Follow Us On

30

November

2020

Monday

ദൈവത്തിന്റെ തിരക്കഥ

ദൈവത്തിന്റെ  തിരക്കഥ

വിശ്വാസത്തെക്കുറിച്ച് മറ്റുള്ളവരോട് പറയുന്നതാണ് ഹോളിവുഡ് താരം കാന്റസ് കാമറോണ്‍ ബ്യൂറിന്റെ ഹോബി. ദൈവവിശ്വാസവുമായി യാതൊരു ബന്ധവുമില്ലാത്ത കുടുംബമായിരുന്നു അവരുടേത്. ഈ അഭിനേത്രി വിശ്വാസത്തിലേക്ക് എത്തിയതിന്റെ പിന്നിലുള്ള കഥ വേണമെങ്കില്‍ ഒരു സിനിമയാക്കാം.

ഹോളിവുഡിലെ വിശ്വാസിയെന്ന് വിശേഷിക്കപ്പിക്കപ്പെടുന്ന നടിയാണ് കാന്റസ് കാമറോണ്‍ ബ്യൂര്‍. കാര്യമായും പരിഹാസത്തോടെയും ചിലര്‍ നടിയെ അങ്ങനെ അഭിസംബോധന ചെയ്യാറുണ്ട്. ഏതു വിധത്തിലാണെങ്കിലും തന്നെ അങ്ങനെ വിളിക്കുന്നതില്‍ അഭിമാനമേയുള്ളൂ കാന്റസ് ബ്യൂറിന്. ഷൂട്ടിങ്ങിന്റെ ഇടവേളകളില്‍ വിശ്വാസവും അതുമായി ബന്ധപ്പെട്ട അനുഭവങ്ങളും പങ്കുവയ്ക്കുന്നത് ഈ അഭിനേത്രി യുടെ പതിവാണ്. അതൊരു ഹോബിയായി മാറിയെന്നു പറഞ്ഞാലും തെറ്റില്ല.
അഭിനയം മാത്രമല്ല, അക്ഷരങ്ങളുടെ ലോകവും കാന്റസിന് വഴങ്ങും. എഴുത്തുകാരി, നിര്‍മ്മാതാവ്, ടെലിവിഷന്‍ പാനലിസ്റ്റ് എന്നീ നിലകളിലും കാന്റസ് പ്രശസ്തയാണ്. നാല് പുസ്തകങ്ങളാണ് കാന്റസ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 2011-ല്‍ പുറത്തിറങ്ങിയ ‘റീഷെയ്പിങ്ങ് ഇറ്റ് ഓള്‍: മോട്ടിവേഷന്‍ ഫോര്‍ ഫിസിക്കല്‍ ആന്റ് സ്പിരിച്വല്‍ ഫിറ്റ്‌നെസ്’ എന്ന പുസ്തകം ന്യൂയോര്‍ക്ക് ടൈംസിന്റെ ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഇടംപിടിച്ചിരുന്നു.
മിനിസ്‌ക്രീനിലെ താരം
ലോസാഞ്ചല്‍സിലെ പനോരമസിറ്റിയില്‍ 1976 ഏപ്രില്‍ ആറിനായിരുന്നു ജനനം. അഞ്ചാം വയസില്‍ അഭിനയ ലോകത്ത് എത്തിയതാണ് കാന്റസ്. ടെലിവിഷന്‍ ഷോകളാണ് കാന്റസിനെ അമേരിക്കന്‍ കുടുംബങ്ങളുടെ പ്രിയങ്കരിയാക്കി മാറ്റിയത്. ഫുള്‍ ഹൗസ് എന്ന ടെലിവിഷന്‍ പരമ്പരയിലെ അഭിനയം സ്വന്തം കുടുംബത്തിലെ ഒരംഗം എന്ന നിലയിലേക്ക് എത്തിച്ചു. 11-ാം വയസില്‍ കൗമാരക്കാരിയായി ഫുള്‍ ഹൗസില്‍ അഭിനയം തുടങ്ങിയ കാന്റസ് പരമ്പര അവസാനിക്കുമ്പോള്‍ യുവതിയായി വളര്‍ന്നിരുന്നു. എട്ട് വര്‍ഷമാണ് പരമ്പര നീണ്ടുനിന്നത്.
ദൈവത്തിന്റെ പദ്ധതികള്‍ എപ്പോഴും മനുഷ്യന് വിസ്മയകരമായിരിക്കും എന്നു പറയുന്നത് കാന്റസിന്റെ ജീവിതത്തില്‍ അക്ഷരംപ്രതി ശരിയാണ്. അല്ലെങ്കില്‍ ക്രൈസ്തവ വിശ്വാസവുമായി ഒരു ബന്ധവും ഇല്ലാതിരുന്ന കുടുംബത്തില്‍ ജനിച്ച കാന്റസ് അടിയുറച്ച വിശ്വാസിയും വിശ്വാസ പ്രഘോഷകയും ആകുമായിരുന്നില്ല. വിശ്വാസം ഒരുവിധത്തിലും അവരുടെ കുടുംബത്തെ സ്വാധീനിച്ചിരുന്നില്ല. ദൈവം എന്ന വാക്കുപോലും അത്ര സുപരിചിതമായിരുന്നില്ല.
കാന്റസിന് 12 വയസുള്ളപ്പോള്‍ ഒരു ഞായറാഴ്ച രാവിലെ ഇന്ന് നമുക്ക് ദൈവാലയത്തില്‍ പോകണമെന്ന് മാതാപിതാക്കള്‍ പറഞ്ഞു. ഒരു വിശ്വാസയാത്രയുടെ ആരംഭംകുറിക്കലാണതെന്ന് ആരും ആ സമയത്ത് തിരിച്ചറിഞ്ഞിരുന്നില്ല. ദൈവാലയത്തിലോ! ആശ്ചര്യത്തോടെയായിരുന്നു കാന്റസിന്റെ പ്രതികരണം. അവിടേക്ക് പോകാനുള്ള കാരണം തിരക്കിയപ്പോള്‍ കിട്ടിയത്, ഒരു കുടുംബ സുഹൃത്ത് അവരെ ദൈവാലയത്തിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നായിരുന്നു. വെറുതെ എന്തിന് സമയം കളയുന്നു എന്ന ഭാവത്തില്‍ പരിഹാസച്ചിരിയാണ് കൗമാരക്കാരിയുടെ ചുണ്ടില്‍ വിരിഞ്ഞത്.
രണ്ട് സഹോദരങ്ങളോടും മാതാപിതാക്കളോടുമൊപ്പം അവളും ദൈവാലയത്തില്‍ പോയി. യഥാര്‍ത്ഥത്തില്‍ അവള്‍ക്ക് അമ്പരപ്പ് ഉണ്ടായത് പിറ്റേ ആഴ്ചയായിരുന്നു. അന്നു രാവിലെയും മാതാപിതാക്കള്‍ ദൈവാലയത്തില്‍ പോകാന്‍ തയാറെടുക്കുന്നു. അവള്‍ക്ക് അതില്‍ ഒട്ടും താല്പര്യം തോന്നിയില്ല. തുടര്‍ന്ന് പിന്നീടുവന്ന എല്ലാ ഞായറാഴ്ചകളിലും അവര്‍ ദൈവാലയത്തില്‍ പോയി. കാന്റസിന് ഇഷ്ടംതോന്നിയില്ലെങ്കിലും ഓരോ ആഴ്ച കഴിയുംതോറും മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും ജീവിതത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങളും അവരുടെ ആനന്ദവും അവളെ ചിന്തിപ്പിച്ചു.
ആഘോഷങ്ങള്‍ക്കും അതിര്‍വരമ്പുകള്‍
അതുവരെ ഇല്ലാതിരുന്ന അഭൗമികമായ എന്തോ ഒന്ന് തങ്ങളുടെ കുടുംബത്തില്‍ അലയടിക്കുന്നുണ്ടെന്ന് ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ അവള്‍ തിരിച്ചറിഞ്ഞു. കുടുംബത്തിലെ മറ്റ് അംഗങ്ങളുടെ സന്തോഷം തനിക്കും സ്വന്തമാക്കണമെന്ന് അവള്‍ക്കു തോന്നി. പിറ്റേ ആഴ്ച ദൈവാലയത്തില്‍ ചെന്നപ്പോള്‍ തീവ്രമായി അവളും പ്രാര്‍ത്ഥിച്ചു. ഒരു കുടുംബത്തിന്റെ മാറ്റത്തിന്റെ തുടക്കമായിരുന്നു അവിടെ. ഏതാനും ആഴ്ചകള്‍ക്കകം കുടുംബം വിശ്വാസത്തിലേക്ക് വന്നു.
യാദൃശ്ചികമായി ലഭിച്ചതാണെങ്കിലും വിശ്വാസം അവരുടെ ജീവിതത്തിന്റെ കേന്ദ്രബിന്ദുവായി മാറാന്‍ അധിക സമയം വേണ്ടിവന്നില്ല. ആത്മീയതയില്‍ പൊതിഞ്ഞ കുടുംബാന്തരീക്ഷം വളരെ വേഗം രൂപപ്പെട്ടു. സഹോദരന്‍ കിര്‍ക്ക് കാമറോണും ആ സമയത്ത് അറിയപ്പെടുന്ന കൗമാരതാരമായിരുന്നു. ആത്മീയത ജീവിതത്തിന്റെ കേന്ദ്ര സ്ഥാനത്ത് ഇടംപിടിച്ചപ്പോള്‍ കുടുംബത്തിന്റെ കാഴ്ചപ്പാടുകള്‍ മുഴുവന്‍ മാറിമറിഞ്ഞു. അവര്‍ അറിയപ്പെടുന്ന താരങ്ങളായിരുന്നെങ്കിലും കൗമാരക്കാരുടെ പാര്‍ട്ടികളിലോ വഴിതെറ്റിയുള്ള ആഘോഷങ്ങളിലോ ഒന്നും പങ്കെടുത്തിരുന്നില്ല.
മക്കള്‍ മൂല്യബോധത്തില്‍ അടിയുറച്ച് വളരണമെന്ന് മാതാപിതാക്കള്‍ക്ക് നിര്‍ബന്ധം ഉണ്ടായിരുന്നു. അത്തരം ആഘോഷങ്ങളില്‍നിന്നും വിട്ടുനിന്നതുമൂലം അവസരങ്ങള്‍ നഷ്ടപ്പെടാന്‍ ഇടയാക്കിയെങ്കിലും മാതാപിതാക്കള്‍ക്ക് നന്ദിപറയുകയാണ് ഇപ്പോള്‍ കാന്റസ് ബ്യൂര്‍. അങ്ങനെയുള്ള ആനന്ദങ്ങളില്‍ പങ്കുചേര്‍ന്നിരുന്നെങ്കില്‍ തന്റെ ജീവിതം മറ്റൊരുവിധത്തിലായി മാറുമായിരുന്നു എന്ന കാര്യത്തില്‍ അല്പംപോലും സംശയമില്ലെന്നും കൂട്ടിച്ചേര്‍ക്കുന്നു. ഹോളിവുഡിലെ തിരക്കുള്ള നടിയായി മാറിയപ്പോഴും 12-ാം വയസില്‍ ലഭിച്ച ദൈവാനുഭവവും വളര്‍ന്നുകൊണ്ടിരുന്നു. എങ്കിലും ആത്മീയ അടിത്തറ ഉറപ്പിച്ചതില്‍ ഒരു പുസ്തകത്തിന് വലിയ പങ്കുണ്ടെന്നാണ് ഈ അഭിനേത്രി പറയുന്നത്.
10 കല്പനകളിലേക്ക് നയിച്ചത് ഒരു പുസ്തകം
കാന്റസ് ബ്യൂറിന്റെ 20-കള്‍ ആരാധകരുടെയും തിരക്കുകളുടെയും നടുവിലായിരുന്നു. ഈ കാലത്താണ് ‘ദ വേ ഓഫ് മാസ്റ്റര്‍’ എന്ന പുസ്തകം വായിക്കുന്നത്. അതു നല്‍കിയത് സഹോദരനും നടനുമായ കിര്‍ക്ക് കാമറോണും. കാഴ്ചപ്പാടുകള്‍ മുഴുവന്‍ ആ പുസ്തകം മാറ്റിമറിച്ചു. 10 കല്പനകളെ മുന്‍നിര്‍ത്തിയുള്ള ഒരു വിലയിരുത്തലായിരുന്നു പുസ്തകത്തിന്റെ രത്‌നചുരുക്കം. അതുവരെ കാന്റസ് ചിന്തിച്ചിരുന്നത് സഹപ്രവര്‍ത്തകരുമായി താരതമ്യപ്പെടുമ്പോള്‍ താന്‍ നല്ല വ്യക്തിയാണ് എന്നായിരുന്നു. ലോകത്തിന്റെ വീക്ഷണകോണുകളെ മുന്‍നിര്‍ത്തിയുള്ള കണക്കുകൂട്ടലുകളായിരുന്നു അങ്ങനെ ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. അവസാന വിധിയില്‍ ദൈവം മാനദണ്ഡമാക്കുന്നത് ദൈവത്തിന്റെ അളവുകോലുകളായിരിക്കും എന്നൊരു തിരിച്ചറിവിലേക്ക് വായന നയിച്ചു.
ഓരോ കല്പനകളുടെയും മുമ്പിലിരുന്ന് ജീവിതത്തെ വിലയിരുത്തിയപ്പോള്‍ താന്‍ വലിയ പാപിയാണെന്ന ബോധ്യം ലഭിച്ചു എന്ന് കാന്റസ് പറയുന്നു. പാപങ്ങളെക്കുറിച്ചുള്ള പുതിയ ഉള്‍ക്കാഴ്ചകള്‍ ലഭിച്ചപ്പോള്‍ ആഴമേറിയ അനുതാപത്തിലേക്ക് അത് എത്തിച്ചു. തന്നില്‍ യഥാര്‍ത്ഥ അനുതാപം ജനിച്ചത് അപ്പോഴായിരുന്നു എന്നാണ് കാന്റസ് പറയുന്നത്. ഒപ്പം യേശുക്രിസ്തു മനുഷ്യ പാപങ്ങള്‍ക്കുവേണ്ടി ക്രൂശിക്കപ്പെടുകയും അവയ്ക്ക് പരിഹാരം അനുഷ്ഠിക്കുകയും ചെയ്തു എന്നതിന്റെ യഥാര്‍ത്ഥ പൊരുള്‍ ലഭിച്ചതും ആ വായനയിലൂടെയാണ്.
ഹോളിവുഡിലെ വെല്ലുവിളികള്‍
യഥാര്‍ത്ഥ വിശ്വാസിയായി ഹോളിവുഡില്‍ നില്ക്കുക അത്ര എളുപ്പമുള്ള കാര്യമല്ലെന്നാണ് ഈ അഭിനേത്രിയുടെ അഭിപ്രായം. കാന്റസിനെ സംബന്ധിച്ചിടത്തോളം അതിനുവേണ്ടി ഏറ്റെടുക്കേണ്ടിവന്ന ത്യാഗങ്ങള്‍ വിശ്വാസത്തിന് നല്‍കുന്ന വിലയാണ്. ജീവിതത്തില്‍ പ്രഥമ സ്ഥാനം സിനിമയ്ക്കല്ല, ജീവിതത്തിനാണെന്ന് കാന്റസ് പറയുന്നു. അഭിനയം തന്റെ പ്രൊഫഷനായതിനാല്‍ ക്രിസ്ത്യന്‍ സിനിമകളില്‍ മാത്രമേ അഭിനയിക്കൂ എന്നു പറയില്ലെന്ന് പറയുന്ന ഈ അഭിനേത്രിക്ക് ഒരു കാര്യത്തില്‍ നിര്‍ബന്ധമുണ്ട്. ഭര്‍ത്താവും മക്കളുമൊരുമിച്ചിരുന്ന് കാണാന്‍ കഴിയുന്ന രംഗങ്ങളില്‍ മാത്രമേ അഭിനയിക്കൂ. അതില്‍ ഒരു വിട്ടുവീഴ്ചയ്ക്കും ഒരുക്കമല്ല. തന്റെ സിനിമകള്‍ ഒരാള്‍ക്കുപോലും പാപത്തിലേക്കുള്ള വഴിയായി മാറരുതെന്ന് കാന്റസിന് നിര്‍ബന്ധമുണ്ട്. റഷ്യന്‍ ഹോക്കി താരമായിരുന്ന വലേറി ബ്യൂര്‍ ആണ് ഭര്‍ത്താവ്. മൂന്ന് മക്കളാണ് ഇവര്‍ക്ക്. 1996 ജൂണ്‍ 26-നായിരുന്നു വിവാഹം.
വിവാഹ മോചനങ്ങള്‍ വാര്‍ത്ത അല്ലാതെയായി മാറിക്കഴിഞ്ഞ ഹോളിവുഡില്‍ വിവാഹത്തിന്റെ രജതജൂബിലി ആഘോഷിക്കാന്‍ ഒരുങ്ങുകയാണ് കാന്റസ്-ബ്യൂര്‍ ദമ്പതികള്‍. വിവാഹത്തില്‍ ഉറപ്പിച്ചുനിര്‍ത്തുന്ന ഘടകം ക്രിസ്തുവാണെന്ന് ഈ ഭാര്യയും ഭര്‍ത്താവും ഒരുപോലെ പറയുന്നു. ജീവിതത്തെ ബൈബിളുമായി ചേര്‍ത്തുനിര്‍ത്തിയിരിക്കുകയാണ് ഇവര്‍. ഏതൊരു കുടുംബത്തിലും എന്നപോലെ അഭിപ്രായ വ്യത്യാസങ്ങളും പ്രശ്‌നങ്ങളുമൊക്കെ തങ്ങളുടെ ജീവിതത്തിലും ഉണ്ടായിട്ടുണ്ടെന്ന് പറയാനും മടിയില്ല. തര്‍ക്കങ്ങളോ ഭിന്നതകളോ ഉണ്ടാകുമ്പോള്‍ ഞങ്ങള്‍ ബൈബിളിലേക്ക് വരും. അവിടെ ജയിക്കുന്നവരും തോല്ക്കുന്നവരുമില്ല. മറിച്ച്, ഒരുമിച്ച് കൈകോര്‍ത്ത് പോകുന്ന അനുഭവങ്ങള്‍ മാത്രമേ ഉള്ളൂ. ഈ വാക്കുകള്‍ സുവിശേഷ പ്രസംഗകയുടേതല്ല, ഹോളിവുഡില്‍ ഇപ്പോഴും സ്വീകാര്യതയുള്ള അഭിനേത്രിയുടേതാണ്.

 ജോസഫ് മൈക്കിള്‍

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?