Follow Us On

31

May

2020

Sunday

ആരുമല്ലാത്തവര്‍ ബന്ധുക്കളായ കഥ

ആരുമല്ലാത്തവര്‍ ബന്ധുക്കളായ കഥ

അന്യദേശക്കാര്‍ ദമ്പതിമാര്‍ ആയ കഥകള്‍ നാം കേട്ടിട്ടുണ്ട്, എന്നാല്‍ ദൈവവിശ്വാസം അന്യദേശക്കാരെ അമ്മയും മകളുമാക്കിയൊരു സംഭവമാണ് ജര്‍മനിയിലെ ഡുസല്‍ഡോര്‍ഫിനടുത്തുള്ള നോയേസ് എന്ന ഗ്രാമത്തിന് പറയാനുളളത്. ഇവിടെ താമസിക്കുന്ന തെരേസയും സാന്ദ്രയുമാണ് കഥാപാത്രങ്ങള്‍. ഇരുവരും അന്യദേശത്ത് ജനിച്ചവരാണെങ്കിലും, അന്യഭാഷക്കാരാണെങ്കിലും, ഒരേ വിശ്വാസവും ഒരേ മനസും ആണെന്ന് തിരിച്ചറിഞ്ഞു. അവര്‍ക്കുള്ളിലെ ദൈവവിശ്വാസം അവരെ അമ്മയും മകളുമാക്കി. ആരുമില്ലാത്ത തെരേസയ്ക്ക് ഉത്തമ വിശ്വാസിയായ മകളായി സാന്ദ്രയെ കിട്ടിയപ്പോള്‍, ആ അമ്മയ്ക്ക് വാക്കുകളില്ലാത്ത സന്തോഷം. പതിവുപോലെ ഇരുവരും നടത്താറുള്ള യാത്രകള്‍ക്കിടയില്‍ മെഡ്ജുഗോറിയില്‍വച്ചാണ് അവര്‍ ജീവിതം പറഞ്ഞത്.
സെര്‍ബിയയിലെ ഫിലിപ്പോ നഗരത്തില്‍ 1930 ഒക്ടോബര്‍ 12-നാണ് തെരേസ ജനിക്കുന്നത്. 1945-ല്‍ ലോകമഹായുദ്ധത്തിന്റെ കഷ്ടത പേറി നാടുവിടേണ്ടി വന്നപ്പോള്‍ കുടുബത്തോടൊപ്പം തെരേസയും നാടുവിട്ടു. ഒരുമിച്ചാണ് പലായനം ആരംഭിച്ചതെങ്കിലും, യുദ്ധവെറിയന്മാരുടെ നിര്‍ബന്ധംമൂലം റഷ്യന്‍പട്ടാളം സഹോദരങ്ങളെ ബന്ദികളാക്കി കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളിലടച്ചു. അതോടെ അമ്മയും 15 വയസുള്ള തെരേസയും മാത്രമായി.
വിശപ്പും രോഗവും മൂലം വല്യമ്മ മരണപ്പെട്ടപ്പോള്‍ തെരേസയ്ക്ക് ഉണ്ടായിരുന്ന പ്രതീക്ഷ സഹോദരങ്ങളിലും മാതാപിതാക്കളിലുമായിരുന്നു. കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പിലെ പീഡനംമൂലം ലക്ഷക്കണക്കിന് മനുഷ്യരോടൊപ്പം സഹോദരങ്ങളും മാതാപിതാക്കളും മരിച്ചതോടെ തെരേസ അനാഥയായി. മനസില്‍ ദുഃഖങ്ങളുടെ കന്മദം ഒളിപ്പിച്ച് ദൈവത്തോട്  പിണങ്ങാതെ, വിശ്വാസത്തില്‍ കരുത്ത് നേടി അവള്‍ തന്റെ യാത്ര തുടര്‍ന്നു.
ഔദ്യോഗിക രേഖകളില്ലാതെ ജര്‍മനിയില്‍ പ്രവേശിച്ച തെരേസയ്ക്കു പക്ഷേ ആരുംജോലി കൊടുത്തില്ല. വിദ്യാഭ്യാസവും ജര്‍മന്‍ ഭാഷാപരിജ്ഞാനവും ഇല്ലാതിരുന്നതുകൊണ്ട്, ജര്‍മനിയിലെ വാസം അത്യന്തം ദുരിതപൂര്‍ണമായിരുന്നു. അടുക്കള ജോലിയില്‍നിന്നും കിട്ടുന്നവരുമാനം കൊണ്ട് അവര്‍ ജീവിതം തള്ളിനീക്കി.
ഒടുവില്‍ സെൻ്റെ   പൗളിന്‍ ആശ്രമത്തിലെ കന്യാസ്ത്രീകള്‍ തെരേസയെ മഠത്തില്‍ അന്തേവാസിയായി സ്വീകരിച്ചു. എല്ലാദിവസത്തെയും ദിവ്യബലി, അവിടെത്തന്നെ തുടരാന്‍ തെരേസയ്ക്ക് പ്രചോദനം നല്‍കി. അവിടെവച്ചാണ് ജര്‍മന്‍ഭാഷയും പ്രാര്‍ത്ഥനകളും അവള്‍ നന്നായിപഠിച്ചത്. രണ്ടുവര്‍ഷത്തെ ആശ്രമജീവിതം നല്‍കിയ ആത്മവിശ്വാസവും ഭാഷാപരിജ്ഞാനവും കൊണ്ട് തെരേസ അതുരശ്രുശ്രൂഷ പഠിക്കാന്‍ ആരംഭിച്ചു. വിവിധ ആശുപത്രികളില്‍ ജോലിചെയ്തശേഷം അറുപത്തിയഞ്ചാം വയസില്‍ പെന്‍ഷനായി.
ഒടുവില്‍ തെരേസ താമസസ്ഥലം കണ്ടെത്തിയത് ജര്‍മനിയിലെ ഡ്യൂസ്സല്‍ഡോര്‍ഫ് എന്ന നഗരത്തില്‍ ആയിരുന്നു. കഷ്ടപ്പാടുകളുടെ ഇടയിലും ദൈവവിശ്വാസത്തെ തള്ളിപ്പറയാന്‍ തെരേസ തയാറായില്ല. പ്രതിസന്ധി സമയത്തെല്ലാം ദൈവത്തോട് അവള്‍ ചേര്‍ന്നുനിന്നു. വിശുദ്ധ കുര്‍ബാനയില്‍ പങ്കുകൊള്ളുന്നതില്‍ ഒരിക്കലും മുടക്കം വരുത്തിയില്ല. അതുതന്നെയാണ് തെരേസയുടെ ഇപ്പോഴത്തെ സന്തോഷത്തിന്റെ കാരണവും. കാലം ഏറെ കടന്നുപോയെങ്കിലും, ആരും തെരേസയുടെ ജീവിതം അറിയാന്‍ ശ്രമിച്ചില്ല. അതില്‍ തെരേസയ്ക്കു തെല്ലും പരിഭവവും ഇല്ല. ‘എല്ലാവര്‍ക്കും അവരുടേതായ വിഷമങ്ങളുണ്ടല്ലോ’ ഇതായിരുന്നു തെരേസയുടെ മറുപടി.
മുഷിഞ്ഞ വസ്ത്രവും ധരിച്ച് ഇടവക ദൈവാലയത്തിന്റെ കവാടം ഇറങ്ങിവരുന്ന തെരേസയെ കണ്ടപ്പോള്‍, സ്പെയിന്‍കാരിയായ സാന്ദ്രയുടെകാലുകള്‍ അറിയാതെ തെരേസയുടെ അടുക്കലേക്കു ചലിച്ചു. മനസിലെവിടെയോ ആ അമ്മയോട് ഒരിഷ്ടം. ആരും ഗൗനിക്കാതിരുന്ന തെരേസയെ അവള്‍ കൈകളില്‍ താങ്ങിപ്പിടിച്ച് അടുത്തുള്ള ബെഞ്ചില്‍ ഇരുത്തി. ഇരുവരും അവര്‍ക്കറിയാവുന്ന ജര്‍മന്‍ ഭാഷയില്‍ പരിചയപ്പെട്ടു.
സ്പെയിനില്‍ നിന്നും വന്ന സാന്ദ്രയുടെ കുടുംബം ജര്‍മനിയിലെ ഹെയ്ഡല്‍ ബെര്‍ഗ് എന്ന പട്ടണത്തിലാണ് താമസിക്കുന്നത്. ഏക സഹോദരന്‍ മാത്രമുള്ള സാന്ദ്ര, ഡ്യൂസ്സല്‍ഡോര്‍ഫിലെ ദൈവാലയം കാണാന്‍ വന്നപ്പോഴായിരുന്നു യാദൃശ്ചികമായ ഈ കണ്ടുമുട്ടല്‍.
കുറേനേരത്തെ സംസാരത്തിനു ശേഷം സാന്ദ്രക്കുമനസിലായി, തെരേസ ഒറ്റപ്പെട്ടുകഴിയുന്ന ഉത്തമ ദൈവവിശ്വാസിയാണെന്ന്. ഈ ലോകത്തിലെ ഏറ്റവുംവലിയ വേദന ഏകാന്തതയാണെന്ന് തിരിച്ചറിഞ്ഞ സാന്ദ്ര, തെരേസയുടെ വീട്ടില്‍ സന്ദര്‍ശനം നടത്തണമെന്ന ആഗ്രഹവും പ്രകടിപ്പിച്ചു.
താന്‍ വീട്ടിലേക്ക് വരുന്നുവെന്ന് പ്രായമായ ആ അമ്മയോട് യുവതിയായ സാന്ദ്ര പറഞ്ഞപ്പോള്‍ തെരേസയുടെ ഹൃദയം എന്തെന്നില്ലാത്ത സന്തോഷംകൊണ്ട്  നിറഞ്ഞു. ഒരമ്മയുടെ സ്പര്‍ശനം കിട്ടിയ സന്തോഷത്തിലായിരുന്നു സാന്ദ്രയും. ഇരുവരുടെയും സൗകര്യം നോക്കി ഏറ്റവും അടുത്തദിവസം തന്നെ സാന്ദ്ര തെരേസയുടെ വീട്ടില്‍ എത്തുകയും ചെയ്തു.
തുടര്‍ന്നങ്ങോട്ട്, അവര്‍ ഇരുവരും അമ്മയും മകളുമായി ജീവിതം തുടങ്ങി. ആരുമില്ലാത്തവര്‍ക്ക് ദൈവവിശ്വാസം കൊടുത്ത കരുത്തായിരുന്നു ആ അമ്മയുടെയും മകളുടെയും ജീവിതം. ഡ്യൂസ്സല്‍ഡോര്‍ഫിലെ ദൈവാലയത്തിന്റെ കവാടത്തിലേക്ക് കാലുകളെ ചലിപ്പിച്ചത് ‘ദൈവംതന്നെ’ എന്ന്പറയാനാണ് സാന്ദ്രയ്ക്ക് ഇഷ്ടം.
തെരേസയും സാന്ദ്രയും അടുത്തടുത്തുള്ള രണ്ടു വീടുകളിലാണ് താമസമെങ്കിലും തെരേസയ്ക്ക് ഒരു മകളായി എപ്പോഴും കൂടെസാന്ദ്രയുണ്ടാകും. തെരേസയ്ക്ക് കിട്ടുന്നപെന്‍ഷനും സാ്ര്രന്ദയുടെ ജോലിയില്‍നിന്ന് ലഭിക്കുന്ന തുച്ഛവരുമാനവുംകൊണ്ട് ഇരുവരും ആത്മീയതീര്‍ത്ഥാടനങ്ങള്‍ നടത്തുകയാണ്‌ പതിവ്.
ബോസ്‌നിയയില്‍ മാതാവ് പ്രത്യക്ഷപെട്ടു എന്ന് വിശ്വസിക്കുന്ന മെഡ്ജുഗോറിയ തീര്‍ത്ഥാടന സ്ഥലത്തുവച്ച് തെരേസയുംസാന്ദ്രയും ആദ്യമായി തങ്ങളുടെ മനസ് പങ്കുവച്ചു.
”ആരും ഞങ്ങളുടെ ജീവിതത്തെ കുറിച്ച് ചോദിക്കാറില്ല. അതുകൊണ്ടു തന്നെ ആരോടും പറഞ്ഞിട്ടുമില്ല. എല്ലാവരുംആഡംബരവും, സൗകര്യങ്ങളും അനേഷിച്ചു പോകുമ്പോള്‍, ഇങ്ങനെയുള്ളവരുടെ മനസ് കാണാന്‍ അവര്‍ക്കെവിടെ സമയം?”
അല്‍പം സ്നേഹത്തിനുവേണ്ടി കൊതിക്കുന്ന എത്രയോ അമ്മമാര്‍ ഉണ്ട് ജര്‍മനിയില്‍. ആരെങ്കിലും അവരോട് അല്‍പം സംസാരിച്ചിരുന്നെങ്കില്‍, അല്പം പരിഗണന കൊടുത്തിരുന്നെങ്കില്‍… അവര്‍ ഈതെരേസയെപ്പോലെ സന്തോഷിക്കുമായിരുന്നു.’ സാന്ദ്രയുടെ ഹൃദയത്തില്‍നിന്നും അടര്‍ന്നു വീണവാക്കുകളായിരുന്നു അത്. 90 വയസുള്ള തെരേസയ്ക്കു പുതുജീവിതം നല്‍കിയത്, സാന്ദ്രയുടെ സാന്നിധ്യം ആണെന്ന് ഒരു ചെറുചിരിയിലൂടെ വ്യക്തത ഇല്ലാത്ത ജര്‍മന്‍ഭാഷയിലൂടെ തെരേസ പറഞ്ഞൊപ്പിച്ചു. ഇരുവരുടെയും കൈകളില്‍ ഉരുളുന്ന കൊന്തമണികള്‍ മാതൃഭക്തിയുടെ കരുത്ത് വിളിച്ചോതുന്നവയായിരുന്നു. ആരുമില്ലാത്ത അമ്മയ്ക്ക് കൂട്ടായി അന്യദേശക്കാരിയായ മകളും അവള്‍ക്ക് വാത്സല്യം ആവോളം നല്‍കുന്ന അമ്മയും നടന്നകലുമ്പോള്‍, ഉള്ളില്‍ ഒരേയൊരു പ്രാര്‍ത്ഥന; ഈ ജീവിത മാതൃക പത്തുപേര്‍ക്കെങ്കിലും വിചിന്തനമായിരുന്നെങ്കില്‍!

ഫാ. ജസ്റ്റിന്‍ പാലിമറ്റം CST

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?