Follow Us On

12

July

2020

Sunday

മറിയം ത്രേസ്യയുടെ വിശുദ്ധ പദവി പ്രഖ്യാപനം: സന്തോഷം വിവരിക്കാനാകാതെ ഗിൽബർട്ടുകാർ!

മറിയം ത്രേസ്യയുടെ വിശുദ്ധ പദവി പ്രഖ്യാപനം: സന്തോഷം വിവരിക്കാനാകാതെ ഗിൽബർട്ടുകാർ!

മറിയം ത്രേസ്യയുടെ വിശുദ്ധ പദവി മലയാളികളെ സംബന്ധിച്ചുമാത്രമല്ല ഭാരതത്തിലെ ഓരോ വിശ്വാസിക്കും ആഹ്‌ളാദ കാരണമാണ്. എന്നാൽ, അമേരിക്കയിലെ ഗിൽബർട്ടുകാരുടെ ആഹ്‌ളാദത്തിന് മറ്റൊരു കാരണം കൂടിയുണ്ട്.

ലിനറ്റ് സെബാസ്റ്റ്യൻ

ഏറെ നാളായി കാത്തിരുന്ന ഒരു അറിയിപ്പ് ഒരു ബ്രേക്കിംഗ് ന്യൂസ് പോലെ എത്തിയതിലുള്ള ആഹ്‌ളാദത്തിലാണ് അരിസോണയിലെ ഗിൽബർട്ട് നിവാസികൾ. ഒക്ടോബർ 13ന് വാഴ്ത്തപ്പെട്ട മറിയം ത്രേസ്യായെയും വിശുദ്ധരുടെ ഗണത്തിലേക്ക് സഭ ഔദ്യോഗികമായി ചേർക്കുമെന്നതുതന്നെ ആ സന്തോഷ വാർത്ത. കാരണം മറ്റൊന്നുമല്ല, ഗിൽബർട്ടിലുള്ളവർ നാളുകൾക്കുമുമ്പേ മറിയം ത്രേസ്യായെ സ്വന്തം വിശുദ്ധയായാണ് കരുതിപ്പോരുന്നത്.

സാർവത്രികസഭയിലെ ഒരു വിശുദ്ധയെ ഒരു പ്രദേശത്തുകാർ തങ്ങളുടെ സ്വന്തമെന്ന് വിശേഷിപ്പിക്കുന്നത് യുക്തിക്ക് ചേർന്നതാണോ? ചോദ്യം മറിയം ത്രേസ്യായെക്കുറിച്ചാണെങ്കിൽ ഗിൽബർട്ടുകാർ പറയും: ‘യുക്തി വിചാരമൊക്കെ അവിടെ നിൽക്കട്ടെ, ജീവിതാനുഭവങ്ങളിലൂടെയാണ് ഞങ്ങൾ മറിയം ത്രേസ്യായെ സ്വന്തമാക്കിയത്.’

മറിയം ത്രേസ്യായെന്ന വിശുദ്ധയെക്കുറിച്ച് പറഞ്ഞു തുടങ്ങിയാൽ ഗിൽബർട്ടിലെ വിശ്വാസികൾക്ക് ആയിരം നാവാണ്. മറ്റാരു പറഞ്ഞു തീർന്നാലും ശരി, അതിലധികം കൂട്ടിച്ചേർക്കാനുണ്ടാകും മറിയം ത്രേസ്യായെക്കുറിച്ച് അവർക്ക്. മലയാളം എഴുതാനും വായിക്കാനും അറിയാത്ത കുട്ടികൾപോലും, ചോദ്യം മറിയം ത്രേസ്യായെക്കുറിച്ച് ച്ചാണെങ്കിൽ നിർത്താതെ പറഞ്ഞുതുടങ്ങും കുറഞ്ഞത് അഞ്ച് മിനിറ്റെങ്കിലും.

വെറുതെയങ്ങനെ പറഞ്ഞു പോവുകയല്ല ഗിൽബർട്ടുകാർ. അവരുടെ പ്രത്യേക ഭക്ത്യാദരവുകൾക്ക് പ്രത്യേക കാരണങ്ങളുമുണ്ട്. സ്വാനുഭവങ്ങളിലൂടെ ലഭിച്ച ബോധ്യങ്ങൾതന്നെ കാരണം. രോഗ ശയ്യയിലായപ്പോൾ മറിയം ത്രേസ്യായുടെ മാധ്യസ്ഥത്താൽ സൗഖ്യം ലഭിച്ചെന്ന് ബോധ്യമുള്ളവർ. മറിയം ത്രേസ്യായോട് അപേക്ഷിച്ചുകൊണ്ട് ജോലിസ്ഥലത്തെ പ്രതിസന്ധികൾ എളുപ്പത്തിൽ തരണം ചെയ്യാൻ കഴിഞ്ഞെന്ന് വിശ്വസിക്കുന്നവർ.

മക്കളുടെയും കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയുമെല്ലാം ഭൗതിക പുരോഗതിക്കും ആത്മീയ വളർച്ചയ്ക്കുമെല്ലാം മറിയം ത്രേസ്യയുടെ മാധ്യസ്ഥം സഹായകരമായെന്ന് വ്യക്തിപരമായി സാക്ഷ്യപ്പെടുത്തുന്നവരുമുണ്ട് അവർക്കിടയിൽ. വിശുദ്ധ മറിയം ത്രേസ്യയോടുള്ള ഭക്തി ഗിൽബർട്ടുകാരുടെ നിത്യ ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു.

പറഞ്ഞു വന്നത് സകല ഗിൽബർട്ടുകാരെയും കുറിച്ചല്ല. വർഷങ്ങൾക്കുമുമ്പ്, മലയാളക്കരയിൽനിന്ന് തൊഴിൽതേടി യു.എസിലെ അരിസോണ സംസ്ഥാനത്ത് കുടുംബമായി എത്തിച്ചേർന്ന്, ചൂടിനോടും തണുപ്പിനോടും സംസ്‌ക്കാരത്തോടും പോരാടി ജീവിത വിജയമുറപ്പിച്ച ഗിൽബർട്ട് നിവാസികളെക്കുറിച്ചാണ്.മലയാളികൾ നാളുകളായി അധിവസിക്കുന്ന ഒരു ചെറു പട്ടണമാണ് അരിസോണയിലെ ഗിൽബർട്ട്. ഫീനിക്‌സ് ഹോളി ഫാമിലി സീറോ മലബാർ ദൈവാലയത്തിലെ ഇടവകാംഗങ്ങളാണ് ഇവരിലേറെയും. ഇതര ക്രൈസ്തവ വിഭാഗത്തിൽപ്പെട്ടവരും അക്രൈസ്തവരുമുണ്ട്. എല്ലാവരും മലയാളത്തനിമ കൈവിടാതെ പരസ്പര സ്‌നേഹത്തിൽ ഒരുമിച്ച് വസിക്കുന്നു.

വാസ്തവം പറഞ്ഞാൽ, ഹോളി ഫാമിലി ഇടവകാംഗങ്ങളിൽനിന്ന് പറഞ്ഞു കേട്ടും, ജാതിമത വ്യത്യാസമില്ലാതെ മലയാളികൾക്കെല്ലാം സുപരിചിതയായിക്കഴിഞ്ഞു വിശുദ്ധ മറിയം ത്രേസ്യാ. അല്ലെങ്കിൽ തന്നെ കേരളത്തിന്റെ മണ്ണിൽപിറന്ന്, ജീവിച്ച് മരിച്ച് വിശുദ്ധപദം നേടിയ മറിയം ത്രേസ്യയെ മലയാളിയ്ക്ക് എങ്ങനെ മറക്കാനാകും! ഇനിയും ഗിൽബർട്ടുകാരുടെസ്വന്തം വിശുദ്ധയോടുള്ള വിശേഷാൽ ഭക്തിയുടെ കാരണമന്വേഷിച്ച് അധികമൊന്നും തെളിവുകൾ സമർപ്പിക്കേണ്ടതില്ലല്ലോ.

ഏതാനും വർഷംമുമ്പ് ഫീനിക്‌സ് ഹോളി ഫാമിലി സീറോമലബാർ സമൂഹത്തിൽപ്പെട്ട ഇടവകാംഗങ്ങളെ വാർഡ് അടിസ്ഥാനത്തിൽ പ്രാർത്ഥനാ ഗ്രൂപ്പുകളായി തിരിച്ചപ്പോൾ ഗിൽബർട്ടുകാർ അവരുടെ വാർഡ് മധ്യസ്ഥയായി തിരഞ്ഞെടുത്തത് വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയെയാണ്. അന്നുമുതൽ ഗിൽബർട്ടുകാർക്കിടയിൽ വിശുദ്ധയോട് ഒരു പ്രത്യേക ഭക്തിയുണ്ട്.

മാസത്തിലൊരു പ്രാവശ്യം, മുൻകൂട്ടി നിശ്ചയിച്ചതിൽ പ്രകാരം ഒരു ഭവനത്തിലൊരുമിച്ച്കൂടി വിശുദ്ധയുടെ തിരുസ്വരൂപത്തിന് മുമ്പാകെ പ്രാർത്ഥിക്കും. അതിനുശേഷമാകും വാർഡുമായി ബന്ധപ്പെട്ട സുപ്രധാന കാര്യങ്ങളെല്ലാം തീരുമാനിക്കുക. പ്രാർത്ഥനാകൂട്ടായ്മയ്ക്ക് നേതൃത്വം നൽകുക ഇടവക വികാരിയായിരിക്കും.

വാർഡ് മധ്യസ്ഥ വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെടുമ്പോൾ അംഗങ്ങളുടെ സന്തോഷം എത്രയധികമായിരിക്കും. ഗിൽബർട്ടുകാരാകുമ്പോൾ ആഹ്‌ളാദം ഒട്ടും മറച്ചു വയ്ക്കില്ല, തീർച്ചയാണ്. എല്ലാവർഷവും ഹോളി ഫാമിലി ഇടവകയിൽആഘോഷിച്ച് പോരുന്ന വാഴ്ത്തപ്പെട്ട മറിയം ത്രേസ്യായുടെ തിരുനാൾ ഏറ്റെടുത്ത് നടത്തുന്നത് ഗിൽബർട്ടുകാരാണ്. ഇത്തവണ, ഒക്ടോബർ 13ന് മറിയം ത്രേസ്യാ വിശുദ്ധയെന്ന് പ്രഖ്യാപിക്കപ്പെടുന്ന ദിനത്തിൽ തന്നെ തിരുനാൾ ഭക്ത്യാഢംബര പൂർവം കൊണ്ടാടുന്നതിനുള്ള ഒരുക്കത്തിലാണ് ഈ വാർഡ് അംഗങ്ങൾ.

പ്രത്യേകതയെന്നോണം മറിയം ത്രേസ്യായുടെ ജീവിതം പശ്ചാത്തലമാക്കിയുള്ള ഒരു ലഘു നാടകവും തിരുനാൾ കലാപരിപാടികളുടെ ഭാഗമായുണ്ടാകും. വിശുദ്ധയോടുള്ള ഭക്തി പ്രചരിപ്പിക്കക ഗിൽബർട്ടിന്റെ ലക്ഷ്യമാണ്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?