Follow Us On

31

March

2020

Tuesday

ഗ്രെയിറ്റർ വാഷിംഗ്ടൺ സമൂഹത്തിന്റെ സ്വപ്‌നം യാഥാർത്ഥ്യത്തിലേക്ക്; ഉയരുന്നു പുതിയ ദൈവാലയം

ഗ്രെയിറ്റർ വാഷിംഗ്ടൺ സമൂഹത്തിന്റെ സ്വപ്‌നം യാഥാർത്ഥ്യത്തിലേക്ക്; ഉയരുന്നു പുതിയ ദൈവാലയം

മനോജ് മാത്യു

മെരിലാൻഡ്: സ്വന്തം ദൈവാലയം എന്ന ചിരകാല സ്വപ്‌നത്തിലേക്ക് പ്രയാണമാരംഭിച്ച് ഗ്രെയിറ്റർ വാഷിംഗ്ടണിലെ സീറോ മലബാർ സമൂഹം. ചരിത്രപ്രസിദ്ധമായ ഗൈതേഴ്‌സ്ബർഗിലാണ്, ഒന്നര പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിന് വിരാമം കുറിച്ച് പുതിയ ദൈവാലയം ഉയരുന്നത്. ചിക്കാഗോ സിറോ മലബാർ സഹായമെത്രാൻ മാർ ജോയി ആലപ്പാട്ട് അടിസ്ഥാന ശിലയുടെ വെഞ്ചിരിപ്പും നിർമാണോദ്ഘാടനവും നിർവഹിച്ചതോടെ വലിയ ആവേശത്തിലാണ് അവിടത്തെ വിശ്വാസീസമൂഹം.

സീറോ മലബാർ സമൂഹം ഇപ്പോൾ ആരാധനയ്ക്ക് ഉപയോഗിക്കുന്ന മോണ്ട് ഗോമറിയിലെ മദർ ഓഫ് ഗോഡ് കമ്മ്യൂണിറ്റി ദൈവാലയത്തിൽ അർപ്പിച്ച ദിവ്യബലിക്കുശേഷമായിരുന്നു ശിലാ ആശീർവാദവും നിർമാണ ഉദ്ഘാടനവും. 20 വൈദികരും നിരവധി പ്രമുഖരും ഉൾപ്പെടെ നിരവധിപേർ സന്നിഹിതരായിരുന്നു. മിഷൻ ഡയറക്ടർ ഫാ. റോയ് മൂലേച്ചാലിലിന്റെ നേതൃത്വത്തിൽ താലപ്പൊലിയുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെയാണ് വിശിഷ്ടാതിഥികളെ സ്വീകരിച്ചത്.

വിശ്വാസീസമൂഹത്തിന്റെ ത്യാഗത്തിന്റെയും സഹനത്തിന്റെയും ഉത്തമ മാതൃകയാണ് ഇവിടെ നിർമിക്കുന്ന ദൈവാലയമെന്നും ഇതു വെറുമൊരു കെട്ടിടമല്ല കൂട്ടായ്മയുടെ പ്രതീകമാണെന്നും മാർ ആലപ്പാട്ട് പറഞ്ഞു. ഇനിയും ഒത്തിരി കാര്യങ്ങൾ പൂർത്തിയാക്കാനുണ്ടെന്നും കൂട്ടായ പ്രവർത്തനവും അർപ്പണമനോഭാവവും ഉണ്ടെങ്കിൽ മാത്രമേ സമയബന്ധിതമായി അക്കാര്യങ്ങൾ പൂർത്തിയാക്കാൻ സാധിക്കൂവെന്നും അദ്ദേഹം ഓർമിപ്പിച്ചു.

ഫാ. ജോർജ് മഠത്തിപ്പറമ്പിൽ, മുൻ ഡയറക്ടർ ഫാ. മാത്യു പുഞ്ചയിൽ, ഫാ. വിനോദ് മഠത്തിപ്പറമ്പിൽ, ഫാ. ടോം കാലിറ്റ ഫാ. ജസ്റ്റിൻ പുതുശേരി, ഫാ. വിൽസൺ കണ്ടങ്കരി എന്നിവർ ആശംസകൾ നേർന്നു. ഫാ. റോയ് മൂലേച്ചാലിൽ, കൈക്കാരന്മാരായ തോമസ് എബ്രഹാം, മനോജ് മാത്യു എന്നിവർ പ്രസംഗിച്ചു. 12,500 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ദൈവാലയം 2020ൽ കൂദാശ ചെയ്യണമെന്ന ലക്ഷ്യത്തോടെയാണ് നിർമാണ പ്രവർത്തനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.

1976 മുതൽ വാഷിംഗ്ടൺ ഡി.സി മേഖലയിൽ മലയാളം ദിവ്യബലി അർപ്പിക്കപ്പെടുന്നുണ്ടെങ്കിലും 2004സീറോ മലബാർ മിഷൻ രൂപം കൊണ്ടത്. ജെർമൻ ടൗൺ മദർ സെറ്റൺ, ഗൈതേഴ്‌സ്ബർഗ് സെന്റ് റോസ് ഓഫ് ലിമ, ഡാർൺസ്ടൗൺ ഔവർ ലേഡി ഓഫ് ദ വിസിറ്റേഷൻ എന്നീ ദൈവാലയങ്ങളെയാണ് ആരാധന നടത്താൻ ആശ്രയിച്ചിരുന്നത്. ഇപ്പോൾ ഉപയോഗിക്കുന്ന മദർ ഓഫ് ഗോഡ് കമ്യൂണിറ്റി ദൈവാലയത്തിൽ ഒന്നു മുതൽ 10 വരെയുള്ള മതബോധന ക്ലാസുകളും നടക്കുന്നുണ്ട്.

ഫാ. ജോർജ് മ~ത്തിപ്പറമ്പിൽ തുടക്കം കുറിച്ച സീറോ മലബാർ കൂട്ടായ്മ ഫാ. മാത്യു പുഞ്ചയിലിന്റെ നേതൃത്വത്തിൽ വളർച്ച നേടിയപ്പോഴാണ് സ്വന്തം ദൈവാലയം എന്ന സ്വപ്‌നം ജനിച്ചത്. കഠിനാധ്വാനത്തിലൂടെ 2016 നവംബറിൽ സയൺ റോഡിൽ 17 ഏക്കർ സ്ഥലം വാങ്ങി. സ്ഥാപക ഡയറക്ടർ ഫാ. മാത്യു പുഞ്ചയിൽ കഴിഞ്ഞ ഡിസംബറിൽ വിരമിച്ചതിനെ തുടർന്ന് ചുമതലയേറ്റ ഫാ. റോയ് മൂലേച്ചാലിൽ ഈ സ്വപ്‌നത്തിന്റെ ചുക്കാൻ ഏറ്റെടുക്കുകയായിരുന്നു.

നൈറ്റ്സ് ഓഫ് കൊളംബസ്, ജീസസ് യൂത്ത്, ഫെയിത്ത്ഫുൾ ഓഫ് സെന്റ് മേരി തുടങ്ങിയ സംഘടനകൾ ഇവിടെ പ്രവത്തിക്കുന്നുണ്ട്. കോൺഫറൻസ് കോളിലൂടെ ദിവസവും നടക്കുന്ന ജപമാല പ്രാർത്ഥന ഗ്രെയിറ്റർ വാഷിംഗ്ടണിലെ സീറോ മലബാർ സഭയുടെ കൂട്ടായ്മയ്ക്ക് ഉത്തമ ഉദാഹരണമാണ്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?