Follow Us On

19

March

2024

Tuesday

കുടുംബപ്രേഷിതര്‍ക്ക് ഒരു വഴികാട്ടി

കുടുംബപ്രേഷിതര്‍ക്ക്  ഒരു വഴികാട്ടി

 മാര്‍ പോളി കണ്ണൂക്കാടന്‍
(ഇരിങ്ങാലക്കുട രൂപതാധ്യക്ഷന്‍)
ഈ നൂറ്റാണ്ടിന്റെ പ്രവാചക ശബ്ദവും കുടുംബങ്ങളുടെ അമ്മയും തിരുകുടുംബ സന്യാസിനി സമൂഹത്തിന്റെ സ്ഥാപകയും പഞ്ചക്ഷതങ്ങള്‍ ഏറ്റുവാങ്ങിയ ക്രിസ്തുവിന്റെ മണവാട്ടിയും ഇരിങ്ങാലക്കുട രൂപതയുടെ മകളുമായ വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയെ വിശുദ്ധപദവിയിലേക്ക് എടുത്തുയര്‍ത്തുന്നതിന് ദൈവത്തിനു നന്ദി പറയാം. 13-ന് പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പ കുഴിക്കാട്ടുശേരിയുടെ സുകൃതമായ അനുഗ്രഹ സൂനത്തെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തുമ്പോള്‍ ഈ അമ്മയുടെ ജീവിതം നമുക്ക് മാതൃകയും പ്രചോദനവുമാകണം. പുത്തന്‍ചിറയില്‍ വിടര്‍ന്നു പുഷ്പിച്ച ഈ വിശുദ്ധസൂനത്തിന്റെ ഒളിമങ്ങാത്ത ശോഭ ലോകമെങ്ങും പ്രസരിക്കുമ്പോള്‍ നമുക്കൊരുമിച്ചു ദൈവത്തെ സ്തുതിക്കാം.
ചിറമ്മല്‍ മങ്കിടിയാന്‍ കുടുംബത്തിലെ തോമന്‍ – താണ്ട ദമ്പതികളുടെ അഞ്ചുമക്കളില്‍ മൂന്നാമത്തെ സന്താനമായി ഇരിങ്ങാലക്കുട രൂപതയിലെ പുത്തന്‍ചിറയില്‍ 1876 ഏപ്രില്‍ 26-ന് ത്രേസ്യ ജനിച്ചു. ബാല്യകാലം മുതല്‍ ദൈവസ്‌നേഹാഗ്നി ജ്വാലയില്‍ എരിഞ്ഞിരുന്ന അവളുടെ ഹൃദയം സ്‌നേഹം കെട്ടുപോയ, സമാധാനം ഇല്ലാതിരുന്ന, കലുഷിതമായ അനേകം കുടുംബബന്ധങ്ങള്‍ക്ക് ആശ്വാസമേകാന്‍ ഈശോ തിരഞ്ഞെടുത്ത് വേര്‍തിരിക്കുകയായിരുന്നു. 12 വയസുള്ളപ്പോള്‍ തന്റെ പെറ്റമ്മയെ നഷ്ടമായ ത്രേസ്യ പരിശുദ്ധ അമ്മയ്ക്ക് തന്നെ പൂര്‍ണമായി സമര്‍പ്പിക്കുകയും സന്യാസ വ്രതവാഗ്ദാന സമയത്ത് മറിയത്തിന്റെ സ്വന്തം ത്രേസ്യ – മറിയം ത്രേസ്യ എന്ന നാമം സ്വീകരിക്കുകയും ചെയ്തു. പെറ്റമ്മ പകര്‍ന്നുകൊടുത്ത ക്രിസ്തുസ്‌നേഹം പരിശുദ്ധ അമ്മ അവളില്‍ ഊട്ടിയുറപ്പിച്ചു. നിതാന്ത സഹനങ്ങള്‍ തുടരെത്തുടരെ പിന്തുടര്‍ന്നപ്പോഴും ദൈവസ്‌നേഹാഗ്നി അവളില്‍ അനുദിനം വളര്‍ന്നുവന്നു. അവളുടെ ക്രിസ്തുസ്‌നേഹം കൂടുതല്‍ ജ്വലിപ്പിക്കാനായി പുത്തന്‍ചിറയില്‍ വികാരിയായി വന്ന ഫാ. ജോസഫ് വിതയത്തിലച്ചനെയാണ് ദൈവം ഉപകരണമാക്കിയത്. ആധ്യാത്മിക പിതാവായ അദ്ദേഹത്തിന്റെ വാക്കുകള്‍ ത്രേസ്യയ്ക്ക് കൂടുതല്‍ പ്രചോദനമായി.
കുടുംബങ്ങളില്‍നിന്നും തിരുക്കുടുംബങ്ങളിലേക്ക്
ഈ ഭൂമിയില്‍ രൂപം കൊള്ളുന്ന ഓരോ കുടുംബവും ദൈവത്തിന്റെ പദ്ധതിയാണെന്ന് തിരിച്ചറിഞ്ഞ അമ്മ കുടുംബ വിശുദ്ധീകരണങ്ങള്‍ക്ക് തന്റെ ജീവിതം തന്നെ സമര്‍പ്പിച്ചു. കണ്ണികള്‍ അകന്നുപോയ കുടുംബബന്ധങ്ങള്‍ കൂട്ടിയിണക്കാനും പാപികളെ മാനസാന്തരത്തിലേക്ക് നയിക്കാനും ജപമാല ചൊല്ലി വീടുകള്‍ തോറും കയറിയിറങ്ങി സമാധാനത്തിന്റെ ശാന്തിദൂതുമായി അവള്‍ പറന്നിറങ്ങിയത് വേദനിക്കുന്ന മനുഷ്യമക്കളുടെ ഹൃദയങ്ങളിലേക്കായിരുന്നു. അവളുടെ വാക്കുകളും സാന്ത്വനവും ജീവിതസാക്ഷ്യവും ആര്‍ജ്ജവത്വവും ചിട്ടയായ ആത്മീയതയുടെയും തന്നെ വിളിച്ചവനോടുളള വിശ്വസ്തതയുടെയും ആത്മാക്കള്‍ക്കുവേണ്ടിയുളള അവളുടെ അടങ്ങാത്ത ദാഹത്തിന്റെയും ഫലമാണ്. സുവിശേഷത്തിലെ സുവര്‍ണവാക്യങ്ങള്‍ ജീവിതംകൊണ്ട് അടയാളപ്പെടുത്താന്‍ ത്രേസ്യയ്ക്കു സാധിച്ചു. ”ഈ ചെറിയവരില്‍ ഒരുവനു നിങ്ങള്‍ ഇതു ചെയ്തുകൊടുത്തപ്പോള്‍ എനിക്കുതന്നെയാണ് ചെയ്തുതന്നത്” (മത്തായി 25:40) എന്ന ഗുരുമൊഴി അവള്‍ നെഞ്ചിലേറ്റി. മരണാസന്നരായവരുടെ പക്കല്‍ ജപമാല ചൊല്ലി യേശുനാമം ഉരുവിട്ടുകൊണ്ട് അവരെ നന്മരണത്തിന് ഒരുക്കുന്നതിലും മറിയം ത്രേസ്യ ഏറെ ശ്രദ്ധിച്ചിരുന്നു. സ്വര്‍ഗപ്രാപ്തരായ പലരും പ്രത്യക്ഷപ്പെട്ട് തങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചതിന് നന്ദി പറഞ്ഞു എന്ന് ആത്മകഥയില്‍ വായിക്കുമ്പോള്‍ സ്വര്‍ഗംപോലും അമ്മയുടെ പ്രാര്‍ത്ഥനയില്‍ തുറക്കപ്പെട്ടിരുന്നു എന്നുവേണം മനസിലാക്കുവാന്‍. ഇടതടവില്ലാത്ത പ്രാര്‍ത്ഥനയും പരിഹാര പ്രവൃത്തികളും വഴി താന്‍ കണ്ടുമുട്ടുന്നവര്‍ക്കുവേണ്ടി ദൈവസന്നിധിയില്‍ കരങ്ങളുയര്‍ത്തുവാനും അമ്മ മറന്നിരുന്നില്ല. മടികൂടാതെ അവരുടെ ഭവനങ്ങളില്‍ കടന്നുചെല്ലുവാനും കുടുംബങ്ങളില്‍ ദൈവവിശ്വാസവും ക്രൈസ്തവമൂല്യങ്ങളും പകര്‍ന്നു കൊടുക്കുക വഴി അന്ധവിശ്വാസങ്ങള്‍ അകറ്റുവാനും അങ്ങനെ കുടുംബങ്ങളെ തിരുക്കുടുംബങ്ങളാക്കുവാനും അമ്മ ബദ്ധശ്രദ്ധയായിരുന്നു. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ കുടുംബത്തെ ഗാര്‍ഹികസഭയെന്ന് വിശേഷിപ്പിച്ചതിനും അരനൂറ്റാണ്ട് മുമ്പുതന്നെ കുടുംബപ്രേഷിതത്വത്തിന്റെ ആവശ്യകത അവള്‍ തിരിച്ചറിഞ്ഞിരുന്നു.
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരോടും സമൂഹത്തിന്റെ മുഖ്യധാരയില്‍നിന്ന് തഴയപ്പെട്ടവരോടും നിങ്ങള്‍ കരുണ കാണിക്കണമെന്ന് ഫ്രാന്‍സിസ് പാപ്പ നമ്മെ ഓര്‍മപ്പെടുത്തുന്നുണ്ട്. ഇതിന് ഉത്തമ ദൃഷ്ടാന്തമാണ് കേവലം അരനൂറ്റാണ്ട് കാലം മാത്രം ജീവിച്ച മറിയം ത്രേസ്യയുടെ ജീവിതം. ആരോരുമില്ലാത്തവര്‍ക്കും ശിശുക്കള്‍ക്കും തന്റെ മഠത്തില്‍ അഭയം നല്‍കുന്നതിന് ആ പുണ്യാത്മാവ് വിമുഖത കാണിച്ചില്ല. കൂടാതെ, വിവാഹപ്രായമായവരുടെ വിവാഹം നടത്തികൊടുക്കുന്നതിലും അമ്മ ഏറെ ശ്രദ്ധിച്ചിരുന്നു. “
”ക്രിസ്തുവിന്റെ സ്‌നേഹത്തില്‍നിന്ന് ആരു നമ്മെ വേര്‍പ്പെടുത്തും? ക്ലേശമോ ദുരിതമോ പീഡനമോ പട്ടിണിയോ നഗ്നതയോ ആപത്തോ വാളോ?” (റോമാ 8:35). ഒന്നിനും അമ്മയെ ആ സ്‌നേഹത്തില്‍ നിന്ന് വേര്‍പ്പെടുത്താനായില്ല. 1915 മെയ് 14-ന് ആരംഭിച്ച തിരുക്കുടുംബ സന്യാസിനി സമൂഹത്തിലൂടെ സ്‌നേഹത്തിന്റെ വിപ്ലവത്തിന് പുത്തന്‍ചിറ ഗ്രാമത്തില്‍ നാന്ദികുറിക്കുകയായിരുന്നു. ജാതിമതഭേദമന്യെ ഏവരെയും സ്വന്തസഹോദരങ്ങളായി കണ്ട് അവരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ചപ്പോഴും ഏറെ പ്രതിസന്ധികളും പരീക്ഷണങ്ങളും അമ്മയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ക്രിസ്തുവിനെ കൂടുതല്‍ സ്‌നേഹിക്കുന്നവര്‍ക്ക് സഹനം ഒരു ആഭരണമാണെന്ന് തിരിച്ചറിഞ്ഞ അമ്മ തന്റെ മുറിവുകളെ ക്രിസ്തുവിന്റെ തിരുമുറിവുകളിലേക്ക് സമര്‍പ്പിച്ചു.
സഹായഹസ്തവുമായി രാജാവ്
അറിവ് അഗ്നിയാണ്. ഒരു സമൂഹത്തെ വിദ്യാസമ്പന്നരാക്കുക വഴി സാംസ്‌ക്കാരിക വളര്‍ച്ചയും സാമൂഹ്യ സുരക്ഷിതത്വവും ഉണ്ടാകുമെന്ന ദീര്‍ഘവീക്ഷണത്തോടെ കുടുംബങ്ങളെ പുനരുദ്ധരിക്കാനായി മറിയം ത്രേസ്യ പെണ്‍കുട്ടികള്‍ക്കായി ഒരു പള്ളിക്കൂടം പുത്തന്‍ചിറയില്‍ സ്ഥാപിച്ചു. വിദൂരങ്ങളില്‍നിന്നുപോലും കുട്ടികള്‍ ആ കലാലയത്തില്‍ വിദ്യ തേടി എത്തിയിരുന്നു. ആംഗലേയ പഠനത്തിനായി 1918 -ല്‍ കുട്ടികള്‍ക്കും സിസ്റ്റേഴ്‌സിനുമായി തൃശൂരില്‍ ഒരു കെട്ടിടം വാടകയ്ക്ക് എടുത്ത് അവിടെ പഠനത്തിനവസരമൊരുക്കിയതും ആ വ്യക്തിപ്രഭാവത്തെ വിളിച്ചോതുന്ന സംഭവങ്ങളാണ്. 1922-ല്‍ കുഴിക്കാട്ടുശേരിയില്‍ പുതിയ മഠം തുടങ്ങി.
സമൂഹത്തിന്റെ ഉന്നമനം ലക്ഷ്യംവച്ച് കുഴിക്കാട്ടുശേരിയില്‍ മദറിന്റെ വിശ്രാന്ത പരിശ്രമത്തിന്റെ ഫലമായി ഒരു പോസ്റ്റ് ഓഫീസ് ഉയര്‍ന്നു വന്നതും മഠത്തിന്റെ പറമ്പില്‍ത്തന്നെ ഒരു ഇന്‍ഡസ്ട്രിയല്‍ സ്‌കൂള്‍ ആരംഭിച്ചതും അന്നത്തെ സമൂഹത്തിന് വലിയ ഉണര്‍വിന് കാരണമായി. മറിയം ത്രേസ്യയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും പൊതുസമൂഹം നല്‍കുകയായിരുന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും സ്‌കൂള്‍ നിര്‍മാണത്തിനും അന്നത്തെ ജനങ്ങളും രാജാവുപോലും സഹായഹസ്തവുമായി എത്തിയെന്ന് ചരിത്രരേഖകള്‍ സാക്ഷിക്കുന്നു.
1926 ജൂണ്‍ എട്ടിന് ആ വിശുദ്ധസൂനം നിത്യതയിലേക്ക് വിളിക്കപ്പെടുന്നതിനുമുമ്പ് തന്നെ ഏല്‍പ്പിച്ച ദൗത്യങ്ങളില്‍ ക്രൂശിതന്റെ സ്‌നേഹം ആവോളം അനുഭവിച്ചു. അമ്മ ക്രൂശിതന്റെ മുറിവുകള്‍ സ്വന്തം ശരീരത്തില്‍ ഏറ്റുവാങ്ങി പഞ്ചക്ഷതധാരിയായി മാറുകയും ചെയ്തിരുന്നു. രോഗശയ്യയില്‍ ആയിരുന്നപ്പോഴും സഹനങ്ങളെ നെഞ്ചോട് ചേര്‍ത്ത് ആത്മാക്കള്‍ക്കായ് ദാഹിച്ചിരുന്ന ആത്മീയ ചൈതന്യമാണ് മറിയം ത്രേസ്യയുടേത്.
മനസിനെ തപസുകൊണ്ട് പരിപക്വമാക്കിയ മദര്‍ മറിയം ത്രേസ്യ വിശുദ്ധരുടെ ഗണത്തില്‍ അള്‍ത്താരയില്‍ വണങ്ങപ്പെടുവാന്‍ പോകുന്നതില്‍ നമുക്കഭിമാനിക്കാം. കേരള കത്തോലിക്കാസഭയില്‍ ഒരു പുണ്യാത്മാവിനുകൂടി ജന്മം നല്‍കുവാന്‍ ദൈവം വഴിയൊരുക്കിയതിന് അവിടുത്തേക്ക് നന്ദി പറയാം. അനിതരസാധാരണമായ സുകൃതങ്ങള്‍ കോര്‍ത്തിണക്കിയ ആ പുണ്യചരിതയെ അടുത്തനുഗമിക്കാന്‍ നമുക്കു ശ്രമിക്കാം. ദൈവസ്‌നേഹത്തിലും സഹോദരങ്ങളോടുള്ള കരുണയിലും അടിയുറച്ച ആത്മീയതയില്‍ സന്യാസ ജീവിതം നയിച്ച മദര്‍ മറിയം ത്രേസ്യയുടെ ജീവിതദര്‍ശനങ്ങള്‍ ആഗോളസഭയ്ക്ക് പ്രചോദനമാകട്ടെ. ദൈവസ്‌നേഹത്തിലും വിശുദ്ധിയിലും കരുണയിലും അനുദിനം വളര്‍ന്നുവരുവാന്‍ നമുക്കും ഈ വിശുദ്ധയുടെ മധ്യസ്ഥം തേടാം.


 

നാമകരണപ്രഖ്യാപനത്തിന്റെ നാള്‍വഴികള്‍

വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയെ വിശുദ്ധയായി തിരുസഭ പ്രഖ്യാപിക്കുന്നതിന്റെ സന്തോഷത്തിലാണ് കേരളസഭ. ഒരു വ്യക്തിയെ മരണശേഷം വിശുദ്ധനെന്നും/വിശുദ്ധയെന്നും വിശ്വാസികളുടെ വണക്കത്തിന് യോഗ്യനെന്നും/ യോഗ്യയെന്നും കത്തോലിക്കാസഭ ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന പ്രക്രിയയാണ് വിശുദ്ധപദ നാമകരണം.
വിശുദ്ധിയുടെ പരിമളം പരത്തുന്നവരെക്കുറിച്ചുള്ള നാമകരണപരിപാടികളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആരംഭിക്കുന്നത് സാധാരണയായി അവരുടെ മരണശേഷം അഞ്ചുവര്‍ഷങ്ങള്‍ കഴിയുമ്പോഴാണ്. ഈ നടപടിക്രമങ്ങള്‍ ആരംഭിക്കുന്നത് പരിശുദ്ധസിംഹാസനത്തിന്റെ അനുവാദത്തോടുകൂടി രൂപതയിലെ മെത്രാന്റെ നേതൃത്വത്തിലാണ്. നാമകരണപരിപാടികള്‍ ആരംഭിക്കുവാനുള്ള അനുവാദം കിട്ടിയാല്‍ ദൈവദാസന്‍ എന്ന് അദ്ദേഹത്തെ വിളിച്ചുതുടങ്ങാം. അപ്രകാരം, 1973-ല്‍ മറിയം ത്രേസ്യയുടെ നാമകരണനടപടികള്‍ക്ക് തുടക്കംകുറിച്ചതോടെ ദൈവദാസി എന്ന പദവിക്ക് മദര്‍ അര്‍ഹയായി. മറിയം ത്രേസ്യയുടെ ജീവിതത്തെക്കുറിച്ചും വിശുദ്ധിയെക്കുറിച്ചുമുള്ള സാക്ഷ്യങ്ങള്‍ ശേഖരിക്കുവാനായി രൂപതാതലത്തില്‍ ഒരു കോടതി സ്ഥാപിക്കുകയെന്നതായിരുന്നു ഒന്നാമത്തെ പടി.
മദറിന്റെ എഴുത്തുകളും പുസ്തകങ്ങളും മദറിനെക്കുറിച്ചുള്ള ലേഖനങ്ങളും പുസ്തകങ്ങളും ഈ കോടതിയാണ് സസൂക്ഷ്മം പരിശോധിക്കുന്നത്. രൂപതാകോടതി ഈ നടപടികള്‍ പൂര്‍ത്തിയാക്കി മെത്രാനെ ഏല്പിക്കുകയും മെത്രാന്റെ നേതൃത്വത്തില്‍ ഈ നടപടികളെക്കുറിച്ചുള്ള രേഖകളെല്ലാം റോമിലെ വിശുദ്ധരുടെ നാമകരണപരിപാടികളുമായി ബന്ധപ്പെട്ട കാര്യാലയത്തിലേക്ക് അയച്ചുകൊടുക്കുകയും ചെയ്തു.
ദൈവദാസിയെക്കുറിച്ചുള്ള രേഖകള്‍ (പൊസെസ്സിയോ) തയാറാക്കിയത് പോസ്റ്റുലേറ്റര്‍ റവ. ഡോ. ജോര്‍ജ് നെടുങ്ങാട്ടിന്റെ നേതൃത്വത്തിലായിരുന്നു. അത് ശരിയായ രീതിയില്‍ തയാറാക്കിയിട്ടുണ്ടെന്ന് കോണ്‍ഗ്രിഗേഷന്‍ നിയമിക്കുന്ന റിലേറ്റര്‍ ഉറപ്പുവരുത്തുകയുണ്ടായി. പൊസെസ്സിയോക്രമങ്ങള്‍ പൂര്‍ത്തിയായശേഷം വിശുദ്ധരുടെ കാര്യാലയത്തിലെ ദൈവശാസ്ത്രകമ്മീഷന്‍ നാമകരണപരിപാടികളെക്കുറിച്ച് അഭിപ്രായം രേഖപ്പെടുത്തുകയും അത് വോട്ടിംഗിനിടുകയും ചെയ്തു. അവരുടെ വോട്ടിംഗിന്റെ പശ്ത്താലത്തില്‍ കമ്മീഷനില്‍നിന്നും കിട്ടിയ മറുപടിയും റോമിലെ ദൈവശാസ്ത്രജ്ഞന്മാരും കര്‍ദിനാളന്മാരും അക്കാര്യങ്ങള്‍ ഗൗരവമായി പഠിച്ചതിന്റെയും വെളിച്ചത്തിലാണ് 1999 ജൂണ്‍ 28-ന് റോമില്‍വച്ച് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ മറിയം ത്രേസ്യയെ ധന്യയായി പ്രഖ്യാപിച്ചത്.
അത്ഭുതങ്ങളുടെ ആധികാരികത
വാഴ്ത്തപ്പെട്ടവരുടെ പദവിയിലേക്ക് ഉയര്‍ത്തുന്നതിനുമുന്‍പായി ധന്യന്‍ വഴി ഒരു അത്ഭുതം സംഭവിക്കണം. ഈ അത്ഭുതത്തിന്റെ സാധുതയെക്കുറിച്ച് വിശകലനം ചെയ്ത് വൈദ്യശാസ്ത്ര, ദൈവശാസ്ത്രവശങ്ങള്‍ പഠിക്കുവാനായി അര്‍ത്ഥിയുടെ രൂപത പ്രത്യേക കോടതി സ്ഥാപിക്കണം. സ്വാഭാവികമായ വിശദീകരണങ്ങള്‍ക്ക് ഉപരിയാണ് രോഗസൗഖ്യമെന്ന് വൈദ്യശാസ്ത്ര കമ്മീഷന്റെ സാക്ഷ്യവും ദൈവദാസന്റെ മധ്യസ്ഥംമൂലമുള്ള ഈ സൗഖ്യം ഒരു അത്ഭുതംതന്നെയാണെന്ന് ദൈവശാസ്ത്രകമ്മീഷന്റെ സാക്ഷ്യവും ആവശ്യമാണ്. അപ്രകാരമുള്ള സാക്ഷ്യങ്ങളും റോമിലേക്ക് അയച്ചുകൊടുക്കണം. തുടര്‍ന്ന് രൂപതാതലത്തില്‍ ഉണ്ടായിരുന്നതുപോലെ റോമിലെ കോണ്‍ഗ്രിഗേഷനും വൈദ്യശാസ്ത്ര-ദൈവശാസ്ത്രകമ്മീഷനുകളെ നിയമിക്കുകയും ദൈവദാസന്‍വഴി സംഭവിച്ച അത്ഭുതത്തിന്റെ ആധികാരികത പരിശോധിക്കുകയും ചെയ്യുന്നു. കാര്യങ്ങള്‍ യഥാര്‍ത്ഥമെന്ന് കണ്ടെത്തിയാല്‍ അവ ദൈവശാസ്ത്രകമ്മീഷനിലെ കര്‍ദിനാളന്മാരും മെത്രാന്മാരും ചര്‍ച്ച ചെയ്ത് വോട്ടിനിടുന്നു. തുടര്‍ന്ന് വിധി പോസിറ്റീവാണെങ്കില്‍ അത് അംഗീകാരത്തിനായി മാര്‍പാപ്പയുടെ മുന്‍പില്‍ വയ്ക്കുന്നു. മാര്‍പാപ്പ അംഗീകരിക്കുന്നതോടെ ദൈവദാസന്‍ വാഴ്ത്തപ്പെട്ടവരുടെ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്നു.
വിശുദ്ധനാമകരണപ്രഖ്യാപനത്തിലൂടെ മാര്‍പാപ്പ ഒരു വ്യക്തിയെ വിശുദ്ധനോ വിശുദ്ധയോ ആക്കുകയല്ല ചെയ്യുന്നത്. പ്രത്യുത, ആ വ്യക്തി ദൈവത്തോടുകൂടിയാണെന്നും ഈശോയെ അനുകരിക്കുവാനുള്ള ഉദാത്തമാതൃക വിശ്വാസികള്‍ക്ക് വീരോചിതമായി നല്‍കിയെന്ന് പരസ്യമായി ഏറ്റുപറയുകയും പ്രഖ്യാപിക്കുകയുമാണ് ചെയ്യുന്നത്.
ഭാരത സഭയുടെ അഭിമാനവും കുടുംബപ്രേഷിത്വത്തിന്റെ മധ്യസ്ഥയുമായ മറിയം ത്രേസ്യയെ വിശുദ്ധയായി ഫ്രാന്‍സിസ് മാര്‍പാപ്പ നാമകരണം ചെയ്യുന്ന ചരിത്രമുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങുന്ന നമുക്ക് ആ വിശുദ്ധയുടെ മഹനീയ മാതൃക അനുകരിച്ച് ഈശോയുടെ കാലടികളെ പിന്തുടരാം.

റവ. ഡോ. ഫ്രാന്‍സിസ് പിട്ടാപ്പിള്ളില്‍

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?