Follow Us On

31

March

2020

Tuesday

മിഷനറിമാരെ ഭയപ്പെടണം!

മിഷനറിമാരെ  ഭയപ്പെടണം!

രാജ്യം നേരിടുന്ന ഗുരുതരമായ പ്രശ്‌നമാണോ മതപരിവര്‍ത്തനം? പല സംസ്ഥാനങ്ങളിലും മതപരിവര്‍ത്തന നിരോധന നിയമം വന്നുകഴിഞ്ഞു. നിര്‍ബന്ധിത മതപരിവര്‍ത്തനം നിലവിലുള്ള നിയമമനുസരിച്ച് ഇന്ത്യയില്‍ കുറ്റകരമാണ്. എന്നാല്‍, അതു പരിഗണിക്കാതെ കൂടുതല്‍ കര്‍ശനമായ വ്യവസ്ഥകളോടെ മതപരിവര്‍ത്തന നിരോധന നിയമം കൊണ്ടുവരുമ്പോള്‍ സാധാരണക്കാര്‍ക്ക് ഉണ്ടാകാവുന്ന സംശയമാണ് ഇത്. കൂടാതെ, ക്രൈസ്തവ മിഷനറിമാര്‍ വ്യാപകമായി മതപരിവര്‍ത്തനം നടത്തുന്നു എന്ന ആരോപണവും ഉയര്‍ത്തുന്നു. എന്നാല്‍, സെന്‍സസ് രേഖകള്‍ പ്രകാരം ക്രൈസ്തവരുടെ എണ്ണം വര്‍ധിക്കുന്നില്ല. മിഷനറിമാരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള ശ്രമത്തിലാണ് പല വടക്കേഇന്ത്യന്‍ സംസ്ഥാനങ്ങളും. ഹിമാചല്‍പ്രദേശില്‍ മതപരിവര്‍ത്തന നിരോധന നിയമം ഭേദഗതി ചെയ്തത് ഏതാനും ആഴ്ചകള്‍ക്കുമുമ്പായിരുന്നു. അവിടെ മതപരിവര്‍ത്തന നിരോധന നിയമം നിലവില്‍ ഉണ്ടായിരുന്നു. അതനുസരിച്ച് നിര്‍ബന്ധിത മതംമാറ്റത്തിന് പരമാവധി മൂന്ന് വര്‍ഷത്തെ തടവുശിക്ഷയാണ് ഉണ്ടായിരുന്നത്. എന്നാല്‍, നിയമത്തില്‍ വരുത്തിയ ഭേദഗതി അനുസരിച്ച് ഈ കുറ്റകൃത്യത്തിന് ഏഴ് വര്‍ഷം തടവ് ലഭിക്കും. ഹിമാചല്‍പ്രദേശിലെ മതപരിവര്‍ത്തന നിരോധന നിയമത്തിലെ പല വ്യവസ്ഥകളും വ്യാപകമായി ദുരുപയോഗിക്കാന്‍ സാധ്യതയുള്ളതാണ്. മതപരിവര്‍ത്തന നിരോധന നിയമം കൊണ്ടുവരുന്നതില്‍ എന്താണ് തെറ്റെന്ന് കേരളത്തിലെ സാഹചര്യത്തില്‍ സംശയങ്ങള്‍ ഉണ്ടാകാം. ബലംപ്രയോഗിച്ചോ സാമ്പത്തിക സഹായങ്ങള്‍ നല്‍കിയോ മതപരിവര്‍ത്തനം നടത്തുന്നവര്‍ ശിക്ഷിക്കപ്പെടേണ്ടതല്ലേ എന്ന ചോദ്യവും ഉയരാം.
മതപരിവര്‍ത്തന നിരോധന നിയമം നിലവിലുള്ള സംസ്ഥാനങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ നേരിടുന്ന അരക്ഷിതാവസ്ഥയെക്കുറിച്ച് മനസിലാക്കിയാല്‍ ഈ നിയമം കൊണ്ടുവരുന്നതിന്റെ പിന്നിലെ രഹസ്യം പിടികിട്ടും. ക്രൈസ്തവരുടെ പ്രാര്‍ത്ഥനാ സമ്മേളനങ്ങള്‍ തീവ്ര വര്‍ഗീയത പ്രചരിപ്പിക്കുന്ന സംഘടനകള്‍ അലങ്കോലമാക്കുന്നത് പതിവാണ്. സംഘാടകരും അതില്‍ പങ്കെടുത്തിരുന്നവരും മര്‍ദ്ദനങ്ങള്‍ ഏല്‌ക്കേണ്ടിവന്ന ധാരാളം സംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. അതില്‍ സ്ത്രീകളും കുട്ടികളും ഉണ്ടായിരുന്നു. വീടുകളില്‍ നടത്തിയ പ്രാര്‍ത്ഥനാ സമ്മേളനങ്ങള്‍ക്കും ഇതേ അവസ്ഥ ഉണ്ടായിട്ടുണ്ട്. സംഘര്‍ഷ സ്ഥലത്ത് പോലീസ് എത്തിയാല്‍ കേസില്‍ പ്രതിചേര്‍ക്കപ്പെടുന്നത് അക്രമങ്ങള്‍ക്ക് ഇരകളാക്കപ്പെട്ടവരായിരിക്കുമെന്ന വിചിത്ര സ്ഥിതിവിശേഷം ആവര്‍ത്തിക്കപ്പെടുകയാണ്. പോലിസ് എത്തിക്കഴിയുമ്പോള്‍ ഇവര്‍ മതപരിവര്‍ത്തനം നടത്തി എന്ന വ്യാജ പരാതി പ്രതികളോ അവരുടെ കൂടെ ഉള്ളവരോ നല്‍കും. ഉടന്‍ തന്നെ മതപരിവര്‍ത്തനം നടത്തിയെന്ന പേരില്‍ ജാമ്യം ലഭിക്കാത്ത വകുപ്പുകള്‍ പ്രകാരം അവരുടെ പേരില്‍ കേസ് എടുത്ത് റിമാന്‍ഡ്‌ചെയ്യിക്കും. പോലിസിന് സത്യം മനസിലാകാത്തതിനാലല്ല ഇങ്ങനെ ചെയ്യുന്നത്. രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളാണ് നിയമത്തെ വളച്ചൊടിക്കാന്‍ കാരണം.
മതപരിവര്‍ത്തന നിരോധന നിയമം വളച്ചൊടിച്ചാണ് ഏതാനും ആഴ്ചകള്‍ക്കുമുമ്പ് ജാര്‍ഖണ്ഡില്‍ മലയാളി വൈദികനായ ഫാ. ബിനോയി വടക്കേത്തുപറമ്പിലിനെ ജയിലിലടച്ചത്. ഒപ്പം ആദിവാസികളുടെ ഭൂമി തട്ടിയെടുത്തു എന്ന മറ്റൊരു ഗുരുതരമായ കുറ്റവും അദ്ദേഹത്തിനെതിരെ ചാര്‍ജുചെയ്തിരുന്നു. രണ്ടാഴ്ചയ്ക്കുശേഷമാണ് അച്ചന് ജാമ്യം ലഭിച്ചത്. മിഷനറിമാരുടെ പ്രവര്‍ത്തനങ്ങള്‍ പല സംഘടനകളെയും പ്രകോപിപ്പിക്കുന്നു. സമൂഹത്തിന്റെ പിന്നാമ്പുറങ്ങളില്‍ അടിമകളെപ്പോലെ കഴിയുന്ന വലിയൊരു സമൂഹത്തിന്റെ ഉയര്‍ത്തെഴുന്നേല്പാണ് അവരെ വിളറിപിടിപ്പിക്കുന്നത്. മിഷനറിമാരിലൂടെ പുതിയ തലമുറക്ക് വിദ്യാഭ്യാസം ലഭിക്കുന്നു. അതുവഴി മറ്റുവിധത്തിലുള്ള വളര്‍ച്ച ഉണ്ടാകുന്നു. അടിമകളെപ്പോലെ ജോലി ചെയ്യാന്‍ ആളുകളെ കിട്ടാത്ത സാഹചര്യം ഉണ്ടാകുമെന്ന തിരിച്ചറിവാണ് മിഷനറിമാര്‍ക്ക് എതിരെ തിരിയാന്‍ അവിടെയുള്ള ജന്മിമാരെ പ്രേരിപ്പിക്കുന്നത്. അതിന് രാഷ്ട്രീയ നേതാക്കന്മാരുടെ സഹായം അവര്‍ക്ക് ആവശ്യമാണ്. സാധാരണക്കാരുടെ വളര്‍ച്ച വോട്ടുബാങ്ക് നഷ്ടപ്പെടുത്തുമോ എന്ന ഭയം രാഷ്ട്രീയക്കാര്‍ക്കുണ്ട്. അതുകൊണ്ടാണ് മിഷനറിമാരുടെ പ്രവര്‍ത്തനങ്ങള്‍ നിയമത്തിന്റെ സഹായത്തോടെ അവസാനിപ്പിക്കാന്‍ അവര്‍ ശ്രമിക്കുന്നത്. ജനങ്ങളില്‍ വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കുന്നത് രാഷ്ട്രീയമായി തങ്ങള്‍ക്ക് അനുകൂലമാകുമെന്ന തോന്നല്‍ ഉള്ളതുകൊണ്ടാണ് മതത്തിന്റെയും വിശ്വാസത്തിന്റെയും ലേബല്‍ ഇതിനു നല്‍കാന്‍ പരിശ്രമിക്കുന്നത്.
എന്തൊക്കെ പ്രതിബന്ധങ്ങള്‍ ഉണ്ടായാലും മിഷനറിമാര്‍ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കില്ല. കാരണം, വേദനിക്കുന്നവരിലും അടിച്ചമര്‍ത്തപ്പെട്ടവരിലും അവര്‍ കാണുന്നത് ക്രിസ്തുവിന്റെ മുഖമാണ്. മിഷനറിമാരുടെ പ്രവര്‍ത്തനങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുമ്പോള്‍ അതുവഴി ആ പ്രദേശങ്ങളുടെ വളര്‍ച്ച തടയപ്പെടുകയാണ്. മിഷനറിമാര്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം ഉറപ്പുവരുത്തേണ്ടത് സമൂഹത്തിന്റെ ആവശ്യമാണ്. അതിനാല്‍ പൊതുസമൂഹം ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?