Follow Us On

19

March

2024

Tuesday

കുരിശിന്റെ വഴിയിലെ യാത്രക്കാരി

കുരിശിന്റെ വഴിയിലെ  യാത്രക്കാരി

കമില്ലസ് പുത്രിമാരുടെ സഭാസ്ഥാപകയായ വാഴ്ത്തപ്പെട്ട മദര്‍ ജോസഫീന വന്നീനിയെ വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയോടൊപ്പം ഫ്രാന്‍സിസ് മാര്‍പാപ്പ ഒക്‌ടോബര്‍ 13-ന് വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തുകയാണ്. ആ പുണ്യാത്മാവിന്റെ ജീവിതത്തിലൂടെ….

കമില്ലസ് പുത്രിമാരുടെ സഭാസ്ഥാപികയായ വാഴ്ത്തപ്പെട്ട മദര്‍ ജോസഫീന വന്നീനി 13-ന് വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെടുകയാണ്. ആയിരക്കണക്കിന് വിശുദ്ധന്മാര്‍ക്കും രക്തസാക്ഷികള്‍ക്കും ജന്മം നല്‍കിയ റോമാനഗരത്തില്‍ 1859 ജൂലൈ ഒന്നിന് വന്നീനി കുടുംബത്തില്‍ ജൂദിത്ത് ഭൂജാതയായി. അന്‍ജലോ വന്നീനിയും അനുണ്‍സിയാത്ത പാപ്പിയുമായിരുന്നു മാതാപിതാക്കള്‍. അവള്‍ക്ക് ഒരു സഹോദരിയും സഹോദരനുമുണ്ടായിരുന്നു.
ഭക്തരായ മാതാപിതാക്കള്‍ മക്കളെ ദൈവവിശ്വാസത്തിലും ദൈവാശ്രയത്വത്തിലും വളര്‍ത്തിക്കൊണ്ടുവന്നു. ചെറുപ്പത്തില്‍ത്തന്നെ ജൂദിത്തിന്റെ മാതാപിതാക്കള്‍ ഇഹലോകവാസം വെടിഞ്ഞു. അതോടെ അനാഥരായ പിഞ്ചുകുഞ്ഞുങ്ങള്‍ വേര്‍പിരിഞ്ഞു. ജൂദിത്തും സഹോദരിയും ഉപവിയുടെ മക്കള്‍ എന്ന സന്യാസ സമൂഹം നടത്തിയിരുന്ന അനാഥാലയത്തില്‍നിന്നാണ് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. സിസ്റ്റേഴ്‌സിന്റെ സംരക്ഷണയുടെ തണലില്‍ വളര്‍ന്നുവന്ന അവള്‍ ചെറുപ്പത്തില്‍ത്തന്നെ കര്‍ത്താവിന്റെ സ്വരം ശ്രവിച്ചിരുന്നു. നീയെനിക്ക് വിലപ്പെട്ടവളും ബഹുമാന്യയും പ്രിയങ്കരിയും ആണെന്നുള്ള ഈശോയുടെ സ്വരം ഈലോകമായ വിലാസത്തില്‍നിന്ന് അവളെ മാറ്റിനിര്‍ത്തി.
വഴിത്തിരിവായി മാറിയ ധ്യാനം
പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ജൂദിത്ത് നിത്യസത്യത്തിലേക്ക് ഓടിയടുത്തു. ഈ ലക്ഷ്യപ്രാപ്തിക്കായി ഉപവി സന്യാസ സഭയില്‍ അവള്‍ അംഗമായി. എന്നാല്‍ അനാരോഗ്യംമൂലം അവിടെനിന്ന് പിന്‍വാങ്ങേണ്ടിവന്നു. ഈ കാലഘട്ടത്തില്‍ സഹോദരി വിവാഹിതയാവുകയും സഹോദരന്‍ സംഗീതത്തില്‍ ഡോക്ടറേറ്റ് നേടുകയും ചെയ്തു. തുടര്‍ന്ന് സഹോദരങ്ങള്‍ തമ്മില്‍ ഒത്തുചേര്‍ന്നു. ആ കാലയളവില്‍ ദൈവമല്ലാതെ മറ്റെല്ലാം മിഥ്യയാണെന്ന് അവള്‍ തിരിച്ചറിഞ്ഞു. വീണ്ടും സന്യാസിനിയാകണമെന്നുള്ള ആഗ്രഹത്തോടെ കാറ്റും കോളും നിറഞ്ഞ നിരവധി അവസരങ്ങളെ തികഞ്ഞ കൃപാവരത്തോടെ നേരിട്ടു.
”കര്‍ത്താവേ, അങ്ങേക്കുവേണ്ടിയാണ് ഞാന്‍ കാത്തിരിക്കുന്നത് എന്റെ ദൈവമായ കര്‍ത്താവേ, അങ്ങാണ് എനിക്ക് ഉത്തരമരുളേണ്ടത്” (സങ്കീര്‍ത്തനം 38:15) എന്ന പ്രാര്‍ത്ഥനയോടെ ദിവസങ്ങള്‍ തള്ളിനീക്കി. ഈ അവസരത്തിലാണ് ജൂദിത്തിന്റെ ആധ്യാത്മിക പിതാവ് ഒരു ധ്യാനം കൂടുവാനുള്ള അവസരം ഒരുക്കിയത്. ധ്യാനം നയിച്ചിരുന്നത് കമില്ലസ് സഭാംഗമായ വാഴ്ത്തപ്പെട്ട ഫാ. ലൂയിജി തേസാ ആയിരുന്നു. അദ്ദേഹമാണെങ്കില്‍ കുറെ നാളുകളായി തങ്ങളുടെതന്നെ സന്യാസസഭയിലെ സന്യാസിനികളുടെ തുടക്കത്തിനായി ഒരാളെ തേടിയുള്ള അന്വേഷണത്തിലായിരുന്നു.
ധ്യാനാവസരത്തില്‍ ജൂദിത്ത് തന്റെ ദുഃഖകഥ വിവരിക്കുകയും സന്യാസിനി ആകുവാനുള്ള ആഗ്രഹം വെളിപ്പെടുത്തുകയും ചെയ്തു. വിശുദ്ധ കമില്ലസിന്റെ ചിരകാല സ്വപ്‌നമായ സ്ത്രീകള്‍ക്കുവേണ്ടിയുള്ള സഭ സ്ഥാപിക്കാന്‍ ദൈവത്താല്‍ നിയുക്തനായ വ്യക്തിയായിരുന്നു ഫാ. ലൂയിജി തേസാ. പെട്ടെന്നുണ്ടായ ദൈവനിവേശത്താല്‍ താന്‍ സ്ഥാപിക്കാനുദ്ദേശിച്ച സന്യാസിനിസഭയുടെ ആദര്‍ശത്തെയും സ്വഭാവത്തെയുംകുറിച്ച് വിവരിച്ചു. കര്‍ത്താവിന് മുമ്പില്‍ പരിശുദ്ധ അമ്മയെപ്പോലെ ‘ഇതാ കര്‍ത്താവിന്റെ ദാസി’ എന്ന് മദര്‍ ജോസഫീന പറഞ്ഞു.
1892 മാര്‍ച്ച് മാസത്തില്‍ ജൂദിത്ത് വന്നീനി കമില്യന്‍ സഭാവസ്ത്രം സ്വീകരിക്കുകയും മേരി ജോസഫീന്‍ എന്ന പുതിയ പേര് സ്വീകരിക്കുകയും ചെയ്തു. 1892 ഫെബ്രുവരി രണ്ടിന് വിശുദ്ധ കമില്ലസ് പുത്രിമാരുടെ സഭ സ്ഥാപിതമായി. അങ്ങനെ പരിശുദ്ധാത്മാവ് വിശുദ്ധ കമില്ലസിന് നല്‍കിയ പ്രത്യേക കാരിസത്തില്‍ മാറ്റം വരുത്താതെ പിതൃസ്വത്തായി കമില്ലസ് പുത്രിമാര്‍ക്ക് ലഭിച്ചു. സുവിശേഷപുണ്യങ്ങള്‍ക്ക് പുറമേ, സ്വന്തം ജീവിതം അപകടത്തില്‍പ്പെടുത്തിക്കൊണ്ടുപോലും രോഗികളെ ശുശ്രൂഷിച്ചുകൊള്ളാമെന്ന് നാലാമതൊരു വ്രതംകൂടി കമില്ല്യന്‍ സന്യാസികള്‍ എടുക്കും.
മദറിന്റെ പാഠപുസ്തകം
വിശുദ്ധ കമില്ലസിനെപ്പോലെ കണ്ടുമുട്ടിയ ഓരോ രോഗിയിലും സഹിക്കുന്ന ക്രിസ്തുവിന്റെ പ്രതിരൂപം കണ്ടു. ലാളിത്യത്തിന്റെ വസ്ത്രത്തിനുള്ളില്‍ മറഞ്ഞ് ദൈവൈക്യത്തില്‍ ജീവിക്കാനാണ് അവള്‍ ശ്രദ്ധിച്ചിരുന്നത്. മദര്‍ എപ്പോഴും ദൈവേഷ്ടം മാത്രമായിരുന്നു അന്വേഷിച്ചിരുന്നത്. കരുണയുള്ള വാക്കായും അലിവിന്റെ മുഖമായും നന്മനിറഞ്ഞ പ്രവൃത്തികളാലും ദൈവത്തിന്റെ സ്‌നേഹരൂപത്തിന് സാക്ഷ്യം വഹിക്കാമെന്ന് മദര്‍ തന്റെ മക്കളെ പഠിപ്പിച്ചു. സഭയുടെ ആരംഭകാലഘട്ടത്തില്‍ സാമ്പത്തികമായും അല്ലാതെയും വളരെയധികം സഹിക്കേണ്ടി വന്നുവെങ്കിലും ദൈവപരിപാലനയില്‍ അടിയുറച്ച് മുമ്പോട്ടുപോയി.
മദര്‍ സഭാംഗങ്ങളോട് ഇപ്രകാരം പറയുമായിരുന്നു, ലക്ഷക്കണക്കിന് സമ്മാനങ്ങള്‍ സ്വര്‍ഗത്തില്‍നിന്ന് സില്‍ക്ക് ചരടില്‍ തൂങ്ങിക്കിടക്കുന്നു. പ്രാര്‍ത്ഥനയിലൂടെയാണ് അത് സ്വന്തമാക്കാനാകുന്നത്. ശാന്തതയും സ്‌നേഹവും മുറ്റിനില്‍ക്കുന്ന സാധാരണ വ്യക്തിത്വമായിരുന്നു മദറിന്റേത്. എല്ലായിടത്തും എല്ലാവരിലും ദൈവത്തെ ദര്‍ശിച്ച മദര്‍ ഇപ്രകാരം പറയുമായിരുന്നു: ”എല്ലാവരുടെയും ഹൃദയസക്രാരിയില്‍ വസിക്കുന്ന ഈശോയെ നാം പരിശുദ്ധ പരമ ദിവ്യകാരുണ്യത്തെ എന്നപോലെ വണങ്ങുവാനും ബഹുമാനിക്കുവാനും കടപ്പെട്ടവരാണ.്” മദര്‍ കുഞ്ഞുനാള്‍ മുതല്‍ കുരിശിന്റെ ഇടുങ്ങിയ വഴിയിലൂടെയാണ് സഞ്ചരിച്ചത്. ക്രൂശിതരൂപത്തെക്കാള്‍ ഉത്തമവും മനോഹരവുമായ മറ്റൊരു പുസ്തകവുമില്ലെന്നും വായിക്കാന്‍ വളരെ എളുപ്പമായതിനാല്‍ വിദ്യാഭ്യാസമില്ലാത്തവര്‍ക്കും അത് ഉപയോഗപ്രദമാണെന്നും മദര്‍ പറയുമായിരുന്നു.
കുരിശില്ലാത്ത ഒരു കമില്ലസ് പുത്രി ആയുധമില്ലാത്ത ഒരു പടയാളിയെപ്പോലെയാണെന്ന് മദര്‍ കൂടെക്കൂടെ സഹപ്രവര്‍ത്തകരോട് പറയുമായിരുന്നു. ആ ദൈവാശ്രയത്തെ ആറ്റുതീരത്ത് നട്ട മരത്തോട് ഉപമിക്കാവുന്നതാണ്. അത് വെള്ളത്തിലേക്ക് വേരൂന്നിയിരിക്കുന്നു. അത് വേനല്‍ക്കാലത്തെ ഭയപ്പെടുന്നില്ല. അതിന്റെ ഇലകള്‍ എന്നും പച്ചയാണ്. വരള്‍ച്ചയുടെ കാലത്തും അത് ഫലം നല്‍കുന്നു. ദൈവം ഒരുക്കിയ വഴിയിലൂടെ ശാന്തമായി സഞ്ചരിച്ച്, പാതകളിലെ കല്ലും മുള്ളും ഭയപ്പെടാതെ പ്രത്യാശയോടെ പ്രതിബന്ധങ്ങളെ അഭിമുഖീകരിച്ചുകൊണ്ട് 1911 ഫെബ്രുവരി രണ്ടിന് ആ സ്‌നേഹദീപത്തിന്റെ ആത്മാവ് സ്വര്‍ഗത്തിലേക്ക് പറന്നുയര്‍ന്നു. 1994 ഒക്‌ടോബര്‍ 16-ന് ഈ പുണ്യാത്മാവിനെ വാഴ്ത്തപ്പെട്ടവളായി സഭ പ്രഖ്യാപിച്ചു.
ദൈവദൂതന്മാരുടെ ശുശ്രൂഷ
സഭയുടെ ശിഖരങ്ങള്‍ വളര്‍ന്ന് പെരുകി ലോകത്തിന്റെ വിവിധ ഭൂഖണ്ഡങ്ങളിലായി പടര്‍ന്നു പന്തലിച്ചു കിടക്കുന്നു. ഇറ്റലി, അര്‍ജന്റീന, ബ്രസീല്‍ (ബുര്‍ക്കിന ഫാസൊ, ആഫ്രിക്ക, ബെനില്‍) ജോര്‍ജിയ, ഹങ്കറി, ഇന്ത്യ, ഐവറികോസ്റ്റ്, പെറു, ഫിലിപ്പിയന്‍സ്, പോളണ്ട്, പോര്‍ച്ചുഗല്‍, സ്‌പെയിന്‍, മെക്‌സിക്കോ, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ കമില്ലസ് പുത്രിമാര്‍ സേവനം ചെയ്യുന്നു. ഇന്ത്യയില്‍ കേരളം, കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളില്‍ ആശുപത്രികള്‍, വൃദ്ധമന്ദിരങ്ങള്‍, ഭവനങ്ങളിലും ചേരികളിലുമുള്ള ആതുരസേവനം, ഡിസ്‌പെന്‍സറികള്‍, സ്‌പെഷ്യല്‍ സ്‌കൂള്‍സ്, നഴ്‌സിങ്ങ് സ്‌കൂള്‍, കുഷ്ഠരോഗികള്‍ക്കായുള്ള പുനരധിവാസം, എയ്ഡ്‌സ് രോഗികള്‍ക്കായുള്ള സാന്ത്വന പരിചരണ കേന്ദ്രങ്ങള്‍ എന്നിവ പ്രവര്‍ത്തിക്കുന്നു.
കമില്ലസ് പുത്രിമാര്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍വഴി ലക്ഷ്യം വയ്ക്കുന്നത് ദൈവമഹത്വവും ആത്മാക്കളുടെ രക്ഷയുമാണ്. ശരീരത്തിലെ രോഗം സുഖമാക്കിക്കൊണ്ട് അവരുടെ ആത്മാക്കളെ നേടുക എന്ന വിശുദ്ധ കമില്ലസിന്റെ ആദര്‍ശം മുന്‍നിര്‍ത്തിയാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ദൈവദൂതന്മാര്‍ക്ക് സമാനമായ ശുശ്രൂഷ ചെയ്യാന്‍ വിളിക്കപ്പെട്ടവരാണ് ഓരോ കമില്ലസ് സഭാംഗങ്ങളുമെന്ന് മദര്‍ കൂടെക്കൂടെ പറഞ്ഞിരുന്നു. ഒരമ്മയുടെ ഹൃദയത്തോടെ രോഗികളെ പരിചരിക്കുക എന്ന വിശുദ്ധ കമില്ലസിന്റെ ആഗ്രഹം വിശുദ്ധ മദര്‍ ജോസഫീന വന്നീനിയിലൂടെ പൂവണിഞ്ഞു.

 സിസ്റ്റര്‍ ധന്യ പുതുവേലി

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?