Follow Us On

28

March

2024

Thursday

സഭയുടെ ഭാവി അപകടത്തിലോ?

സഭയുടെ ഭാവി  അപകടത്തിലോ?

കത്തോലിക്ക സഭയുടെ ഭാവിയെക്കുറിച്ച് ചിലര്‍ക്ക് എങ്കിലും വലിയ ആശങ്കകളുണ്ട്. കേള്‍ക്കുന്ന പല വാര്‍ത്തകളും അവരെ ഉല്‍ക്കണ്ഠപ്പെടുത്തുന്നു. ഒരു ഭാഗത്ത് പീഡനങ്ങളാണ് പ്രശ്‌നമെങ്കില്‍ മറ്റുചിലയിടത്ത് വിശ്വാസത്തിന് മങ്ങലേല്‍ക്കുന്ന സംഭവങ്ങള്‍ ഉണ്ടാകുന്നു. ചില രാജ്യങ്ങളില്‍ ദൈവാലയങ്ങളില്‍ എത്തുന്നവരുടെ എണ്ണത്തില്‍ കുറവു സംഭവിക്കുന്നു. ഒളിഞ്ഞും തെളിഞ്ഞും വിശ്വാസത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന പ്രബലമായ ശക്തികളെ സഭയ്ക്ക് നേരിടേണ്ടിവരുന്നു. പാശ്ചാത്യ രാജ്യങ്ങളില്‍ സഭയോട് എതിര്‍പ്പ് ഉണ്ടാകാന്‍ കാരണം സഭ ചില വിഷയങ്ങളില്‍ സ്വീകരിക്കുന്ന ഉറച്ച നിലപാടുകളാണ്. സ്വവര്‍ഗ വിവാഹം, ഗര്‍ഭഛിദ്രം തുടങ്ങിയ തിന്മകള്‍ക്ക് എതിരെ കത്തോലിക്ക സഭ എന്നും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളാണ് സ്വീകരിച്ചിട്ടുള്ളത്. സ്വാതന്ത്ര്യത്തിന്റെ ഭാഗമായിട്ടാണ് ഇത്തരം തിന്മകള്‍ ഇപ്പോള്‍ സമൂഹത്തില്‍ അവതരിപ്പിക്കപ്പെടുന്നത്. ആ രാജ്യങ്ങളില്‍ കത്തോലിക്ക വിശ്വാസത്തെ തകര്‍ക്കാന്‍ അതിന് പിന്നിലുള്ള പ്രബലമായ ശക്തികള്‍ സര്‍വസന്നാഹവും ഉപയോഗിക്കുന്നു. ഭരണസംവിധാനങ്ങളെ ഉപയോഗപ്പെടുത്തി ക്രൈസ്തവ വിശ്വാസത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന രാജ്യങ്ങളുമുണ്ട്. പാക്കിസ്ഥാന്‍പോലുള്ള രാജ്യങ്ങളില്‍ മതനിന്ദാകുറ്റം ചുമത്തപ്പെട്ട അനേകം ക്രൈസ്തവര്‍ ജയിലുകളിലാണ്. ഭൂരിപക്ഷ സമുദായത്തില്‍പ്പെട്ടവര്‍ക്ക് ന്യൂനപക്ഷങ്ങള്‍ക്ക് എതിരെ എങ്ങനെ വേണമെങ്കിലും ഉപയോഗിക്കാവുന്ന തരത്തില്‍ ആ നിയമങ്ങള്‍ വളച്ചൊടിക്കപ്പെടുന്നു. അയല്‍ക്കാര്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍പ്പോലും മതനിന്ദാകുറ്റമായി മാറുന്നു. വധശിക്ഷയാണ് അവരെ കാത്തിരിക്കുന്നത്. മാനുഷികമായി വിലയിരുത്തിയാല്‍ ഇന്ത്യയില്‍പ്പോലും വിശ്വാസത്തിന് ശോഭനമായ ഭാവി പ്രതീക്ഷിക്കാന്‍ കഴിയാത്ത സാഹചര്യമാണ്. നിലപാടുകളില്‍ അല്പം അയവുവരുത്തിയാല്‍ നഷ്ടപ്പെട്ടുപോയ മേല്‍ക്കോയ്മ ചില രാജ്യങ്ങളില്‍ എങ്കിലും സഭയ്ക്ക് തിരിച്ചുപിടിക്കാന്‍ കഴിയില്ലേ എന്ന ചിന്ത പലരിലുമുണ്ട്. എതിര്‍പ്പുകളെ നേരിട്ട് സഭയ്ക്ക് ഇങ്ങനെ എത്രകാലം പോകാന്‍ കഴിയുമെന്നതാണ് അവരെ ഇങ്ങനെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത്.
കത്തോലിക്ക സഭയുടെ മുമ്പില്‍ ഉണ്ടായിരുന്നത് ഒരിക്കലും പൂവിരിച്ച പാതകള്‍ ആയിരുന്നില്ല. എല്ലാക്കാലത്തും ശക്തമായ വെല്ലുവിളികള്‍ സഭയ്ക്ക് നേരിടേണ്ടതായി വന്നിട്ടുണ്ട്. അതിനാല്‍, സഭയുടെ ഭാവിയോര്‍ത്ത് ആരും ഉല്‍ക്കണ്ഠപ്പെടരുത്. കാരണം, മാനുഷിക ബുദ്ധിയാല്‍ നിയന്ത്രിക്കപ്പെടുന്ന ഒരു സംവിധാനമല്ല കത്തോലിക്ക സഭ. പരിശുദ്ധാത്മാവാണ് സഭയെ നയിക്കുന്നത്. ലോകം ഏതൊക്കെ വിധത്തില്‍ അതിനെ തകര്‍ക്കാന്‍ ശ്രമിച്ചാലും അതിന് കഴിയില്ല. എത്രയോ ഉദാഹരണങ്ങള്‍ നമ്മുടെ കണ്‍മുമ്പിലുണ്ട്. ഇറാക്കില്‍ ക്രൈസ്തവരെ ഉന്മൂലനം ചെയ്യാന്‍ ഐഎസ് എന്ന ലോകത്തിലെ ഏറ്റവും വലിയ ഭീകര സംഘടന കാടത്തം നിറഞ്ഞ മാര്‍ഗങ്ങളാണ് അവലംബിച്ചത്. വിശ്വാസികളെ ക്രൂരമായി പീഡിപ്പിച്ചു. ദൈവാലയങ്ങളും വിശ്വാസവുമായി ബന്ധമുള്ള എല്ലാം അഗ്നിക്ക് ഇരയാക്കുകയോ ഇടിച്ചുനിരത്തുകയോ ചെയ്തു. എന്നാല്‍, വളരെ ചെറിയ സമയംകൊണ്ട് കാര്യങ്ങള്‍ മാറിമറിഞ്ഞു. ഐഎസിന് അവിടെനിന്നും പാലായനം ചെയ്യേണ്ടിവന്നു. വിശ്വാസികള്‍ അവിടേക്ക് തിരികെ എത്തിക്കൊണ്ടിരിക്കുകയാണ്. ഐഎസ് ചെയ്ത ക്രൂരതയുടെ കഥകള്‍ ലോകം ആ സമയംതന്നെ അറിയുന്നുണ്ടായിരുന്നു. അന്നൊന്നും ഇത്ര വേഗത്തില്‍ വിശ്വാസികള്‍ക്ക് മടങ്ങിയെത്താന്‍ കഴിയുമെന്ന് ചിന്തിക്കാന്‍പോലും സാധിക്കുമായിരുന്നില്ലല്ലോ.
പല തിന്മകളും ലോകത്ത് പ്രവേശിക്കുന്നത് പുരോഗമനത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയുമൊക്കെ ലേബലിലാണ്. തിന്മയെ നന്മയുടെ പരിവേഷം നല്‍കിയാണ് ഇപ്പോള്‍ അവതരിപ്പിക്കുന്നത്. എന്നാല്‍, തിന്മയാണെന്ന് ചൂണ്ടിക്കാണിക്കാന്‍ കത്തോലിക്ക സഭ മാത്രമേയുള്ളൂ. അവിടെയാണ് വിശ്വാസികള്‍ വിവേകം പുലര്‍ത്തേണ്ടത്. എത്ര ഗുണഗണങ്ങള്‍ നിരത്താനുണ്ടെങ്കിലും തിന്മയ്ക്ക് ഒരിക്കലും നന്മ കൊണ്ടുവരാനാവില്ല. അതിന്റെ ലക്ഷ്യവും അതല്ല. അതുകൊണ്ട് നന്മയുടെ പരിവേഷം അണിഞ്ഞിട്ടുണ്ടെങ്കിലും അവ തിന്മയാണെന്ന് വിളിച്ചുപറയേണ്ട ഉത്തരവാദിത്വം സഭയ്ക്കുണ്ട്. അവിടെ വിട്ടുവീഴ്ച ചെയ്താല്‍ പിന്നെ സഭയുടെ പ്രസക്തി എന്താണ്? ചെറിയ വിട്ടുവീഴ്ചകള്‍ കുഴപ്പമില്ലെന്ന ചിന്ത വലിയ അപകടമാണ്. അത് തിന്മകൊണ്ടുവരുന്ന കെണിയാണ്. വ്യക്തി ജീവിതത്തില്‍ ഉണ്ടായ തകര്‍ച്ചകളുടെ ചരിത്രം ചികഞ്ഞാല്‍ ഇത്തരം ചില സന്ധിചെയ്യലുകള്‍ ചിലപ്പോള്‍ കണ്ടെത്താന്‍ കഴിഞ്ഞെന്നുവരാം. അതിനാല്‍, അത്തരം ആലോചനകളിലേക്ക് പോകരുത്.
വിശ്വാസത്തിന്റെ മേഖലയില്‍ എല്ലായിടത്തും ക്രൈസ്തവ വിശ്വാസം ദുര്‍ബലപ്പെടുകയല്ല. പല രാജ്യങ്ങളിലും വിശ്വാസം കരുത്താര്‍ജ്ജിക്കുകയാണ്. പ്രത്യേകിച്ച് ആഫ്രിക്കന്‍ രാജ്യങ്ങളില്‍. ബാഹ്യമായ ഇടപെടലുകള്‍ വഴി സഭ തകര്‍ന്നുപോയ ദേശങ്ങളില്‍ എല്ലാം ആദ്യത്തേതിലും ശക്തമായി സഭ തിരികെ എത്തിയിട്ടുണ്ട്. എന്നാല്‍, ആന്തരികമായി ദുര്‍ബലപ്പെടുന്ന സ്ഥലങ്ങളിലാണ് സഭയ്ക്ക് ക്ഷീണം ഉണ്ടാകുന്നത്. പ്രതിസന്ധികളുടെ കാലത്ത് വിശ്വാസത്തില്‍ അടിയുറച്ച് നില്ക്കാന്‍ നമുക്ക് കഴിയണം. വ്യക്തി ജീവിതത്തിലെ വിശുദ്ധിയാണ് അതിന് നമ്മെ ബലപ്പെടുത്തുന്നത്. എനിക്ക് സംഭവിക്കുന്ന വീഴ്ചകള്‍പോലും സഭയെയും വിശ്വാസത്തെയും ദുര്‍ബലപ്പെടുത്തുമെന്ന് തിരിച്ചറിയണം. സഭയുടെ മുന്നോട്ടുള്ള പ്രയാണത്തില്‍ ശക്തി പകരാന്‍ നമ്മുടെ വിശുദ്ധമായ ജീവിതത്തിന് കഴിയുമെന്ന ബോധ്യത്തോടെ മുന്നേറണം.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?