Follow Us On

29

March

2024

Friday

ഹൃദയം ഹൃദയത്തോട് പറഞ്ഞത്…

ഹൃദയം ഹൃദയത്തോട്  പറഞ്ഞത്…

പത്തൊമ്പതാം നൂറ്റാണ്ടിലെ ദൈവശാസ്ത്രജ്ഞരില്‍ പ്രമുഖനും കവിയും കര്‍ദിനാളുമായ ജോണ്‍ ഹെന്റി ന്യൂമാനെ വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയോടും മറ്റ് മൂന്ന് പേരൊടുമൊപ്പം 13-ന് ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധനായി പ്രഖ്യാപിക്കുകയാണ്. ആംഗ്ലിക്കന്‍ വൈദികനായി ശുശ്രൂഷാ ജീവിതം ആരംഭിച്ച ഫാ. ന്യൂമാന്‍ കത്തോലിക്ക സഭയാണ് യഥാര്‍ത്ഥ അപ്പസ്‌തോലിക സഭയെന്ന് ദീര്‍ഘനാളത്തെ പഠനത്തിനും വിചിന്തനത്തിനുമൊടുവില്‍ തിരിച്ചറിഞ്ഞ് സത്യസഭയെ പുല്‍കിയ പുണ്യാത്മാവാണ്. ദൈവവുമായുള്ള ബന്ധവും സത്യത്തോടുള്ള പ്രതിബദ്ധതയും സുഹൃത്തുക്കളുമായും സഹോദരങ്ങളുമായുമുള്ള ബന്ധത്തെക്കാള്‍ വിലയുള്ളതായി കരുതിയതിനാലാണ് ആംഗ്ലിക്കന്‍ സഭയിലെ അംഗീകരിക്കപ്പെട്ട ദൈവാശാസ്ത്രജ്ഞനായിരിക്കെ തന്റെ സാമൂഹ്യ സുരക്ഷിതത്വംപോലും അവഗണിച്ചുകൊണ്ട് കത്തോലിക്ക സഭയിലേക്ക് കടന്നുവന്നത്. കത്തോലിക്ക വിശ്വാസത്തിലേക്ക് വന്ന ന്യൂമാനോട് അദ്ദേഹത്തിന്റെ ഒരു സഹോദരി പിന്നീട് ഒരിക്കല്‍പോലും മിണ്ടിയിട്ടില്ല എന്നറിയുമ്പോഴാണ് സത്യത്തെ പുല്‍കുന്നതിനായി അദ്ദേഹം നല്‍കിയ വിലയുടെ ആഴം മനസിലാകുന്നത്.
‘ഞാന്‍ ദൈവത്തില്‍ ശരണപ്പെടുന്നു. ഞാന്‍ രോഗിയാണെങ്കില്‍ എന്റെ രോഗം ദൈവത്തെ സേവിച്ചേക്കാം. ഞാന്‍ സംശയത്തിലാണെങ്കില്‍ എന്റെ സംശയം ദൈവത്തെ സേവിച്ചേക്കാം. അവിടുന്ന് ഒന്നും വെറുതെ ചെയ്യുന്നില്ല. അവിടുന്ന് എന്റെ സുഹൃത്തുക്കളെ എടുത്തുമാറ്റിയേക്കാം. അപരിചിതരുടെ ഇടയിലേക്ക് അവിടുന്നെന്നെ വലിച്ചെറിഞ്ഞേക്കാം. ഏകാന്തതയുടെ അനുഭവത്തിലൂടെ അവിടുന്നെന്നെ കടത്തിവിട്ടേക്കാം. എന്റെ ഉന്മേഷംതന്നെ ഇല്ലാതാക്കിയേക്കാം. ഭാവിയെക്കുറിച്ചുള്ള ആശങ്ക നിറച്ചേക്കാം. … എങ്കിലും എന്താണ് ചെയ്യുന്നത് എന്നതിനെക്കുറിച്ച് അവിടുത്തേക്ക് വ്യക്തമായ അവബോധമുണ്ട്.’ 40-ഓളം പുസ്തകങ്ങളും 21,000-ത്തിലധികം ലേഖനങ്ങളും എഴുതിയ ന്യൂമാന്‍ തന്റെ അനുഭവത്തെക്കുറിച്ച് ഇപ്രകാരം കുറിച്ചു. ക്രൈസ്തവ ദൈവശാസ്ത്രത്തില്‍ മാത്രമല്ല, ആംഗലേയ സാഹിത്യലോകത്തുതന്നെ അദ്ദേഹത്തിന്റെ പുസ്തകങ്ങളും എഴുത്തുകളും പ്രമുഖ സ്ഥാനം അലങ്കരിക്കുന്നു.
പുസ്തകങ്ങളെ പ്രണയിച്ച ബാല്യം
1801-ല്‍ ആംഗ്ലിക്കന്‍ വിശ്വാസികളായ ജോണ്‍ ന്യൂമാന്റെയും ജമീമായുടെയും ആറ് മക്കളില്‍ മൂത്തവനായി ലണ്ടനിലാണ് ന്യൂമാന്റെ ജനനം. അറേബ്യന്‍ കഥകള്‍ സത്യമാകണമെന്ന് ആഗ്രഹിച്ച ഒരു ആണ്‍കുട്ടി, കുരിശുവരച്ച് ഇരുട്ടിനോടുള്ള ഭയത്തെ അകറ്റിയിരുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥി, തന്നെത്തന്നെ മാലാഖയായി സങ്കല്‍പ്പിക്കുന്നതില്‍ ആനന്ദം കണ്ടെത്തിയ ഒരു കൗമാരക്കാരന്‍. 15-ാം വയസുവരെ ഇതൊക്കെയായിരുന്നു ജോണ്‍ ഹെന്റി ന്യൂമാന്‍. എന്നാല്‍ 15-ാം വയസില്‍ ആത്മാവിനെ രക്ഷപ്പെടുത്തിയ ‘ഒരു മാനസാന്തര അനുഭവ’ത്തിലൂടെ കടന്നുപോയതായി അദ്ദേഹത്തിന്റെ ജീവചരിത്രമായ ‘അപ്പോളൊജിയ’യില്‍ പറയുന്നു.
സാധാരണയായി കുട്ടികള്‍ ഏര്‍പ്പെടുന്ന കളികളിലൊന്നും രസം കണ്ടെത്താതിരുന്ന ന്യൂമാന്‍ ബൈബിള്‍ ഉള്‍പ്പെടെയുള്ള പുസ്തകങ്ങള്‍ വായിക്കാന്‍ ചെറുപ്പം മുതലേ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. തോമസ് സ്‌കോട്ട് എന്ന എഴുത്തുകാരന്റെ കൃതികളില്‍ ന്യൂമാന്‍ ആകൃഷ്ടനായി. സമാധാനത്തെക്കാള്‍ ഉപരി വിശുദ്ധി, വളര്‍ച്ച മാത്രമാണ് ജീവന്റെ അടയാളം തുടങ്ങിയ സ്‌കോട്ടിന്റെ സൂക്തങ്ങള്‍ ന്യൂമാനെ ഏറെ സ്വാധീനിച്ചു. ക്രൈസ്തവ വിശ്വാസിയായ മിസ്റ്റിക്ക് എന്ന നിലയിലുള്ള ആ ഇംഗ്ലീഷ് യുവാവിന്റെ വളര്‍ച്ചയുടെ ആരംഭമായിരുന്നു അത്.
ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ ട്രിനിറ്റി കോളജില്‍നിന്ന് ബിഎ പാസായ ന്യൂമാന് ഓക്‌സ്‌ഫോര്‍ഡിലെ ബൗദ്ധികകേന്ദ്രമായിരുന്ന ഒറിയലില്‍ അംഗത്വം ലഭിച്ചു. ഒറിയലില്‍ അധ്യാപകനായും അദ്ദേഹം സേവനമനുഷ്ഠിച്ചു.
ആംഗ്ലിക്കന്‍ സഭയില്‍
1825 മെയ് 29-ന് ന്യൂമാന്‍ ആംഗ്ലിക്കന്‍ സഭയില്‍ വൈദികനായി. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ സെന്റ് മേരീസ് ദൈവാലയ വികാരിയായി നിയമിതനായ സമയത്താണ് ആംഗ്ലിക്കന്‍ സഭയെ നവീകരിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഫാ. ന്യൂമാന്‍ വ്യാപൃതനാകുന്നത്. സഭാപിതാക്കന്‍മാരായ ഒരിജന്‍, തെര്‍ത്തുല്യന്‍, അത്തനാഷ്യസ്, ക്രിസോസ്‌റ്റോം, അഗസ്റ്റിന്‍, ജറോം തുടങ്ങിയവരുടെ പഠനങ്ങള്‍ ആഴത്തില്‍ പഠിക്കാനാരംഭിച്ചതും ഈ കാലഘട്ടത്തിലാണ്. ആംഗ്ലിക്കന്‍ സഭ അപ്പസ്‌തോലിക സഭ തന്നെയാണെന്ന് സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് ന്യൂമാന്‍ ഈ ഉദ്യമത്തില്‍ വ്യാപൃതനായത്. കത്തോലിക്ക സഭയില്‍നിന്നും ലൂഥര്‍ സ്ഥാപിച്ച പ്രോട്ടസ്റ്റന്റ് സഭയില്‍നിന്നും വ്യത്യസ്തമായി ഒരു മധ്യ പാതയിലൂടെ ആംഗ്ലിക്കന്‍ സഭയെ നയിക്കുക എന്ന ലക്ഷ്യവും അദ്ദേഹത്തിനുണ്ടായിരുന്നു. ന്യൂമാനെ കൂടാതെ മറ്റ് ചില സഹപ്രവര്‍ത്തകരും ഈ ഉദ്യമത്തില്‍ പങ്കുകാരായി. ഇവരുടെ കണ്ടെത്തലുകളും പഠനങ്ങളും നിഗമനങ്ങളും ലഘുലേഖകള്‍ അഥവാ ട്രാക്റ്റുകളായി പ്രസിദ്ധീകരിച്ചതിനാല്‍ ട്രാക്ടേറിയന്‍ മുന്നേറ്റമെന്നും ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നതിനാല്‍ ഓക്‌സ്ഫഡ് മുന്നേറ്റമെന്നും അറിയപ്പെട്ടു.
ആംഗ്ലിക്കന്‍ സഭ കാതോലികമാണെന്ന് സ്ഥാപിക്കുന്നതിനായി ന്യൂമാന്‍ നടത്തിയ പഠനങ്ങളെല്ലാം കത്തോലിക്ക സഭയാണ് യഥാര്‍ത്ഥ സഭയെന്ന ബോധ്യം അദ്ദേഹത്തിന്റെ മനസില്‍ രൂഢമൂലമാക്കി. സ്വഭാവികമായും അദ്ദേഹമെഴുതിയ ലേഖനങ്ങളിലും ഈ ആശയങ്ങള്‍ പ്രതിഫലിച്ചു. ഈ സാഹചര്യത്തില്‍ ഓക്‌സ്ഫഡ് ആംഗ്ലിക്കന്‍ ബിഷപ്പായിരുന്ന റിച്ചാര്‍ഡ് ബാഗോട്ട് ന്യൂമാന്റെ ലഘുലേഖകള്‍ സസ്പന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ഇത് ന്യൂമാനെ മാനസികമായി തളര്‍ത്തി. 1843 സെപ്റ്റംബര്‍ 18-ന് അദ്ദേഹം ഓക്‌സ്ഫഡിലെ സെന്റ് മേരിസ് ദൈവാലയ വികാരി സ്ഥാനം രാജിവച്ചു. ഒരു ചെറു സന്യാസഭവനത്തിന്റെ സ്വകാര്യതയിലേക്ക് ഉള്‍വലിഞ്ഞ ന്യൂമാന്‍ ഒരാഴ്ചയ്ക്കുശേഷം ലിറ്റില്‍മോര്‍ ദൈവാലയത്തില്‍ ആംഗ്ലിക്കന്‍ വൈദികന്‍ എന്ന നിലയിലുള്ള തന്റെ അവസാന പ്രസംഗം നടത്തി. പാരമ്പര്യങ്ങളുടെയും വിശുദ്ധ ഗ്രന്ഥത്തിന്റെയും അടിസ്ഥാനമുള്ള ഏകവും കാതോലികവുമായ കത്തോലിക്ക സഭയിലേക്ക് കടന്നുവരുന്നതിനായി അദ്ദേഹം വീണ്ടും രണ്ട് വര്‍ഷത്തോളം കാത്തിരുന്നു. അവസാനം അനിവാര്യമായ ആ സമയം വന്നെത്തി.
കത്തോലിക്ക സഭയില്‍
1845 ഒക്ടോബര്‍ ഒന്‍പതിന് ലിറ്റില്‍മോറില്‍ വച്ച് ന്യൂമാന്‍ കത്തോലിക്ക വിശ്വാസം സ്വീകരിച്ചു. തുടര്‍ന്ന് കുറച്ച് ആഴ്ചകള്‍ക്കുശേഷം കത്തോലിക്ക വിശ്വാസത്തിന്റെ വികാസത്തെക്കുറിച്ചുള്ള ലേഖനം അദ്ദേഹം പ്രസിദ്ധീകരിച്ചു. റോമില്‍വച്ച് കത്തോലിക്ക വൈദികനായി അഭിഷിക്തനായ ന്യൂമാന്‍ 1848-ല്‍ ബിര്‍മിംഗ്ഹാമില്‍ ഒറേറ്ററി ആരംഭിച്ചു. തുടര്‍ന്ന് അയര്‍ലണ്ടിലെ ഡബ്ലിനിലുള്ള കത്തോലിക്ക സര്‍വകലാശാലയുടെ റെക്ടറായി അദ്ദേഹം ഏഴ് വര്‍ഷം സേവനം ചെയ്തു. കത്തോലിക്ക സര്‍വകലാശാലകളുടെ സ്വഭാവത്തെക്കുറിച്ചും സഭാകാര്യങ്ങളിലുള്ള അല്മായരുടെ പങ്കിനെക്കുറിച്ചും ഇക്കാലഘട്ടത്തില്‍ അദ്ദേഹമെഴുതിയ ലേഖനങ്ങള്‍ ഇന്നും സഭയ്ക്ക് മാര്‍ഗദീപമായി നിലകൊള്ളുന്നു. എങ്കിലും സഭയുടെ ഉള്ളില്‍നിന്ന് തന്നെ അദ്ദേഹത്തിന് പല തരത്തിലുള്ള എതിര്‍പ്പുകള്‍ നേരിടേണ്ടതായി വന്നു. ഈ പശ്ചാത്തലത്തില്‍ തന്റെ തിരഞ്ഞെടുപ്പുകളെയും വിശ്വാസത്തിന്റെ സാംഗത്യത്തെയും ന്യായീകരിച്ചുകൊണ്ട് എഴുതിയ ജീവചരിത്രം ‘അപ്പോളജിയ പ്രോ വിറ്റ സുവ’ ഉത്തമ കത്തോലിക്ക വിശ്വാസി എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ കീര്‍ത്തി വര്‍ധിപ്പിച്ചു.
കത്തോലിക്ക വൈദികനായിരുന്ന ന്യൂമാനെ 1879-ല്‍ ലിയോ പതിമൂന്നാമന്‍ മാര്‍പാപ്പ കര്‍ദിനാളായി ഉയര്‍ത്തി. ‘ഹൃദയം ഹൃദയത്തോട് സംസാരിക്കുന്നു’ എന്നതായിരുന്നു കര്‍ദിനാളായപ്പോള്‍ അദ്ദേഹം തിരഞ്ഞെടുത്ത ആപ്തവാക്യം. ബര്‍മിംഗ്ഹാമില്‍ വച്ച് മരണമടഞ്ഞ ന്യൂമാനെ അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തായിരുന്നു അംബ്രോസ് സെന്റ് ജോണിന്റെ മൃതകുടീരത്തില്‍ തന്നെയാണ് സംസ്‌കരിച്ചത്. ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ 2010 സെപ്റ്റംബര്‍ 19-ന് കര്‍ദിനാള്‍ ന്യൂമാനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു.
അത്ഭുതങ്ങള്‍ തീര്‍ന്നിട്ടില്ല
2013 ഏപ്രില്‍ മാസത്തിലാണ് യുഎസിലെ ചിക്കാഗോയ്ക്ക് സമീപം താമസിക്കുന്ന മെലിസ വില്ലാലോബോസ് താന്‍ ഗര്‍ഭിണിയാണെന്ന വിവരം അറിയുന്നത്. നാല് മക്കളുടെ അമ്മയായ മെലിസയ്ക്കും ഭര്‍ത്താവിനും അത് ഏറെ സന്തോഷകരമായ വാര്‍ത്തയായിരുന്നു. എന്നാല്‍ മെയ് മാസം മുതല്‍ മെലിസയ്ക്ക് രക്തസ്രാവം ആരംഭിച്ചു. ഭ്രൂണാവസ്ഥയിലുള്ള കുഞ്ഞിന്റെ രണ്ടര ഇരട്ടി വലിപ്പമുള്ള സബ്‌ക്രോണിയോണിക്ക് ഹീമറ്റോമയാണ് രക്തസ്രാവത്തിന്റെ കാരണമെന്ന് പരിശോധനയില്‍ വ്യക്തമായി. പൂര്‍ണമായ ബഡ് റെസ്റ്റാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. ആറും അഞ്ചും മൂന്നും ഒന്നും വയസുള്ള നാല് കുട്ടികളുടെ അമ്മയ്ക്ക് അത് പ്രായോഗികമായ കാര്യമായിരുന്നില്ല. മെയ് 15-ന് സാരമായ വിധത്തില്‍ ശരീരത്തില്‍ നിന്ന് രക്തം പോകുന്ന അവസ്ഥയിലാണ് മെലിസ ഉറക്കമുണര്‍ന്നത്. ഭര്‍ത്താവ് ഒഴിവാക്കാനാവാത്ത ഒരു യാത്രയ്ക്കായി അറ്റ്‌ലാന്റയില്‍ പോയ ദിവസമായതിനാല്‍ കുട്ടികള്‍ക്ക് ഭക്ഷണം കൊടുക്കേണ്ടിയിരുന്നു.
ഭക്ഷണം കഴിക്കുന്നതിനായി കുട്ടികളെ അടുക്കളയില്‍ ഇരുത്തിയതിന് ശേഷം ബാത്ത്‌റൂമിലേക്ക് പോയ മെലിസ അവിടെ കുഴഞ്ഞുവീണു. സഹായത്തിനായി ഉറക്കെ നിലവിളിക്കാന്‍പോലും കഴിയാതെ നിസഹായ അവസ്ഥയില്‍ ബാത്ത്‌റൂമിന്റെ തറയില്‍ കിടന്ന മെലിസയുടെ ശരീരത്തില്‍നിന്ന് കുഞ്ഞിന്റെയും അവളുടെയും ജീവന് ഭീഷണി ഉയര്‍ത്തിക്കൊണ്ട് രക്തം വാര്‍ന്നൊഴുകിക്കൊണ്ടിരുന്നു. ‘പ്ലീസ് കര്‍ദിനാള്‍ ന്യൂമാന്‍, ബ്ലീഡിംഗ് നിര്‍ത്തണം’ നിസ്സഹായതയുടെ പാരമ്യത്തില്‍ ഹൃദയത്തില്‍നിന്നും നാവില്‍നിന്നും പ്രാര്‍ത്ഥന ഉയര്‍ന്ന ആ നിമിഷത്തില്‍ മെലിസയുടെ രക്തസ്രാവം നിന്നതായി മെലിസ സാക്ഷ്യപ്പെടുത്തുന്നു.
തുടര്‍ന്ന് നടന്ന പരിശോധനയില്‍ പ്ലാസന്റയുടെ കീറല്‍ സൗഖ്യപ്പെട്ടതായും രോഗാവസ്ഥ മാറിയതായും വ്യക്തമായി. സുഖപ്രസവത്തിലൂടെ ഉണ്ടായ ജെമ്മയ്ക്ക് ശേഷം രണ്ട് കുട്ടികള്‍ക്ക് കൂടി മെലിസ ജന്മം നല്‍കി. മെലിസയുടെ രക്തസ്രാവം അത്ഭുതകരമായി സുഖപ്പെട്ട സംഭവമാണ് കര്‍ദിനാള്‍ ന്യൂമാന്റെ വിശുദ്ധപദവി പ്രഖ്യാപനത്തിനായി വത്തിക്കാന്‍ പരിഗണിച്ചത്. അമേരിക്കന്‍ ഡീക്കനായ ജാക്ക് സള്ളിവന് തന്റെ നട്ടെല്ല് സംബന്ധമായ രോഗത്തില്‍നിന്ന് ലഭിച്ച അത്ഭുത സൗഖ്യമാണ് ന്യൂമാനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്നതിലേക്ക് നയിച്ച അത്ഭുതം.
കാലത്തിനുമുമ്പേ നടന്ന സഭാപിതാവ്
രണ്ടാം വത്തിക്കാന്‍ കൗണ്‍സിലില്‍ ഇല്ലാതെപോയ സഭാ പിതാവ് എന്നാണ് കര്‍ദിനാള്‍ ന്യൂമാനുള്ള നിരവധി വിശേഷണങ്ങളില്‍ ഒന്ന്. ധാര്‍മ്മികതയെക്കുറിച്ചും അല്മായരുടെ വിളിയെക്കുറിച്ചും സഭയും രാഷ്ട്രവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും മറ്റ് നിരവധി വിഷയങ്ങളെക്കുറിച്ചുമുളള രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ രേഖകള്‍ രൂപപ്പെടുത്തുന്നതില്‍ കര്‍ദിനാള്‍ ന്യൂമാന്റെ ലേഖനങ്ങള്‍ അത്രമാത്രം സ്വാധീനം ചെലുത്തി. പ്രസംഗത്തിലൂടെയും ജീവിതംകൊണ്ടും ദൈവവചനത്തിന് സാക്ഷ്യം നല്‍കിയ കര്‍ദിനാള്‍ ന്യൂമാന്റെ മാതൃകയും മധ്യസ്ഥവും പ്രതിസന്ധികളില്‍ പതാറാതെ മുമ്പോട്ട് പോകാന്‍ ആഗോളസഭയ്ക്ക് പുത്തനുണര്‍വ് നല്‍കുമെന്ന കാര്യത്തില്‍ സംശയമില്ല.

 രഞ്ജിത് ലോറന്‍സ്

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?