Follow Us On

15

October

2019

Tuesday

മൂന്ന് പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമം; വിശുദ്ധ ന്യൂമാന് ഇംഗ്ലണ്ടിന്റെ വരവേൽപ്പ്

പ്രമുഖർ പങ്കെടുക്കുന്ന സിംപോസിയങ്ങൾ സവിശേഷമാകും

മൂന്ന് പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമം; വിശുദ്ധ ന്യൂമാന് ഇംഗ്ലണ്ടിന്റെ വരവേൽപ്പ്

ബിജു നീണ്ടൂർ

ഇംഗ്ലണ്ട്: മൂന്ന് പതിറ്റാണ്ടിന്റെ കാത്തിരിപ്പുകൾക്കുശേഷം ലഭിക്കുന്ന വിശുദ്ധൻ, കത്തോലിക്കാ സഭാംഗമായി മാറിയ ആംഗ്ലിക്കന്മാരിൽനിന്നുള്ള പ്രഥമ വിശുദ്ധൻ, ഇംഗ്ലണ്ടിന്റെ ‘ആധുനിക വിശുദ്ധൻ’ എന്നിങ്ങനെയുള്ള വിശേഷണങ്ങളുമായി വിശുദ്ധാരാമത്തിലേക്ക് പ്രവേശിക്കുന്ന കർദിനാൾ ന്യൂമാനെ ഹൃദയംകൊണ്ട് വരവേൽക്കുകയാണ് ഇംഗ്ലണ്ട്.

കർദിനാൾ ന്യൂമാന്റെ വിശുദ്ധ പദവി പ്രഖ്യാപനത്തോട് അനുബന്ധിച്ച് വിവിധങ്ങളായ പരിപാടികളാണ് ഇംഗ്ലണ്ടിലെ സഭ ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ആത്മീയ ശുശ്രൂഷകൾക്കു പുറമെ, പ്രമുഖർ പങ്കെടുക്കുന്ന സിംപോസിയങ്ങളും സെമിനാറുകളും വിവിധ സ്ഥലങ്ങളിൽ സംഘടിപ്പിച്ചിട്ടുണ്ട്. ആംഗ്ലിക്കൻ സഭാ തലവനും കാന്റർബറി ആർച്ച്ബിഷപ്പുമായ ജസ്റ്റിൽ വെൽബിയുടെ പ്രഭാഷണവും ശ്രദ്ധേയമാകും. ഒക്‌ടോബർ 19 വൈകിട്ട് 3.30 ന് നടക്കുന്ന പ്രഭാഷണത്തിന് വെസ്റ്റ് മിനിസ്റ്റർ കത്തീഡ്രലാണ് വേദി.

രണ്ട് കൃതജ്ഞതാ ബലികളാണ് ഇംഗ്ലണ്ടിൽ അർപ്പിക്കപ്പെടുക. ഒക്‌ടോബർ 17ന് ലണ്ടൻ ഒറേട്ടറിയിൽ അർപ്പിക്കുന്ന കൃതജ്ഞതാബലിക്ക് വെസ്റ്റ് മിനിസ്റ്റർ ആർച്ച്ബിഷപ്പ് കർദിനാൾ വിൻസെന്റ് നിക്കോൾസ് മുഖ്യകാർമികത്വം വഹിക്കും. കർദിനാൾ ന്യൂമാൻ സ്ഥാപിച്ച, ബർമിംഗ്ഹാമിലെ ആശ്രമത്തിൽ ഒക്‌ടോബർ 18 വൈകിട്ട് 7.30ന് അർപ്പിക്കുന്ന കൃതജ്ഞതാബലിക്ക് ബർമിംഗ്ഹാം ആർച്ച്ബിഷപ്പ് ബെർണാർഡ് ലോംങ്‌ലി മുഖ്യകാർമികനായിരിക്കും.

‘കർദിനാൾ ന്യൂമാനും നവ സുവിശേഷവത്ക്കരണവും’ എന്ന വിഷയത്തിൽ ഒക്‌ടോബർ 16 വൈകിട്ട് 5.00ന് സംഘടിപ്പിച്ചിരിക്കുന്ന സിംപോസിയവും ശ്രദ്ധേയമാകും. കർദിനാൾ ന്യൂമാന്റെ പ്രഭാഷണങ്ങൾക്ക് വേദിയായിട്ടുള്ള ഓക്‌സ്‌ഫോർഡ് സെന്റ് മേരീസ് കത്തോലിക്കായൂണിവേഴ്‌സിറ്റിയാണ് വേദി എന്നതും സവിശേഷതയാണ്. ആഗോളതലത്തിൽതന്നെ ശ്രദ്ധേയസ്ഥാനമുള്ള വാഗ്മിയും ‘വേർഡ് ഓൺ ഫയർ’ സ്ഥാപകനുമായ അമേരിക്കൻ ബിഷപ്പ് റോബർട്ട് ബേരനാണ് സിംപോസിയം നയിക്കുന്നത്.

തത്വചിന്തകരെയും ചരിത്രകാരന്മാരെയും അണിനിരത്തി സെന്റ് മേരീസ് കാത്തലിക് യൂണിവേഴ്‌സിറ്റിയും വെസ്റ്റ് മിനിസ്റ്റർ ആബിയും ചേർന്ന് സംഘടിപ്പിക്കുന്ന സിംപോസിയത്തിന് സെന്റ് മാർഗരറ്റ് സിറ്റിയിലെ സെന്റ് മാർഗരറ്റ് ദൈവാലയമാണ് വേദി. ഒക്‌ടോബർ 19 രാവിലെ 9.30ന് ആരംഭിക്കുന്ന സിംപോസിയം ‘ജോൺ ഹെൻറി ന്യൂമാൻ: സ്വാധീനവും സംഭാവനയും’ എന്ന വിഷയമാണ് ചർച്ച ചെയ്യുന്നത്.

വിശുദ്ധ പദവി പ്രഖ്യാപനത്തോട് അനുബന്ധിച്ച് ഒരു എക്യുമെനിക്കൽ ശുശ്രൂഷയും ക്രമീകരിച്ചിട്ടുണ്ട്. ഒക്‌ടോബർ 17 വൈകിട്ട് 5.30ന് ഓക്‌സ്ഫോർഡിലെ സെന്റ് മേരീസ് യൂണിവേഴ്‌സിറ്റി ചർച്ചിൽ നടക്കുന്ന ശുശ്രൂഷയിൽ ബർമിംഗ്ഹാം ആർച്ച്ബിഷപ്പ് ബർണാർഡ് ലോങ്‌ലി മുഖ്യ പ്രഭാഷണം നടത്തും.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?