Follow Us On

29

November

2021

Monday

ജപമാല നൽകിയപ്പോൾ സംഭവിച്ചത് അത്ഭുതം! ബേബി ജോൺ കലയന്താനി ഒരിക്കലും മറക്കില്ല ആ രംഗം

ജപമാല നൽകിയപ്പോൾ സംഭവിച്ചത് അത്ഭുതം! ബേബി ജോൺ കലയന്താനി ഒരിക്കലും മറക്കില്ല ആ രംഗം

കുട്ടികൾക്കുവേണ്ടിയുള്ള ധ്യാനത്തിൽ സഹായിക്കവേ, ജപമാലയുടെ ശക്തി വെളിപ്പെട്ട രംഗം പങ്കുവെക്കുന്നതിനൊപ്പം, കൗതുകത്തിനുവേണ്ടിയോ ഫാഷനായോ നാം അണിയുന്ന ആഭരണങ്ങളുടെ കാര്യത്തിൽ ജാഗ്രത പാലിക്കണമെന്നും ഓർമിപ്പിക്കുന്നു സുപ്രസിദ്ധ ഗാന രചയ്താവ് ബേബി ജോൺ കലയന്താനി.

ബേബി ജോണ്‍ കലയന്താനി

വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരവധിക്കാലത്ത് നടത്തിയ ക്രിസ്റ്റീന്‍ ധ്യാനത്തില്‍ ഉണ്ടായ അനുഭവമാണിത്. ധ്യാനത്തില്‍ സംബന്ധിക്കുവാന്‍ ആ പത്താം ക്ലാസുകാരനെ പിതാവ് കാറിലാണ് കൊണ്ടുവന്നത്. ധ്യാനത്തില്‍ പങ്കെടുക്കുവാന്‍ മടിപിടിച്ചാണ് എത്തിയിരിക്കുന്നതെന്ന് അവന്റെ ചേഷ്ടകളില്‍നിന്ന് മനസിലാകുമായിരുന്നു. കാറില്‍നിന്ന് ഇറങ്ങുവാന്‍തന്നെ അവന്‍ ആദ്യം മടിച്ചു. രജിസ്‌ട്രേഷന്‍ നടത്തുമ്പോള്‍പോലും ‘വേണ്ട പപ്പാ… നമുക്ക് തിരിച്ചുപോകാം’ എന്നവന്‍ പറയുന്നുണ്ടായിരുന്നു. ഏതായാലും വളരെ നിര്‍ബന്ധിച്ചുതന്നെ അവനെ ധ്യാനത്തിനിരുത്തി പിതാവ് മടങ്ങി.

ഒന്നുരണ്ട് ദിവസംകൊണ്ട് കുട്ടികളെല്ലാം ധ്യാനത്തില്‍ സജീവമായെങ്കിലും മേല്‍പ്പറഞ്ഞ കുട്ടിമാത്രം ഏറെ അസ്വസ്ഥനായി കാണപ്പെട്ടു. മറ്റു കുട്ടികള്‍ ഉച്ചത്തില്‍ ‘യേശുവേ നന്ദി, യേശുവേ സ്തുതി’ ഉയര്‍ത്തുമ്പോള്‍ അവന്‍ കാതുകള്‍ പൊത്തുന്നതും കണ്ണുകള്‍ ഇറുക്കി അടയ്ക്കുന്നതും ഞങ്ങള്‍ ശ്രദ്ധിച്ചു. ധ്യാനമധ്യേ ചൊല്ലിയ ജപമാല പ്രാര്‍ത്ഥനകളുടെ വേളയിലാണ് അവന്റെ അസ്വസ്ഥത മൂര്‍ച്ഛിച്ചത്. വല്ലാത്തൊരു പരിഭ്രാന്തിയും ഭയവും അവന്റെ മുഖത്ത് നിഴലിച്ചിരുന്നു. ജപമാലയിലെ ഒരു പ്രാര്‍ത്ഥനപോലും അവന്‍ ഉച്ചരിച്ചില്ല എന്നുമാത്രമല്ല, ലുത്തിനിയ ചൊല്ലിയ സമയം അവന്‍ ഹാളിനുള്ളില്‍നിന്ന് ഇറങ്ങി അവന്റെ മുറിയിലേക്ക് പോവുകയും ചെയ്തു.

ഒടുവില്‍ ചിലര്‍ ചേര്‍ന്ന് അവനെ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടറായിരുന്ന അഗസ്റ്റിന്‍ പള്ളിക്കുന്നേലച്ചന്റെ അടുത്ത് പ്രാര്‍ത്ഥിക്കുവാനായി കൊണ്ടുപോയി. അച്ചന്റെ മുറിയുടെ അരികിലെത്തിയതും ‘എന്നെ വിട്’ എന്ന് ആക്രോശിച്ച് കുതറി മാറി അവന്‍ ഓടിയെങ്കിലും വീണ്ടും അവനെ അച്ചനരികിലെത്തിക്കാന്‍ പ്രേഷിതര്‍ ശ്രമിച്ചു. ശബ്ദംകേട്ട് അച്ചന്‍ പുറത്തിറങ്ങിവന്നു. ‘മോന്‍ ഇങ്ങുവാ..’ അച്ചന്‍ അവന്റെനേരെ ആംഗ്യം കാട്ടി. അപ്പോഴും ബലംപിടിച്ച് ശാഠ്യമനോഭാവത്തില്‍ അവന്‍ നിന്നു. അവന്റെ അരികിലെത്തി അനുനയത്തില്‍ ഓരോ വിശേഷങ്ങളും അച്ചന്‍ ചോദിച്ചു.

മറുപടിയൊന്നും പറയാതെ അച്ചന്റെ മുഖത്തേക്ക് തുറിച്ചുനോക്കുകമാത്രമേ അവന്‍ ചെയ്തുള്ളൂ. അച്ചന്‍ ഉടനെ പറഞ്ഞു: ”മധ്യസ്ഥ പ്രാര്‍ത്ഥനയില്‍ ഇരിക്കുന്നവരോട് ഈ മകനുവേണ്ടി ശക്തമായി ജപമാല ചൊല്ലാന്‍ പറയുക.”

ഉടന്‍തന്നെ മധ്യസ്ഥപ്രാര്‍ത്ഥനാ ഗ്രൂപ്പിലുള്ളവര്‍ അവനുവേണ്ടി ജപമാലപ്രാര്‍ത്ഥന ശക്തമാക്കി. അച്ചന്‍ അവന്റെ ശിരസില്‍ കൈകള്‍വച്ച് പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. കണ്ണുകള്‍ തുറിച്ച്, പല്ലുകള്‍ ഇറുമ്മിക്കടിച്ച് അവന്‍ നിന്നു. പ്രാര്‍ത്ഥന കഴിഞ്ഞ് അച്ചന്‍ അവന്റെ കഴുത്തിലണിഞ്ഞിരിക്കുന്ന ആഭരണം കാണിക്കാന്‍ ആവശ്യപ്പെട്ടു. അവന്‍ അനുസരിക്കാതെ നിന്നപ്പോള്‍ അച്ചന്‍തന്നെ അവന്റെ കഴുത്തില്‍നിന്നും അത് അഴിച്ചെടുത്തു. ചരടില്‍ കെട്ടിത്തൂക്കിയിട്ടിരുന്ന ഒരു കുരിശ്. ഒറ്റനോട്ടത്തില്‍ പ്രത്യേകതയൊന്നും തോന്നിയില്ലെങ്കിലും കുരിശിലെ രൂപം കണ്ടപ്പോള്‍ സത്യത്തില്‍ ഒരു ചെറിയ ഉള്‍ക്കിടിലം ഞങ്ങള്‍ക്കും ഉണ്ടായി.

ആ കുരിശിലുണ്ടായിരുന്നത് ഒരു മനുഷ്യന്റെ അസ്ഥിപഞ്ജര രൂപമായിരുന്നു. സാധാരണ കുരിശില്‍ ‘ഐ.എന്‍.ആര്‍.ഐ’ എന്ന് എഴുതിക്കാണുന്ന സ്ഥലത്ത് ‘666’ എന്ന് എഴുതിയിരിക്കുന്നു. ഏതോ സുഹൃത്തില്‍നിന്നും കൗതുകപൂര്‍വം കരസ്ഥമാക്കിയ ആ കുരിശ് ധരിച്ച അന്നുമുതല്‍ അവനില്‍ ഇരുള്‍ നിറഞ്ഞു തുടങ്ങി. പ്രാര്‍ത്ഥനയില്ല, പള്ളിയില്‍ പോകില്ല, ധ്യാനങ്ങളോട് താല്‍പര്യമില്ല, പഠനത്തില്‍ ശ്രദ്ധയില്ല, ഭയം, അസ്വസ്ഥത, കോപം… ഇങ്ങനെ നീങ്ങി അവന്റെ മനസിന്റെ വ്യാപാരങ്ങള്‍. ആ കുരിശ് ഒരു സാത്താനീയ ഉല്‍പന്നമാണെന്ന് അവനുണ്ടോ അറിയുന്നു.

‘മോന്‍, ഇനി ഇത് ധരിക്കേണ്ട. അച്ചന്‍ വേറൊരെണ്ണം തരാം’ എന്നു പറഞ്ഞ് ഒരു വെന്തിങ്ങ (ഉത്തരീയം) അവനെ ധരിപ്പിച്ച്, അവന്റെ കൈയില്‍ ജപമാല നല്‍കി, ഹന്നാന്‍ വെള്ളം തളിച്ച് നെറ്റിയില്‍ കുരിശ് വരച്ച് അച്ചന്‍ എല്ലാവരോടുമായി പറഞ്ഞു: ‘പരിശുദ്ധ മാതാവിന്റെ ജപമാല ജപിച്ച്, ഉത്തരീയം ധരിച്ച് ഭക്തകൃത്യങ്ങളില്‍ വിശ്വസ്തതയോടെ, ശ്രദ്ധയോടെ ചരിക്കുന്നവരെ കീഴ്‌പ്പെടുത്താന്‍ ഒരിക്കലും പിശാചിനാകില്ല. ജപമാല ഭക്തിയോടെ, ശ്രദ്ധയോടെ ചൊല്ലുന്നവര്‍ പരിശുദ്ധ അമ്മയുടെ പ്രിയമക്കളായിരിക്കും.’

അമ്പരിപ്പിച്ച മാറ്റം
ഈ പ്രാര്‍ത്ഥനയ്ക്കുശേഷം അവനില്‍ വന്ന മാറ്റമായിരുന്നു ഞങ്ങളെ അത്ഭുതപ്പെടുത്തിയത്. ശാന്തനായി, നന്നായി പ്രാര്‍ത്ഥിച്ച്, കുമ്പസാരിച്ച് പരിശുദ്ധ കുര്‍ബാന സ്വീകരിച്ച് സന്തോഷവാനായി നീങ്ങിയ അവനില്‍നിന്നും ഭയപ്പാടും മറ്റെല്ലാ അസ്വസ്ഥതകളും വിട്ടുമാറിയിരുന്നു. വര്‍ഷങ്ങള്‍ക്കുമുമ്പ് നടന്ന ഈ സംഭവം ഓര്‍ക്കുമ്പോള്‍ ഇന്നിന്റെ അവസ്ഥ അതില്‍നിന്നും എത്രയോ മാറിക്കഴിഞ്ഞിരിക്കുന്നുവെന്ന് ചിന്തിച്ചുപോകുന്നു. കാലത്തിന്റെ അടയാളങ്ങള്‍ കണ്ടിട്ടും കാണാത്ത ഭാവത്തിലാണ് തിരക്കിലകപ്പെട്ട നമ്മള്‍. ദുഷ്ടാരൂപി അവന്റെ എല്ലാ ആയുധങ്ങളും ഉപയോഗിച്ച് യുദ്ധം ചെയ്യാന്‍ അടര്‍ക്കളത്തില്‍ ഇറങ്ങിക്കഴിഞ്ഞു.

എത്രയോ ജീവിതങ്ങള്‍ അവന്റെ കുരുക്കില്‍ അകപ്പെട്ട് കഴിഞ്ഞിരിക്കുന്നു. സാത്താനീയ ചിഹ്നങ്ങള്‍ പതിപ്പിച്ച വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, ചരടുകള്‍, അവന്റെ കോഡുകള്‍ ആലേഖനം ചെയ്ത വസ്തുക്കള്‍, ഗെയിമുകള്‍, സിനിമകള്‍, സംഗീതങ്ങള്‍… മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഭീകര മായാലോകം… വിവാഹമോചനങ്ങളുടെയും ദാമ്പത്യ അവിശ്വസ്തതയുടെയും ദയനീയ ചിത്രങ്ങള്‍, അഹങ്കാരത്തിന്റെയും കൊലപാതകത്തിന്റെയും യുദ്ധക്കെടുതികളുടെയും ആക്രോശങ്ങള്‍.  അതെ, മനുഷ്യന്‍ പൈശാചിക സന്നിവേശപ്രളയത്തില്‍ മുങ്ങിക്കൊണ്ടിരിക്കുന്നു. മോഷ്ടിക്കുവാനും കൊല്ലുവാനും നശിപ്പിക്കുവാനും ദുഷ്ടന്‍ രംഗപ്രവേശം ചെയ്തുകഴിഞ്ഞു. രക്ഷയ്ക്കായി എന്താണ് ഒരു വഴി..?

വഴി ഒന്നേയുള്ളൂ – രക്ഷകനായ യേശുമാത്രം. ആ രക്ഷകന്‍ മാനവകുലത്തിനായി ഒരുക്കിയിരിക്കുന്ന ഒരു സങ്കേതം ‘ഇതാ നിന്റെ അമ്മ’ എന്നു ചൊല്ലി അവിടുന്ന് വെളിവാക്കിത്തന്നു. പരിശുദ്ധ മറിയമെന്ന നിത്യസഹായത്തെ. ഈ നല്ല അമ്മ തിന്മയുടെ പ്രളയച്ചുഴിയില്‍പ്പെട്ട മക്കള്‍ക്കുവേണ്ടി പരിശുദ്ധ ത്രിത്വസന്നിധിയില്‍ അര്‍പ്പിച്ച പ്രാര്‍ത്ഥനകള്‍ക്ക് മറുപടിയായി സ്വര്‍ഗം നല്‍കിയ സ്‌നേഹസുവിശേഷ ചങ്ങലയാണ് ജപമാല. വിശ്വാസത്തോടെ ഈ ജപമാലച്ചങ്ങലയില്‍ പിടിക്കുന്നവര്‍ പരിശുദ്ധാത്മാവിന്റെ വിമലഹൃദയത്തില്‍ ക്രമേണ എത്തിച്ചേരുകയായി. ഇതുവഴി ഈശോയുടെ തിരുഹൃദയപ്രവേശനം ഉറപ്പാക്കാം.

അതുകൊണ്ടാണ് വിശുദ്ധ ലൂയി ഡി. മോണ്‍ഫോര്‍ട്ട് ഇങ്ങനെ പറഞ്ഞത്: ”നിങ്ങള്‍ നിത്യനാശത്തിന്റെ വക്കത്താണെങ്കിലും നിങ്ങളുടെ ഒരു പാദം നരകത്തിലാണെങ്കിലും നിങ്ങള്‍ സ്വന്തം ആത്മാവിനെ പിശാചിന് വിറ്റിട്ടുണ്ടെങ്കില്‍പോലും ഒടുവില്‍ ഒരു ദിവസം നിങ്ങള്‍ മാനസാന്തരപ്പെടും. നിങ്ങള്‍ നിങ്ങളുടെ ജീവിതത്തിന് മാറ്റം വരുത്തും. എന്തു ചെയ്യുന്നുവെങ്കില്‍? നിത്യവും ഭക്തിയോടെ ജപമാല ചൊല്ലുന്നുവെങ്കില്‍.”

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?