Follow Us On

15

October

2019

Tuesday

സന്യസ്തര്‍ സമൂഹത്തെ പ്രകാശിപ്പിക്കുന്ന ധാര്‍മികശക്തി: ജസ്റ്റീസ് ഏബ്രഹാം മാത്യു

സന്യസ്തര്‍ സമൂഹത്തെ പ്രകാശിപ്പിക്കുന്ന ധാര്‍മികശക്തി: ജസ്റ്റീസ് ഏബ്രഹാം മാത്യു

കൊച്ചി: സമൂഹത്തില്‍ നന്മയുടെ പ്രകാശം പരത്തുന്ന ധാര്‍മികശക്തിയാണു സന്യാസവും സന്യസ്തരുമെന്നു ജസ്റ്റീസ് ഏബ്രഹാം മാത്യു പറഞ്ഞു. സന്യാസത്തിനു നേരെ ഉയരുന്ന അതിരുവിട്ട വെല്ലുവിളികളെയും അവഹേളനങ്ങളെയും അതിജീവിക്കാനുള്ള കരുത്ത് സഭയ്ക്കുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കെസിബിസിയുടെയും കേരള കത്തോലിക്കാ സമര്‍പ്പിത സമൂഹങ്ങളുടെ എറണാകുളം മേഖലയുടെയും ആഭിമുഖ്യത്തില്‍ എറണാകുളം ടൗണ്‍ ഹാളില്‍ (മറിയം ത്രേസ്യ നഗര്‍) സംഘടിപ്പിച്ച സന്ന്യസ്ത-സമര്‍പ്പിത സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എതിര്‍പ്പുകളിലും വെല്ലുവിളികളിലും തളരുന്നവളല്ല സഭ. ചരിത്രത്തില്‍ പല ഘട്ടങ്ങളിലും ഈ വെല്ലുവിളികള്‍ ഉണ്ടായിട്ടുണ്ട്. കേരളസമൂഹത്തിന്റെ ധാര്‍മിക, മൂല്യാധിഷ്ടിത വളര്‍ച്ചയില്‍ സന്യസ്തര്‍ നല്‍കിയ സംഭാവനകള്‍ ആര്‍ക്കും വിസ്മരിക്കാവുന്നതല്ല. തങ്ങളുടെ ഭൗതികമായ സന്തോഷങ്ങള്‍ ഉപേക്ഷിച്ചു മറ്റുള്ളവര്‍ക്കായി ജീവിക്കുന്നവരാണു സന്യസ്തര്‍. എവിടെയെല്ലാം സന്യസ്തരുണ്ടോ അവിടെയെല്ലാം നിസ്വാര്‍ഥമായ സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും അനുഭവങ്ങള്‍ സ്വന്തമാക്കാന്‍ സമൂഹത്തിനു സാധിക്കുന്നു. ലോകം മുഴുവന്‍ അംഗീകരിച്ചതാണു ക്രൈസ്തവ സന്യസ്തരുടെ സേവനം. മദര്‍ തെരേസയെപ്പോലുള്ള സന്യാസിനികള്‍ ലോകത്തിനു മുമ്പില്‍ സ്‌നേഹത്തിന്റെയും സേവനത്തിന്റെയും അനശ്വരമായ പ്രകാശമാണ് ഇന്നലെയും ഇന്നും പകര്‍ന്നു നല്‍കുന്നത്.
ഏതുകാലത്തും സമൂഹം വഴിതെറ്റിപ്പോകുമ്പോള്‍ നേരിന്റെയും നന്മയുടെയും കാഹളം മുഴക്കേണ്ടവരാണു സന്യസ്തര്‍. അവര്‍ അന്ധകാരത്തില്‍ പ്രകാശമാണ്, നിരാശകളില്‍ പ്രത്യാശയാണ്. സഭയുടെ സംരക്ഷണത്തിന്റെ തണല്‍ വിട്ടു തെറ്റായ കൂട്ടുകളിലേക്കു പോകുന്നവരുടെയും അവരെ ഉയര്‍ത്തിപ്പിടിക്കുന്നവരുടെയും അതിരുവിട്ട വിമര്‍ശനങ്ങള്‍ അവഗണിക്കണം. ഇക്കാര്യത്തില്‍ സ്ഥാപിത താത്പര്യങ്ങളോടെ പ്രവര്‍ത്തിക്കുന്ന ഒരുവിഭാഗം മാധ്യമങ്ങളെ തിരിച്ചറിയാന്‍ സമൂഹത്തിനു സാധിക്കും.
കൂട്ടായ്മയുടെ കരുത്തില്‍ ആത്മവിശ്വാസത്തോടെ മുന്നേറാന്‍ നമുക്കു സാധിക്കും. പ്രകോപനങ്ങളുണ്ടാകുമ്പോള്‍, ഉള്ളിലെ വെളിച്ചം കൂടുതല്‍ ഉജ്വലമായി പ്രകാശിപ്പിക്കുകയാണു നാം ചെയ്യേണ്ടതെന്നും ജസ്റ്റീസ് ഏബ്രഹാം മാത്യു അഭിപ്രായപ്പെട്ടു.
സമര്‍പ്പിതര്‍ സഭയിലും സമൂഹത്തിലും എന്ന വിഷയത്തെ അടിസ്ഥാനമാക്കി നടന്ന സന്യസ്ത- സമര്‍പ്പിത സംഗമത്തില്‍ കൊച്ചി ബിഷപ് ഡോ. ജോസഫ് കരിയില്‍ അധ്യക്ഷത വഹിച്ചു. ആരെല്ലാം അവഹേളിച്ചാലും ക്രിസ്തുദൗത്യത്തില്‍ തീക്ഷ്ണതയോടെ മുന്നേറാന്‍ സന്യസ്തര്‍ക്കൊപ്പം സഭ മാത്രമല്ല, നന്മയുള്ള സമൂഹവും ഇവിടെയുണ്ടാകുമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.
രാഷ്ട്രദീപിക മാനേജിംഗ് ഡയറക്ടര്‍ ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍ മുഖ്യപ്രഭാഷണം നടത്തി. സഭയിലേക്കു നുഴഞ്ഞുകയറാനാഗ്രഹിക്കുന്ന പ്രതിലോമശക്തികളെ തിരിച്ചറിയാനും നിയന്ത്രിക്കാനും സമൂഹത്തിനും സര്‍ക്കാരിനും സാധിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഫാ. സെബാസ്റ്റ്യന്‍ തുണ്ടത്തിക്കുന്നേല്‍, റവ.ഡോ. വര്‍ഗീസ് വള്ളിക്കാട്ട്, സിസ്റ്റര്‍ ഡോ. ജയ സിടിസി, ഡോ. കൊച്ചുറാണി ജോസഫ്, സിസ്റ്റര്‍ ഡോ. വിനീത സിഎംസി, ഷാജി ജോര്‍ജ്, സിസ്റ്റര്‍ ഡോ. നോബിള്‍ തെരേസ് ഡിഎം, സിറിയക് ചാഴിക്കാടന്‍, റോസ് മരിയ, മരിയ ജെസ്‌നീല മാര്‍ട്ടിന്‍ എന്നിവര്‍ പ്രസംഗിച്ചു.
എറണാകുളം-അങ്കമാലി, വരാപ്പുഴ, കൊച്ചി, കോട്ടപ്പുറം, മൂവാറ്റുപുഴ രൂപതകളിലെ സന്യാസ സമൂഹങ്ങളില്‍ നിന്നു മൂവായിരത്തോളം സന്യസ്തരും വൈദിക, അല്മായ പ്രതിനിധികളും പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?