിയതാണ് ആർക്കിടെക്ട് രംഗത്തേക്കുള്ള വഴിയൊരുക്കിയത്. മാളിന്റെ രൂപഭംഗിയിൽ ആകൃഷ്ടനായ ദുബായ് കൊട്ടാരം അഡ്മിനിസ്ട്രറ്ററും മലയാളിയുമായ അസ്‌ലം മൊഹിദിൻ ദുബായിയിൽ നിർമിക്കാനുദ്ദേശിച്ച വീടിന്റെ ആർകിടെക് ചുമതല ജൂഡ്‌സണെ ഏൽപ്പിച്ചു, 2003ൽ. ആദ്യ വർക്കുതന്നെ ക്ലിക്ക്. പിന്നെ നാട്ടിൽനിന്നും ഗൾഫിൽനിന്നും വലിയ അവസരങ്ങൾ ജൂഡ്‌സണെ തേടിയെത്താൻ വൈകിയില്ല.

തിരക്കുകൾ വർധിച്ചപ്പോൾ വീടിനു സമീപത്തെ ഓഫീസിനു പുറമെ കൊച്ചി നഗരത്തിൽ തന്നെ പുത്തൻ ഓഫീസ് ആരംഭിച്ചു. മിഡിൽ ഈസ്റ്റിലെ പ്രവർത്തനങ്ങൾക്കായി ദുബായിലും ഓഫീസുണ്ട്. ‘വീടുകളുടെ നിർമാണത്തിൽ ശ്രദ്ധകേന്ദ്രീകരിക്കാനാണ് എന്റെ ശ്രമം. ഭൂമിയിലെ സ്വർഗമായിത്തീരേണ്ട ഇടമാണ് കുടുംബം. അതിൽ ഉറച്ചുവിശ്വസിക്കുന്നതുകൊണ്ടാവണം വീടുകളുടെ നിർമാണമാണ് ഏറ്റവും കൂടുതൽ ആത്മസംതൃപ്തി നൽകുന്നത്,’ ജൂഡ്‌സൺ പറയുന്നു.

ഓരോ വീടും വ്യത്യസ്ഥതമാകണം എന്നതിൽ നിർബന്ധബുദ്ധിയുള്ള തിനാൽ സ്പാനിഷ്, ചൈനീസ്, കൊളോണിയൽ ക്ലാസിക്, അറബിക് തുടങ്ങിയ വാസ്തുവിദ്യാശൈലികളുള്ള വീടുകൾ ഇദ്ദേഹം നിർമിച്ചിട്ടുണ്ട്. വ്യത്യസ്ഥമായ വാസ്തുവിദ്യാശൈലികൾ തേടിയുള്ള യാത്രകളും വായനയുമാണ് ജൂഡ്‌സന്റെ ഡിസെനുകൾ വ്യത്യസ്ഥമാകാൻ കാരണം.

പുരസ്‌ക്കാരം, ഗിവൺ ബൈ ഗോഡ്

ഒരു പ്രവാചകനും സ്വന്തം നാട്ടിൽ ആദരിക്കപ്പെടില്ലെന്ന ദൈവവചനം ജൂഡ്‌സന്റെ കാര്യത്തിലും വ്യത്യസ്ഥമല്ല. കാലത്തെ വെല്ലുന്ന നിരവധി സൗധങ്ങൾക്ക് രൂപംകൊടുത്ത താങ്കൾക്ക് അംഗീകാരമൊന്നു ലഭിക്കാത്തതിൽ സങ്കടമുണ്ടോ എന്നു ചോദിച്ചാലുള്ള മറുപടി ഇപ്രകാരം: ‘അംഗീകാരം ലഭിക്കേണ്ടത് ദൈവത്തിൽനിന്നാണ്. ദൈവം തന്ന താലന്തുകൾ ശ്രദ്ധയോടെ വിനിയോഗിച്ചതിന് ദൈവം എനിക്ക് സമ്മാനം തന്നത് ദൈവാലയങ്ങൾ ഡിസൈൻ ചെയ്യാനുള്ള അവസരത്തിലൂടെയാണ്. എനിക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരമായാണ് ഇതിനെ കാണുന്നത്.’

വരാപ്പുഴ അതിരൂപതയിലെ എറണാകുളം ചിറ്റൂർ ഹോളി ഫാമിലി, ചേരാനെല്ലൂർ സെന്റ് ജെയിംസ്, ഇന്ന് ലോകമെങ്ങും ആചരിക്കുന്ന വിശുദ്ധ യൗസേപ്പിതാവിന്റെ ഊട്ടുസദ്യനേർച്ചയ്ക്ക് തുടക്കം കുറിച്ച കൊച്ചി രൂപതയിലെ കണ്ണമാലി സെന്റ് ജോസഫ്‌സ്, കോഴിക്കോട് രൂപതയിലെ പെരിന്തൽമണ്ണ സെന്റ് ജൂഡ് എന്നീ ദൈവാലയങ്ങളാണ് ജൂഡ്‌സന്റെ കരവിരുതിൽ വിരിഞ്ഞ ആരാധനാലയങ്ങൾ.

കഠിനാധ്വാനം+ പ്രാർത്ഥന+ പ്രത്യാശ=?

ചെറിയ തോൽവികളിലും പ്രതിസന്ധികളിലും എല്ലാംകഴിഞ്ഞെന്ന് കരുതുന്ന പുതുതലമുറയോട് ജൂഡ്‌സന് ഒന്നേ പറയാനുള്ളൂ: ‘ദൈവം ഏതെങ്കിലും തരത്തിലുള്ള കഴിവുകൾ എല്ലാവർക്കും തന്നിട്ടുണ്ടാവും. ആ താലന്തുകൾ തിരിച്ചറിഞ്ഞാൽ ലക്ഷ്യബോധത്തിലേക്ക് നാം നയിക്കപ്പെടും. പിന്നെ വേണ്ടത് പ്രത്യാശയോടെയുള്ള കഠിനാധ്വാനമാണ്. ബാക്കിയെല്ലാം ദൈവം കൂട്ടിച്ചേർത്തുകൊള്ളും,’ അതെ, ജൂഡ്‌സന്റെ അനുഭവത്തിൽ ജീവിതവിജയത്തിന് ഒരൊറ്റ സമവാക്യമേയുള്ളൂ: ‘കഠിനാധ്വാനം+ പ്രാർത്ഥന+ ശുഭാപ്തിവിശ്വാസം+ പ്രത്യാശ= ജീവിതവിജയം.’

കൊച്ചി രൂപതാ ചുള്ളിക്കൽ സെന്റ് ആന്റണീസ് ഇടവകാംഗമായ ഇദ്ദേഹത്തിന്റെ കുടുംബം ഇപ്പോൾ അജ്മാനിലാണ് താമസം. ഭാര്യ: ഡിക്‌സി, മൂത്തമക്കളും ആർക്കിടെക്ടുമായ ടാനിയയും ‘ജൂഡ്‌സൺ അസോസിയേറ്റ്‌സി’ന്റെ സാരഥികളിൽ ഒരാളാണിപ്പോൾ. ഇളയമകൾ നീരജ എം.ബി.എ പഠനത്തിന് തയാറെടുക്കുകയാണ്.

ക്ലൈമാക്‌സ്:

ഖലീജ് ടൈംസ്, ഉൾഫ ന്യൂസ് ഉൾപ്പെടെയുള്ള നിരവധി ഇംഗ്ലീഷ്, അറബി, മലയാള പത്രങ്ങളിൽ ജൂഡ്‌സണെകുറിച്ച് വന്ന ഒരു ലേഖനം ആരംഭിക്കുന്നത് ഇപ്രകാരമാണ്: ‘ഷാജഹാൻ നിർമിച്ച താജ്മഹലിന്റെ ശിൽപ്പിയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ചരിത്രം നൽകുന്ന ഉത്തരം ഗംഭീരമായ മൗനമാണ്. ആധുനിക യുഗത്തിലും ഇത്തരം ചില നിശബ്ദതകളുണ്ടെന്നാണ് ജൂഡ്‌സൺ എന്ന കലാകാരൻ നമ്മെ ഓർമിപ്പിക്കുന്നത്.’

ഇത് വളരെ ശരിയുമാണ്. കാരണം, പ്രമുഖരായ ആർക്കിടെക്ട് ഗ്രൂപ്പുകളുടെ പേരിൽ സ്വദേശത്തും വിദേശത്തും പടുത്തുയർത്തപ്പെടുന്ന നിരവധി കെട്ടിടങ്ങൾക്ക് ശിൽപ്പഭംഗി നൽകിയതിൽ നിശബ്ദസാന്നിധ്യമായിരുന്നു ജൂഡ്‌സൺ.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?