Follow Us On

29

March

2024

Friday

നമ്മളെ സ്നേഹിക്കുന്ന, നമ്മൾ സ്നേഹിക്കുന്ന അമ്മ; പരിശുദ്ധ കന്യകാമറിയം

നമ്മളെ സ്നേഹിക്കുന്ന, നമ്മൾ സ്നേഹിക്കുന്ന അമ്മ; പരിശുദ്ധ കന്യകാമറിയം

സച്ചിൻ എട്ടിയിൽ

ക്രിസ്തുവിന്റെ അമ്മയും, ക്രിസ്ത്യാനികളുടെ അമ്മയുമായ പരിശുദ്ധ കന്യകാമറിയത്തോളം ലോക ചരിത്രത്തെ സ്വാധീനിച്ച മറ്റൊരു സ്ത്രീയില്ലായെന്ന് നിസ്സംശയം പറയാൻ സാധിക്കും. സഭയുടെ ആരംഭം മുതലേ, പരിശുദ്ധ കന്യകാമറിയത്തിന് സഭ വലിയൊരു സ്ഥാനമാണ് നൽകുന്നത്. പ്രത്യേകിച്ച് ഒക്ടോബർ മാസം മരിയഭക്തി കൂടുതലായി സഭയിൽ പ്രോത്സാഹിപ്പിക്കപ്പെടുന്നു. ഇതിനു പിന്നിൽ ഒരു ചരിത്രമുണ്ട്.

1571 ഒക്ടോബർ ഏഴാം തീയതി യൂറോപ്പ്  കീഴടക്കാൻ വന്ന ഒട്ടോമൻ തുർക്കികളെ, ചരിത്രത്തിലെ വലിയൊരു നാവിക യുദ്ധമായി അറിയപ്പെടുന്ന ലെപ്പാൻറ്റോ യുദ്ധത്തിൽ മറിയത്തിന്റെ മാധ്യസ്ഥം വഴി ക്രൈസ്തവ സേനയായ ഹോളി ലീഗ് പരാജയപ്പെടുത്തി. ജപമാലയുടെ ശക്തിയാലാണ് തങ്ങൾക്ക് വിജയം ലഭിച്ചതെന്ന് ഉറച്ചുവിശ്വസിച്ച പയസ് അഞ്ചാമൻ പാപ്പ പ്രസ്തുത ദിവസം  മരിയൻ തിരുന്നാൾ ആചരിക്കണമെന്ന് പ്രഖ്യാപിച്ചു. പിന്നീട് ഇതിന്റെ ചുവടുപിടിച്ച് ഒക്ടോബർ മാസം ജപമാല മാസമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ആചരിക്കാൻ ആരംഭിച്ചു.

കാലാകാലങ്ങളായി മാതാവിന്റെ മാധ്യസ്ഥ ശക്തി കത്തോലിക്കാ വിശ്വാസികൾക്ക് സുപരിചിതമാണ്. പ്രാണ വേദനയാൽ കുരിശിൽ ക്രിസ്തു പിടയുമ്പോൾ സഭയുടെ പ്രതീകമായ യോഹന്നാൻ അപ്പസ്തോലനെ കുരിശിന്റെ താഴെ കാണാം. മറിയത്തെ ചൂണ്ടിക്കാണിച്ച്  ഇതാ നിന്റെ അമ്മ എന്ന് യോഹന്നാനോട് ക്രിസ്തു പറയുമ്പോൾ, തന്റെ അമ്മയെ സഭാ മക്കളായ നമുക്ക് ക്രിസ്തു നൽകുകയാണ്. ഉത്ഭവ പാവമില്ലാതെയാണ് കന്യാമറിയം ജനിച്ചതെന്ന് തിരുസ്സഭ പഠിപ്പിക്കുന്നു. രക്ഷാകര പദ്ധതിയിൽ മറിയം വലിയ  പങ്കുവഹിക്കണമെന്നുള്ളത് ദൈവത്തിന്റെ പദ്ധതിയായിരുന്നു.

“പിതാവായ ദൈവം വെള്ളമെല്ലാം ഒരുമിച്ച് ചേർത്ത് അതിനെ കടൽ എന്നുവിളിച്ചു. കൃപകൾ എല്ലാം ഒരുമിച്ചുചേർത്ത് അതിന് മറിയം എന്നും പേരു നൽകി” എന്ന് വിശുദ്ധ ലൂയിസ് ഡി മോൺഫോർട് പറയുന്നു.  ദൈവകൃപ നിറഞ്ഞ മറിയത്തിന്റെ മാധ്യസ്ഥയിൽ പ്രാർത്ഥിക്കുമ്പോൾ, നമ്മുടെ അപേക്ഷകൾ ദൈവതിരുമുമ്പിൽ കൂടുതൽ സ്വീകാര്യമാകുന്നു.

ബിഷപ്പ് ഫുൾട്ടൻ ഷീൻ, പരിശുദ്ധ കന്യകാമറിയത്തിന് ദൈവത്തിൽ നിന്ന് ലഭിച്ച പ്രത്യേക വിളിയെ ഇപ്രകാരം വിവരിക്കുന്നു “എല്ലാ അമ്മമാരും ഒരു കുഞ്ഞു ജനിക്കുന്ന സമയത്ത് സ്വർഗ്ഗത്തിലേക്കു നോക്കി ഭൂമിയെ വീണ്ടും ചെറുപ്പമാക്കിയ ദൈവത്തിന്റെ സമ്മാനത്തിനു നന്ദി പറയും. എന്നാൽ ഇവിടെ ഒരമ്മ നോക്കിയത് സ്വർഗ്ഗത്തിലേക്കല്ല, മറിച്ച് അവളുടെ കെെകളിലേക്കു തന്നെയായിരുന്നു, കാരണം സ്വർഗം അവളുടെ കെെകളിലായിരുന്നു.” ശിശുവായി ജനിച്ച ദൈവ കുമാരനെ കൈകളിലേന്തിയ നിമിഷം മാത്രമല്ല, മറിച്ച്  സ്വർഗ്ഗം ഇപ്പോഴും മാതാവിന്റെ  കൈകളിൽ തന്നെയാണ്. സഭാ മക്കൾക്ക് സ്വർഗത്തിലേക്കുള്ള വഴികാട്ടിയായി അനുദിനം പരിശുദ്ധ അമ്മ നമ്മളെ വഴിനടത്തുന്നു. ഒക്ടോബർ മാസം ജപമാലയിൽ മുറുകെപ്പിടിച്ച് മരിയഭക്തിയിൽ വളരാൻ നമുക്ക് പരിശ്രമിക്കാം.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?