Follow Us On

01

December

2022

Thursday

കുടിയേറ്റ ഗ്രാമത്തിലെ ആദ്യ ബിരുദധാരി

കുടിയേറ്റ ഗ്രാമത്തിലെ  ആദ്യ ബിരുദധാരി

കുറവിലങ്ങാടുനിന്നും ഒ.എം. തോമസ് നിധിരിക്കല്‍ 1956-ല്‍ മലബാറിലേക്ക് കുടിയേറിയത് കുടുംബത്തിന്റെ സുരക്ഷിതമായ ഭാവി എന്ന വലിയ സ്വപ്നവും പേറിയായിരുന്നു. ചങ്ങനാശേരി എസ്.ബി കോളജില്‍നിന്നും ബിരുദമെടുത്ത ഒ.എം. തോമസിന് മലബാര്‍ കുടിയേറ്റം ഒരു സാഹസമായിരുന്നു. സഹപാഠികള്‍ ഉയര്‍ന്ന ഉദ്യോഗങ്ങളിലേക്ക് പോയപ്പോള്‍ ഒ.എം. തോമസ് കണ്ണൂര്‍ ജില്ലയിലെ (അന്നത്തെ മദിരാശി സംസ്ഥാനത്തെ മലബാര്‍ ജില്ല) കുടകു വനാതിര്‍ത്തിയിലെ വാണിയപ്പാറയിലേക്ക് കുടിയേറുകയായിരുന്നു. തലശേരി രൂപത സ്ഥാപിതമായിട്ട് അധികകാലമായിരുന്നില്ല. മലബാര്‍ അപകടമേഖലയായിരുന്നു തിരുവിതാംകൂറില്‍നിന്നുള്ള കുടിയേറ്റക്കാര്‍ക്ക്.
പരിശുദ്ധ ദൈവമാതാവിന്റെ പാദസ്പര്‍ശമേറ്റ കുറവിലങ്ങാട്ടെ പുണ്യഭൂമിയില്‍നിന്ന് മലബാറിന്റെ മലയോരങ്ങളിലെ വികസനമെത്താത്ത നാട്ടിലേക്ക് കുടിയേറുന്നതിനെ ഉറ്റവരും ബന്ധുക്കളും നിരുത്സാഹപ്പെടുത്തുകയും ചെയ്തിരുന്നു. റോഡും പാലവും സ്‌കൂളും പോസ്റ്റ് ഓഫിസ്, ആശുപത്രി തുടങ്ങി എല്ലാത്തിനും ജനകീയ കൂട്ടായ്മമാത്രം. വൈദികരായിരുന്നു എല്ലാത്തിനും മുമ്പില്‍നിന്ന് പ്രവര്‍ത്തിച്ചിരുന്നത്. സര്‍ക്കാര്‍ ഓഫിസുകളിലും ജന്മിമാര്‍ ഉള്‍പ്പെടെ പ്രാദേശിക പ്രമാണിമാര്‍ക്കും കുടിയേറ്റക്കാരുടെ ആത്മീയ ആചാര്യന്മാരായ വൈദികരോട് ബഹുമാനമായിരുന്നതിനാല്‍ പല വികസന കാര്യങ്ങളിലും അനുകൂല സമീപനമുണ്ടായിരുന്നു.
വികസന നായകന്‍
മൂന്നുഭാഗവും പുഴകള്‍. ഒരു ഭാഗം കുടകു മലകളിലെ ഘോരവനങ്ങള്‍. അതിര്‍ത്തി തിരിച്ചറിയാന്‍ കഴിയാത്തപോലെ രണ്ട് സംസ്ഥാനങ്ങളിലും വന്യമൃഗങ്ങള്‍ നിറഞ്ഞ വനഭൂമിയായിരുന്നു. തൊട്ടടുത്ത എടൂര്‍ പള്ളിയില്‍ പോകണമെങ്കില്‍ മഴക്കാലത്ത് നാല് പുഴകളും തോടുകളും കടക്കണം. പുഴ കടക്കാന്‍ പുഴയോരത്തെത്തുമ്പോഴായിരിക്കും അക്കരെയിക്കരെ കടക്കാനാകാത്തവിധം വലിയ വെള്ളപ്പൊക്കം. കുടകുമലയില്‍ ശക്തമായ മഴ പെയ്യുകയോ ഉരുള്‍പൊട്ടലുണ്ടാകുകയോ ചെയ്താല്‍ വെള്ളം കുടിയേറ്റ ഗ്രാമങ്ങളില്‍ എത്തുമായിരുന്നു. അപ്രതീക്ഷിത വെള്ളപ്പൊക്കത്തില്‍ ആളുകള്‍ മരണപ്പെട്ട സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
അക്കാലത്ത് ബിരുദധാരിയായി കുടിയേറ്റ മേഖലയിലുള്ള ഏക കര്‍ഷകനായിരുന്നു ഒ.എം. തോമസ്. ആളുകള്‍ ചെറുതും വലുതുമായ എല്ലാ കാര്യങ്ങള്‍ക്കും ഒ.എം. തോമസിനെ തേടി എത്തുക പതിവായി മാറി. നാട്ടിലുണ്ടാകുന്ന തര്‍ക്കങ്ങള്‍ പറഞ്ഞുതീര്‍ക്കാനും പോലിസ് കേസുകളില്‍ ഇടപെടുകയുമൊക്കെ ചെയ്യണമായിരുന്നു. എടൂരിന് സമീപപ്രദേശങ്ങളില്‍ കുടിയേറ്റക്കാര്‍ ധാരാളമായതോടെ പുതിയ പള്ളികളും ഇടവകകളുമുണ്ടായി. വള്ളോപ്പിള്ളി പിതാവുമായി ചേര്‍ന്ന് ഓരോ കുടിയേറ്റ കേന്ദ്രങ്ങളുടെയും വികസനത്തിനായി സര്‍ക്കാര്‍ ഓഫിസുകളെ സമീപിച്ചുകൊണ്ടിരുന്നു. ഇത് ക്രമേണ രാഷ്ട്രീയത്തിലേക്ക് എത്തിച്ചു. ഇരിട്ടി പ്രദേശത്തെ ജനകീയ നേതാവായതോടെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടിവന്നു. ആറളം പഞ്ചായത്ത് പ്രസിഡന്റായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. പഞ്ചായത്ത് പ്രസിഡന്റായതോടെ വികസന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുവാന്‍ കഴിഞ്ഞു. ആറളം വിഭജിച്ച് അയ്യങ്കുന്ന് പഞ്ചായത്ത് രൂപീകരിച്ചപ്പോള്‍ അവിടെയും പ്രസിഡന്റ് ഒ.എം. തോമസായിരുന്നു. തുടര്‍ച്ചയായി ഇരുപത് വര്‍ഷക്കാലം പ്രസിഡന്റ് സ്ഥാനം വഹിച്ചു. തുടര്‍ന്ന് പുതിയ തലമുറയെ വളര്‍ത്തിയെടുക്കണമെന്ന് പറഞ്ഞ് സ്ഥാനമൊഴിയുകയായിരുന്നു.
വള്ളോപ്പിള്ളി പിതാവിനോടൊപ്പം
കുടിയേറ്റ കേന്ദ്രങ്ങളിലെ എല്ലാം കാര്യങ്ങള്‍ക്കും ജനങ്ങള്‍ മുന്നിട്ടിറങ്ങേണ്ട സാഹചര്യമായിരുന്നു അന്ന് ഉണ്ടായിരുന്നത്. ഒരു കന്യാസ്ത്രീമഠംപോലുമില്ലാത്ത നാട്ടില്‍, വിശ്വാസപരിശീലനത്തിനുള്‍പ്പെടെ കുടിയേറ്റക്കാര്‍ത്തന്നെ മുന്നിട്ട് പ്രവര്‍ത്തിക്കണമായിരുന്നു. അപകട ഭീതിയുള്ള കുടിയേറ്റ കേന്ദ്രങ്ങളിലേക്ക് വന്നവരിലേറെയും ഉയര്‍ന്ന വിദ്യാഭ്യാസമോ സാമ്പത്തികശേഷിയോ ഇല്ലാത്തവരായിരുന്നു. അതിനാല്‍ സാമ്പത്തിക ഭദ്രതയും നല്ല വിദ്യാഭ്യാസവുമുള്ള ഇംഗ്ലീഷില്‍ കാര്യങ്ങള്‍ അവതരിപ്പിക്കുന്ന ഒ.എം. തോമസിന് നാട്ടിലെ എല്ലാ കാര്യങ്ങളിലും മുന്നില്‍ നില്‍ക്കേണ്ടിവന്നു. രൂപതാ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി, വികാരി ജനറാള്‍ മോണ്‍. തോമസ് പഴേപറമ്പില്‍, പ്രധാന വൈദികര്‍ എന്നിവര്‍ക്കെല്ലാമൊപ്പം കുടിയേറ്റ മേഖലകളുടെ വികസന പ്രവര്‍ത്തനങ്ങളില്‍ മുന്‍നിരയില്‍ പ്രവര്‍ത്തിച്ചു. റോഡ്, പാലം, സ്‌കൂള്‍, ആശുപത്രി, പോസ്റ്റ് ഓഫിസ്, വൈദ്യുതി, ഫോണ്‍ തുടങ്ങി ഓരോ പ്രദേശത്തും ആവശ്യങ്ങളും വികസന സ്വപ്നങ്ങളും ഏറെയായിരുന്നു. എല്ലാ കാര്യങ്ങളിലും വൈദികര്‍ മുമ്പിലുണ്ടായിരുന്നു. മലബാറില്‍ സ്ഥിരതാമസമായ ശേഷമായിരുന്നു വിവാഹം. മുണ്ടയ്ക്കാമറ്റത്തില്‍ കുടുംബാംഗമായ ചിന്നമ്മയായിരുന്നു സഹധര്‍മിണി.
തിരുക്കൊച്ചിയും മലബാറും ചേര്‍ന്ന് ഐക്യകേരള സംസ്ഥാന രൂപീകരണത്തോടെ കുടിയേറ്റക്കാരുടെ വലിയ പ്രവാഹമായിരുന്നു മലബാറിലേക്ക്. തലശേരി രൂപത സ്ഥാപിതമായതോടെ ധാരാളം പള്ളികളും സ്ഥാപനങ്ങളുമുണ്ടായതും കുടിയേറ്റക്കാര്‍ക്ക് സഹായകരമായി. എടൂര്‍ സെന്റ് മേരീസ് പള്ളിവികാരിമാരായിരുന്ന ഫാ. തോമസ് ചീരാംകുഴി, ഫാ. ജോസഫ് കൊല്ലംപറമ്പില്‍, ഫാ. ജോസ് മണിമലതറപ്പേല്‍, കെ.വി. വര്‍ഗീസ് വൈദ്യര്‍, കുരുവിള ആശാന്‍, വര്‍ക്കി ചെമ്പോട്ടിയ്ക്കല്‍ തുടങ്ങിയവരുമൊത്ത് വികസനപ്രവര്‍ത്തനങ്ങള്‍ക്ക് രൂപരേഖയുണ്ടാക്കി, ജനങ്ങളെ സംഘടിപ്പിച്ച് രംഗത്തിറങ്ങി.
റൂറല്‍ മാന്‍ പവര്‍ പദ്ധതിയില്‍ (ആര്‍.എം.പി) റോഡുകളും മറ്റും നിര്‍മിച്ചു. കോളിക്കടവ്, കച്ചേരിക്കടവ്, വള്ളിത്തോട് പാലങ്ങള്‍ക്കുവേണ്ടി സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തി. മുന്‍ മുഖ്യമന്ത്രിമാരായ എ.കെ. ആന്റണി, ഉമ്മന്‍ചാണ്ടി തുടങ്ങിയവരുമായുള്ള അടുത്തബന്ധവും കോളജില്‍ സഹപാഠികളായിരുന്ന സര്‍ക്കാര്‍ സര്‍വീസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുമെല്ലാം വികസന പ്രവര്‍ത്തനങ്ങളില്‍ വലിയ സഹായമായി. ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ കോളജില്‍ സഹപാഠിയായിരുന്നു.
മലയോര ഹൈവേ
മാര്‍ വള്ളോപ്പിള്ളി, പി.ആര്‍. രാമവര്‍മ രാജാ, ജോസഫ് കനകമൊട്ട തുടങ്ങിയവരുടെ നേതൃത്വത്തില്‍ മലയോര ഹൈവേക്കുവേണ്ടി മുന്‍നിരയില്‍നിന്ന് പ്രവര്‍ത്തിച്ചു. ഇപ്പോള്‍ കണ്ണൂര്‍ ജില്ലയില്‍ മലയോര ഹൈവേ നിര്‍മാണം മിക്കവാറും പൂര്‍ത്തിയായി. കാസര്‍ഗോഡ്, വയനാട് ജില്ലകളിലും പ്രവൃത്തി പൂര്‍ത്തിയായി വരുന്നു. വൈദികരോടും സഭയോടും ചേര്‍ന്ന് നടത്തിയ പ്രവര്‍ത്തനങ്ങള്‍വഴി വിദ്യാഭ്യാസ-ആതുര ശുശ്രൂഷ-റോഡ് വികസന മേഖലയിലെ നേട്ടങ്ങള്‍ സമൂഹത്തിന് ഏറെ പ്രയോജനകരമായി മാറി. പൊതുപ്രവര്‍ത്തനങ്ങളുടെ എല്ലാ തലങ്ങളിലും ദൈവവഴിയിലായിരുന്നു. അധികാര രാഷ്ട്രീയം സ്വകാര്യലാഭത്തിനും നേട്ടങ്ങള്‍ക്കുമായി മാറ്റാതെ ജനക്ഷേമംമാത്രം ലക്ഷ്യമാക്കിയായിരുന്നു ഒ.എം. തോമസിന്റെ പ്രവര്‍ത്തനങ്ങള്‍.
ദൈവമഹത്വം പ്രഘോഷിക്കുന്ന ശുശ്രൂഷാമേഖലയാക്കി രാഷ്ട്രീയ പ്രവര്‍ത്തനത്തെ മാറ്റി. ജാതി-മത വിഭാഗീയതയില്ലാതെ പ്രവര്‍ത്തിച്ച് ക്രൈസ്തവ സാക്ഷ്യമേകാന്‍ ഒ.എം. തോമസിന് കഴിഞ്ഞു.
അങ്ങാടിക്കടവ്, കച്ചേരിക്കടവ്, അയ്യങ്കുന്ന് തുടങ്ങിയ പ്രദേശങ്ങളുടെ മുഖഛായ മാറ്റുന്നതില്‍ സഹിച്ച ത്യാഗങ്ങളും കഠിനാധ്വാനവും ഏറെയായിരുന്നു. കുടിയേറ്റ മേഖലയില്‍ വിദ്യാഭ്യാസ സൗകര്യം ലഭിച്ച്, രാജ്യത്തിനകത്തും പുറത്തും ഉന്നത നിലയിലെത്തിയ അനേകര്‍ ഒ.എം. തോമസിനെ വലിയ ബഹുമാനത്തോടെയാണ് കാണുന്നത്. വിദ്യാലയങ്ങള്‍ സ്ഥാപിക്കുന്നതില്‍ മുമ്പില്‍നിന്ന് പ്രവര്‍ത്തിച്ചത് ഇദ്ദേഹമായിരുന്നു.
മാതൃകാ കുടുംബനാഥന്‍
അമേരിക്കയിലും ഗള്‍ഫ് നാടുകളിലും സന്ദര്‍ശനം നടത്തുവാനും അവിടെനിന്ന് ലഭിച്ച ജീവിതാനുഭവങ്ങള്‍ നാട്ടിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുവാനും കഴിഞ്ഞു. ഇതോടൊപ്പം മാതൃകാ കുടുംബനാഥനുമായിരുന്നു. ആറര പതിറ്റാണ്ടിലധികം നീണ്ട ദാമ്പത്യജീവിതത്തില്‍ എവിടേക്കുള്ള യാത്രകളിലും ഭാര്യയെ ഒപ്പം കൂട്ടുന്നതില്‍ നിര്‍ബന്ധബുദ്ധിയുണ്ടായിരുന്നു.
മലയോര ഹൈവേ, ആറളം ഫാം, വള്ളിത്തോട്, കച്ചേരിക്കടവ്, കോളിക്കടവ് പാലം എന്നിവയെല്ലാം ഒ.എം. തോമസിന്റെ കഠിനാധ്വാനത്തോടെയുള്ള ശ്രമഫലമായുണ്ടായതാണ്. സഹോദരി സിസ്റ്റര്‍ ഫിലോമിനാമ്മ സേലത്ത് ശുശ്രൂഷ ചെയ്യുന്നു. വാണിയപ്പാറയില്‍ 64 വര്‍ഷംമുമ്പ് കുടിയേറ്റത്തിന്റെ ആദ്യനാളില്‍ താമസം തുടങ്ങിയിടത്താണ് ഇപ്പോഴും താമസം. അഡ്വ. ജെയ്‌സന്‍ തോമസ്, സഞ്ജയ് തോമസ് (നിലമ്പൂര്‍), ഐവാന്‍ തോമസ് (ബഹ്‌റിന്‍), വിജയ് തോമസ് (അമേരിക്ക), ജയ്‌രാജ് തോമസ് (അമേരിക്ക) എന്നിവര്‍ മക്കളും അനീറ്റ് ജോസഫ് (സബ്ജഡ്ജ്, സുല്‍ത്താന്‍ബത്തേരി), ഷെറിന്‍ (ബംഗളൂരു), ലൈല, ജീന, സീന എന്നിവര്‍ മരുമക്കളുമാണ്.
ഒ.എം. തോമസ് നിധിരിക്കല്‍, കുടിയേറ്റ മേഖലയുടെ വികസനരംഗത്തും സഭയുടെ വിശ്വസ്ത സഹായകന്‍ എന്ന നിലയിലും നല്‍കിയ സേവനങ്ങള്‍ കണക്കിലെടുത്ത് വള്ളോപ്പിള്ളി ഫൗണ്ടേഷന്‍ അവാര്‍ഡ് നല്‍കി ആദരിക്കുകയുണ്ടായി. ഒ.എം. തോമസിന്റെ നവതിയാഘോഷവും അവാര്‍ഡ് ദാനവും ബിഷപ് വള്ളോപ്പിള്ളി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ഇക്കഴിഞ്ഞ സെപ്റ്റംബര്‍ ഒന്നിന് അങ്ങാടിക്കടവില്‍ നടത്തിയിരുന്നു. തലശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനിയാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്. കെ. സുധാകരന്‍ എം.പി അവാര്‍ഡ് സമ്മാനിച്ചു.
മോണ്‍. മാത്യു എം. ചാലില്‍, ട്രസ്റ്റ് ചെയര്‍മാന്‍ മാത്യു എം. കണ്ടത്തില്‍, അഡ്വ. സണ്ണി ജോസഫ് എം.എല്‍.എ, നിര്‍മലഗിരി കോളജ് റിട്ട. പ്രിന്‍സിപ്പല്‍ ഡോ. ജോസ്‌ലറ്റ് മാത്യു, പഞ്ചായത്ത് പ്രസിഡന്റ് ഷീജ സെബാസ്റ്റ്യന്‍, ഫൊറോന വികാരി ഫാ. അഗസ്റ്റ്യന്‍ പാണ്ട്യമാക്കല്‍, സണ്ണി ആശാരിപറമ്പില്‍, തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 പ്ലാത്തോട്ടം മാത്യു

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?